by Midhun HP News | Nov 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ഇടുക്കി ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (15/11/2025) പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 0.2 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജാഗ്രതാനിർദേശങ്ങൾ:
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്
5. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
by Midhun HP News | Nov 15, 2025 | Latest News, കേരളം
കടയ്ക്കൽ: വിദേശ പഠനത്തിനും ഉപരിപഠനത്തിനുമായി ആളുകൾക്ക് പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലുള്ള വിവിധ കോഴ്സുകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും, മാർക്ക് ലിസ്റ്റുകളും, കൺസേൺലറ്ററും ഉണ്ടാക്കി പണം തട്ടിയ കൊല്ലം കടയ്ക്കൽ കുമ്മിൾ മുല്ലക്കര നിസാമുദ്ദീൻ മൻസിലിൽ അഫ്സലിനെ(28)യാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കടയ്ക്കൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തപ്പോഴാണ് തട്ടിപ്പു വിവരങ്ങൾ പുറത്തായത്. ഇവിടെ നിന്ന് വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, കൺസേൺ ലെറ്ററുകൾ എന്നിവ പിടിച്ചെടുത്തു. ഉന്നത വിദ്യാഭ്യാസത്തിനും സ്വദേശത്തും വിദേശത്തും ജോലിക്കുമായാണ് ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചിരുന്നത്.
ഇന്ത്യയിലും വിദേശത്തും ഉപരിപഠന സൗകര്യം ഒരുക്കാമെന്ന് വിശ്വസിപ്പിച്ചു വലിയ തുകകൾ പലരിൽ നിന്നും കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഐഎസ്എച്ഓ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷിജു ടി, ബിജുകുമാർ, ഉദയകുമാർ, എ എസ് ഐ സജീവ് ഖാൻ എസ് സി പി ഓ ഷിറാസ്, സിപിഒ മാരായ സജിൻ, വിഷ്ണു, വൃന്ദാവൻ,വൃന്ദ, ദിവ്യ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപെട്ടു കൂടുതൽ അന്വേഷണം നടന്നു വരികയാണ്.


by Midhun HP News | Nov 14, 2025 | Latest News, ദേശീയ വാർത്ത
കൊച്ചി: ഉദ്യോഗസ്ഥക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കി. വിഷയത്തില്‍ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ കോടതിയില്‍ വാദിച്ചത്. ഡിസംബർ 4 നാണ് എസ്ഐആർ പൂർത്തിയാക്കേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11തിയതികളിൽ നടക്കുമ്പോൾ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഏറെയെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.


by Midhun HP News | Nov 14, 2025 | Latest News, കേരളം
കോട്ടയം: ലോകാരോഗ്യ സംഘടനയുടെ പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റ് പാട്രണ്‍ മാര്‍ മാത്യു മൂലക്കാട്ട് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ റവ. ഡോ. ബിനു കുന്നത്ത്, ഡബ്ല്യുഎച്ച്ഒയുടെ ദേശീയ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. രഞ്ജനി രാമചന്ദ്രന്‍, 4baseCare Precision Health Pvt Ltd-ന്റെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഗിരിധരന്‍ പെരിയസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി മെഡിസിനിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് ഡബ്ല്യുഎച്ച്ഒ – കാരിത്താസ് ടെക്‌നിക്കല്‍ സഹകരണത്തിനെകുറിച്ച് സംസാരിച്ചു.
പ്രോജക്ട് ഏകോപനത്തിനായാണ് കാരിത്താസ് ആശുപത്രിയില്‍ ലോകാരോഗ്യ സംഘടനയുടെ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രോഗകാരണങ്ങളെ കണ്ടെത്തല്‍, പരിശീലനം എന്നിവയ്ക്കായി ഒരു സമന്വിത പൊതു ആരോഗ്യ ലാബോറട്ടറി വികസിപ്പിക്കാന്‍ സഹായം നല്‍കുക, ആരോഗ്യരംഗത്തെ പുതു സംരംഭങ്ങള്‍ സാമന്വയിപ്പിക്കുക എന്നിവയായിരിക്കും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ചുമതല.
ലോകാരോഗ്യ സംഘടന കാരിത്താസ് ആശുപത്രി വഴി നടത്തുന്ന പൊതു ആരോഗ്യ ഇടപെടലുകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മെഡിക്കല്‍ ഗവേഷണത്തിനും സാങ്കേതിക സഹായവും ലഭ്യമാക്കും.


by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: മുറ്റിച്ചൂരില്‍ ബൈക്ക് യാത്രികനെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ച് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അര്‍ജുന്‍, ഇടുക്കി ബൈസണ്‍വാലി സ്വദേശി ബോബി ഫിലിപ്പ്, ആലുവ സ്വദേശി ഗ്ലിവിന്‍ ജെയിംസ് എന്നിവരെയാണ്.
ഈ മാസം ഏഴിന് മുറ്റിച്ചൂര്‍ പള്ളിക്ക് സമീപം ആസൂത്രിതമായാണ് കവര്‍ച്ച നടന്നത്. മഹാരാഷ്ട്ര സ്വദേശിയും വാടാനപ്പള്ളിയില്‍ താമസക്കാരനുമായ അക്ഷയ് പ്രതാപ് പവനാണ് ആക്രമിക്കപ്പെട്ടത്. പ്രതികള്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന അവനെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചാണ് പണം കവര്‍ന്നത്. കണ്ടെത്താനാകാതെ രക്ഷപ്പെട്ട പ്രതികളുടെ വാഹനത്തെ കേന്ദ്രീകരിച്ചായിരുന്നു തൃശൂര്‍ റൂറല്‍ പൊലീസ് അന്വേഷണം ശക്തമാക്കിയത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളുണ്ട്. അവരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നുവെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസ് അറിയിച്ചത്.


by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം,ഇടുക്കി, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
17ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 18ന് കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ (നീരോടി മുതല്‍ ആരോക്യപുരം വരെ) തീരങ്ങളില്‍ ഇന്ന് (14/11/2025) രാത്രി 11.30 മുതല്‍ നാളെ (15/11/2025) രാത്രി 11.30 വരെ 0.8 മുതല്‍ 1.3 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
നാളെ (15/11/2025) പുലര്‍ച്ചെ 2.30 മുതല്‍ രാത്രി 11.30 വരെ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരങ്ങളില്‍ 0.2 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.


Recent Comments