by Midhun HP News | Nov 13, 2025 | Latest News, കേരളം
തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ്ങും വോട്ടെണ്ണലും ഡിസംബർ 13 വരെ നീളുന്നതോടെ ഡിസംബർ 11ന് തുടങ്ങാനിരുന്ന അർധ വാർഷിക പരീക്ഷ മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബർ 11 മുതൽ 18 വരെ പരീക്ഷ നടത്തി 19 മുതൽ സ്കൂളുകൾ ക്രിസ്മസ് അവധിക്ക് അടച്ച് 29ന് തുറക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയത്.
മിക്ക സ്കൂളുകളും പോളിങ് സ്റ്റേഷനുകൾ ആയതിനാൽ ഈ ഷെഡ്യൂളിൽ പരീക്ഷ നടത്താനാകില്ല. പകരം പ്രൈമറി സ്കൂൾ പരീക്ഷ ഡിസംബർ ആദ്യത്തിൽ പൂർത്തീകരിക്കാനുള്ള നിർദേശമാണ് ഇപ്പോൾ പരിഗണനയിലുള്ളവയിൽ ഒന്ന്.
ബാക്കി ക്ലാസുകളിലേത് തെരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15 മുതൽ 19 വരെ ആദ്യ ഘട്ടവും ക്രിസ്മസ് അവധിക്ക് ശേഷം രണ്ടാം ഘട്ടവുമായി നടത്തുന്നതിന്‍റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
പരീക്ഷ നേരത്തെ തുടങ്ങാനുള്ള നിർദേശമാണ് പരിഗണനയിലുള്ളത്. ഇതിന് പുറമെ ഡിസംബർ ഒന്നിന് തുടങ്ങി അഞ്ച് വരെയും അവശേഷിക്കുന്ന പരീക്ഷ ഡിസംബർ 15 മുതൽ 19 വരെയുമായി നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
പരീക്ഷ നേരത്തെ നടത്തുന്നത് പാഠഭാഗം പഠിപ്പിച്ചുതീരില്ലെന്ന വിമർശനവുമുണ്ട്. ഡിസംബർ 15 മുതൽ 19 വരെയും അവശേഷിക്കുന്നവ ക്രിസ്മസ് അവധിക്ക് ശേഷം 29 മുതൽ 31 വരെയുമായി നടത്താമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. വൈകാതെ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ക്യു.ഐ.പി യോഗം ചേർന്ന് പരീക്ഷ സമയക്രമം തീരുമാനിക്കാനാണ് ധാരണ.
പല അധ്യാപകരും ബി.എൽ.ഒമാർ എന്ന നിലയിൽ എസ്.ഐ.ആർ ഡ്യൂട്ടിയിലുമാണ്. ഒമ്പതിന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ്ങും 11ന് രണ്ടാം ഘട്ടവും നടക്കുന്നതിനാൽ അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ക്ലാസിലും ഡ്യൂട്ടിയിലും പങ്കെടുക്കേണ്ടിയും വരും. ഇതെല്ലാം പരിഗണിച്ച് മാത്രമേ പരീക്ഷയുടെ പുതിയ സമയക്രമം നിശ്ചയിക്കാൻ കഴിയുകയുള്ളൂ.


by Midhun HP News | Nov 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബസ്സിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ഉഗ്രശബ്ദം ഡല്‍ഹി നിവാസികളെ പരിഭ്രാന്തരാക്കി. ഡല്‍ഹിയിലെ മഹിപാല്‍ പൂരിലാണ് ഇന്ന് രാവിലെ ബസ്സിന്റെ ടയര്‍പൊട്ടി ഉഗ്രശബ്ദമുണ്ടായത്. കഴിഞ്ഞ ദിവസം ചെങ്കൊട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ സ്‌ഫോടനമാണെന്ന് കരുതിയാണ് പ്രദേശവാസികള്‍ പരിഭ്രാന്തരായത്.
രാവിലെ ശബ്ദം കേട്ട ഉടനെ നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ സര്‍വീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഫോണ്‍ വിളിച്ചയാളെ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഗുരുഗ്രാമിലേക്ക് പോകുകയാണെന്നും ആ സമയത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനാല്‍ അറിയിക്കുമായിരുന്നു എന്ന് അയാള്‍ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ധൗല കുവാനിലേക്ക് പോവുകയായിരുന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന്റെ പിന്നിലെ ടയര്‍ പൊട്ടിയതാണെന്നും ആ ശബ്ദമാണ് കേട്ടതെന്നും കണ്ടെത്തി. ഇക്കാര്യം പൊലീസ് അറിയിക്കുകയും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു.


by Midhun HP News | Nov 13, 2025 | Latest News, കേരളം
കൊച്ചി: ഇന്നലത്തെ നേരിയ ഇടിവിന് ശേഷം വീണ്ടും കുതിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 1680 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ 93,000 കടന്ന് 94000ന് അരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 93,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വര്‍ധിച്ചത്. 11,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷമാണ് ഉയരാന്‍ തുടങ്ങിയത്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Nov 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയോധ്യ രാമക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടുവെന്നാണ് വിവരം. കൂടാതെ സേന ആസ്ഥാനം, വ്യോമസേന ഓഫീസ്, ബിജെപി ഓഫീസ് എന്നിവയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം 1500 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌ഫോടനത്തില്‍ ചാവേറായ ഉമര്‍ വന്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആവശ്യമായത്ര സ്‌ഫോടക വസ്തുക്കള്‍ ലഭ്യമായിരുന്നില്ലെന്നും അന്വേഷണവൃത്തങ്ങള്‍ പറയുന്നു. ഭീകരാക്രമണം നടത്താന്‍ രണ്ടുവര്‍ഷമായി വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ശേഖരിച്ചെങ്കിലും ഒരുമാസത്തിനുള്ളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഭീകരാക്രമണം നടത്താന്‍ മൂന്ന്് കാറുകള്‍ വാങ്ങിയതായും അതില്‍ രണ്ടെണ്ണം അന്വേഷണസംഘം കണ്ടെത്തുകയും ചെയ്്തിട്ടുണ്ട് മൂന്നാമത്തെ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചുവന്ന എക്കോ സ്‌പോട്ട് വ്യാജമേല്‍വിലാസത്തിലാണ് വാങ്ങിയതെന്നും അന്വേഷണസംഘം കണ്ടെത്തി. അതേസമയം, സ്‌ഫോടനം നടന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായത്. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ-മുഹമ്മദിന്റെ (ജെഇഎം) ലോജിസ്റ്റിക് മൊഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സംഘത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തോളം അംഗങ്ങളുണ്ടായിരുന്നതായാണ് വിവരം.
10 അംഗ എന്‍ഐഎ സംഘമാണ് ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസിന്റെ രേഖകള്‍ ജമ്മു കശ്മീര്‍, ഡല്‍ഹി പൊലീസില്‍ നിന്ന് എന്‍ഐഎ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.


by Midhun HP News | Nov 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പൊലീസ് സേനയെ സഹായിക്കുന്നതിന് കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊലീസ് വകുപ്പിന്റെ തീരസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്താനും സമുദ്രസുരക്ഷാ പ്രവർത്തനങ്ങളിൽ സഹായം ലഭ്യമാക്കാനുമാണ് ഈ നിയമനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
നിയമിതരാകുന്ന കോസ്റ്റൽ വാർഡൻമാർ കടൽതീരങ്ങളിൽ നടക്കുന്ന സുരക്ഷാ പട്രോളിങ്ങിലും, കടൽരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും, പ്രകൃതിദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കാനും ബാധ്യസ്ഥരായിരിക്കും.
അപേക്ഷകർ കേരള തീരപ്രദേശത്ത് സ്ഥിരതാമസം നടത്തുന്ന മത്സ്യതൊഴിലാളി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത് എങ്കിലും നിശ്ചിത കാലാവധിയ്ക്ക് ശേഷം കരാർ നീട്ടാനും സാധ്യതയുണ്ട്.പ്രായപരിധി, യോഗ്യത, ശാരീരികക്ഷമത തുടങ്ങിയ വിശദവിവരങ്ങൾ കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03.12.2025.


by Midhun HP News | Nov 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.


Recent Comments