by Midhun HP News | Nov 16, 2025 | Latest News, കേരളം
ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ഫസ്റ്റ് നേടി എ എം എൽ പി എസ് പെരുംകുളം. കൂന്തള്ളൂർ സ്കൂളിൽ വെച്ച് നടന്ന ആറ്റിങ്ങൽ സബ്ജില്ല കലോത്സവത്തിൽ ജനറൽ, അറബിക്, വിഭാഗത്തിലും ഒന്നാം സ്ഥാനം നിലനിർത്തി.
പൊതു വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ആ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർട്സ് ക്ലബ് അംഗങ്ങൾ ആയ ഷെമീറ, രാജലക്ഷ്മി, റീന ഇവരുടെ നേതൃത്വത്തിൽ പ്രഥമാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ അഭിമാനകരമായ നേട്ടം നേടിയെടുത്തത് അവധി ദിവസങ്ങളിലും ക്ലാസ് സമയം കഴിഞ്ഞുമാണ് കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്.


by Midhun HP News | Nov 16, 2025 | Latest News, കേരളം
പത്തനംതിട്ട: മണ്ഡല- മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും. വൈകീട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍ നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാം പടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകള്‍ ഇല്ല. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനം തുടങ്ങും. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.
ഡിസംബര്‍ 2 വരെ വെര്‍ച്യുല്‍ ക്യൂ ബുക്കിങ്ങില്‍ ഒഴിവില്ല. 70,000 പേര്‍ ഡിസംബര്‍ രണ്ട് വരെ വെര്‍ച്യുല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തിട്ടുണ്ട്. 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശനം നടത്താം. തത്സമയ ബുക്കിങ് കൗണ്ടറുകള്‍ പമ്പ, നിലക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ്. ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും ഉണ്ട്.
മണ്ഡല- മകരവിളക്കുമായി ബന്ധപ്പെട്ട വിവരങ്ങളും പൂജാവിശേഷങ്ങളും ചുവടെ:
വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും.
സമയക്രമം:
രാവിലെ നട തുറക്കുന്നത്- 3 മണിക്ക്
നിര്‍മ്മാല്യം
അഭിഷേകം 3 മുതല്‍ 3.30 വരെ
ഗണപതി ഹോമം 3.20 മുതല്‍
നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ
ഉഷ പൂജ 7.30 മുതല്‍ 8 വരെ
നെയ്യഭിഷേകം 8 മുതല്‍ 11 വരെ
25 കലശം, കളഭം 11.30 മുതല്‍ 12 വരെ
ഉച്ചപൂജ 12.00 ന്
തിരുനട അടക്കല്‍ 1.00ന്
തിരുനട തുറക്കല്‍ വൈകീട്ട് മൂന്നിന്
ദീപാരാധന 6.30-6.45
പുഷ്പാഭിഷേകം 6.45 മുതല്‍ 9 വരെ
അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ
ഹരിവരാസനം 10.45
തിരുനട അടക്കല്‍ 11ന്
ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു
ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു. കൂടാതെ നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമുണ്ടാകും. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് മുഴുവന്‍ സമയവും ബിസ്‌കറ്റും ഔഷധ കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നട പന്തല്‍ മുതല്‍ പ്രത്യേക ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോളിക്കാര്‍ ഭക്തരെ ചൂഷണം ചെയ്യാതിരിക്കാന്‍ ദേവസ്വം വിജിലന്‍സിന്റെ പ്രത്യേക മോണിട്ടറിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം യഥേഷ്ടം ലഭിക്കുന്നതിന് മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലകയറി എത്തുന്ന ഭക്തര്‍ക്ക് കൈകാല്‍ വേദനകള്‍ക്ക് പരിഹാരമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ഫിസിയോ തൊറാപ്പി സെന്റര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും.
പമ്പയിലും സന്നിധാനത്തും ബോര്‍ഡിന്റെ ഓഫ് റോഡ് ആംബുലന്‍സ് സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടാതെ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്ട്രച്ചര്‍ സര്‍വ്വീസും ഉണ്ടാകും. പൊലീസ്, റവന്യൂ തുടങ്ങി എല്ലാ വകുപ്പുകളുമായുള്ള ഏകോപനത്തിന് മുതിര്‍ന്ന പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
മണ്ഡലപൂജ
ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നേ ദിവസം രാത്രി 10 നു നട അടച്ച ശേഷം ഡിസംബര്‍ 30 വൈകുന്നേരം 5 ന് നട തുറക്കും.
മകരവിളക്ക്
ജനുവരി 14നാണ് മകരവിളക്ക്. 14 മുതല്‍ 18 വരെ രാത്രി മാളികപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. ജനുവരി15 മുതല്‍ പടി പൂജ ഉണ്ടായിരിക്കും. ജനുവരി 18 ന് രാവിലെ കൊട്ടാരം വക കളഭാഭിഷേകം. അതിനു ശേഷം നെയ്യഭിഷേകം ഉണ്ടാവില്ല. 19ന് രാത്രിയാണ് മാളികപ്പുറത്ത് ഗുരുതി. അന്ന് മറ്റു വഴിപാടുകള്‍ ഇല്ല. 20 നു രാവിലെ കൊട്ടാരം പ്രതിനിധിക്കു മാത്രം ദര്‍ശനം നല്‍കി തിരു നട അടക്കും.
by Midhun HP News | Nov 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌കോട്ടല വാര്‍ഡിലെ ശാലിനിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ശാലിനി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നെടുമങ്ങാട് നഗരസഭയുടെ 26-ാം വാര്‍ഡില്‍ ബിജെപി സീറ്റ് നിഷേധിച്ചതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ഇവിടെ സീറ്റ് ലഭിക്കുമെന്ന് ശാലിനി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രാദേശിക നേതൃത്വം ഇടപെട്ട് സീറ്റ് നിഷേധിച്ചു എന്നാണ് ആക്ഷേപം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ആത്മഹത്യാശ്രമം. ശബ്ദം കേട്ട് മകന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ കൈ ഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന നിലയില്‍ അമ്മയെ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.
പ്രദേശത്ത് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബിജെപിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മഹിളാ മോര്‍ച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. ഇത്തവണ നഗരസഭയുടെ 26-ാം വാര്‍ഡില്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു ശാലിനി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വം ഇതിന് എതിരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


by Midhun HP News | Nov 16, 2025 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 124 റണ്‍സ്. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 153 റണ്‍സിന് പുറത്താകുകയായിരുന്നു. 4 വിക്കറ്റ് നേട്ടത്തോടെ ബൗളിങ് നിരയില്‍ ജഡേജയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.
ഇന്നലെ 93 ന് 7 എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. ഇന്ന് മത്സരം ആരംഭിച്ച് 135 സ്‌കോര്‍ 135 ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയുടെ എട്ടാം വിക്കറ്റും വീണു. 25 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ 153 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും വീണു. 7 റണ്‍സെടുത്ത സൈമണ്‍ ഹാമറാണ് പുറത്തായത്. സിറാജിനായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ കേശവ് മഹാരാജും സിറാജിന്റെ പന്തില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടാകുകയായിരുന്നു.
55 റണ്‍സെടുത്ത ടെംബ ബാവുമയാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. രണ്ടാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോള്‍ 7ന് 93 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 91 റണ്‍സെടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടോെ ഏഴു വിക്കറ്റുകള്‍ വീണത്. പുറത്തായവരില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. റയാന്‍ റിക്കിള്‍ട്ടന്‍ (23 പന്തില്‍ 11), എയ്ഡന്‍ മാര്‍ക്രം (23 പന്തില്‍ 4), വിയാന്‍ മുള്‍ഡര്‍ (30 പന്തില്‍ 11), ടോണി ഡെ സോര്‍സി (2 പന്തില്‍ 2), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (18 പന്തില്‍ 5), കെയ്ല്‍ വെറൈന്‍ (16 പന്തില്‍ 9), മാര്‍ക്കോ യാന്‍സനുമാണ് (16 പന്തില്‍ 13) എന്നിവരാണു പുറത്തായത്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ നാലും കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും, ബുംറ ഒരു വിക്കറ്റും വീഴ്ത്തി.


by Midhun HP News | Nov 16, 2025 | Latest News, കേരളം
ആറ്റിങ്ങൽ: കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന കുറ്റൻ മരം കഴിഞ്ഞ ദിവസം വൈകീട്ടത്തെ കാറ്റിലും മഴയിലും കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങൽ അഗ്നിശമനരക്ഷാ സേന ഗ്രേഡ്അസ്സി. സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർഓഫീസർമാരായ വൈശാഖൻ, സുജിത്,സാൻ, ഫയർഓഫീസർ ഡ്രൈവർ പ്രശാന്ത് വിജയ്, ഹോംഗാഡ് ബിജു എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.


by Midhun HP News | Nov 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിച്ചു പ്രചാരണം നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശം. മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ പാടില്ല.
ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുകയോ ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുകയോ ചെയ്യരുത്. സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌ക്കരണം, സാമൂഹിക ജാതിഭ്രഷ്ട്യ തുടങ്ങിയ ഭീഷണികളും പാടില്ല. വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ അയാളുടെ അനുവാദം കൂടാതെ ബാനര്‍, കൊടിമരം എന്നിവ നാട്ടുന്നതിനോ പരസ്യം ഒട്ടിക്കലനോ മുദ്രാവാക്യം എഴുതാനോ പാടില്ല. മറ്റു കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ, വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും മാറ്റി വച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ എഴുതി വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കും. അതിന് വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.
പൊതുയോഗങ്ങള്‍
പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിച്ചിരിക്കണം. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ത്ഥിയോ ഉറപ്പു വരുത്തണം. അത്തരത്തില്‍ ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കേണ്ടതാണ്. തങ്ങളുടെ അനുയായികള്‍ മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പു വരുത്തണം. യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുവാദം വാങ്ങിയിരിക്കണം.
ജാഥകള്‍
ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമവ്യവസ്ഥകളും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം.
ജാഥകള്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും ജാഥയുടെ റൂട്ടും, ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കേണ്ടതും അവ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതുമാണ്. ജാഥ കടന്നുപോകുന്ന പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അവ കൃത്യമായി പാലിക്കണം. ഗതാഗതകുരുക്ക് ഒഴിവാക്കുകയും ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം. മറ്റ് പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ടു നടക്കുന്നതും പരസ്യമായി കോലം കത്തിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ലഘുലേഖകള്‍, പോസ്റ്ററുകള്‍
ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. കൂടാതെ അച്ചടിക്കുന്നതിനു മുന്‍പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫാറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സുടമ) നല്‍കേണ്ടതും അച്ചടിച്ചശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫാറത്തില്‍ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്.
തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളത് സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിച്ചിരിക്കണം.
മാധ്യമ പരസ്യങ്ങള്‍
രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ നിയമാനുസൃതമായിരിക്കണം. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ പാടില്ല.
വാഹനങ്ങള്‍
വാഹനങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മോട്ടോര്‍വാഹന നിയമങ്ങളും മറ്റ് നിയമങ്ങളും പാലിച്ചായിരിക്കണം.
ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയ ശേഷം മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ, വീഡിയോ പ്രചാരണവാഹനമായോ ഉപയോഗിക്കാവൂ.
പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല.


Recent Comments