തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് എസ്എച്ച്ഒ

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് എസ്എച്ച്ഒ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് എസ്എച്ച്ഒ. തിരുവനന്തപുരം ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദാണ് വെടിയുതിർത്തത്. പ്രതി കൈരി കിരണിന് നേരെയാണ് വെടിയുതിർത്തത്. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ദേഹത്ത് വെടി കൊണ്ടില്ലയെന്നും പ്രതി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണെന്ന് ഡിഐജി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സംഭവം. കാപ്പ കേസിൽ നടുകടത്തിയ കൈരി കിരൺ നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇന്നലെ രാത്രി മുതൽ ആര്യങ്കോടുള്ള വീട്ടിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതോടെ രാത്രി മുതൽ ഇയാളെ പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുകയായിരുന്നു.ഇന്ന് രാവിലെ എസ്എച്ച്ഒ തൻസീം അബ്ദുൾ സമദിൻ്റെ നേത‍ൃത്വത്തിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥർ കൈരി കിരണിൻ്റെ വീട് വളയുകയും കൈരി കിരണിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു. അതിനിടെ വെട്ടുകത്തി എടുത്തുകൊണ്ട് പ്രതി വീടിന് പുറത്തേക്ക് വരുകയും. ഒന്നിലധികം തവണ എസ്എച്ച്ഒയെ വെട്ടാൻ ശ്രമിക്കുകയും ചെയ്തു.എസ്എച്ച്ഒ ഒഴിഞ്ഞ് മാറിയത് കൊണ്ടാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും വീണ്ടും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് എസ്എച്ച്ഒ വെടിയുതിർത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആയുർവേദ, ഹോമിയോപ്പതി തുടങ്ങിയ കോഴ്സുകളുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആയുർവേദ, ഹോമിയോപ്പതി തുടങ്ങിയ കോഴ്സുകളുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സുകളിലേക്കുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒഴിവുള്ള സീറ്റുകളിലേക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് പുതിയ ലിസ്റ്റ്. വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

പുതുക്കിയ റാങ്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ കാറ്റഗറി പ്രകാരമുള്ള ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അഡ്മിഷൻ പ്രക്രിയ കൂടുതൽ സുതാര്യമായിരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. അതോടൊപ്പം, അഡ്മിഷൻ ഷെഡ്യൂൾ, അലോട്ട്‌മെന്റ് വിശദാംശങ്ങൾ, ആവശ്യമായ രേഖകൾ എന്നിവയും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം: 0471-2332120, 0471-2338487, 0471-2525300. പ്രവേശന നടപടികളെ കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് കമ്മീഷണർ അറിയിച്ചു.

ശബരിമല സ്വര്‍ണക്കവര്‍ച്ച : അന്വേഷണം മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കലെത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണക്കവര്‍ച്ച : അന്വേഷണം മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കലെത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണം എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കലെന്ന് ബിജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പക്ഷെ പിടിക്കാന്‍ ധൈര്യമുള്ള ഓഫീസറുണ്ടോ?. ഈ കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്ന് ഞങ്ങള്‍ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ട്. പത്മകുമാറിനെ പുറത്താക്കാതെ സിപിഎം സംരക്ഷിക്കുന്നത് ഇതുമായി ബന്ധമുള്ള നേതാക്കളുടെ പേര് പുറത്തുവരും എന്നതിനാലാണെന്നും രാജീവ് ചന്ദ്രശേഖര്‍ കണ്ണൂരില്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മാത്രമേ പങ്കുള്ളുവെന്ന് പറയാന്‍ കഴിയില്ല. ഈ കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കുറ്റക്കാര്‍ ആരായാലും ജയിലില്‍ അടക്കണമെന്നുള്ളതാണ് ബിജെപിയുടെ നിലപാട്. അമ്പലത്തില്‍ പോകുന്നവര്‍ വിശ്വാസികളായിട്ട് പോകണം, കൊള്ളക്കാരായിട്ട് പോകരുത്. ഇനിയിങ്ങനെ ഒരു കൊള്ള നടത്താന്‍ ആര്‍ക്കും ധൈര്യം തോന്നരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ലോകത്തില്‍ എല്ലാവരും വരുന്ന ക്ഷേത്രമാണത്. അവിടെ വീഴ്ച പറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതൊരു വീഴ്ചയല്ല കൊള്ളയാണിത്. ഇതൊരു ക്രൈമാണ്. ഇതില്‍ വലിയ സങ്കടവും ദേഷ്യവുമുണ്ട്. ശബരിമലയില്‍ നടന്നാല്‍ വേറെ എവിടെയും ഇതു നടക്കില്ലേ. ശബരിമലയില്‍ നടന്നത് വേറെ എവിടെയും ഇനി നടക്കാന്‍ പാടില്ല. അതുകൊണ്ടാണ് നല്ല അന്വേഷണം വേണമെന്ന് ബിജെപി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മലപ്പുറത്ത് അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മലപ്പുറത്ത് അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മലപ്പുറത്ത് കാട്ടാന അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു. ഝാര്‍ഖണ്ഡ് സ്വദേശി ഷാരു(40) ആണ് മരിച്ചത്.

രാവിലെ 9.10നാണ് സംഭവം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപം വനപ്രദേശത്തോട് ചേര്‍ന്ന അരയാട് എസ്‌റ്റേറ്റില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണിത്.രാവിലെ 9.10നാണ് സംഭവം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപം വനപ്രദേശത്തോട് ചേര്‍ന്ന അരയാട് എസ്‌റ്റേറ്റില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണിത്.

കാട്ടാനയെ കണ്ട് തൊഴിലാളികള്‍ ഓടി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റാണ് ഷാരുവിന് ജീവന്‍ നഷ്ടമായത്. ഈ പ്രദേശത്ത് ജനവാസമേഖലകളില്‍ കാട്ടാനയുടെ ശല്യം പതിവായുണ്ട്. പ്രദേശത്ത് നിന്ന് കാട്ടാനയെ തുരത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

വെറും 20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

വെറും 20 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

നിക്ഷേപത്തോടൊപ്പം ഒരു ലൈഫ് ഇന്‍ഷുറന്‍സിനും ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും പണം മുടക്കാനും മറക്കരുത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. രാജ്യത്ത് നിരവധി ഇന്‍ഷുറന്‍സ് സ്‌കീമുകളുണ്ട്. എന്നാല്‍ അവയില്‍ പലതിന്റെയും ഉയര്‍ന്ന പ്രീമിയം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ്. ഇതാണ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പലരും നേരിടുന്ന വലിയ പ്രശ്‌നം. ഇത്തരം സാഹചര്യത്തിലാണ് കുറഞ്ഞ പ്രീമിയമുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ പ്രാധാന്യം വര്‍ധിക്കുന്നത്.

ഓരോ വര്‍ഷവും തുച്ഛമായ തുക മുടക്കിയാല്‍ ലക്ഷങ്ങള്‍ പരിരക്ഷ ഉറപ്പാക്കുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളെ പരിരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഉറപ്പാക്കുന്ന ഒരു മികച്ച ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്. ഓരോ വര്‍ഷവും വെറും 20 രൂപ മുടക്കിയാല്‍ രണ്ടു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന സ്‌കീമാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. ഈ സ്‌കീം 2015ല്‍ ആരംഭിച്ചതാണ്.

ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി അപകടത്തില്‍ മരിച്ചാല്‍ മുഴുവന്‍ തുകയും നോമിനിക്ക് ലഭിക്കും. അപകടത്തില്‍ ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. പൂര്‍ണ്ണമായും വൈകല്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ രണ്ടു ലക്ഷം വരെ പരിരക്ഷ ഉറപ്പാക്കാം. 20 രൂപയെന്ന വാര്‍ഷിക പ്രീമിയം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം 20 രൂപ അടച്ചാല്‍ മതി.18 നും 70 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും സര്‍ക്കാരിന്റെ ഈ സ്‌കീമില്‍ അപേക്ഷിക്കാം.വരുമാന പരിധി ആവശ്യമില്ല. ബാങ്കുകള്‍ വഴിയോ, പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം. അപേക്ഷകന്റെ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ടും ഉണ്ടാവണം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; ‘ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം’

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; ‘ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം’

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ആണ് പരാതി നല്‍കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ദേശീയ തലത്തിൽ ഉള്ള വനിതാ നേതാക്കൾ ഉൾപ്പെടുന്ന അന്വേഷണ സംഘം ഇരകളായ കുട്ടികളെ കണ്ടെത്തി അവരുടെ വിഷയം മനസ്സിലാക്കണമെന്ന് സജന ആവശ്യപ്പെട്ടു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. രാഹുലിനെ പിന്തുണച്ച് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ കെ സുധാകരനെ തള്ളി കെ മുരളീധരനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുല്‍ സസ്‌പെന്‍ഷനിലാണെന്നും, പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.