by Midhun HP News | Nov 25, 2025 | Latest News, ദേശീയ വാർത്ത
റിട്ടയര്‍ ആയാല്‍ സ്ഥിരം വരുമാനം ലഭിക്കുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മാസംതോറും നിക്ഷേപിക്കുന്നതിന് പകരം ഒറ്റത്തവണയായി വലിയ തുക നിക്ഷേപിച്ച് മാസംതോറും പെന്‍ഷന്‍ പോലെ സ്ഥിരമായി വരുമാനം ലഭിക്കുന്ന പദ്ധതികളോടാണ് മിക്കവര്‍ക്കും പ്രിയം. റിട്ടയര്‍ കാലത്ത് സ്ഥിര വരുമാനത്തിന് മുടക്കം സംഭവിക്കാതിരിക്കാന്‍ റിസ്‌ക് കുറഞ്ഞ സുരക്ഷിത നിക്ഷേപങ്ങളാണ് കൂടുതലായി പരിഗണിക്കാറ്.
ഒറ്റത്തവണ നിക്ഷേപത്തിലൂടെ വലിയ തുക മാസ വരുമാനമായി ഉണ്ടാക്കാന്‍ പറ്റുന്ന റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളില്‍ ചിലതാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയും മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനും. ഇവ ഓരോന്നും പരിശോധിക്കും.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം
സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.
ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും.
5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും.
മാസം തോറുമുള്ള വരുമാന പദ്ധതി
കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.
നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.
നിക്ഷേപം
അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം
ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം
15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം
സിസ്റ്റമാറ്റിക് പിന്‍വലിക്കല്‍ പ്ലാന്‍ (SWP)
നിക്ഷേപങ്ങളില്‍ നിന്ന് പതിവായി വരുമാനം നല്‍കുന്ന തരത്തിലാണ് എസ്ഡബ്ല്യൂപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മ്യൂച്ചല്‍ ഫണ്ടില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. ഇത് സ്ഥിരമായ പണത്തിന്റെ ഒഴുക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്ഡബ്ല്യൂപി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും തെരഞ്ഞെടുത്ത ഫണ്ടിന്റെ പ്രകടനത്തിനും വിധേയമാണ് ഇതില്‍ നിന്ന് ലഭിക്കുന്ന റിട്ടേണ്‍ എന്ന കാര്യം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. വിരമിച്ചവര്‍ക്കോ നിക്ഷേപങ്ങളില്‍ നിന്ന് ആനുകാലിക വരുമാനം തേടുന്ന വ്യക്തികള്‍ക്കോ എസ്ഡബ്ല്യൂപി പ്രയോജനകരമാണ്.
50 ലക്ഷം രൂപ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചൊരാള്‍ക്ക് എട്ടു ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ വര്‍ഷത്തില്‍ 1.75 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ ലഭിക്കും. ഇത് മാസത്തിലേക്ക് കണക്കാക്കിയാല്‍ 14,600 രൂപ മുതല്‍ 16700 രൂപ വരെയാണ്. നികുതി, പണപ്പെരുപ്പം എന്നിവ പരിഗണിക്കാതെയുള്ള കണക്കാണിത്.


by Midhun HP News | Nov 25, 2025 | Latest News, കേരളം
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ യുവനടി അതിക്രൂരമായ ആക്രമണങ്ങളാണ് നേരിട്ടതെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കാറില്‍ വെച്ച് കൂട്ടമായി ശാരീരികമായി ഉപദ്രവിക്കുകയും മറ്റൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന അക്രമത്തിന് ശേഷം നടിയെ കാക്കനാട്ടെ പടമുകളില്‍ സ്വന്തം കാറിന് സമീപം ഇറക്കി വിടുകയായിരുന്നു.
സംഭവങ്ങള്‍ ഇങ്ങനെ : തൃശ്ശൂരിലെ ഷൂട്ടിങ് കഴിഞ്ഞ് നടി രാത്രി ഏഴ് മണിയോടെ സിനിമ നിര്‍മ്മാണ കമ്പനിയുടെ എസ്യുവി കാറില്‍ പനമ്പിള്ളി നഗറിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു. യാത്രക്കിടയില്‍ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആര്‍ക്കൊക്കെയോ മെസ്സേജുകള്‍ അയക്കുന്നുണ്ടായിരുന്നു. 8.30 ഓടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് ജംങ്ഷനില്‍ വെച്ച് കാറിനെ പിന്തുടര്‍ന്നിരുന്ന കാറ്ററിങ് വാന്‍ കാറിന് പുറകില്‍ ഇടിച്ചു.
കാറ് നിര്‍ത്തിയ ഉടനേ തന്നെ രണ്ടുപേര്‍ കാറിലേക്ക് അതിക്രമിച്ചു കടക്കുകയും നടിയുടെ വായ മൂടിപിടിക്കുകയും ചെയ്തു. ബഹളം വെക്കരുത് എന്ന് ഭീഷണിപ്പെടുത്തി. നടിയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. യാത്രയ്ക്കിടയില്‍ ഒരാള്‍ കളമശ്ശേരിയില്‍ ഇറങ്ങി. കറുത്ത ടി ഷര്‍ട്ട് ധരിച്ച ഒരാള്‍ കാറില്‍ കയറുകയും അക്രമം തുടരാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.
കാറ് ഒരു ഗ്രില്‍ വാതിലുള്ള വീട്ടില്‍ എത്തിച്ചു. അവിടെ നിന്നാണ് പള്‍സര്‍ സുനി വാഹനത്തില്‍ കയറുന്നത്. സുനി ഒരു ടവ്വല്‍ കൊണ്ട് മുഖം മറച്ചിരുന്നു. സുനിയെത്തിയതോടെ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ മാറി കൊടുത്തു. സുനിയാണ് വണ്ടി തിരികെ കാക്കനാട്ട് എത്തിച്ചത്. താന്‍ നടിയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് എന്ന് സുനി പറഞ്ഞു. അക്രമം കഴിഞ്ഞ ശേഷം നടി നേരെ സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ പറയുകയായിരുന്നു.
കേസിലെ പ്രതികള്‍ ഇവരെല്ലാം
കേസില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി,ബി. മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് , ചാര്‍ലി തോമസ്, നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍), സനില്‍കുമാര്‍ (മേസ്തിരി സനില്‍) എന്നിവരാണ് പ്രതികള്‍. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഒടുവില്‍ ദിലീപ് കുടുങ്ങി
ആദ്യഘട്ടത്തില്‍ ദിലീപ് കേസില്‍ പ്രതിയായിരുന്നില്ല. എന്നാല്‍ കേസിന്റെ ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടതോടെയാണ് നടന്‍ ദിലീപ് എട്ടാം പ്രതിയാകുന്നത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് ദിലീപിനെ അറസ്റ്റ് ചെയ്തു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിനാണ് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
കുരുക്കായി പള്‍സര്‍ സുനിയുടെ കത്ത്
പ്രധാന പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തില്‍ പറയുന്നത്. വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പള്‍സര്‍ സുനി കത്തില്‍ എഴുതിയിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് പൾസർ സുനി പിന്നീട് വെളിപ്പെടുത്തിയിരുന്നു.


by Midhun HP News | Nov 25, 2025 | Latest News, കേരളം
തിരുവനന്തപുരം: മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച വരെ കനത്തമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടാല്‍, റൊട്ടേഷന്‍ അനുസരിച്ച് അതിന് ‘സെന്യാര്‍’ എന്ന പേരിടും. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ് നല്‍കിയത്. വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ഉണ്ടാവുന്ന ചുഴലിക്കാറ്റുകള്‍ക്ക് ഇടുന്ന പേരുകളുടെ പട്ടികയിലെ അടുത്ത പേരാണ് സെന്യാര്‍.
അതിനിടെ കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ്, ന്യൂനമര്‍ദ്ദം എന്നിവയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ / ഇടത്തരം മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം ജില്ലയിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
ശ്രീ ചിത്ര തിരുനാൾ മെഡിക്കൽ സയൻസസ് & ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (SCTIMST) നടത്തുന്ന പോസ്റ്റ് ബേസിക് സ്പെഷ്യാലിറ്റി ഡിപ്ലോമ നഴ്സിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാർഡിയോ തൊറാസിക് നഴ്സിങ്, ന്യൂറോസയൻസ് നഴ്സിങ് എന്നി കോഴ്സുകളാണ് ഉള്ളത്. ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം.
സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലൂടെ നഴ്സുമാരെ ഇൻപേഷന്റ്, ഔട്ട്‌പേഷന്റ് , ഐ സി യു തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള ബെഡ്‌സൈഡ് നഴ്സുമാരാക്കും. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്ലിനിക്കൽ എക്സ്പീരിയൻസിനും അവസരമുണ്ട്. ഇതിനായി ഒരു വർഷം ക്ലിനിക്കൽ മേഖലകളിൽ സ്റ്റൈപ്പന്റോടെ നിയമനം ലഭിക്കും. ഒരു വർഷം പൂർത്തിയാക്കിയാൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും നൽകും.
യോഗ്യതയും തെരഞ്ഞെടുപ്പ് ക്രമവും
കോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ജി എൻ എംഅല്ലെങ്കിൽ ബി.എസ് സി നഴ്സിങ് പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഇന്ത്യയിലെ അംഗീകൃത സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഉയർന്ന പ്രായ പരിധി 35 വയസ് ആണ്. പ്രത്യേക വിഭാഗങ്ങൾക്ക് (SC/ST, OBC, മുൻസൈനികർ) ഇളവുകൾ ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഡിസംബർ 22 ന് സ്ഥാപനത്തിൽ വെച്ചാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ 50 % മാർക്ക് ലഭിക്കുന്നവർക്ക് അടുത്ത അഭിമുഖത്തിനും പ്രാക്ടിക്കൽ പരീക്ഷയ്ക്കും ക്ഷണിക്കും. അതിനു ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.
ആദ്യ വർഷം 11,140 രൂപയും രണ്ടാം വർഷം (ഓപ്‌ഷണൽ) 13,350 രൂപയുമാണ് സ്റ്റൈപ്പന്റ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/ സന്ദർശിക്കുക.


by Midhun HP News | Nov 25, 2025 | Latest News, കേരളം
മലപ്പുറം: എസ്ഐആറിന്റെ ഫോം കളക്ഷന്‍ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് അശ്ലീല പ്രദര്‍ശനം നടത്തി ബിഎല്‍ഒ. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ് ഇങ്ങനെ നിലവിട്ട് പെരുമാറിയത്. ഫോം വിതരണത്തിനിടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളില്‍ പ്രകോപിതനായ വാസുദേവന്‍ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിഎല്‍ഒയ്‌ക്കെതിരെ നടപടി എടുത്തിരിക്കുകയാണ് ജില്ലാ കലക്ടര്‍. വാസുദേവനെ ബിഎല്‍ഒ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കി. തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പറഞ്ഞ കലക്ടര്‍, തുടക്കമെന്ന നിലയില്‍ വാസുദേവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പെട്ടെന്ന് ഉണ്ടായ പ്രകോപനത്തില്‍ ചെയ്ത് പോയതാണെന്നാണ് വാസുദേവന്റെ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
വ്യാഴാഴ്ചയാണ് സംഭവം. നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളില്‍ പ്രകോപിതനായ ബിഎല്‍ഒ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ത്രീകള്‍ തൊട്ട് അടുത്ത് നില്‍ക്കുമ്പോഴായിരുന്നു ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീകള്‍ മുഖം മാറ്റുന്നത് അടക്കം ദൃശ്യങ്ങളിലുണ്ട്. എസ്ഐആര്‍ ജോലിയുടെ ഭാഗമായി ബിഎല്‍ഒമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ ബിഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടായ മോശം പെരുമാറ്റം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.


by Midhun HP News | Nov 25, 2025 | Latest News, കേരളം
തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിനുള്ളില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില്‍ വെച്ച് അറ്റുപോയത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മിനി ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേര്‍ന്ന് പോവുന്നതിന്റെയും കൈവരിയില്‍ തട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ സുജിന്റെ കൈ കൈവരിയില്‍ പെടുകയായിരുന്നു.
പരിക്കേറ്റ സുജിനെ ഒരു ആംബുലന്‍സിലും കൈ മറ്റൊരു ആംബുലന്‍സിലുമായാണ് ആശുപത്രിയില്‍ എത്തിച്ചത്. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.


Recent Comments