വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍മ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മ്മാണം തടയണമെന്നാണ് ഹര്‍ജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്‍മ്മാണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും എല്ലാ പാരിസ്ഥിതിക അനുമതിയും പൂര്‍ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്‍മ്മാണം ആരംഭിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് ഇതിന്റെ നിര്‍മ്മാണം ഏല്‍പ്പിച്ചിരിക്കുന്നത്. കൊങ്കണ്‍ പാതയൊക്കേ നിര്‍മ്മിച്ച് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് മുന്‍പരിചയം ഉണ്ട് എന്നതടക്കമുള്ള വിഷയങ്ങള്‍ കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മനോവിഷമം; സ്ഥാനാര്‍ഥി ജീവനൊടുക്കി

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മനോവിഷമം; സ്ഥാനാര്‍ഥി ജീവനൊടുക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. 59 വയസ്സായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ വിജയകുമാര്‍ മനോവിഷമത്തിലായിരുന്നു. ഫലം വന്നതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിജയകുമാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് വിജയകുമാര്‍ മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പത്തു വര്‍ഷം മുമ്പ് വിജയകുമാര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുക. ഇന്ന് ഉച്ച കഴിഞ്ഞ് തിരുവനന്തപുരത്താണ് വിരുന്ന്.

വിരുന്നല്‍ മത നേതാക്കളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുക്കും. അതേസമയം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കില്ല. അദ്ദേഹം ഗോവയിലാണുള്ളത്. നേരത്തെ 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത് ഭാവനയായിരുന്നു.

കെഎസ്ആര്‍ടിസിയുടെ കലക്ഷന്‍ 10 കോടി ക്ലബില്‍

കെഎസ്ആര്‍ടിസിയുടെ കലക്ഷന്‍ 10 കോടി ക്ലബില്‍

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ്. തിങ്കളാഴ്ചത്തെ കലക്ഷന്‍ 10 കോടി ക്ലബില്‍ ഇടംപിടിച്ചു. ടിക്കറ്റ് വരുമാനമായി 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനമായ 0.76 കോടി രൂപയും ഉള്‍പ്പെടെ ആകെ 11.53 കോടി രൂപയാണ് തിങ്കളാഴ്ചത്തെ മൊത്തം വരുമാനം.

ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആര്‍ടിസിക്ക് സഹായകരമാകുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. പി എസ് പ്രമോജ് ശങ്കര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16ന് 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനയില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആര്‍ടിസി കൈവരിച്ചത്. പുതിയ ബസുകളുടെ വരവും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആര്‍ടിസി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് നേടുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും പ്രമോജ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

എം കെ വര്‍ഗീസ് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു

എം കെ വര്‍ഗീസ് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു

തൃശൂര്‍: മേയര്‍ എംകെ വര്‍ഗീസ് ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു. വൈകീട്ട് നാലിനാണ് അഞ്ചുവര്‍ഷം താന്‍ ചുക്കാന്‍ പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും അദ്ദേഹം ഇറങ്ങുക. തൃശൂര്‍ കണ്ട ഒമ്പതു മേയര്‍മാരില്‍ ഏറ്റവും ഭാഗ്യവാന്‍ എന്ന വിശേഷണമാണ് വര്‍ഗീസിനുള്ളത്.

മുന്‍ സൈനികന്‍ കൂടിയായ വര്‍ഗീസ് കോണ്‍ഗ്രസ്സുകാരനാണ്. രണ്ടു തവണ കൗണ്‍സിലറാവുകയും ചെയ്തിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നെട്ടിശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ചെത്തിയ വര്‍ഗീസ് അപ്രതീക്ഷിതമായി മേയര്‍ ആകുകയായിരുന്നു.

എല്‍ഡിഎഫും യുഡിഎഫും 24 സീറ്റുകളോടെ ഒപ്പത്തിനൊപ്പം വന്നതോടെ വര്‍ഗീസിന്റെ തീരുമാനം നിര്‍ണ്ണായകമായി. ഇതോടെ വര്‍ഗീസിനെ മേയറാക്കാന്‍ സമ്മതിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച സ്വന്തമാക്കുകയായിരുന്നു. രണ്ടരവര്‍ഷം എന്നു പറഞ്ഞാണ് മേയര്‍ പദവിയില്‍ ഭരണം ആരംഭിച്ചതെങ്കിലും, ഭാഗ്യം വീണ്ടും വര്‍ഗീസിന്റെ തുണയ്ക്കെത്തുകയായിരുന്നു.

പുല്ലഴി ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടതോടെയാണ് വര്‍ഗീസ് ചോദ്യംചെയ്യപ്പെടാത്ത മേയറായി മാറിയത്. വിവാദങ്ങളുടെ കൂട്ടുകാരനായും വര്‍ഗീസ് അഞ്ചുവര്‍ഷം മാധ്യമങ്ങളില്‍ നിറഞ്ഞു. പൊലീസുകാര്‍ തന്നെ സല്യൂട്ട് ചെയ്യണം എന്നതു മുതല്‍ സുരേഷ്ഗോപിയെ വാനോളം പുകഴ്ത്തിയതു വരെയുള്ള വിവാദങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ആകാശപ്പാത മുതല്‍ ഐഎം വിജയന്‍ സ്പോര്‍ട്ട്സ് കോംപ്ലക്സ് വരെയുള്ള വികസന നേട്ടങ്ങളും പടിയിറങ്ങുമ്പോള്‍ എം കെ വര്‍ഗീസിന് പറയാനുണ്ട്.

ലീല (72) നിര്യാതയായി

ലീല (72) നിര്യാതയായി

അമ്പലമുക്ക് കുളങ്ങര തേരുവിള വീട്ടിൽ (രവി നഗർ A/51) ലീല (72) നിര്യാതയായി.

ഭർത്താവ്: മോഹനൻ നായർ
മക്കൾ: ജയമോഹൻ, വിജയമോഹൻ
മരുമകൾ: രശ്മി

സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്