by Midhun HP News | Dec 6, 2025 | Latest News, കേരളം
തൃശൂര്‍: കൊട്ടിയം മൈലക്കാടിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ നിര്‍മാണത്തിന്റെ ചുമതല പൂര്‍ണമായി നിര്‍വഹിക്കുന്നത് നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. ഇപ്പോഴുണ്ടായ അപകടം സംസ്ഥാന സര്‍ക്കാരിന്റെ പെടലിക്ക് ഇടാനാണെങ്കില്‍ അതിന് വഴിയില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങളും നിര്‍വഹിക്കുന്നത് അവരാണ്. അതിന് അവര്‍ക്ക് കൃത്യമായ സംവിധാനവും ഉണ്ട്. ആ സംവിധാനത്തില്‍ ചില പാളിച്ചകള്‍ പറ്റി എന്നതാണ് നമ്മുടെ നാടിന്റെ അനുഭവമെന്നും പിണറായി പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ദേശീയപാത തകര്‍ന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന്റെ ഡിസൈന്‍ മുതല്‍ എല്ലാം നിര്‍വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. നമ്മുടെ നാട്ടിലെ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനാവില്ല. ഇതിന്റെ സാങ്കേതികമായ പരിശോധന നടത്തേണ്ടത് അവരാണ്. ഏതെങ്കിലും ഒരിടത്ത് പ്രശ്‌നമുണ്ടായി എന്നതുകൊണ്ട് എല്ലായിടത്തും ദേശീയപാത തകരാറാലായി എന്നുകാണേണ്ടതില്ല’ – മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് മൈലക്കാടിന് സമീപം ദേശീയപാതയുടെ പാര്‍ശ്വ ഭിത്തി താഴെ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇതിന്റെ ആഘാതത്തില്‍ സര്‍വീസ് റോഡും തകര്‍ന്നു. ശിവാലയ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു ഇവിടെ ദേശീയപാത നിര്‍മാണ ചുമതല. തകര്‍ന്ന ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചു പണിയുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.



by Midhun HP News | Dec 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വീടിന് മുന്നില്‍വെച്ച് പാമ്പിന്റെ കടിയേറ്റ എട്ടുവയസുകാരന്‍ മരിച്ചു. വര്‍ക്കല ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. ജനാര്‍ദനപുരം ഗവ. എംവിഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 6.45ഓടേയായിരുന്നു സംഭവം. വീടിന്റെ മുന്‍ഭാഗത്തെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടര്‍ന്ന് കടിയേല്‍ക്കുകയുമായിരുന്നു.
പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകവേ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.



by Midhun HP News | Dec 6, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷം. ആറ്റിങ്ങൽ ഡിഇഒ ഓഫീസിലെ ഉദ്യോഗസ്ഥനായ ചിത്രകുമാറിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും യാത്രക്കാരെ തെരുവ് നായ ആക്രമിച്ചതായി പരാതി ഉണ്ട്. തെരുവ് നായ അക്രമണത്തിനെതിരെ നിയമം കർശനമാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി കൈക്കൊണ്ടിട്ടില്ല എന്ന ആരോപണവും ഉണ്ട്.



by Midhun HP News | Dec 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) കേരളത്തിന് മുകളിലൂടെ കടന്നുപോയി. ഇന്നലെ വൈകിട്ട് 6.25ഓടെയാണ് ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയത്. ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച പലരും മൊബൈല്‍ കാമറകളില്‍ പകര്‍ത്തി.
ഡിസംബര്‍ ഏഴിന് വൈകിട്ടും ഡിസംബര്‍ ഒമ്പതിന് രാവിലെയുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോകും. ഡിസംബര്‍ 11ന് രാവിലെ 5.19ന് 58 ഡിഗ്രി വരെ ഉയരത്തിലെത്തുന്നതിനാല്‍ ഐഎസ്എസിന്റെ നല്ല കാഴ്ച കേരളത്തില്‍ നിന്ന് തന്നെ പ്രതീക്ഷിക്കാം. നിലവില്‍ ഏഴ് സഞ്ചാരികളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്.
താഴ്ന്ന ഭൂഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ്. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഐഎസ്എസ് മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. നിലയം ഒരു ദിവസം 15.54 തവണ ഭൂമിയെ വലം വെക്കുന്നു. ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റര്‍ നീളവും 73 മീറ്റര്‍ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് ഐഎസ്എസിന്റെ ഭാരം.



by Midhun HP News | Dec 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ പരിഗണിച്ചേക്കും.
പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുക്കുന്നതെന്നാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. രണ്ടാമത്തെ കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പൊലീസിന് വേണമെങ്കില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാം. അതിനിടെയാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
ആദ്യകേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു. ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശിച്ചു.



by Midhun HP News | Dec 6, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്ടില്‍ 85 വയസ്സുള്ള വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയ് പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് റോഡരികില്‍ തള്ളിയ പുല്ലമ്പാറ സ്വദേശി 20 വയസ്സുകാരനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.
പുല്ലമ്പാറ പഞ്ചായത്തിലെ വെള്ളുമണ്ണടിയിൽ പ്രതിഭാലയം വീട്ടിൽ അജിൻ എന്ന 20 വയസ്സുകാരനെയാണ് വെഞ്ഞാറമൂട് എസ് എച്ച് ഒ ആസാദ് അബ്ദുൽ കലാം, എസ് ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വെഞ്ഞാറമ്മൂട് റോഡില്‍ വലിയ കട്ടയ്ക്കാലിലാണ് സംഭവം നടന്നത്.
വയോധിക വഴിയില്‍ കിടക്കുന്നതുകണ്ട നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും രക്തക്കറ കണ്ടതാണ് ദുരൂഹത വര്‍ധിപ്പിച്ചത് . അബോധാവസ്ഥയിലായ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ സിസിറ്റിവി ദൃശ്യങ്ങൾ അന്വേഷിച്ചാണ് വെഞ്ഞാറമൂട് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായാണ് പോലീസ് പറയുന്നത്.



Recent Comments