ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച്‌ മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍

ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച്‌ മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍

കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട ചോറ്റാനിക്കര സ്വദേശിയായ യുവതി തട്ടിയെടുത്തത്. യുവാവിന്‍റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ കളമശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് പ്രതിയായ യുവതിയെയും ആണ്‍ സുഹൃത്തിനെയും പിടികൂടിയത്.

എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ പുത്തൻ സ്‌കൂട്ടറാണ് യുവതി മോഷ്ടിച്ചത്. ഒരുമാസം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിനായിരുന്നു പണികിട്ടിയത്. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറുമായാണ് കാമുകി മുങ്ങിയത്. വാട്ട്സാപ്പില്‍ തെറ്റിയെത്തിയ ഒരു സന്ദേശത്തില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസം നീണ്ടുനിന്ന ചാറ്റിങ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറി. ഫോട്ടോ പോലും കൈമാറാത്ത പ്രണയത്തിനൊടുവില്‍ ഇരുവരും കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ച്‌ കാണാമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് മാളിലെത്തി.

മാളിന്റെ പാർക്കിംഗ് ഏരിയയില്‍ വച്ച സ്‌കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരില്‍കാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. എന്നാല്‍ കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഒരേ പ്രായമാണ് എന്ന് പറഞ്ഞ് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി യുവാവിന്‍റെ ചെലവില്‍ ബിരിയാണിയും ജ്യുസും കഴിച്ചു.യുവാവ് കൈകഴുകാന്‍ പോയ തക്കത്തിന് യുവതി ചാവിയുമായി കടന്നുകളഞ്ഞു.

കൈകഴുകി തിരികെ എത്തിയപ്പോള്‍ യുവതിയെ കാണാതായപ്പോള്‍ കാമുകന് പന്തികേട് തോന്നി. മാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സ്കൂട്ടര്‍ പോയി നോക്കിയപ്പോള്‍ അതും കാണാനില്ല.

ഒടുവില്‍ ചതി തിരിച്ചറിഞ്ഞ യുവാവ് ബസില്‍ കയറി വീട്ടിലെത്തി. പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബസിലെ ജോലിക്കാരനായ യുവാവ് ഇഎംഎക്കാണ് മൂന്ന് മാസം മുന്‍പ് സ്കൂട്ടര്‍ വാങ്ങിയത്. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് സ്കൂട്ടറുമായി യുവതിയും ആണ്‍സുഹൃത്തും കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം നടന്നത്.

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് പത്മരാജനെതിരായ ശിക്ഷാ വിധി ഇന്ന്

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് പത്മരാജനെതിരായ ശിക്ഷാ വിധി ഇന്ന്

കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ. പത്മരാജന് ഇന്ന് ശിക്ഷ വിധിക്കും. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റവും തെളിഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് കെ. പത്മരാജന്‍ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി കണ്ടെത്തിയത്.

നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാനായിരുന്നു ഐജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്‌സോ വകുപ്പ് ചുമത്തിയതാണ് കേസില്‍ നിര്‍ണായകമായത്. കേസില്‍ തലശേരി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിക്കുക.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.

പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്‌സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്.

അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്‌സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

ശിവപ്രിയയുടെ മരണം: അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ശിവപ്രിയയുടെ മരണം: അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെ കരിക്കകം സ്വദേശി ജെ.ആര്‍.ശിവപ്രിയ (26) മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണെന്നും ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാന്‍ കഴിയില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് കൈമാറി.

ആശുപത്രിയില്‍ അണുനശീകരണത്തിനുള്ള നടപടികള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും അതിന്റെ രേഖകള്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നൂറുകണക്കിനു മറ്റു രോഗികള്‍ ചികിത്സ തേടിയിരുന്നുവെന്നും അവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ അണുബാധ ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. പ്രസവമുറിയില്‍നിന്ന് സാംപിള്‍ എടുത്തു നടത്തിയ അണുബാധ പരിശോധനാ റിസള്‍ട്ടും നെഗറ്റീവ് ആണ്. ആ സാഹചര്യത്തില്‍ അണുബാധയുടെ ഉറവിടം ആശുപത്രിയാണെന്നു പറയാന്‍ കഴിയില്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 24ന് എസ്എടിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ എത്തിയശേഷം കടുത്ത പനി ആയിരുന്നു. 26നു ശിവപ്രിയയെ തിരികെ എസ്എടിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ ആണ് അണുബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും നവംബര്‍ 9ന് ഉച്ചയോടെ മരിക്കുകയായിരുന്നു.

മണ്ഡല- മകരവിളക്ക് ഉത്സവം; ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് ഉത്സവം; ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ 17 മുതല്‍ പുലര്‍ച്ചെ മൂന്നിന് തുടങ്ങി പകല്‍ ഒന്നുവരെയും മൂന്നിന് തുടങ്ങി രാത്രി 11ന് ഹരിവരാസനം വരെയുമാണ് ദര്‍ശനസമയം. ഓണ്‍ലൈനായി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനമൊരുക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ബുക്കിങ് റദ്ദായാല്‍ സ്ലോട്ടുകള്‍ തത്സമയ ബുക്കിങ്ങിനായി മാറ്റിവയ്ക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാംപടിക്കുമുന്‍പ്് നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിന് പരിചയസമ്പന്നരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27ന് രാത്രി പത്തിന് നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 20ന് അടയ്ക്കും.

മകരവിളക്ക് ജനുവരി 14നാണ്. വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്താനും സൗകര്യമുണ്ട്.

അപകട ഇന്‍ഷുറന്‍സ് പരിരക്ഷ

നാല് ജില്ലയില്‍ മാത്രമുണ്ടായിരുന്ന അപകട ഇന്‍ഷുറന്‍സ് കവറേജ് സംസ്ഥാനം മുഴുവനാക്കി. മരിക്കുന്ന തീര്‍ഥാടകരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കും. കൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ഒരുലക്ഷം രൂപ വരെയും സംസ്ഥാനത്തിനകത്ത് 30,000 രൂപ വരെയും ആംബുലന്‍സിന് നല്‍കും. ഇന്‍ഷുറന്‍സ് പദ്ധതി പ്രീമിയം തുക മുഴുവനും ദേവസ്വം ബോര്‍ഡാണ് വഹിക്കുന്നത്. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അസുഖം മൂലം മരിക്കുന്നവര്‍ക്കായി സഹായനിധി രൂപീകരിച്ചു. മരിക്കുന്നയാളുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ ദേവസ്വം ബോര്‍ഡ് നല്‍കും.

ശ്രീനഗറില്‍ പൊലീസ് സ്റ്റേഷനില്‍ വന്‍ പൊട്ടിത്തെറി; 7 പേര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരിക്ക്

ശ്രീനഗറില്‍ പൊലീസ് സ്റ്റേഷനില്‍ വന്‍ പൊട്ടിത്തെറി; 7 പേര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഏഴു പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

‘വൈറ്റ് കോളര്‍’ തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട കേസില്‍ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ സാമ്പിള്‍ എടുക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. ഇന്നലെ രാത്രിയാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്.

പരിക്കേറ്റവരിലേറെയും പൊലീസുകാരും ഫൊറന്‍സിക് സംഘാംഗങ്ങളുമാണ്. മൂന്ന് സാധാരണക്കാരും പരിക്കേറ്റവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ ഡോ. മുസമ്മില്‍ ഗനായിയുടെ ഫരീദാബാദിലെ വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് ജമ്മു കശ്മീര്‍ പൊലീസ് ഇവിടേക്ക് കൊണ്ടുവന്നത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ ട്രാന്‍സ്ജന്‍ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ ട്രാന്‍സ്ജന്‍ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‌ലിം ലീഗും മത്സരിക്കും. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയില്‍ നിന്നാകും മത്സരിക്കുക.

രണ്ടാംഘട്ട പട്ടികയിലെ സ്ഥാനാര്‍ഥികള്‍

കല്ലറ: സുധീര്‍ഷാ പാലോട്

വെഞ്ഞാറമ്മൂട്: വെമ്പായം എസ്. അനില്‍കുമാര്‍

ആനാട്: തേക്കട അനില്‍കുമാര്‍

പാലോട്: അരുണ്‍രാജ്

ആര്യനാട്: പ്രദീപ് നാരായണന്‍

വെള്ളനാട്: എസ്. ഇന്ദുലേഖ

പൂവച്ചല്‍: ഗോപു നെയ്യാര്‍

ഒറ്റശേഖരമംഗലം: ആനി പ്രസാദ്

കുന്നത്തുകാല്‍: വിനി വി.പി

പാറശാല: കൊറ്റാമം വിനോദ്

മലയിന്‍കീഴ്: എം. മണികണ്ഠന്‍

പോത്തന്‍കോട്: അമേയ പ്രസാദ്

കല്ലമ്പലം: ലിസ നിസാം