by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം: തിരുവനന്തപുരത്തെ കോൺഗ്രസിന്റെ സമരമുഖം എംഎൽ ലത്തീഫിനെ അച്ചടക്ക നടപടി പിൻവലിച്ച് കോൺഗ്രസ് തിരിച്ചെടുത്തു. കെപിസിസി മുന് സെക്രട്ടറിയായിരുന്നു എംഎ ലത്തീഫ്. അച്ചടക്ക നടപടി പിന് വലിച്ച്
കോൺഗ്രസിലേക്ക് തിരിച്ചെടുത്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല് എ അറിയിച്ചു.



by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി ബ്രസീൽ. ബ്രസീലിയൻ ആരോഗ്യ നിയന്ത്രണ ഏജൻസിയായ ANVISAന് കീഴിലുള്ള സാവോ പോളോയിലെ ബുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച Butantan-DV വാക്സിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.
മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ ആവശ്യമുള്ള വാക്സിൻ TAK-003 ആണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ബ്യൂട്ടന്റാൻ-ഡിവിയുടെ സിംഗിള്‍ ഡോസില്‍ രോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ സഹായിക്കുമെന്ന് ബുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എസ്പർ കല്ലാസ് പറഞ്ഞു.

16,000-ത്തിലധികം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി എട്ട് വർഷത്തെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് Butantan-DV സാധാരണക്കാരിലേക്ക് എത്തുന്നത്. പുതിയ വാക്സിൻ 91.6 ശതമാനം ഫലപ്രാപ്തി തെളിയിച്ചതായും ഗവേഷകർ കൂട്ടിചേർക്കുന്നു. 12 മുതൽ 59 വയസുവരെയുള്ളവർക്ക് വാക്സിൻ ഉപയോഗിക്കാം.
ഈഡിസ് കൊതുകുകൾ പരത്തുന്നതും “ബ്രേക്ക്ബോൺ ഫിവര്‍” എന്നറിയപ്പെടുന്നതുമായ ഡെങ്കിപ്പനി 2024 ൽ ആഗോളതലത്തിൽ 1.46 കോടിയിലധികം ആളുകളെയാണ് ബാധിച്ചത്. ഏകദേശം 12,000 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
2026 അവസാനത്തോടെ പുതിയ വാക്സിന്‍ വിപണിയില്‍ എത്തിക്കുന്നതിന് ചൈനീസ് കമ്പനിയായ വുക്സി ബയോളജിക്സുമായി രാജ്യം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
എന്താണ് ഡെങ്കിപ്പനി
ഈഡിസ് ഈജിപ്റ്റെ കൊതുകളിൽ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. രോഗത്തിന്റെ തുടക്കത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറയില്ലെങ്കിലും പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. പനി, ഛർദ്ദി, തലവേദന, ചെവി വേദന, ശരീര വേദന, ശരീരത്തിൽ തിണർപ്പുകൾ, അതിസാരം എന്നിവയാണ് ഡെങ്കിപ്പനിയുടെ ആദ്യം ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമായി ഉണ്ടാവുകയും ചെയ്യും.
നിരന്തരമായ ഛർദ്ദി, വയർ വേദന, മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം, ക്ഷീണം, ഭക്ഷണം കഴിക്കാത്ത അവസ്ഥ എന്നിവയെല്ലാം രോഗം തീവ്രമായതിന്റെ ലക്ഷണങ്ങളാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കാണിക്കും.


by Midhun HP News | Nov 28, 2025 | Latest News
പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയ്‌ക്കെതിരെ നടന്‍ ഹരീഷ് കണാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കടം നല്‍കിയ പണം തിരികെ നല്‍കിയില്ലെന്നും ഇത് ചോദ്യം ചെയ്തതോടെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമാണ് ഹരീഷ് കണാരന്‍ പറയുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ തന്നെ എന്തെങ്കിലും ചെയ്താലോ എന്ന പേടിയുണ്ടെന്നും ദ ഫനല്‍ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് കണാരന്‍ പറയുന്നു.
“ഇപ്പോള്‍ എനിക്കെതിരെ ഭീഷണി വന്നിട്ടുണ്ട്. ബാദുഷ ഇന്‍സ്റ്റയില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വിഡിയോ ഇട്ടിട്ടുണ്ട്. ഇത്രയും നാള്‍ കൂടെ ഉണ്ടായിരുന്നയാളാണ്. വീട്ടിലൊക്കെ വന്നിട്ടുണ്ട്. കുടുംബങ്ങളുമായി നല്ല ബന്ധമായിരുന്നു. ഒരാളെ സഹായിക്കുമ്പോള്‍ നമുക്കൊരു ആവശ്യം വരുമ്പോള്‍ തിരിച്ചു തരണ്ടേ, അതല്ലേ സൗഹൃദം. ഞാനിത് പറയണം എന്നു കരുതിയതല്ല. മാധ്യമങ്ങള്‍ എന്തുകൊണ്ട് ചേട്ടന്‍ കുറേക്കാലമായി സിനിമ ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതാണ്.” എന്നാണ് ഹരീഷ് കണാരന്‍ പറയുന്നത്.

പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ തരാന്‍ പറ്റില്ലെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ എന്താകുമെന്നൊക്കെ ഭാര്യ പറഞ്ഞതാണ്. സഹികെട്ടിട്ടാണ് ഞാന്‍ വെളിപ്പെടുത്തിയത്. 20 ലക്ഷമാണ് തരാനുള്ളത്. അതില്‍ കുറച്ച് പൈസയെന്തോ തന്നിരുന്നുവെന്നും ഹരീഷ് പറയുന്നു. നാലഞ്ച് വര്‍ഷമായി എന്റെ ഡേറ്റെല്ലാം നോക്കിയിരുന്നത് അദ്ദേഹമായിരുന്നു. അന്ന് ബാദുഷയായിരുന്നു എല്ലാ സിനിമയുടേയും കണ്‍ട്രോളര്‍. നല്ല പെരുമാറ്റമായിരുന്നു. പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു. അതുകൊണ്ട് വിശ്വസിച്ചുപോയി. നമ്മളുടെ മനസില്‍ കള്ളമൊന്നുമില്ല. അതുപോലെ തന്നെയാകും ഇവരുമെന്നും കരുതിയെന്നും ഹരീഷ് പറയുന്നു.
ഒരിക്കല്‍ പറഞ്ഞത് ഞാനാകെ പൊളിഞ്ഞു നില്‍ക്കുകയാണ്. അഞ്ഞൂറ് രൂപ പോലും എടുക്കാനില്ലെന്നൊക്കെ പറഞ്ഞു. പിന്നെ ആരോ പറഞ്ഞു ബാദുഷ പ്രിയദര്‍ശന്‍ സാറിന്റെ ഫ്‌ളാറ്റ് വാങ്ങിയെന്ന്. അപ്പോഴാണ് എനിക്ക് വിഷമമായത്. നമ്മുടെ ചെറിയ പൈസ തരാതെ ഇയാള്‍ ഇത്രയും വലിയ ഫ്‌ളാറ്റൊക്കെ വാങ്ങിയേക്കുവാണെന്നും ഹരീഷ് പറയുന്നു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ തന്നെ അമ്മയില്‍ നിന്നും ജോയ് മാത്യുവും കുക്കു പരമേശ്വരനുമൊക്കെ വിളിച്ചു. മെയില്‍ അയക്കൂ, ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് അറിയിച്ചു.
അവസരങ്ങള്‍ ഇല്ലാതാക്കിയതാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നത്. അദ്ദേഹത്തെ സഹായിച്ചതായിരുന്നു ഞാനെന്നും ഹരീഷ് പറയുന്നു. വെളിപ്പെടുത്തലിന് ശേഷം ഭാര്യയ്ക്ക് ഇപ്പോള്‍ ടെന്‍ഷനാണ്. ഇനി നിങ്ങള്‍ എറണാകുളത്ത് പോകുമ്പോള്‍ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയാണ്. അവര്‍ക്ക് പേടിയുണ്ടാകും. കുറേ പേര്‍ വിളിച്ച് അന്വേഷിച്ചു. സംഘടനയില്‍ നിന്നും വിളിച്ച് കൂടെയുണ്ടാകുമെന്ന് പറഞ്ഞുവെന്നും ഹരീഷ് പറയുന്നു.


by Midhun HP News | Nov 28, 2025 | Latest News, കേരളം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ യുവതിയെ മൂന്നു സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് എഫ്‌ഐആര്‍. പാലക്കാട്ട് എത്തിച്ചും പീഡിപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചും ബലാത്സംഗം ചെയ്തു. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോഴും നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
യുവതിയെ നിര്‍ബന്ധമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സുഹൃത്ത് വഴിയാണ് ഗര്‍ഭനിരോധന ഗുളിക എത്തിച്ചു നല്‍കിയതെന്ന് യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞാണ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചത്. എതിര്‍ത്തപ്പോള്‍ ചീത്ത വിളിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. സുഹൃത്ത് എത്തിച്ച ഗുളിക കഴിച്ചോയെന്ന് വീഡിയോകോള്‍ ചെയ്ത് രാഹുല്‍ ഉറപ്പാക്കിയെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
20 പേജുള്ള മൊഴിയാണ് യുവതി പൊലീസിന് നല്‍കിയിട്ടുള്ളത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാനം വിടുന്നത് തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അടക്കം നോട്ടീസ് കൈമാറിയിട്ടുണ്ട്. യുവതി പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാഹുല്‍ സംസ്ഥാനം വിട്ടതായും അഭ്യൂഹം ഉയര്‍ന്നിരുന്നു.



by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്‍കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.



by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
ബെയ്ജിങ്: ചൈനയിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. യുനാൻ പ്രവിശ്യയിലെ കുന്മിങ് നഗരത്തിലെ ലോയാങ് ടൗൺ റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ട്രെയിൻ കുതിച്ചെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ട തൊഴിലാളികളാണ് മരിച്ചത്. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടില്ല.ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവർക്ക് വിഗദ്ധ ചികിത്സ ഉറപ്പാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.



Recent Comments