വി സി നിയമന തര്‍ക്കം: മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു, ചര്‍ച്ചയില്‍ സമവായമായില്ല

വി സി നിയമന തര്‍ക്കം: മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടു, ചര്‍ച്ചയില്‍ സമവായമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ (വിസി) നിയമനത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം തുടരുന്നതിനിടെ സമവായ ചര്‍ച്ചകള്‍ക്കായി മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ഗവര്‍ണറെ കണ്ടെങ്കിലും സമവായം ഉണ്ടായില്ല. വിഷയത്തില്‍ സമവായത്തിലെത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്നാണ് മന്ത്രിമാര്‍ ബുധനാഴ്ച രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ മന്ത്രിമാര്‍ മടങ്ങി.

വി സി നിയമന തര്‍ക്കത്തില്‍ ഡോ. സിസാ തോമസിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെ ഖണ്ഡിക്കാന്‍ ഗവര്‍ണര്‍ ശക്തമായ വാദങ്ങളാണ് നിരത്തിയത്. സിസാ തോമസ് യോഗ്യയാണ് എന്ന് സര്‍ക്കാരിന് തന്നെ ബോധ്യമുണ്ടെന്നാണ് ഗവര്‍ണറുടെ നിലപാട്. ടെക്‌നോ പാര്‍ക്കിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെയും സി.ഇ.ഒ.യെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സര്‍ക്കാര്‍ സിസാ തോമസിനെ നിയോഗിച്ചിരുന്നു. കെ-സ്പേസ്, ഇക്‌ഫോസ്, കെ-ഫോണ്‍ എന്നിവയുടെ നേതൃനിരയില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിന് വേണ്ടി ഡിജിറ്റല്‍ പ്ലാറ്റ്ഫോം തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സിസാ തോമസിനെ സര്‍ക്കാര്‍ അംഗമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഐ.ടി. വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലും നയരൂപീകരണ ഉപസമിതിയിലും സിസാ തോമസ് അംഗമായിരുന്നു. നല്ല അക്കാദമിക് പശ്ചാത്തലമുള്ള, മികച്ച വ്യക്തിയാണ് സിസാ തോമസ് എന്ന് സര്‍ക്കാരിന് അറിയാമായിരുന്നിട്ടും എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഗവര്‍ണര്‍ ആരാഞ്ഞതായാണ് വിവരം.

ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ തനിക്ക് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കോടതിയിലും വിശദീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് (ചാന്‍സലര്‍ക്ക്) നല്‍കിയ പട്ടികയില്‍ നിന്നുതന്നെ വി സി നിയമനം നടത്തണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ എപ്പോഴും സമവായത്തോടുകൂടി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

വി സി നിയമനത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ സുപ്രീംകോടതി നേരിട്ട് ഈ രണ്ട് സര്‍വകലാശാലകളിലും വി സിമാരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍, സമവായം ഉണ്ടായിട്ടുണ്ടെങ്കില്‍ വ്യാഴാഴ്ച സുപ്രീം കോടതിയിലായിരിക്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക.

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ ആയി നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത അവസരത്തില്‍ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലീസുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയല്‍ സന്ദേശം അയച്ച് പരാതി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദം.

ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന് യുവതി മൊഴിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.

‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം, ആദ്യ പീഡനക്കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി

സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിനാലാണ് കേസ് മാറ്റിയത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം തേടിയതിനു പിന്നാലെ നേരത്തെയും കേസ് നീട്ടിയിരുന്നു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ തുടരുകയാണ്.

‘കിഡ്‌നി പ്രശ്‌നമാകുന്നു’; പതിനൊന്നു ദിവസമായി, സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണെന്ന് രാഹുല്‍ ഈശ്വര്‍

‘കിഡ്‌നി പ്രശ്‌നമാകുന്നു’; പതിനൊന്നു ദിവസമായി, സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല. കിഡ്‌നിക്ക് തകരാര്‍ വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാലാണ് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന തന്നെ വെറുതെ ജയിലില്‍ കിടത്തിയതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

‘ ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല, പക്ഷെ ദയവായി ഞങ്ങളെ പോലുളളവര്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോള്‍ നിങ്ങള്‍ പിന്തുണയ്ക്കണം. കിഡ്‌നിക്ക് പ്രശ്‌നമാവുന്നെന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാലുദിവസം വെള്ളമില്ലാതെ കഴിഞ്ഞു. അഞ്ച് ദിവസം ആഹാരമില്ലാതെ കഴിഞ്ഞു. പതിനൊന്നുദിവസമായി..സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണ്’ – രാഹുല്‍ പറഞ്ഞു.

പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍. കേസില്‍ നടന്‍ ദിലീപിന് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനി ദിലീപിനോടൊപ്പം തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലും ഒരേ സമയത്തുള്ളതിന്റെ ഫോട്ടോയുണ്ട്. കൂടാതെ ദിലീപിന്റെ കാരവന്റെ സമീപത്ത് സുനി നില്‍ക്കുന്ന ഫോട്ടോയുമുണ്ട്- ഇത് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17ന് രാവിലെ 11ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിന്റെ ഫോണ്‍ പിന്നീട് ഓണാക്കുന്നത് രാത്രി 9.30ന്. ഇതില്‍ അസ്വാഭാവികതയുണ്ട്.

ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം രാത്രി ഒന്‍പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പള്‍സര്‍ സുനിയുള്ള ലൊക്കേഷനില്‍ അപ്പുണ്ണിയുടെ ഫോണുണ്ട്. ഈ ഫോണില്‍ നിന്ന് ദിലീപിന്റെ സഹോദരിയെയും പേഴ്സണല്‍ ഡോക്ടറായ ഹൈദരലിയെയും വിളിക്കുന്നുണ്ട്. എന്നാല്‍, അപ്പുണ്ണി തന്നെ വിളിക്കാറില്ലെന്നാണ് ഹൈദരലിയുടെ മൊഴി.

നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്നുദിവസം മുന്‍പേ പനിബാധിച്ച് ആലുവയിലെ ആശുപത്രിയില്‍ ദിലീപ് അഡ്മിറ്റായതായി രേഖ. എന്നാല്‍, ഇത് ഡോക്ടര്‍ പറഞ്ഞ പ്രകാരം പിന്നീട് എഴുതി തയ്യാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരിയുടെ മൊഴി.

ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊബൈലില്‍ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്,

നടി അതിക്രമത്തിനിരയായതായി താന്‍ അറിയുന്നത് നിര്‍മാതാവ് ആന്റോ പറഞ്ഞപ്പോഴാണെന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍, അതിനുമുന്‍പേ നടി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത ദിലീപിന്റെ മൊബൈലില്‍ ലഭിക്കുകയും അത് കണ്ടിട്ടും ഉണ്ട്

നടിയെ ആക്രമിച്ച സംഭവത്തിനുശേഷം 19ന് വൈകീട്ട് നടന്ന സോളിഡാരിറ്റി യോഗത്തില്‍ മാധ്യമങ്ങള്‍ സംഭവം വളച്ചൊടിക്കരുതെന്ന് ദിലീപ്. ഇത് കേസ് തന്നിലേക്കുവരുമെന്നു കണ്ടുള്ള നീക്കമായിരുന്നു.

സംഭവത്തിനുശേഷം പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ബൊട്ടീക്കായ ലക്ഷ്യയിലെത്തിയതിന് തെളിവുണ്ട്. ഇതിന് സാക്ഷിയായ ജീവനക്കാരന്‍ സാഗര്‍ വിന്‍സന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും തെളിവുണ്ട്

2017 ഏപ്രില്‍ 10നും 11നും പള്‍സര്‍ സുനി ജയിലില്‍നിന്ന് നാദിര്‍ഷയുടെ ഫോണിലേക്ക് നാലുതവണ വിളിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും സിഡിആറും ഹാജരാക്കിയിട്ടുണ്ട്.

2017 ഏപ്രില്‍ 12ന് ദിലീപിന് നല്‍കാനായി പള്‍സര്‍ സുനി ജയിലില്‍വെച്ച് വിപിന്‍ലാല്‍ എന്ന സഹതടവുകാരനെക്കൊണ്ട് കത്ത് എഴുതിപ്പിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്

ഏപ്രില്‍ 20ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത് സനല്‍ പി. മാത്യു അപ്പുണ്ണിയെ നേരിട്ടുവിളിച്ച് ലക്ഷ്യയില്‍ കൊടുത്ത സാധനം ലഭിച്ചോ എന്ന് ചോദിക്കുന്നുണ്ട്. ഏപ്രില്‍ 21ന് ജയിലിലെ കോയിന്‍ ബോക്‌സില്‍നിന്ന് പള്‍സര്‍ സുനി നേരിട്ടും അപ്പുണ്ണിയെ വിളിക്കുന്നുണ്ട്.

പെണ്‍വാണിഭം വാടസ്ആപ്പ് കൂട്ടായ്മ വഴി; വന്‍സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

പെണ്‍വാണിഭം വാടസ്ആപ്പ് കൂട്ടായ്മ വഴി; വന്‍സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

ഗുരുവായൂര്‍: സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ പ്രവര്‍ത്തനം നടത്തിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ 3 പേര്‍ പിടിയില്‍. റാക്കറ്റിലെ പ്രധാനിയും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂര്‍ നെന്മിനി അമ്പാടി വീട്ടില്‍ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂര്‍ എസ്എന്‍പുരം പനങ്ങാട് മരോട്ടിക്കല്‍ എം.ജെ.ഷോജിന്‍ (24), പടിഞ്ഞാറെനടയില്‍ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരെയാണ് ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിന്‍ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്‌സാപ് ഗ്രൂപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പുകളുടെയും അഡ്മിനാണ് അജയ് വിനോദും പിടികിട്ടാനുള്ള സ്ത്രീയുമെന്ന് പൊലീസ് പറയുന്നു. കേരളത്തില്‍ ഏതു സ്ഥലത്തുള്ള ആളുകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രദേശത്തും ഏജന്റുമാരുണ്ട്. ആവശ്യക്കാര്‍ അവരുടെ സ്ഥലം അറിയിച്ചാല്‍ ആ പരിസരത്തുകാരായവരുടെ ചിത്രങ്ങള്‍ നല്‍കും. ഒരു വര്‍ഷത്തോളമായി ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. വിശ്വസ്തരായവരെ മാത്രമേ ഗ്രൂപ്പില്‍ ചേര്‍ക്കുകയുള്ളൂ.

അജയ് വിനോദിന്റെ ഫോണില്‍ നിന്ന് ഗ്രൂപ്പിലുള്ളവരുടെ വിവരങ്ങളും ഗൂഗിള്‍ പേ വഴിയും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയും പണം കൈമാറിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.