by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്.
എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ 11 നാണ് കേസിൽ അന്തിമ വാദം തുടങ്ങുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് ആരോപിക്കപ്പെടുന്ന നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2017 നവംബറിലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. 2018 ജൂണിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജി കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിൽ സാക്ഷി വിസ്താരം പൂർത്തിയാകാൻ നാലര വർഷമെടുത്തിരുന്നു.


by Midhun HP News | Nov 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും ചിലത് വൈകിയുമായിരിക്കും സർവീസ് നടത്തുക.
ഭാഗികമായി റദ്ദാക്കി
ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്നു പുറപ്പെടും.
വൈകുന്നവ
ഇന്നത്തെ മഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ട മണിക്കൂർ വൈകിയാണ് ഓടുന്നത്. രാമേശ്വരം- തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ്, നിലമ്പൂർ- തിരുവനന്തപുരം നോർത്ത് രാജ്യറാണി എന്നിവ 2 മണിക്കൂറും വൈകും.
ഇന്നത്തെ മംഗളൂരു- തിരുവനന്തപുരം മാവേലി, മംഗളൂരു- തിരുവനന്തപുരം അന്ത്യോദയ എന്നിവ ഒന്നര മണിക്കൂർ വൈകും. തിരുപ്പതി- കൊല്ലം എക്സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എന്നിവ അര മണിക്കൂറും വൈകും. ഇന്നത്തെ മംഗളൂരു- തിരുവനന്തപുരം മലബാർ 10 മിനിറ്റും ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും.
നാളെ പുലർച്ചെ 3.45നുള്ള കൊല്ലം- ആലപ്പുഴ മെമു 30 മിനിറ്റ് വൈകും. 4.20ന്റെ കൊല്ലം എറണാകുളം മെമു 10 മിനിറ്റും വൈകും.
by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് സമീപം ജി.എം.പി ഹൗസിൽ (കൃപ) എം.ആർ.എ :31 എ) എം സുഭദ്ര അമ്മ(96) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോപിനാഥ പിള്ള.
മകൻ: ജി നാരായണ പിള്ള (സി.പി.ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം, പച്ചംകുളം ബ്രാഞ്ച് കമ്മിറ്റി അംഗം).
മരുമകൾ: ബി ഓമന അമ്മ.
by Midhun HP News | Nov 25, 2025 | Latest News, കേരളം
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി പയ്യന്നൂർ കാറമേൽ വി കെ നിഷാദ്, വെള്ളൂർ ടി സി വി നന്ദകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പട്ടാപ്പകൽ പൊലീസുകാരെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് കോടതി വിധി.
കേസിൽ എ മിഥുൻ, കെ വി കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ബോംബ് കൈവശം വെച്ചതിന് അഞ്ചു വർഷം കഠിന തടവ്, പൊലീസുകാർക്കെതിരെ ബോംബെറിഞ്ഞതിന് 10 വർഷം കഠിന തടവ്, വധശ്രമക്കേസിൽ 5 വർഷം കഠിന തടവ് എന്നിങ്ങനെ 20 വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. പ്രതികൾ 10 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. ശിക്ഷാവിധി വരുന്നതു കണക്കിലെടുത്ത് നിഷാദിന്റെ ഡമ്മി സ്ഥാനാർത്ഥിയെ പിൻവലിച്ചിരുന്നില്ല.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി കെ നിഷാദ്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ എസ്ഐ ആയിരുന്ന കെ പി രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പൊലീസിനെതിരെ ബോംബേറ് നടന്നത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പൊലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.


by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി എയർ ബസ് ഇടിച്ച്
സ്കൂട്ടർ യാത്രക്കാരിയായ നഴ്സിംഗ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക് ‘
വിദ്യാർഥിനിയുടെ കൈയിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേൽക്കുകയായിരുന്നു.
വൈകിട്ട് 4 മണിയോടെ വെഞ്ഞാറമൂട് ചന്ത ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഗോകുലം മെഡിക്കൽ കോളേജിലെ നേഴ്സിങ് വിദ്യാർഥിനി നാഗരുകുഴി സ്വദേശിനി ഫാത്തിമക്കാണ് പരിക്കേറ്റത്. ഇട റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറവേയാണ് പിന്നാലെ വന്ന ഡീലക്സ് എയർ ബസ് സ്കൂട്ടറിൽ ഇടിച്ചത്.
റോഡിൽ വീണ ഫാത്തിമയുടെ ഇടത് കയ്യിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.ഫാത്തിമയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നു പുറത്തേക്കു ചവിട്ടിയതിനെത്തുടര്‍ന്ന് തെറിച്ച് വീണ് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി.
സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ് ശ്രീക്കുട്ടി. ഓക്‌സിജന്‍ സപ്പോര്‍ട്ട് തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസില്‍ പ്രതി സുരേഷ് റിമാന്‍ഡിലാണ്.
വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ 2ന് കേരള എക്സ്പ്രസില്‍ നിന്നാണ് ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതി ചവിട്ടി വീഴ്ത്താന്‍ കാരണം. ശ്രീക്കുട്ടിക്കൊപ്പം അര്‍ച്ചന എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അര്‍ച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ എന്നയാളാണ് പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്.


Recent Comments