വരി നില്‍ക്കാതെ ചികിത്സ, റെക്കോര്‍ഡിട്ട് ഇ- ഹെല്‍ത്ത്; 1001 ആശുപത്രികളില്‍ സജ്ജം

വരി നില്‍ക്കാതെ ചികിത്സ, റെക്കോര്‍ഡിട്ട് ഇ- ഹെല്‍ത്ത്; 1001 ആശുപത്രികളില്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമേകിയ ഇ-ഹെല്‍ത്ത് പദ്ധതി 1001 ആശുപത്രികളില്‍ സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്. വരി നിന്ന് സമയം കളയാതെ രോഗികള്‍ക്ക് വേഗത്തിലും എളുപ്പത്തിലും ചികിത്സാസൗകര്യം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനത്തിലൂടെ 2.63 കോടിയിലധികംപേര്‍ സ്ഥിര യുഎച്ച്‌ഐഡി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.

താല്‍ക്കാലിക രജിസ്ട്രേഷനിലൂടെ 6.73 കോടിയിലധികം തവണ ചികിത്സതേടി. 16.85 ലക്ഷം പേര്‍ ഇ- ഹെല്‍ത്ത് മുഖേന അഡ്മിറ്റായി. ഡിജിറ്റലായി പണമടയ്ക്കല്‍, ഒപി ടിക്കറ്റ്, എം-ഇ ഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. രണ്ടാമതും ചികിത്സ തേടണമെങ്കില്‍ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവുമുണ്ട്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇ ഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം.

https://ehealth.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് യുഎച്ച്ഐഡി സൃഷ്ടിക്കേണ്ടത്. രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്തശേഷം ആധാര്‍ നമ്പര്‍ നല്‍കുക. ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കാം. ഫോണ്‍: ദിശ-104, 1056, 0471 2552056, 2551056.

“റോൾ ഓഫ് ഓണർ” ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർക്ക്

“റോൾ ഓഫ് ഓണർ” ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർക്ക്

തത്വചിന്തകരുടെയും നീതി ശാസ്ത്രജ്ഞരുടെയും ആഗോള സംഘടന ‘ഇന്റർനാഷണൽ അക്കാദമി ഓഫ് എത്തിക്സ്’-ന്റെ പ്രഥമ സമുന്നത “റോൾ ഓഫ് ഓണർ” ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർക്ക്. വിഖ്യാത കവിയും ചിന്തകയും സെർബിയൻ – അമേരിക്കൻ സാഹിത്യ നോബേൽ നിയുക്തയുമായ ഡോ. മായ ഹെർമൻ സെക്കുലിക്ക്, ഇരുന്നൂറോളം ശാസ്ത്ര – സാഹിത്യ- കവിതാ സമാഹാരങ്ങളുടെ കർത്താവായ ഡോ. ജെർണയിൽ സിംഗ് ആനന്ദ്, വിഖ്യാത കവികൾ ഡോ. ബീനാ സിംഗ്, ഡോ. ലലിത് മോഹൻ ശർമ്മ എന്നിവർ വീട്ടിലെത്തി അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചു. ഇന്നോളം അറുനൂറിലേറെ സ്കൂൾ വിദ്യാർത്ഥികളെ കവികളായി ലോകസാഹിത്യ വേദിയിലേക്കാനയിച്ച അതുല്യ സേവനത്തെ പ്രകീർത്തിച്ച് അക്കാദമിയുടെ പ്രത്യേക പ്രശംസാപത്രവും സമ്മാനിച്ചു.

റേഷന്‍ കാര്‍ഡ് തരംമാറ്റാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാന്‍ വീണ്ടും അവസരം

റേഷന്‍ കാര്‍ഡ് തരംമാറ്റാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാന്‍ വീണ്ടും അവസരം

കൊച്ചി: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബിപിഎല്‍) മാറ്റാന്‍ വീണ്ടും അവസരം. ഈ മാസം 17 മുതല്‍ ഡിസംബര്‍ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷന്‍ കാര്‍ഡ് തരംമാറ്റാന്‍ അപേക്ഷ നല്‍കാം.

സാധാരണ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റും കുടുംബസാഹചര്യങ്ങളും ബോധ്യപ്പെടുത്തി ആനുകൂല്യത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് മുന്‍ഗണനാ വിഭാഗം (ബിപിഎല്‍- പിങ്ക്) കാര്‍ഡ് നല്‍കും. ഇത്തരത്തില്‍ മാറ്റാനാണ് ഇപ്പോള്‍ അവസരം ഒരുക്കിയിരിക്കുന്നത്.

ഒപി ബഹിഷ്‌കരണം; മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കും

ഒപി ബഹിഷ്‌കരണം; മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കി.

ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം. 21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. നാളെ രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സമരത്തിന് ഐഎംഎയും പിന്തുണ അറിയിച്ചിട്ടുണ്ട്.

കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ഒന്നരലക്ഷം രൂപ കൈക്കൂലി; കെഎസ്ഇബി അസി. എന്‍ജിനീയര്‍ പിടിയില്‍

കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ഒന്നരലക്ഷം രൂപ കൈക്കൂലി; കെഎസ്ഇബി അസി. എന്‍ജിനീയര്‍ പിടിയില്‍

കൊച്ചി: ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍. തേവര ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പാലാരിവട്ടം സ്വദേശി എന്‍. പ്രദീപനാണ് പിടിയിലായത്. വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ പണം ആവശ്യപ്പെട്ടത്.

തേവര ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍വെച്ച് പ്രദീപന്‍ പരാതിക്കാരനില്‍നിന്ന് പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു വിജിലന്‍സ് ഇയാളെ പിടികൂടിയത്. 90,000 രൂപയാണ് ഇയാള്‍ കൈപ്പറ്റാന്‍ ശ്രമിച്ചത്. പനമ്പള്ളി നഗറിന് സമീപം പണിത നാലുനില കെട്ടിടത്തിനായി താല്‍ക്കാലിക വൈദ്യുതി കണക്ഷനെടുത്തിരുന്നു. ഇത് സ്ഥിരപ്പെടുത്തണം അപേക്ഷയിലാണ് പ്രദീപന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കെട്ടിടനിര്‍മാണ കമ്പനിയിലെ അസിസ്റ്റന്റ് മാനേജരാണ് വിജിലന്‍സിനെ സമീപിച്ചത്.

ഡല്‍ഹിയിലേത് ഭീകരാക്രമണം തന്നെ; സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കും

ഡല്‍ഹിയിലേത് ഭീകരാക്രമണം തന്നെ; സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കും

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയക്ക് സമീപം ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ പ്രവൃത്തിയാണ് ഉണ്ടായതെന്നും ഭീകരവാദത്തിനെതിരെ ഒരുവിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗം വ്യക്തമാക്കി. ആക്രമണത്തെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു.

ഭീകരവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തുമെന്നും സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം നടക്കുകയാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായവരോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു.

തിങ്കളാഴ്ച വൈകീട്ട് 6.55 ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹ്യൂണ്ടായ് ഐ20 കാറിലുണ്ടായ സ്‌ഫോടനത്തില്‍ പതിമൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, ചെങ്കോട്ടയില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.