വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയിലെത്തില്ല; നിര്‍ണായക നിമിഷങ്ങള്‍ക്ക് മുമ്പ് ഹര്‍ജിയുമായി സുനിയുടെ അമ്മ

വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയിലെത്തില്ല; നിര്‍ണായക നിമിഷങ്ങള്‍ക്ക് മുമ്പ് ഹര്‍ജിയുമായി സുനിയുടെ അമ്മ

കൊച്ചി: നടി ആക്രമിച്ച കേസിലെ നിര്‍ണായക വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയില്‍ എത്തില്ല. വീട്ടില്‍ തന്നെ തുടരുമെന്നാണ് വിവരം. അതേസമയം വിധിക്കുമുമ്പ് മറ്റൊരു ഹര്‍ജിയുമായി ഒന്നാംപ്രതിയുടെ അമ്മ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പള്‍സര്‍ സുനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി സുനില്‍കുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്.

ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നല്‍കി മരവിപ്പിച്ചത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവു നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ വാഹനത്തില്‍ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു എന്നാണു കേസ്.

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

കൊച്ചി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തിരുവനന്തപുരം ജില്ലകളാണ് നാളെ ഒന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. തെക്കന്‍ – മധ്യ കേരളത്തിലെ പ്രചാരണച്ചൂടിന് ഞായറാഴ്ച കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്‌പോള്‍ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വരി നില്‍ക്കാതെ വോട്ട് രേഖപ്പെടുത്താം.

രണ്ടാംഘട്ടത്തില്‍ വടക്കന്‍ മേഖലയിലെ ഏഴ് ജില്ലകളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലേക്കും വോട്ടെടുപ്പില്ല. ഈ വാര്‍ഡുകളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്കും ഒരിടത്ത് ലീഗിനും എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 95,500ന് മുകളില്‍

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 95,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പവന് 95,000നും 96000നും ഇടയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം തുടരുന്നത്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 95,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 11,955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്.

ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.

കമ്പ്യൂട്ടർ പ്രോഗ്രാമർ,അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിൽ ഒഴിവ്

കമ്പ്യൂട്ടർ പ്രോഗ്രാമർ,അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിൽ ഒഴിവ്

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ അസ്സിസ്റ്റന്റ്,സെയില്‍സ് അസിസ്റ്റന്റ്,കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നി തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ,കൈത്തറി വികസന കോർപ്പറേഷൻ ഉൾപ്പെടെയുള്ള വിവിധ സ്ഥാപങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.12.2025.

ജൂനിയർ അസ്സിസ്റ്റന്റ്
1. സ്ഥാപനം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : ജൂനിയർ അസ്സിസ്റ്റന്റ്

3. ശമ്പളം : ₹ 22,200 – 48,000/-

4. ഒഴിവുകളുടെ എണ്ണം : മുസ്ലീം – 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-39

7. യോഗ്യതകള്‍ : i) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ii) ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കുറഞ്ഞത് ആറു മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡി.സി.എ).

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-496-25.pdf

അസിസ്റ്റന്റ് പ്രോഗ്രാമർ
1. വകുപ്പ് : കേരള സംസ്ഥാന ആസൂത്രണ ബോർഡ്

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രോഗ്രാമർ

3. ശമ്പളം : ₹ 56,500 – 1,18,100 /-

4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 22 – 40.

7. യോഗ്യതകള്‍ : ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഉള്ള ബി.ടെക് അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലുള്ള എം.എസ് സി അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ)

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://keralapsc.gov.in/sites/default/files/2025-11/noti-442-25.pdf

വിവരങ്ങള്‍ ചോരുന്നു?, പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്; പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ

വിവരങ്ങള്‍ ചോരുന്നു?, പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്; പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ രാഹുലിനെ കണ്ടെത്തുന്നതിന് വേണ്ടി പിന്തുടര്‍ന്നുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പുതിയ അന്വേഷണ സംഘം. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴി ഉടന്‍ പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തും.

പതിനൊന്ന് ദിവസമായിട്ടും രാഹുല്‍ എവിടെ ആണ് എന്നതിനെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. പലപ്പോഴും രാഹുല്‍ എവിടെ ആണ് എന്ന വിവരം ലഭിച്ച് അവിടെ എത്തുന്നതിന് അല്‍പ്പം മുന്‍പ് രാഹുല്‍ അവിടെ നിന്ന് കടന്നുകളയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തവണയെങ്കിലും രാഹുലിന്റെ തൊട്ടടുത്ത് വരെ അന്വേഷണ സംഘം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് കാരണം സംഘത്തിന്റെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ രാഹുലിന് അപ്പോള്‍ തന്നെ ലഭിക്കുന്നത് കൊണ്ടാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചത്. പുതിയ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

രാഹുലിനെതിരായ ഒന്നാമത്തെ കേസില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കൂടാതെ നാളെ രാഹുലിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ രാഹുലിന് എതിരെ എന്തെങ്കിലും ഒരു തെളിവ് അധികമായി ഹാജരാക്കി കേസ് ശക്തമാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിലവില്‍ കേസില്‍ എഫ്‌ഐആര്‍ ഇട്ടതല്ലാതെ, കൂടുതല്‍ മുന്നോട്ടുപോയിട്ടില്ല. എത്രയും പെട്ടെന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനലില്‍ ആതിഥേയരായ ഇന്ത്യ ഇന്ന് ജര്‍മ്മനിയെ നേരിടും. ചെന്നൈയില്‍ രാത്രി എട്ടിനാണ് മത്സരം. നിലവിലെ ജേതാക്കളാണ് ജര്‍മ്മനി. പി ആര്‍ ശ്രീജേഷാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

കഴിഞ്ഞദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. മത്സരം 2-2 ല്‍ കലാശിച്ചതോടെ ടൈബ്രേക്കറിലേക്ക് നീണ്ടു. 4-3 നായിരുന്നു ഇന്ത്യയുടെ വിജയം.

പ്രാഥമിക റൗണ്ടിലെ മൂന്നു വന്‍ വിജയങ്ങളുമായാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഫ്രാന്‍സിനെയാണ് ജര്‍മ്മനി ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. അര്‍ജന്റീന, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, ന്യൂസിലന്‍ഡ് എന്നിവയാണ് അവസാന നാലിലെത്തിയത്. ആദ്യ സെമിയില്‍ വൈകീട്ട് സ്‌പെയിന്‍ അര്‍ജന്റീനയെ നേരിടും.