‘എന്റെ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല’; രാഹുലിനെതിരായ നടപടിയില്‍ ഷാഫി പറമ്പില്‍

‘എന്റെ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല’; രാഹുലിനെതിരായ നടപടിയില്‍ ഷാഫി പറമ്പില്‍

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നുമെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിയമപരമായി കാര്യങ്ങള്‍ നടക്കുകയാണ്. രാഹുലിനെതിരെ കൂടുതല്‍ നടപടി എടുക്കേണ്ടതില്‍ പാര്‍ട്ടി നേതൃത്വം കൂട്ടായി കൂടിയാലോചിച്ച് കെപിസിസി അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും തന്റെതു കൂടിയാണെന്ന് ഷാഫി പറഞ്ഞു. ഞങ്ങളെല്ലാം ചേര്‍ന്ന് യോജിച്ചെടുക്കുന്ന തീരുമാനങ്ങളാണത്. വ്യക്തിപരമായ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് മാറി നിന്നതും പാര്‍ട്ടി എടുത്ത തീരുമാനമാണ്. അതില്‍ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തി ചിത്രീകരിക്കേണ്ടതില്ലെന്നും ഷാഫി പറഞ്ഞു.

വേറൊരു പാര്‍ട്ടിയും കൈകാര്യം ചെയ്യാത്ത തരത്തിലാണ് രാഹുല്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്തത്. സമാനമായ കേസും കാര്യങ്ങളും ഉണ്ടായപ്പോള്‍ സിപിഎമ്മില്‍ എത്രപേര്‍ പുറത്തുപോയി, എത്രപേര്‍ക്കെതിരെ നടപടിയെടുത്തു എന്നതെല്ലാം മാധ്യമങ്ങള്‍ അന്വേഷിക്കുന്നത് നല്ലതാണ്. മറ്റു പാര്‍ട്ടി ചെയ്യുന്നതു പോലെയല്ല കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നടപടിയെടുത്തത്. രണ്ടാമതൊരു പരാതി വന്നപ്പോഴും സിപിഎം ചെയ്തതുപോലെ, കമ്മീഷനെ വെച്ച് തീവ്രത അന്വേഷിക്കുകയല്ല ചെയ്തത്. മറിച്ച് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

തന്റെ ധാരണകളും അടുപ്പവും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനങ്ങളെ ഒരു തരത്തിലും സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് ഇപ്പോള്‍ രാഹുല്‍ നേരിട്ട നടപടികള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാക്കാവുന്നതാണ്. കേരളത്തെ ഞെട്ടിക്കുന്ന സംഭവമാണ് ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്. അയ്യന്റെ സ്വര്‍ണം കവരാന്‍ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൂട്ടുനിന്നിട്ട്, പ്രതിയായ ആള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി ഇപ്പോഴും തുടരുകയാണ്. അയാള്‍ എന്തെങ്കിലും പറയുമോ എന്നു പേടിച്ചിട്ടാണ് ജാഗ്രതയോടെ സിപിഎം നടപടിയെടുക്കാത്തതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

എറണാകുളം ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

എറണാകുളം ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

കൊച്ചി: എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ അക്കൗണ്ടുകളെന്ന് പരാതി. വ്യാജ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വിദേശത്ത് നിന്നാണ് ഉപയോഗിക്കുന്നത്. പ്രിയങ്ക ജി ഐഎഎസ് എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്.

അക്കൗണ്ടില്‍ നിന്നും പലര്‍ക്കും മെസ്സേജുകള്‍ ലഭിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് സംഭവം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. +84 83 442 0146 എന്ന വിയറ്റ്‌നാം കേന്ദ്രീകരിച്ചുകൊണ്ടുള്ള നമ്പറില്‍ നിന്നാണ് അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.വിഷയത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് കലക്ടറുടെ നിര്‍ദേശം. ഏതെങ്കിലും വിധത്തില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് വിശ്വാസത്തില്‍ എടുക്കരുതെന്നും നിര്‍ദേശമുണ്ട്. ഇതിന് മുന്‍പും കലക്ടറുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ശബരിമല സ്വർണക്കവർച്ച: അന്വേഷണത്തിനായി എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വർണക്കവർച്ച: അന്വേഷണത്തിനായി എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം ഹൈക്കോടതി നീട്ടി നൽകി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്‌ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. സ്വര്‍ണക്കവർച്ച കേസിലെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ, സര്‍ക്കാരിനെ കൂടി കേട്ടശേഷമേ രേഖകള്‍ നൽകുന്നതിൽ തീരുമാനം എടുക്കുകയുള്ളുവെന്നും ഹൈക്കോടതി ഇഡിയെ അറിയിച്ചു.

സ്വര്‍ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇഡി ക്രൈംബ്രാഞ്ച് രേഖകള്‍ ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള കൂടുതല്‍ വിവരങ്ങളാണ് എസ്ഐടി കോടതി മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചത്. ഈ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശമായി പരിശോധിച്ചു. പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകതയും എസ്‌ഐടി കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് അടച്ചിട്ട കോടതിയിൽ റിപ്പോർട്ട് പരിശോധിച്ചത്. കോടതി ഉത്തരവോടെ കേസില്‍ ജനുവരി ആദ്യവാരംവരെ എസ്‌ഐടിക്ക് ഈ അന്വേഷണവുമായി മുന്നോട്ടുപോകാനാകും. ശബരിമല സ്വർണക്കവർച്ചയിൽ അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിച്ചിരുന്നു. സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍ വാസു, എ പത്മകുമാര്‍ തുടങ്ങിയവർ അറസ്റ്റിലായിരുന്നു.

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കുമെന്ന് കോടതി. പരാതിക്കാരിക്ക് വ്യക്തിപരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും, തുറന്ന കോടതിയില്‍ ഇതു പറയാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേസ് അടച്ചിട്ട കോടതിയില്‍ വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തര്‍ക്കം ഇല്ലാത്തതു കൂടി കണക്കിലെടുത്താണ്, വാദം അടച്ചിട്ട കോടതിയില്‍ നടത്താന്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തീരുമാനിച്ചത്.

ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമർപ്പിച്ചു. ഗൗരവമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയതിനും, ബലാല്‍ക്കാരം നടത്തിയതിനും തെളിവുണ്ട്. സ്വാധീനമുള്ള, ജനപ്രതിനിധി എന്ന നിലയില്‍ രാഹുലിന് ജാമ്യം അനുവദിച്ചാല്‍, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിക്കും.

ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമർപ്പിച്ചു. ഗൗരവമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയതിനും, ബലാല്‍ക്കാരം നടത്തിയതിനും തെളിവുണ്ട്. സ്വാധീനമുള്ള, ജനപ്രതിനിധി എന്ന നിലയില്‍ രാഹുലിന് ജാമ്യം അനുവദിച്ചാല്‍, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിക്കും.

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ കോടതി നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും.

ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. തിരുവന്തപുരം സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തത്. തനിക്കെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നായിരന്നു രാഹുലിന്റെ വാദം. അതിജീവിതയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും രാഹുല്‍ ഹര്‍ജിയില്‍ അവകാശപ്പെട്ടു. എന്നാല്‍ രാഹുലിന്റെ വാദം തള്ളിയ കോടതി രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

എംഎല്‍എയ്‌ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വസ്തുതകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും തന്റെ വീഡിയോകളൊന്നും പരിശോധിക്കാതെയാണ് എസിജെഎം കോടതി ജാമ്യം നിഷേധിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി അഭിഭാഷകന്‍ അലക്സ് കെ. ജോണ്‍ മുഖേനയാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. അറസ്റ്റിലായ രാഹുലിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ നിരാഹാര സമരത്തിലാണ് രാഹുല്‍.

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

മലയോര മേഖലയില്‍ ഉള്ളവര്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷിദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.