by Midhun HP News | Dec 11, 2025 | Latest News, കേരളം
കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മില്‍ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ ആണ്‍ സുഹൃത്ത് അലന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചിത്രപ്രിയയുടെ തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സിസിടിവിയില്‍ മറ്റ് രണ്ട് യുവാക്കളുടെ കൂടി ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും അവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.
മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്.തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.



by Midhun HP News | Dec 11, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് മണിപ്പൂരിലെത്തും. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനമാണിത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി രാഷ്ട്രപതിയെ സ്വീകരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇംഫാലില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാല്‍ വിമാനത്താവള റോഡില്‍ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്തി. കൂടാതെ രാഷ്ട്രപതിയെ നഗരത്തിലുടനീളം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബാനറുകളും ഹോര്‍ഡിങ്ങുകളും വെച്ചിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്.
ഇംഫാലില്‍ എത്തുമ്പോള്‍ രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും. തുടര്‍ന്ന്, പോളോ പ്രദര്‍ശന മത്സരം കാണാന്‍ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാല്‍ കാങ്ജീബുങ്ങ് സന്ദര്‍ശിക്കും. വൈകുന്നേരം ഇംഫാലിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍മണിപ്പൂര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 12ന് രാഷ്ട്രപതി ഇംഫാലിലെ നുപി ലാല്‍ സ്മാരക സമുച്ചയം സന്ദര്‍ശിക്കും. മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.



by Midhun HP News | Dec 11, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21), ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷനിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ ഓട്ടോ പൂർണമായും തകർന്നു.
ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുള്ള ആർക്കും പരിക്കില്ല.
by Midhun HP News | Dec 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. ഡിസംബർ 12 മുതൽ 19 വരെയാണ് തലസ്ഥാന നഗരിയിൽ ചലച്ചിത്രമേള നടക്കുക. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാഗോർ തിയേറ്ററിൽ തുടക്കമാകും. ചലച്ചിത്ര താരം ലിജോമോൾ ജോസ് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങും. പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം.
ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിക്കും. ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീൻ്റെ ജന്മശതാബ്ദി ആഘോഷ ഭാഗമായി, അദ്ദേഹത്തിൻ്റെ വിഖ്യാത ചിത്രങ്ങളായ ‘കെയ്‌റോ സ്റ്റേഷൻ’, ‘അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ’, ‘ദി അദർ’ എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്ടിവ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകർക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. ഇന്തോനേഷ്യൻ സിനിമയുടെ മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ ‘കണ്ടംപററി ഫിലിം മേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിൽ പ്രദർശനത്തിനെത്തും.



by Midhun HP News | Dec 11, 2025 | Latest News, കേരളം
കാസർകോട്: എക്സൈസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ കുപ്പിയിലെ കുടിവെള്ളത്തിൽ എംഡിഎംഎ കലക്കിയ യുവ എൻജിനീയർ അടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചട്ടഞ്ചാൽ കുന്നാറയിലെ അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21), പള്ളിക്കര തൊട്ടിയിലെ ടി എം ഫൈസൽ (38) എന്നിവരാണ് പിടിയാലയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
രാസലഹരിവസ്തു കലർത്തിയ 618 ഗ്രാം വെള്ളം പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ച കാറിൽനിന്ന് 4.813 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. അറസ്റ്റിലായ ഫൈസലിന് ഇവിടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന സ്ഥാപനമുണ്ട്. ഇവിടം കേന്ദ്രീകരിച്ച് മയക്കു മരുന്ന് കൈമാറ്റം നടക്കുന്നതായിട്ടുള്ള രഹസ്യ വിവരത്തെത്തുടർന്ന് സ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഒരു കാറിൽ മയക്കുമരുന്ന് എത്തിയതായി എക്സൈസിന് വിവരം ലഭിച്ചു. തുടർന്ന് സംഘം സ്ഥലത്തെത്തി സ്ഥാപനം വളഞ്ഞു. പിടിവീഴുമെന്ന് ഉറപ്പായതോടെ കൈവശമുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ ഇവർ എംഡിഎംഎ കലക്കുകയായിരുന്നു. മുറിയിൽനിന്ന് ലഹരിവസ്തു കണ്ടെടുത്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. മയക്ക് മരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണവും കാറും, പിടിച്ചെടുത്തിട്ടുണ്ട്.



by Midhun HP News | Dec 11, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭയിൽ പോളിംഗ് ശതമാനം ഏറ്റവും കൂടുതൽ പതിനഞ്ചാം വാർഡായ ചിറ്റാറ്റിൻകരയിൽ. ഏറ്റവും കുറവ് ടൗൺ വാർഡിലും. പതിനഞ്ചാം വാർഡായ ചിറ്റാറ്റിൻകരയിൽ 75.85% പോളിംഗ് നടന്നു. 1031 വോട്ടർമാർ ഉള്ളതിൽ 851 പേർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. ഏറ്റവും കുറഞ്ഞ പോളിംഗ് നടന്നത് ടൗൺ വാർഡിലാണ്. ഇവിടെ 59.79% വോട്ടാണ് പോൽ ചെയ്തത്. ആകെ 868 വോട്ടർമാർ മാത്രമാണ് ഈ വാർഡിൽ ഉള്ളത്. അതിൽ 519 പേർ മാത്രമാണ് വോട്ട് ചെയ്തത്. ടൗൺ വാർഡിൽ മുൻ വർഷങ്ങളിലും പോളിംഗ് ശതമാനം കുറവാണ്.
നഗരസഭയിലെ ഒന്നാം വാർഡ് ആയ കൊച്ചുവിളയിൽ 62.33 ശതമാനം പോളിംഗ് നടന്നു. 969 വോട്ടർമാരിൽ 604 പേർ വോട്ട് ചെയ്തു. രണ്ടാം വാർഡായ ആലംകോട് 60.1% വോട്ട് പോൽ ചെയ്തു. 1000 വോട്ടർമാരിൽ 601 പേരാണ് വോട്ട് ചെയ്തത്. മൂന്നാം വാർഡായ മേലാറ്റിങ്ങലിൽ 73.25 ശതമാനം വോട്ട് പോൽ ചെയ്തു. ഇവിടെ 1155 വോട്ടർമാരിൽ 846 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
14 വാർഡുകളിൽ വോട്ടിംഗ് ശതമാനം 70ന് മുകളിൽ പോയി. ആറാം വാർഡ് തച്ചൂർ കുന്നിൽ 74.66% വും ഒമ്പതാം വാർഡായ ഗ്രാമത്തിൽ 71.36%, 13ാം വാർഡ് ആയ അമ്പലമുക്കിൽ 71.18 ശതമാനവും പതിനാറാം വാർഡായ വലിയകുന്നിൽ 70.32%, 18ആം വാർഡ് ആയ ഐ.ടി.ഐയിൽ 70.79% ഇരുപതാം വാർഡായ കാഞ്ഞിരം കോണത്ത് 73.72ശതമാനവും, 22 വാർഡായ ചെറുവള്ളിമുക്കിൽ 72.73% വും, 24 വാർഡായ പാലസിൽ 75.7 ശതമാനവും, 25 വാർഡായ എ.സി.എ.സി നഗറിൽ 72.23% വും ഇരുപത്തിയേഴാം വാർഡായ പച്ചകുളത്ത് 70.52% വും 29 ആം വാർഡ് ആയ തോട്ടവാരത് 72.16 ശതമാനവും മുപ്പതാം വാർഡ് ആയ കൊട്ടിയോട് 72.07 ശതമാനവും വോട്ട് പോള്‍ ചെയ്തു.
ഇതര വാർഡുകളിൽ 70% ത്തിന് താഴെയാണ് പോളിംഗ്. വാർഡ് നാലിൽ 68.25 ശതമാനവും വാർഡ് അഞ്ചിൽ 69.63 ശതമാനവും വാർഡ് ഏഴിൽ 66.6 ശതമാനവും എട്ടിൽ 68.08% വും ആണ് പോളിംഗ്. വാർഡ് പത്തിൽ 69.92 ശതമാനവും 11 ൽ 61.79 ശതമാനവും 12ൽ 68.7 ശതമാനവും വോട്ടിംഗ് നടന്നു. വാർഡ് 14 ൽ 68.28 ശതമാനവും വാർഡ് 17ൽ 66.17 ശതമാനവും 19ൽ 66.03% വാർഡ് ഇരുപത്തി ഒന്നിൽ 65.72ശതമാനവും വോട്ട് ചെയ്തു. വാർഡ് ഇരുപത്തിമൂന്നിൽ 69.78% വും 28 ൽ 61.12%, 31ൽ 60.43%, 32ൽ 60.05 ശതമാനവും വോട്ടിംഗ് നടന്നു. വോട്ടിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് കണക്ക് കൂട്ടുകയാണ് സ്ഥാനാർത്ഥികൾ. ശക്തമായ മത്സരം നടന്ന വാർഡുകളിൽ എല്ലാം വോട്ടിംഗ് ശതമാനം ഉയർന്നിട്ടുണ്ട്.



Recent Comments