ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

ഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്. ചാവേര്‍ ആക്രമണത്തെ ഉമര്‍ നബി വീഡിയോയില്‍ ന്യായീകരിക്കുന്നുണ്ട്. ടെലിഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറായ ഉമർ ഉൻ നബിയാണ് ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായതെന്ന് സ്ഥിരീകരിച്ചിരുന്നു.

ചാവേര്‍ ബോംബാക്രമണം വളരെ തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. എന്നാല്‍ ചാവേര്‍ ബോംബിങ്ങ് എന്നത് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിലെ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ നബി വീഡിയോയില്‍ പറയുന്നു. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്തും സമയത്തും മരിക്കുമെന്ന് നിശ്ചയിക്കുന്ന ഒന്നാണ് ‘രക്തസാക്ഷിത്വ’ ഓപ്പറേഷന്‍ എന്നും ഉമര്‍ നബി വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഇസ്ലാമില്‍ ആത്മഹത്യ നിഷിദ്ധമാണ്. എന്നാല്‍ ചാവേര്‍ ബോംബാക്രമണം ‘രക്തസാക്ഷിത്വം’ വരിക്കലാണ്. മരണത്തെ ഭയപ്പെടരുത് എന്നും ഉമര്‍ നബി പറയുന്നു. ആര്‍ക്കും എപ്പോള്‍ അല്ലെങ്കില്‍ എവിടെ മരിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. അത് വിധി അനുസരിച്ച് സംഭവിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ രക്തസാക്ഷിത്വം വരിക്കല്‍ സാധാരണ മരണത്തില്‍ നിന്നും വേറിട്ടുള്ള പ്രവൃത്തിയാണെന്നും ഉമര്‍ നബി കൂട്ടിച്ചേര്‍ക്കുന്നു.

നല്ല ഇംഗ്ലീഷ് ഉച്ചാരണത്തില്‍ സംസാരിക്കുന്ന വീഡിയോയില്‍ നിന്നും, ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി ചാവേര്‍ ബോംബാക്രമണം, ‘രക്തസാക്ഷിത്വം’ തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഡല്‍ഹി കാര്‍ സ്‌ഫോടനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതാണെന്നും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന നിഗമനങ്ങളെ നിരാകരിക്കുന്നുവെന്നും വീഡിയോ സന്ദേശം വ്യക്തമാക്കുന്നു. വീഡിയോ ആര്‍ക്കൊക്കെ അയച്ചു, അതിന്റെ കാലപ്പഴക്കം തുടങ്ങിയവയെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഫരീദാബാദിലെ വൈറ്റ് കോളര്‍ മൊഡ്യൂളിലെ പ്രധാനിയാണ് ഡോക്ടര്‍ ഉമര്‍ നബിയെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഭീകരസംഘടനയിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബ്രെയിന്‍വാഷ് ചെയ്യാനും എടുത്ത വീഡിയോ ആണിതെന്നാണ് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഡല്‍ഹി സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.

64-മത് തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആറ്റിങ്ങലിൽ; ലോഗോ പ്രകാശനം നാളെ

64-മത് തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആറ്റിങ്ങലിൽ; ലോഗോ പ്രകാശനം നാളെ

64-മത് തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആറ്റിങ്ങലിൽ നടക്കും. 2025 നവംബർ 25 മുതൽ 29 വരെ ആറ്റിങ്ങൽ GBHSS, GGHSS, DIET School, Town UPS എന്നിവടങ്ങളിൽ വെച്ച് നടക്കുന്നതാണ്.

കലോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളിൽ നിന്നായി കുട്ടികൾ തയ്യാറാക്കിയ ലോഗോകളിൽ നിന്നും സെലക്ട്‌ ചെയ്ത ലോഗോയുടെ പ്രകാശനം ആറ്റിങ്ങൽ ഗവണ്മെന്റ് മോഡൽ ബോയ്സ് HSS ഇൽ വച്ചു DGE ഉമേഷ്‌ NSK IAS, തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥിന് നൽകി നിർവഹിക്കുന്നു. നാളെ രാവിലെ 10 മണിയ്ക്കാണ് ലോഗോ പ്രകാശനം നടക്കുന്നത്. ചിറയിൻകീഴ് ശാരദ വിലാസം സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അദീന പി എൻ തയ്യാറാക്കിയ ലോഗോ ആണ് തെരെഞ്ഞെടുക്കപ്പെട്ടത്.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവെച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ നിന്നും മുതിര്‍ന്ന നേതാവ് എന്‍ ശക്തന്‍ രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം കെപിസിസി രാജി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

ശബ്ദരേഖ വിവാദത്തെത്തുടര്‍ന്ന് പാലോട് രവി രാജിവെച്ചതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ എന്‍ ശക്തനെ താല്‍ക്കാലിക ഡിസിസി അധ്യക്ഷനായി നിയമിച്ചത്. ഉടന്‍ തന്നെ സ്ഥിരം ഡിസിസി അധ്യക്ഷനെ നിയമിക്കുമെന്നും, അതുവരെ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കാനുമാണ് കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെട്ടിരുന്നത്. സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായി പലവിധത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിരുന്നു. എന്നാല്‍ ഡിസിസി അധ്യക്ഷന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. നേരത്തെ പലതവണ സ്ഥാനം ഒഴിയാനുള്ള താല്‍പ്പര്യം ശക്തന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഡിസിസി അധ്യക്ഷസ്ഥാനത്തു തുടരാന്‍ കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെടുമെന്നാണ് സൂചന.

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ അമ്മാവന്മാര്‍ അടിച്ചു കൊന്നു

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ അമ്മാവന്മാര്‍ അടിച്ചു കൊന്നു

ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ അമ്മാവന്‍മാര്‍ അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ മാഞ്ജി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്.

കേസില്‍ ശങ്കറിന്റെ മാതൃസഹോദരന്മാരായ തൂഫാനി (35) രാജേഷ് ( 29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് കൊല്ലപ്പെട്ട ശങ്കറും പ്രതികളായ അമ്മാവന്മാരും. ബിഹാറിലെ ഷോഹര്‍ ജില്ലക്കാരായ മൂവരും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനായി രണ്ടു ദിവസം മുമ്പാണ് ഗുണയില്‍ എത്തിയത്. മൂന്നുപേരും ഒരു സ്ഥലത്താണ് താമസിച്ചിരുന്നത്.

ഞായറാഴ്ച രാത്രി മൂന്നുപേരും കൂടി ഭക്ഷണം പാചകം ചെയ്തു കഴിച്ച ശേഷം മദ്യപാനം ആരംഭിച്ചു. ഇതിനിടെ ചര്‍ച്ച ബിഹാര്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയും തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. മരിച്ച ശങ്കര്‍ ആര്‍ജെഡി അനുകൂലിയാണ്. പ്രതികളായ അമ്മാവന്മാര്‍ തൂഫാനിയും രാജേഷും ജെഡിയു പക്ഷക്കാരാണ്. സംസാരത്തിനിടെ ആര്‍ജെഡി നേതാവായ തേജസ്വി യാദവിനെതിരായ മോശം പരാമര്‍ശമാണ് ശങ്കറിനെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് ശങ്കര്‍ ശക്തമായി തിരിച്ചടിച്ചു. ഇതോടെ വാക്കുതര്‍ക്കം കയ്യാങ്കളിയായി. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍, അടുത്തുള്ള ഒരു ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മുഖം ചെളിയില്‍ മുക്കി. മുഖം ചെളിയില്‍ അമര്‍ത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശങ്കര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. യുവാവിന്റെ വായിലും ശ്വാസകോശത്തിലും വരെ ചെളി എത്തിയിരുന്നു. മരിച്ചുവെന്ന് ബോധ്യമായതോടെ, ചെളിയില്‍ പുതഞ്ഞ ശങ്കറിനെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. വിവരം അറിഞ്ഞെട്ടത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. ഒരു മണിക്കൂറിനകം പ്രതികളെ വലയിലാക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

പബ്ലിക് ഹെൽത്ത് പി ജി പ്രവേശനത്തിന് 24 വരെ അപേക്ഷ നൽകാം

പബ്ലിക് ഹെൽത്ത് പി ജി പ്രവേശനത്തിന് 24 വരെ അപേക്ഷ നൽകാം

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.

പൊതുവിഭാഗത്തിലുള്ളവർക്ക് അപേക്ഷാഫീസ് 1,800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 900 രൂപയുമാണ്. അപേക്ഷാഫീസ് നവംബർ 22 വരെ ഓൺലൈൻ വഴിയോ, വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെയോ അടയ്ക്കാം.

അപേക്ഷകർ www.lbscentre.kerala.gov.in വഴി വ്യക്തിഗത അക്കാദമിക് വിവരങ്ങൾ നൽകി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യോഗ്യത സർട്ടിഫിക്കറ്റുകളും മറ്റു ആവശ്യപ്പെട്ട രേഖകളും അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഫീസ് അടച്ചവർ നവംബർ 24 നകം അപേക്ഷകൾ സമർപ്പിക്കണം. പ്രവേശന പരീക്ഷ നവംബർ 29 ന് തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തപ്പെടും. പരീക്ഷയുടെ അടിസ്ഥാനത്തിൽ LBS ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ഒരു കേന്ദ്രികൃത അലോട്ട്‌മെന്റിലൂടെയാകും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560361, 2560362, 2560363, 2560364.

ഐടി ജീവനക്കാരിയെ കബളിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

ഐടി ജീവനക്കാരിയെ കബളിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

ബം​ഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ അജ്ഞാത സംഘം ബം​ഗളൂരുവിലെ ഐടി ജീവനക്കാരിയിൽ നിന്നു കൈക്കലാക്കിയത് 32 കോടി രൂപ! കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇവരിൽ നിന്നു തട്ടിപ്പ് സംഘം പണം അപഹരിച്ചത്. ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ ലഭിച്ചെന്ന പേരിൽ ഒരു വർഷം മുൻപ് വന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്കിന്റെ നടപടിയെന്നു ബോധ്യപ്പെടുത്തിയാണ് പണം തട്ടിയത്.

ബം​ഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്ന 57കാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ തിരിച്ചറിയിൽ രേഖ ഉപയോ​ഗിച്ചു ലഹരിക്കടത്ത് നടത്തിയെന്നാണ് സിബിഐ ഉദ്യോ​ഗസ്ഥർ എന്നു പരിചയപ്പെടുത്തിയ സൈബർ തട്ടിപ്പ് സംഘം പറഞ്ഞത്. മകന്റെ വിവാ​​ഹം അടുത്തു വന്നതിനാൽ അനാവശ്യം കേസും മറ്റു പൊല്ലാപ്പുകളും വേണ്ടെന്നു കരുതിയാണ് താൻ സംഘത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പണം നൽകിയത് എന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.

സ്വത്ത് വിവരങ്ങൾ ആർബിഐയ്ക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ടാണ് ഈയടുത്ത് പണം വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. കുറച്ചു ദിവസത്തേക്ക് ഡിജിറ്റൽ അറസ്റ്റിലായിരിക്കുമെന്നും സംഘം 57കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പരിശോധനകൾ കഴിഞ്ഞാൽ മുഴുവൻ തുകയും തിരികെ നൽകുമെന്നും പറഞ്ഞു. 187 ബാങ്ക് ഇടപാടുകളിലൂടെ 31.83 കോടി രൂപയാണ് ഇത്തരത്തിൽ ജീവനക്കാരി കൈമാറിയത്.

ബാങ്കിൽ നിക്ഷേപിച്ച മുഴുവൻ സമ്പാദ്യവും പരിശോധനയ്ക്കാണെന്നു വിശ്വസിച്ചു ഇവർ കൈമാറുകയായിരുന്നു. പിന്നീട് പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാരി സൈബർ പൊലീസിൽ പരാതി നൽകിയത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ രാജ്യത്തു തന്നെ ഒരു വ്യക്തിക്ക് ഇത്രയും വലിയ തുക നഷ്ടമാകുന്നത് ഇതാദ്യമാണ്.