ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ ഇവർ…..

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ ഇവർ…..

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി മഞ്ജു പ്രദീപിനെയും, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി ജൂഡ് ജോർജിനെയും, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി ജയന്തി കൃഷ്ണയെയും തെരഞ്ഞെടുത്തു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍, എസ്‌ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍, എസ്‌ഐടി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയ രാജീവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. തന്ത്രിയെ എസ്‌ഐടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള പ്രവേശനത്തിന് വാതില്‍ തുറന്നത് തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അറിവുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതി അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നിരിക്കുന്നത്. ദൈവതുല്യരായ ആളുകള്‍ പിന്നിലുണ്ടെന്ന് സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സുപ്രധാന നീക്കം, വി-ടു-വി സാങ്കേതികവിദ്യ നടപ്പാക്കാന്‍ കേന്ദ്രം

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സുപ്രധാന നീക്കം, വി-ടു-വി സാങ്കേതികവിദ്യ നടപ്പാക്കാന്‍ കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നെറ്റ്വര്‍ക്ക് ഇല്ലാതെതന്നെ വാഹനങ്ങള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറെടുക്കുന്നത്.

പുതിയ സംവിധാനം വരുന്നതോടെ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പരസ്പരം സംവദിക്കാനും, മൊബൈല്‍ നെറ്റ്വര്‍ക്കുകളെയോ ഇന്റര്‍നെറ്റിനെയോ ആശ്രയിക്കാതെ തന്നെ നിരത്തുകളിലെ അപകടങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്നതിനും തത്സമയം സുരക്ഷാ അലേര്‍ട്ടുകള്‍ അപ്ഡേറ്റ് പങ്കിടാനും സാധിക്കും. സംസ്ഥാന ഗതാഗത മന്ത്രിമാരുടെ വാര്‍ഷിക യോഗത്തിനുശേഷം കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന സിം കാര്‍ഡ് പോലുള്ള ഒരു ഉപകരണം വഴിയായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏത് ദിശയില്‍ നിന്നായാലും മറ്റൊരു വാഹനം വളരെ അടുത്തെത്തുമ്പോള്‍ വാഹനങ്ങള്‍ക്ക് തത്സമയ മുന്നറിയിപ്പുകള്‍ ലഭിക്കും. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പിന്നില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന മറ്റുവാഹനങ്ങള്‍ ഇടിക്കുന്നതും മൂടല്‍മഞ്ഞും പോലുള്ള സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളും തടയാന്‍ ഈ സംവിധാനം ഫലപ്രദമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

മറ്റൊരു വാഹനം അപകടകരമായ രീതിയില്‍ തൊട്ടടുത്തെത്തുമ്പോള്‍ വാഹനങ്ങള്‍ പരസ്പരം സിഗ്നലുകള്‍ കൈമാറുകയും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. മോശം കാലാവസ്ഥയില്‍ യാത്ര ചെയ്യുന്നവരെയും ദീര്‍ഘദൂരം വാഹനം ഓടിക്കുന്നവരെയും സഹായിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം സാങ്കേതികവിദ്യ നിലവില്‍ ഉപയോഗിക്കുന്നത്. ഈ പദ്ധതിക്ക് ഏകദേശം 5,000 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞ്….കൊല്ലത്ത് ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു

ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞ്….കൊല്ലത്ത് ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു

കൊല്ലം: ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത്തിയതോടെ പതിനഞ്ച് മിനിറ്റോളം ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് രാമേശ്വരത്തേക്ക് പോയ അമൃത എക്‌സ്പ്രസിലാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കൊല്ലത്ത് പിടിച്ചിട്ട ട്രെയിനിലെ കോച്ചില്‍ നിന്ന് പാമ്പ് കോച്ചിലെ ചെറിയ ദ്വാരം വഴി പുറത്തുപോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. എസ് സെവന്‍ കോച്ചിലാണ് യാത്രയ്ക്കിടെ യുവതി പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് ബഹളം വച്ച സ്ത്രീ വിവരം റെയില്‍വേ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് പിടിച്ചിട്ട ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്.

വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; ദിവസേന 715 രൂപ വേതനം, പത്താം ക്ലാസ് യോഗ്യത

വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; ദിവസേന 715 രൂപ വേതനം, പത്താം ക്ലാസ് യോഗ്യത

കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് (KSRTC SWIFT) വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരം ജില്ല പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 വൈകിട്ട് 5 മണി.

യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

അപേക്ഷകർക്ക് സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) അല്ലെങ്കിൽ ഹെവി പാസഞ്ചർ വെഹിക്കിൾ (HPV) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

കുറഞ്ഞ പ്രായപരിധി 20 വയസാണ്. എൽ എം വി ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായം 30 വയസും എച്ച് പി വി ലൈസൻസ് ഉള്ളവർക്ക് 45 വയസുമാണ് പ്രായ പരിധി.

പാസഞ്ചർ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രാപ്തരായ ആരോഗ്യവതികൾ ആയിരിക്കണം.

8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. നിശ്ചിത സമയത്തിന് പുറമേ ചെയ്യുന്ന അധിക ഡ്യൂട്ടിക്ക് മണിക്കൂറിന് 130 രൂപ വീതം അധിക വേതനം അനുവദിക്കും. ഇതിന് പുറമേ ഇൻസെന്റീവ്, അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ആഴ്ചയിൽ ഒരു അവധി അനുവദിക്കുന്നതാണ്.

എഴുത്ത് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെയാണ് ഡ്രൈവിങ് ടെസ്റ്റിനും പിന്നീട് ഇന്റർവ്യൂവിനും വിളിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നിർബന്ധമായിരിക്കും. പരിശീലന കാലയളവിൽ നിശ്ചിത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

ഉദ്യോഗാർത്ഥികൾ www.cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ഡ്രൈവിങ് ലൈസൻസ് എന്നിവ തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം.

സ്‌കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ നാദാപുരം റോഡില്‍ സ്‌ഫോടനം; അന്വേഷണം

സ്‌കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ നാദാപുരം റോഡില്‍ സ്‌ഫോടനം; അന്വേഷണം

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്‌ഫോടനം. സ്‌കൂള്‍ബസ് കടന്നുപോയ ഉടനെയാണ് സ്‌ഫോടനം ഉണ്ടായത്. രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബസിന്റെ ടയര്‍ സ്‌ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന്റെ ടയറിന് കേടുപാടുകള്‍ സംഭവച്ചു. കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കില്ല. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏറ് പടക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തില്‍.