ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല, സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്’

ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല, സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്’

കൊച്ചി: മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ലെന്ന് ഹൈക്കോടതി. സൂരജ് ലാമയുടെ തിരോധാനത്തില്‍ മകന്‍ സാന്റണ്‍ ലാമ നല്‍കിയ ഹര്‍ജി പരിഗണിക്കെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സൂരജ് ലാമയുടെ കാര്യത്തില്‍ എല്ലാ സംവിധാനവും പരാജയപ്പെപ്പെട്ടെന്നും മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എന്നേ നന്നായേനേയെന്നും ഹൈക്കോടതി പറഞ്ഞു.

‘ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല. സൂരജ് ലാമയുടെ കാര്യത്തില്‍ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വിഐപികള്‍ക്കു മാത്രമേ പരിഗണനയുള്ളൂ. സാധാരണക്കാര്‍ ആര്‍ക്കും പ്രധാനമല്ല’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കുവൈത്തില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ (58) അവിടെ മദ്യദുരന്തത്തിന് ഇരയായി ഓര്‍മ്മ നഷ്ടപ്പെട്ടയാളാണ്. കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ട സൂരജിനെ ഇവിടെയെത്തിയ ശേഷം കാണാതാകുകയായിരുന്നു. അതേസമയം കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതില്‍ ഫൊറന്‍സിക് ഫലം ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ച പലതും ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ കുവൈത്തില്‍നിന്നു കയറ്റി വിട്ടതു സംബന്ധിച്ച രേഖകള്‍ കേന്ദ്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സൂരജ് ലാമയെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പൊലീസിന്റെ രേഖ എവിടെയെന്നു കോടതി ചോദിച്ചു.

‘ആരും കൂടെപ്പോയില്ല. ആരാണ് ആംബുലന്‍സിന് പണം നല്‍കിയത്? അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചുരുക്കത്തില്‍, എല്ലാ സംവിധാനവും പരാജയപ്പെടുകയായിരുന്നു. കൊല്ലാന്‍ വേണ്ടി കൊണ്ടുവന്നതു പോലെ എന്ന് മുന്‍പു പറഞ്ഞത് ആവര്‍ത്തിക്കേണ്ടി വരുന്നു” കോടതി അഭിപ്രായപ്പെട്ടു.

എന്റേയും ഐശ്വര്യയുടേയും വിവാഹമോചന വാര്‍ത്തകള്‍ ആരാധ്യയ്ക്കറിയില്ല, അവള്‍ക്ക് ഫോണില്ല: അഭിഷേക് ബച്ചന്‍

എന്റേയും ഐശ്വര്യയുടേയും വിവാഹമോചന വാര്‍ത്തകള്‍ ആരാധ്യയ്ക്കറിയില്ല, അവള്‍ക്ക് ഫോണില്ല: അഭിഷേക് ബച്ചന്‍

ആരാധകരുടെ പ്രിയ താരജോഡിയാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടേയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് സജീവമായിരുന്നു. ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയും അഭിഷേകും ഒരുമിച്ച് വേദികളിലെത്തിയതോടെയാണ് വിവാഹ മോചന വാര്‍ത്ത കെട്ടടങ്ങിയത്.

അതേസമയം ഇത്തരം വാര്‍ത്തകളില്‍ നിന്നും മകള്‍ ആരാധ്യയെ എങ്ങനെയാണ് അകറ്റി നിര്‍ത്തിയതെന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍. 14 കാരിയായ ആരാധ്യയ്ക്ക് സ്വന്തമായി ഫോണില്ലെന്നും തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ഗൂഗിള്‍ ചെയ്തു നോക്കുന്ന ശീലമില്ല ആരാധ്യയ്‌ക്കെന്നുമാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

”ഫിലിം ഇന്‍ഡസ്ട്രിയെക്കുറിച്ചും ഞങ്ങളുടെ തൊഴിലിനെക്കുറിച്ചും മകളില്‍ ആദരവുണ്ടാക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയും പ്രേക്ഷകരുമാണ് ഞങ്ങളെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് ഐശ്വര്യ അവളെ പഠിപ്പിച്ചിട്ടുണ്ട്. അവള്‍ക്ക് സ്വന്തമായ അഭിപ്രായമുണ്ട്. എല്ലാ ടീനേജേഴ്‌സിനേയും പോലെ തന്നെയാണ്. ഞങ്ങളുടെ സ്വകാര്യതയില്‍ എല്ലാത്തിനെക്കുറിച്ചും സംസാരിക്കും. എല്ലാം നന്നായി പറഞ്ഞ് ഫലിപ്പിക്കാന്‍ അവള്‍ക്ക് സാധിക്കും” അഭിഷേക് പറയുന്നു.

”അവള്‍ക്ക് പതിനാല് വയസാണ്. സ്വന്തമായി ഫോണില്ല. സുഹൃത്തുക്കള്‍ക്ക് സംസാരിക്കണമെങ്കില്‍ പോലും അമ്മയുടെ ഫോണിലേക്ക് വിളിക്കണം. അത് ഞങ്ങള്‍ വളരെ മുമ്പ് തന്നെ തീരുമാനിച്ചതാണ്. ഇന്റര്‍നെറ്റ് ആക്‌സസുണ്ട്. പക്ഷെ അവള്‍ അത് ഉപയോഗിക്കുന്നത് ഹോം വര്‍ക്ക് ചെയ്യാനും റിസര്‍ച്ചിനുമാണ്. പഠിത്തത്തില്‍ വലിയ താല്‍പര്യമാണ്” അഭിഷേക് പറയുന്നു. അച്ഛനേയും അമ്മേയും കുറിച്ചുള്ള വാര്‍ത്തകള്‍ മകളിലേക്ക് എത്താറില്ലെന്നും അഭിഷേക് പറയുന്നു.

”അതിലൊന്നും അവള്‍ക്ക് താല്‍പര്യമില്ല. വായിക്കുന്നതെന്തും വിശ്വസിക്കില്ല. വായിക്കുന്നത് എന്തും വിശ്വസിക്കരുതെന്ന് അമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും എന്നോട് എന്നതുപോലെ, ഞങ്ങളും പരസ്പരം സത്യസന്ധമായി സംസാരിക്കുന്നവരാണ്. അതിനാല്‍ ആര്‍ക്കും ആരേയും ചോദ്യം ചെയ്യേണ്ടി വരില്ല” എന്നാണ് താരം പറയുന്നത്.

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ; എന്‍ജിനീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി നിരവധി അവസരങ്ങൾ

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ; എന്‍ജിനീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി നിരവധി അവസരങ്ങൾ

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്,ഡാറ്റാ എൻട്രി ഓപ്പറേറ്റർ,സീനിയർ പ്രോജക്ട് എഞ്ചിനീയർ എന്നി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 19.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത: ഡാറ്റാ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റോടുകൂടിയ ബിരുദം,കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ

പരിചയം: ഡാറ്റാ എൻട്രിയിൽ 1 വർഷത്തെ പരിചയം. ഒരു ആശുപത്രിയിൽ മെഡിക്കൽ ഡാറ്റയിൽ ഡാറ്റാ എൻട്രി പരിചയം.

പ്രതിമാസ ശമ്പളം: 20,000/-

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: നിലവിലുള്ളത് – 1 ST (ബാക്ക്‌ലോഗ്) (യോഗ്യതയുള്ള ST ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, UR പരിഗണിക്കും.)

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III
യോഗ്യത: ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ /ബയോമെഡിക്കൽ / മെക്കാനിക്കൽ എഞ്ചിനീയറിങ് എന്നിവയിൽ നാല് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം

പരിചയം : മെഡിക്കൽ ഉപകരണ വികസനത്തിൽ പരിചയം.

പ്രതിമാസ ശമ്പളം: 28,000/- + 20% എച്ച്ആർഎ

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: നിലവിലുള്ളത് – 1 എസ്ടി (യോഗ്യതയുള്ള ഒബിസി സ്ഥാനാർത്ഥികളുടെ അഭാവത്തിൽ എസ്ടി വിഭാഗത്തെയും അതിന് ശേഷം മറ്റു വിഭാഗത്തിൽ ഉള്ളവരെയും പരിഗണിക്കും)

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III
യോഗ്യത: ബയോടെക്നോളജി / ബയോകെമിസ്ട്രി / മൈക്രോബയോളജിയിൽ ബി.എസ്‌സി/മൈക്രോബയോളജി + 3 വർഷത്തെ പരിചയം അല്ലെങ്കിൽ ബയോകെമിസ്ട്രി / മൈക്രോബയോളജിയിൽ എം.എസ്‌സി പൂർത്തിയാക്കിയിരിക്കണം.

പരിചയം: പോളിമർ സിന്തസിസ്, പോളിമർ സ്വഭാവരൂപീകരണം, മൃഗ പരീക്ഷണം, സെറം വിശകലനത്തിനുള്ള സാമ്പിൾ ശേഖരണം എന്നിവയിൽ പരിചയം.

പ്രതിമാസ ശമ്പളം: 28,000/- + 18% HRA

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: നിലവിലുള്ളത് – 1 ST (ബാക്ക്‌ലോഗ്) (യോഗ്യതയുള്ള ST ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, UR പരിഗണിക്കും.)

സീനിയർ പ്രോജക്ട് എഞ്ചിനീയർ
യോഗ്യത : മെക്കാനിക്കൽ / ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് /ഇലക്ട്രിക്കൽ എന്നിവയിൽ ബി.ടെക് അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് + എം.ടെക്

പരിചയം: മെഡിക്കൽ ഉപകരണ വികസനത്തിൽ മുൻ പരിചയം.

പ്രതിമാസ ശമ്പളം: 25,000/- + 20% എച്ച്ആർഎ

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: നിലവിലുള്ളത് – 1 എസ്ടി (ബാക്ക്ലോഗ്) (യോഗ്യതയുള്ള എസ്ടി ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, യുആർ പരിഗണിക്കും.)

കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/Recruitment/ സന്ദർശിക്കുക

111-ാം വയസിലും വോട്ട് ചെയ്ത് ജാനകി; തൃശൂരിന്റെ ‘അമ്മ മുത്തശ്ശി’

111-ാം വയസിലും വോട്ട് ചെയ്ത് ജാനകി; തൃശൂരിന്റെ ‘അമ്മ മുത്തശ്ശി’

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ആയ ജാനകി ഇക്കുറിയും പതിവുതെറ്റിച്ചില്ല. 111-ാം വയസിലും ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ ആവേശത്തോടെ വോട്ട് ചെയ്യാന്‍ എത്തി. പുത്തൂര്‍ പഞ്ചായത്തിലെ, ചോച്ചേരിക്കുന്ന് വാര്‍ഡ് 12 ലെ വോട്ടറാണ് ജാനകി.

അഞ്ചു തലമുറയെ കണ്ട ഈ മുത്തശ്ശി ഒരു വോട്ടും ഇതുവരെയും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു. വോട്ടു ചെയ്തു തുടങ്ങിയ കാലം മുതല്‍ ഇന്ന് വരെയും അമ്മ എത്താതിരുന്നിട്ടില്ലെന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കേള്‍വി ശക്തി കുറവാണെങ്കിലും അപാരമായ ഓര്‍മ്മ ശക്തിയുണ്ട് മുത്തശ്ശിക്ക്.

ഓരോ കാലഘട്ടത്തിലേയും വോട്ടിങ് അനുഭവങ്ങള്‍ ഇവര്‍ ഓര്‍ത്ത് വയ്ക്കുന്നു. ഏഴു മക്കളുള്ള മുത്തശ്ശിയുടെ നാലു മക്കളാണ് ഇപ്പോള്‍ ഉള്ളത്. ഇടതുപക്ഷ കുടുംബമാണ് തങ്ങളുടേതെന്നാണ് മക്കളുടെ അവകാശവാദം. ഏതാനും ദിവസം മുന്‍പ് മന്ത്രി കെ രാജന്‍ എത്തി മുത്തശ്ശിയെ ആദരിച്ചിരുന്നു.

ജീവിതത്തില്‍ ഇന്നേവരെ ആശുപത്രിയില്‍ കിടന്നിട്ടില്ലാത്ത മുത്തശ്ശിക്ക് സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പരസഹായം വേണ്ട. അടുത്തിടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല.

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിനമായിട്ടും 21-ാം തീയതിയായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം പൊതു അവധി ദിവസങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങള്‍ ചേരാന്‍ പാടില്ലായിരുന്നു. 21 ഞായര്‍ പൊതു അവധി ദിവസമാണ്. ഇൗ സാഹചര്യത്തില്‍ ഞായറാഴ്ച യോഗം ചേരാന്‍ സാധിക്കാതെ വന്നാല്‍ ഒരു ദിവസത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാനാണ് ഏതാനും ദിവസം മുമ്പ്, പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗത്തിന് ഒഴിവുദിനം ബാധകമല്ലാതാക്കി ചട്ട ഭേദഗതി കൊണ്ടുവന്നത്.

ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. അതത് വരണാധികാരികളാണ് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കുന്നത്. കോര്‍പറേഷനുകളില്‍ കലക്ടര്‍മാരാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനില്‍ പകല്‍ 11.30നും സത്യപ്രതിജ്ഞ നടത്തണം. ചടങ്ങ് കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം ചേരണം. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമാകും യോഗത്തില്‍ അധ്യക്ഷനാകേണ്ടത്.

കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. ആ ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. മൂന്നു ദിവസത്തെ നോട്ടീസ് നല്‍കിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാല്‍ ക്രിസ്മസിനു ശേഷമാകും ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനുവരി ആദ്യമാകും നടക്കുക.

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് (IIBF) ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 10 ഒഴിവുകളാണ് ഉള്ളത്. ബിരുദധാരികൾക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 13-12-2025.

1. വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.(വിഷയങ്ങൾ – ഐ ഐ ബി എഫിൽ നിന്ന് ബാങ്കിംഗ് & ഫിനാൻസ് ഡിപ്ലോമ,എം.കോം, എം.എ ഇക്കണോമിക്സ്, എം.ബി.എ ,സി.എ, സി.എം.എ, സി.എസ്, സി.ഇഫ്.എ )

2. പ്രായപരിധി

പരമാവധി പ്രായം: 01/11/2025 അനുസരിച്ച് 28 വയസ്സ്.സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

3.ശമ്പളം: പ്രതിമാസം 40,400 – 1,30,400 രൂപ (ഏകദേശം 8.7 ലക്ഷം രൂപ പ്രതിവർഷം)

തെരഞ്ഞെടുപ്പ് പ്രക്രിയ

ചെന്നൈ, കൊൽക്കത്ത, ഡൽഹി/എൻസിആർ, മുംബൈ/നവി മുംബൈ/താനെ എംഎംആർ, ലഖ്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്/ഗാന്ധിനഗർ എന്നിവിടങ്ങളിൽ 2025 ഡിസംബർ 28 ഞായറാഴ്ച ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കും. തുടർന്ന് വ്യക്തിഗത അഭിമുഖവും നടത്തും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ ഓൺലൈൻ പരീക്ഷയ്ക്കും വ്യക്തിഗത അഭിമുഖത്തിനും ക്ഷണിക്കൂ.