സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും, ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാതാകും; മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും, ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാതാകും; മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍

തിരുവനന്തപുരം: കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറച്ചും ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത ക്ലാസ് മുറികള്‍ നടപ്പാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കേരളത്തിലെ വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങളുടെ കരട് റിപ്പോര്‍ട്ടിന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയാണ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്.

വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ആരും പിന്നിലല്ല എന്ന ഉറപ്പ് നല്‍കുക എന്നതാണ് ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകാനും ഈ നടപടി സഹായിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഈ വിഷയങ്ങള്‍ പഠിക്കാന്‍ നേരത്തെ എസ്.സി.ഇ.ആര്‍.ടി-യെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടും. ഇതിനായി അംഗീകാരം ലഭിച്ച കരട് റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി എസിഇആര്‍ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് വരുന്ന അധ്യയന വര്‍ഷം തന്നെ ഈ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

ചക്രവാതച്ചുഴി; നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി; നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്ന തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും കിഴക്കന്‍ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 36 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഇന്ന് വൈകുന്നേരം / രാത്രിയോടെ ശ്രീലങ്ക തീരം ഹബന്‍ടോട്ട യ്ക്കും, കാല്‍മുനായിക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ കേരളത്തിന് സമീപം തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഷിബു മോനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടര വർഷമായി സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സ്റ്റേഷൻ പിആർഒ കൂടിയാണ് ഇദ്ദേഹം.

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,01,720 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്.12,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

കുളത്തുപ്പുഴയിൽ കുളിക്കിടെ ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ വിദ്യാർഥി മരിച്ചു

കുളത്തുപ്പുഴയിൽ കുളിക്കിടെ ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ വിദ്യാർഥി മരിച്ചു

കടയ്ക്കൽ: കുളത്തുപ്പുഴ ചോഴിയക്കോട് മിൽപ്പാലത്തിനടുത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. മടത്തറ കൊല്ലായിൽ സത്യമംഗലം ഹസ്ന മൻസിലിൽ നുജുമുദീൻ–സജീന ദമ്പതികളുടെ മകൻ മുഹമ്മദ് അഹ്സൻ (17) ആണ് മരിച്ചത്.

ചിതറ പരുത്തി എസ്.എൻ.എച്ച്.എസ് സ്കൂളിലെ വിദ്യാർഥിയായ അഹ്സൻ, കഴിഞ്ഞ മൂന്നാം തീയതി സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കുളത്തുപ്പുഴ ചോഴിയക്കോട് ഭാഗത്തെ കല്ലടയാറ്റിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ശക്തമായ ഒഴുക്കിൽ അകപ്പെട്ട അഹ്സനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അഹ്സൻ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

പുഷ്പരാജൻ (73) നിര്യാതനായി

പുഷ്പരാജൻ (73) നിര്യാതനായി

ആറ്റിങ്ങൽ പൊയ്കമുക്ക് വലിയവിള വീട്ടിൽ പുഷ്പരാജൻ (73) നിര്യാതനായി.

ഭാര്യ: രാധാമണി
മക്കൾ: രഞ്ജു പി ആർ, സഞ്ജു പി ആർ, അരുണ പി ആർ
മരുമക്കൾ: അശ്വതി, സുലു രാജ്

സഞ്ചയനം: തിങ്കൾ രാവിലെ ഏഴിന്