അഞ്ചു വര്‍ഷം കൊണ്ട് പലിശ വരുമാനമായി 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അഞ്ചു വര്‍ഷം കൊണ്ട് പലിശ വരുമാനമായി 11 ലക്ഷം രൂപ; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

കൊച്ചി: പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ് സി). ഈ കേന്ദ്രസര്‍ക്കാര്‍ സ്‌കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. 5 വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്.

7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.

എന്‍എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്‍എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്‍കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്.

‘ദൈവങ്ങളുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം

‘ദൈവങ്ങളുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഎം. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് സിപിഎമ്മിന്റെ ആവശ്യം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, കൗണ്‍സിലര്‍ എസ് പി ദീപക്ക് എന്നിവരാണ് പരാതി നല്‍കിയത്.

ഒരു പ്രത്യേക ദൈവത്തിന്റെ പേരില്‍ നടത്തുന്ന സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. ദൈവ നാമത്തിലോ, ദൃഢപ്രതിജ്ഞയിലും പ്രതിജ്ഞ ചെയ്യാം. ഏതെങ്കിലും ഒരു ദൈവത്തിന്റെ പേരില്‍ സത്യ പ്രതിജ്ഞ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളും കോടതി വിധികളും നിലവിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 20 പേര്‍ സത്യപ്രതിജ്ഞ തെറ്റായി ചൊല്ലി. ഇതിനെതിരെ കളക്ടര്‍ക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ കോടതിയെ സമീപിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഭാരതാംബ, അയ്യപ്പന്‍, ആറ്റുകാല്‍ അമ്മ, ശ്രീ പത്മനാഭന്‍ എന്നിവരുടെ പേരിലായിരുന്നു ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ. അല്ലാഹുവിന്റെ നാമത്തില്‍ ഒരു യുഡിഎഫ് അംഗവും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നടപടി ഉണ്ടായിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നീക്കം.

കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങ് ചട്ട ലംഘനമുണ്ടോ എന്നതായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കുക. ചട്ടലംഘനം കണ്ടെത്തിയാല്‍ ഈ അംഗങ്ങള്‍ എല്ലാം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും. നാളെ മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കാന്‍ കൂടിയാണ് സിപിഎം നീക്കം.

സ്വര്‍ണവില എങ്ങോട്ട്?, ചരിത്രം കുറിച്ച ശേഷവും നിര്‍ത്താതെ കുതിപ്പ്

സ്വര്‍ണവില എങ്ങോട്ട്?, ചരിത്രം കുറിച്ച ശേഷവും നിര്‍ത്താതെ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 1,02,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 12,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ക്രൈസ്തവ ദേവാലയത്തില്‍ ക്രിസ്മസ് ദിനാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ സിഎന്‍ഐ സഭാ ദേവാലയത്തിലെ പ്രാര്‍ത്ഥാനാ ചടങ്ങുകൡ ആണ് പ്രധാനമന്ത്രി പങ്കാളിയായത്. നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയും പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നത്. സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.

ഡല്‍ഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങില്‍ നടന്നു. ബിഷപ്പ് പോള്‍ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. ഏറ്റുവാങ്ങിയ ബൈബിള്‍ മോദി മുത്തമിട്ടു. സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച്ച നടത്തി. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസിക്കുന്നതായും ‍ പ്രധാനമന്ത്രി പ്രതികരിച്ചു. എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ. എന്നും മോദി എക്സിൽ കുറിച്ചു.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ രാജ്യത്ത് പലയിടത്തും ഹിന്ദുത്വ ആക്രമണങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പ്രധാനമന്ത്രി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രല്‍ ചര്‍ച് ഓഫ് റിഡെംപ്ഷനില്‍ സന്ദര്‍ശനം നടത്തുന്നത്. കേരള ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെയും രാജീവ് ചന്ദ്രശേഖര്‍ അപലപിച്ചു. ചില വട്ടുള്ള ആള്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കു നേരെ നടത്തുന്ന ആക്രമണം ബിജെപിയുടെ തലയില്‍ ഇടരുതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചടങ്ങിനു ശേഷം പ്രതികരിച്ചു. ബിജെപി ദേശീയ നേതാക്കളും ഇന്ന് ക്രിസ്മസ് ആശംസയുമായി പള്ളികളിലെത്തും.

‘ഭ ഭ ബ രണ്ടാം ഭാ​ഗം വരുന്നു, ഇത്തവണ മുഴുനീളെ മോഹൻലാൽ ഉണ്ടാകും’; സംവിധായകൻ

‘ഭ ഭ ബ രണ്ടാം ഭാ​ഗം വരുന്നു, ഇത്തവണ മുഴുനീളെ മോഹൻലാൽ ഉണ്ടാകും’; സംവിധായകൻ

ദിലീപിനെ നായകനാക്കി നവാ​ഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഭ ഭ ബ. ആദ്യ ദിനം തന്നെ ചിത്രം ബോക്സോഫീസിൽ തകർന്നടിഞ്ഞു. 40 കോടി ബജറ്റിലൊരുക്കിയ ചിത്രം ഇതുവരെ മുടക്കുമുതൽ പോലും തിരിച്ചു പിടിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 19.80 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് ഇതുവരെ നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ധനഞ്ജയും തിരക്കഥാകൃത്തായ ഫഹീമും. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ഭ ഭ ബ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്. “എസ് ജെ സൂര്യയെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് ഞങ്ങളുടെ ഒരാ​ഗ്രഹമായിരുന്നു.

അത് നടന്നത് പ്രൊഡക്ഷനിൽ നിന്നുള്ള സപ്പോർട്ട് കൊണ്ട് മാത്രമാണ്. നമ്മുടെ അടുത്ത പ്ലാൻ എന്താണെന്നുള്ള കാര്യത്തെക്കുറിച്ച് അവർക്കറിയാം. അടുത്ത പാർട്ടിൽ എന്താണ് വരാൻ പോകുന്നത് എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ചും നിർമാതാക്കൾക്ക് അറിയാം. പാർട്ട് 2 ഉൾപ്പെടെയാണ് ഭ ഭ ബ ഷൂട്ട് ചെയ്തിരിക്കുന്നത്. ഭ ഭ ബയ്ക്കുള്ളിൽ തന്നെ ആ കഥ നമ്മൾ പറഞ്ഞു പോയിട്ടുണ്ട്.

കുറേയധികം സൂചനകളും നമ്മൾ പ്രേക്ഷകർക്ക് കൊടുത്തിട്ടുണ്ട്. അതൊക്കെ പാർട്ട് 2 വിൽ കണക്ടാകും. ഈ സിനിമ പൂർണമായിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അതെല്ലാം പാർട്ട് 2 വിൽ കംപ്ലീറ്റ് ആകും. പറയാതെ പോയ പല കാര്യങ്ങളുടെയും ക്ലാരിറ്റി പാർട്ട് 2 വിൽ ഉണ്ടാകും. രണ്ട് ഭാ​ഗമായി തന്നെയാണ് സിനിമ ഒരുക്കുന്നത് എന്ന കാര്യം ദിലീപിനോടും പറഞ്ഞിരുന്നു.ഈ സിനിമയിൽ ദിലീപിന് പേരില്ലാതെയാണ് നമ്മൾ കാണിച്ചിരിക്കുന്നത്. അവസാന ഭാ​ഗത്താണ് പേര് കാണിച്ചിരിക്കുന്നത്. അത് അടുത്ത ലീ​ഗിലേക്കുള്ള ഒരു പോക്ക് കൂടിയാണ്. രണ്ടാം ഭാ​ഗത്തിൽ മുഴുനീളെ മോഹൻലാൽ ഉണ്ടാകും. അതൊരു ബ്ര​ദർ സ്റ്റോറിയായിരിക്കും”.- സിനിമയുടെ സംവിധായകൻ ധനഞ്ജയും തിരക്കഥാകൃത്തായ ഫഹിമും പറഞ്ഞു.

തൃശൂര്‍ മേയര്‍ സ്ഥാനം മൂന്നായി വീതിക്കാന്‍ കോണ്‍ഗ്രസ്, ഡോ. നിജി ജസ്റ്റിന് ആദ്യ ടേം

തൃശൂര്‍ മേയര്‍ സ്ഥാനം മൂന്നായി വീതിക്കാന്‍ കോണ്‍ഗ്രസ്, ഡോ. നിജി ജസ്റ്റിന് ആദ്യ ടേം

തൃശൂര്‍: കൊച്ചിക്ക് പിന്നാലെ അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശൂരിലും മേയര്‍ സ്ഥാനം വീതം വച്ച് പ്രശ്‌നം പരിഹരിക്കാന്‍ നീക്കം. കൊച്ചിയില്‍ രണ്ടെങ്കില്‍ തൃശൂരില്‍ മൂന്ന് ടേം ആയി മൂന്ന് പേര്‍ക്ക് സ്ഥാനം നല്‍കാനാണ് ധാരണ. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിന്‍ ആദ്യ ടേമില്‍ മേയറായേക്കും. സുബി ബാബുവിന് ആയിരിക്കും രണ്ടാം ഊഴം. അവസാന ടേമില്‍ ലാലി ജയിംസും മേയര്‍ പദവി വഹിക്കും.

മൂന്ന് ടേം എന്നതില്‍ ധാരണയായെങ്കിലും ഓരോരുത്തര്‍ക്കും എത്ര വര്‍ഷം എന്നതില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെയാണ് സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കും, നഗര സഭകളിലേക്കുമുള്ള മേയര്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അന്തിമ ധാരണകള്‍ ഉണ്ടാക്കുന്നതിനായി ഇന്നും ക്രിസ്മസ് ദിനത്തിലും തൃശൂരില്‍ ചര്‍ച്ചകള്‍ തുടരും. മേയര്‍ തര്‍ക്കത്തില്‍ എത്രയും വേഗം രമ്യമായ പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെ പിന്തുണയ്ക്കുന്നവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് തൃശൂരിലെ ചര്‍ച്ചകള്‍ അന്തിമമായി നീണ്ടത്. ലാലി ജെയിംസിനായി കൗണ്‍സിലര്‍മാരും, ഡോ. നിജി ജസ്റ്റിനായി കോണ്‍ഗ്രസ് നേതൃത്വവും ശക്തമായി രംഗത്തുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം പരിഹരിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വോട്ടിങ്ങ് നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു.

തൃശൂര്‍ കോര്‍പറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗണ്‍സിലറായി ജയിച്ചത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇടതുപക്ഷത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാണ് ലാലി ജയിംസ്. പരിഗണനയിലുള്ള സുബി ബാബു മുന്‍ ഡെപ്യൂട്ടി മേയറാണ്. അതിനാല്‍ ഒരു ടേം എങ്കിലും മേയര്‍ പദവി നല്‍കണമെന്നാണ് സുബിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ഡിസിസി വൈസ്പ്രസിഡന്റായ ഡോ. നിജി ജസ്റ്റിന് എഐസിസി, കെപിസിസി തലങ്ങളില്‍ നിന്നും പിന്തുണയുണ്ട്.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് രണ്ടു ടേം നടപ്പിലാക്കാനും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ആദ്യ ടേമില്‍ കെപിസിസി സെക്രട്ടറി എ പ്രസാദ് വന്നേക്കും. രണ്ടാം ടേമില്‍ ബൈജു വര്‍ഗീസിനെ പരിഗണിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് ഓരോരുത്തരുടെയും അഭിപ്രായം കേട്ടിരുന്നു.