സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോടൊപ്പമാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. ആലിന്റെ വേര്‍പാടില്‍ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും വേദനയില്‍ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനവും മടത്തിയാണ് മടങ്ങിയത്. കോഴിക്കോട് വരാന്‍ പൊകുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാസ് പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി കുടുബത്തോട് പറഞ്ഞു.

ആരോഗ്യ വകുപ്പിന് കീഴില്‍ ചേവായൂരില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പിഎംഎസ്എസ് വൈ ബ്ലോക്കില്‍ താല്‍ക്കാലികമായി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. 100 ല്‍ അധികം കിടക്കകള്‍, ഐ.സി.യു, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

ഫെബ്രുവരി 5-ന് കോട്ടയം പള്ളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റേയും ഷെറിന്‍ ആന്‍ ജോണിന്റേയും ഏക മകള്‍ ആലിന് ഗുരുതരമായി പരിക്കേറ്റത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദം രൂപപ്പെട്ടു; ദക്ഷിണേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത

ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദം രൂപപ്പെട്ടു; ദക്ഷിണേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴക്ക് കാരണമായേക്കാവുന്ന ന്യൂനമര്‍ദം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ന് ഉച്ചയോടെ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ന്യൂനമര്‍ദം 18 ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തിയ ശേഷം കൂടുതൽ ശക്തി പ്രാപിക്കും. തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും 21ന് ഇടിയോടു കൂടെയുള്ള മഴയ്ക്ക് സാധ്യത. ശ്രീലങ്കയില്‍ കനത്ത മഴക്കും പ്രാദേശിക പ്രളയത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

സന്തോഷം തേടി പുറപ്പെട്ട വിനോദയാത്ര കണ്ണീർക്കാഴ്ചയായി മാറി. ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. പുതിയക്കോട് ഊട്ടുപുറത്ത് ശിവപ്രസാദ് ആണ് ദാരുണമായി മരണപ്പെട്ടത്. 34 വയസ്സായിരുന്നു പ്രായം.

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബുവിനെയാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. ചെറുതോണിയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് സംഭവം.

ബസ്സിലുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഠനാവശ്യത്തിനായി വരികയായിരുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഉടന്‍ തന്നെ യുവതി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയായ സാബു യുവതിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നുവെന്നാണ് പരാതി. പ്രതിക്കെതിരെ സ്ത്രീപീഡന വിരുദ്ധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഫെബ്രുവരി 17 മുതല്‍ 19 വരെ സംസ്ഥാനവ്യാപകമായി ഊബര്‍ ആപ്പ് ബഹിഷ്‌കരിക്കാനാണ് തീരുമാനം.

ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും.

പ്ലാറ്റ്‌ഫോമില്‍ മിനിമം ടാക്സി നിരക്ക് നടപ്പിലാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പ്രതിദിന സബ്സ്‌ക്രിപ്ഷന്‍ തുക (165) കുറയ്ക്കണം, അക്കൗണ്ടുകള്‍ ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണം എന്നിവയും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ 10-ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. മൂന്ന് ദിവസം ഊബര്‍ ആപ്പ് പൂര്‍ണ്ണമായും ഓഫ്‌ലൈന്‍ ആക്കുമെന്നും യാത്രാക്ലേശം ഒഴിവാക്കാന്‍ ‘കേരള സവാരി’ വഴി സര്‍വീസ് നടത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു.

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക.

സംസ്ഥാനത്തെ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പെൻഷൻ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.