ഹോങ്കോങ്ങ് തീപിടിത്തം: മരണം 44 ആയി; 279 പേരെ കാണാതായി; മൂന്നുപേര്‍ അറസ്റ്റില്‍

ഹോങ്കോങ്ങ് തീപിടിത്തം: മരണം 44 ആയി; 279 പേരെ കാണാതായി; മൂന്നുപേര്‍ അറസ്റ്റില്‍

ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ തായ്‌പോ ജില്ലയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. പരിക്കേറ്റ 50 ഓളം പേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. തീപിടിത്തം ഉണ്ടായ പാര്‍പ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ആണ് അറസ്റ്റില്‍ ആയത്. ഹോങ്കോങ്ങിലെ അഗ്‌നിബാധ അളവുകളില്‍ ഏറ്റവും ഉയര്‍ന്ന അളവായ ലെവല്‍ 5 ലുള്ള അഗ്‌നിബാധയാണ് വാങ് ഫുക് കോര്‍ട് എന്ന ഫ്‌ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്.

പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് സംഭവം. 32 നില കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുളകൊണ്ടുള്ള മേല്‍ത്തട്ടിയില്‍ തീ പിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 8 ടവറുകളിലായി 2,000 പേര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയമാണിത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വൈറ്റ്ഹൗസിന് സമീപം വെടിവെപ്പ്, രണ്ട് സൈനികര്‍ക്ക് പരിക്ക്

വൈറ്റ്ഹൗസിന് സമീപം വെടിവെപ്പ്, രണ്ട് സൈനികര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പശ്ചിമ വിര്‍ജീനിയ സ്വദേശികളായ നാഷണല്‍ ഗാര്‍ഡ്‌സ് അംഗങ്ങള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.

ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 2021 ല്‍ അമേരിക്കയില്‍ എത്തിയ 29 കാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെറ്റ് ഹൗസിന് ഏതാണ്ട് അടുത്തുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവെപ്പുണ്ടായത്.

പരിക്കേറ്റ സൈനികരില്‍ ഒരാള്‍ സ്ത്രീയാണ്. 10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്. വെടിവെപ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. വെടിവെപ്പ് നടക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ഫ്ലോറിഡയിൽ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു.

ഒരു കിലോമീറ്ററില്‍ എല്‍പി സ്‌കൂള്‍: സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേരളം

ഒരു കിലോമീറ്ററില്‍ എല്‍പി സ്‌കൂള്‍: സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേരളം

തിരുവനന്തപുരം: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പുനഃപരിശോധനാ ഹര്‍ജിയുടെ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വിധിയുടെ പ്രായോഗിക വശങ്ങള്‍ പരിശോധിച്ചു പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

വിദ്യാഭ്യാസ അവകാശ നിയമം കര്‍ശനമായി പാലിച്ചുകൊണ്ട്, എല്‍ പി, യു പി സ്‌കൂളുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ അടിയന്തരമായി സ്‌കൂളുകള്‍ ആരംഭിക്കണമെന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചുവരികയാണ്. മലപ്പുറം ജില്ലയിലെ എലമ്പ്രയില്‍ സ്‌കൂള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധി മാനിക്കുന്നുവെങ്കിലും, വിധിയിലെ പരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് പുനഃ പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലുള്ളത്. 100% സാക്ഷരതയോടെ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, നീതി ആയോഗ് എന്നിവയുടെ കണക്കുകള്‍ പ്രകാരം കേരളം വിദ്യാഭ്യാസത്തില്‍ ബഹുദൂരം മുന്നിലാണ്. ദേശീയ ശരാശരി എത്രയോ താഴെയാണ്.

കേരളത്തിലെ ജനവാസ മേഖലകളില്‍ ഭൂരിഭാഗത്തും 1-2 കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് കേരളത്തില്‍ ഏതാണ്ട് പൂജ്യത്തിന് അടുത്താണ്. ഇത് ദേശീയ സാഹചര്യങ്ങളേക്കാള്‍ എത്രയോ മികച്ചതാണ്. അതായത്, സ്‌കൂള്‍ ഇല്ലാത്തതിന്റെ പേരില്‍ കേരളത്തില്‍ ഒരു കുട്ടിക്കും പഠനം നിഷേധിക്കപ്പെടുന്നില്ലെന്നും മന്ത്രി അറിയിച്ചു.

മലപ്പുറം എലമ്പ്രയിലെ സ്‌കൂളിന്റെ കാര്യത്തില്‍, അവിടെ സൗജന്യമായി ഭൂമിയും കെട്ടിടവും ലഭ്യമാക്കാമെന്ന് തദ്ദേശസ്ഥാപനം അറിയിച്ച സാഹചര്യത്തില്‍, അത് പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, അത് ശാസ്ത്രീയവും പ്രായോഗികവുമായ രീതിയിലായിരിക്കണം നടപ്പിലാക്കേണ്ടത് എന്നതാണ് നിലപാട്. സ്‌കൂളുകളുടെ എണ്ണം കൂട്ടുക എന്നതിലുപരി, നിലവിലുള്ള സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന നയമാണ് കേരളം സ്വീകരിക്കുന്നത് എന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ഒരു സ്‌റ്റേഷനില്‍ 12 എണ്ണം ; 518 പൊലീസ് സ്റ്റേഷനുകൾ സിസിടിവി നിരീക്ഷണത്തില്‍

ഒരു സ്‌റ്റേഷനില്‍ 12 എണ്ണം ; 518 പൊലീസ് സ്റ്റേഷനുകൾ സിസിടിവി നിരീക്ഷണത്തില്‍

ഡല്‍ഹി: കേരളത്തിലെ 518 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാത്രി ഉള്‍പ്പടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 12 സിസിടിവികളാണ് ഓരോ പോലീസ് സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 483 സ്റ്റേഷനുകള്‍ ക്രമസമാധാനപാലനത്തിനുള്ള സ്റ്റേഷനുകള്‍ ആണ്.

ഒന്നാംഘട്ടത്തില്‍ 520 സ്റ്റേഷനുകളിലാണ് സിസിടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മാഞ്ഞൂര്‍, വൈത്തിരി ഒഴികെയുള്ളവയില്‍ സിസിടിവി സ്ഥാപിക്കല്‍ പൂര്‍ത്തിയതായി സൂപ്രീം കോടതിയെ അറിയിച്ചു. 13 എണ്ണം റെയില്‍വെ പൊലീസ് സ്റ്റേഷനുകളും 10 എണ്ണം തീരദേശ പൊലീസ് സ്റ്റേഷനുകളും 14 എണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളും ആണ്. 20 സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പടെ 28 സ്റ്റേഷനുകളില്‍ക്കൂടി സിസിടിവി സ്ഥാപിക്കല്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. കരുമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ​ഗുരുതരപരിക്കേറ്റു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറി​ക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ; അറിയാം പുതിയ ഫീച്ചര്‍

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ; അറിയാം പുതിയ ഫീച്ചര്‍

ഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം. ഇതിന്റെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് ഭീം പേയ്മെന്റ് ആപ്പില്‍ യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ അവതരിപ്പിച്ചു. ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രതിമാസ ചെലവ് പരിധിക്കുള്ളില്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ മറ്റുള്ളവരെ അധികാരപ്പെടുത്താന്‍ സാധിക്കും.

യുപിഐ ഇടപാട് നടത്താന്‍ പരിചയക്കുറവുള്ള മുതിര്‍ന്നവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇതിനായി ചുമതലപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ചെലവുകള്‍ക്കുമായി ചെറിയ തുക നല്‍കാന്‍ മാതാപിതാക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.ഇടപാട് പരിധി പ്രതിമാസം 15,000 രൂപയാണ്. അഞ്ച് വര്‍ഷംവരെ കാലാവധിയും നിശ്ചയിക്കാം. പ്രതിമാസ പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുന്നു.

മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട വ്യാപരമേഖലയിലുള്ളവര്‍, ഡിജിറ്റല്‍ ഇടപാടുകളില്‍ പരിചയക്കുറവുള്ളവര്‍ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ ഉപയോഗിച്ച്, ഒരു ഉപയോക്താവിന് അവരുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരാളെ അധികാരപ്പെടുത്താന്‍ കഴിയും. സാമ്പത്തിക സുരക്ഷയുടെ ഭാഗമായാണ് പ്രതിമാസ പരിധി 15,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുകളില്‍ ഇടപാട് നടത്താന്‍ രണ്ടാമത്തെയാള്‍ക്ക് സാധിക്കില്ല.

ഇത് വലിയ തുക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നു. എല്ലാ ഇടപാടുകളുടെയും വ്യക്തമായ മേല്‍നോട്ടം നിലനിര്‍ത്തിക്കൊണ്ട് കുടുംബങ്ങള്‍, ആശ്രിതര്‍ അല്ലെങ്കില്‍ ജീവനക്കാര്‍ക്കിടയില്‍ സുഗമമായ ദൈനംദിന ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇത് പ്രാപ്തമാക്കുന്നു. പൂര്‍ണ്ണ ഡെലിഗേഷനോടുകൂടിയ യുപിഐ സര്‍ക്കിള്‍ വഴി രണ്ടാമത്തെയാള്‍ക്ക് സ്വന്തം ബാങ്ക്-ലിങ്ക്ഡ് യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ടോ ആവശ്യമില്ലാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും.