ബണ്ടി ചോര്‍ കൊച്ചിയില്‍; റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയില്‍

ബണ്ടി ചോര്‍ കൊച്ചിയില്‍; റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയില്‍

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം.

ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. ധനികരുടെയും ഉന്നതരുടെയും വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കേരളത്തില്‍ പിടിയിലായതിന് പിന്നാലെ പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. മോഷണം നിര്‍ത്തും എന്ന് അന്ന് ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം യു പിയില്‍ നിന്നും സമാനമായ കേസില്‍ ഡല്‍ഹി പൊലീസ് ബണ്ടി ചോറിനെ പിടികൂടുകയും ചെയ്തിരുന്നു.

ഇന്നും മഴ തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും മഴ തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നും തുടരും. തെക്കന്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട്. ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെ്‌നനാണ് മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നലെ വൈകീട്ട് പെയ്ത കനത്തമഴയില്‍ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളെ സാരമായി ബാധിച്ചിരുന്നു. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപം കൊണ്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം കൊല്ലം ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല.

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; ബോര്‍ഡ് യോഗം ഇന്ന്

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കുന്നത് ആലോചിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തിങ്കളാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും. പൊലീസുമായി ആലോചിച്ച് കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.

പ്രസിഡന്റ് അറിയാതെ അജന്‍ഡ തീരുമാനിക്കില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തിരക്ക് നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാന്‍ പാടില്ല. സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു.

പൊലീസുമായി ആലോചിച്ച് കൂടുതല്‍ സൗകര്യമൊരുക്കും. വാജിവാഹനം തുടങ്ങി മുന്‍പുള്ള മറ്റു വിഷയങ്ങള്‍ അറിയില്ലെന്നും കെ ജയകുമാര്‍ പ്രതികരിച്ചു.

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 11,470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.

യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

പ്രഥമ വനിത ബ്ലൈന്‍ഡ് ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്

പ്രഥമ വനിത ബ്ലൈന്‍ഡ് ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്

കൊളംബോ: വനിത ബ്ലൈന്‍ഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യക്ക് കിരീടം. കൊളംബോയിലെ പി സാറ നോവലില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി ലക്ഷ്യത്തിലെത്തിലെത്തി. പുറത്താകാതെ 44 റണ്‍സ് നേടിയ പ്രാഹുല്‍ സരേന്‍ ആണ് ഇന്ത്യയുടെ വിജയശില്പി.

ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്. കര്‍ണാടകം സ്വദേശിയായ ദീപിക ടിസിയാണ് ഇന്ത്യന്‍ ടീമിന്റെ നായിക.

സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറുഭാഗത്ത് നേപ്പാളിനു പാകിസ്ഥാനായിരുന്നു എതിരാളികള്‍. ബ്ലൈന്‍ഡ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത് ഒരുതരം കിലുങ്ങുന്ന പ്ലാസ്റ്റിക് ബോളുകളാണ്. കളിക്കാരെ ബി 1 ബി 2 ബി 3 എന്ന മൂന്ന് ക്യാറ്റഗറികളിലാണ് തിരിച്ചിരിക്കുന്നത്. ആറ് ടീമുകളുള്ള ടൂര്‍ണമെന്റില്‍ റൗണ്ട് റോബിന്‍ രീതിയിലാണ് ആദ്യ റൗണ്ട് പൂര്‍ത്തിയാക്കുന്നത്. അഞ്ചു ജയങ്ങളോടെ സെമിയിലേക്ക് ആദ്യം യോഗ്യത നേടിയത് ഇന്ത്യയായിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 600 റണ്‍സിലധികം സ്‌കോര്‍ ചെയ്ത പാകിസ്ഥാന്റെ മെഹ്റീന്‍ അലിയാണ് ടൂര്‍ണമെന്റിലെ മികച്ച താരം.

യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവതിയുടെ കുളിമുറിദൃശ്യം ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ യൂബർ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. വെടിവച്ചാൻകോവിൽ മുടവൂർപ്പാറ തേരിവിള വീട്ടിൽ താമസിക്കുന്ന വിമലാഭവൻ ജിബിൻ (35) ആണ് അറസ്റ്റിലായത്.സംഭവം നവംബർ 16-നു രാത്രി പത്ത് മണിയോടെയായിരുന്നു. യുവതി പുറത്തുപോയ ശേഷം വീട്ടിലേയ്ക്ക് യൂബർ ആട്ടോറിക്ഷ വഴിയാണ് മടങ്ങിയത്. ആ യാത്രയുടെ ഡ്രൈവറായിരുന്നു ജിബിൻ. വീടിന് സമീപം ഇറങ്ങിയ യുവതി ഡ്രൈവറിന് പണം നൽകി വീട്ടിലേക്ക് നടന്നു.

അതിനുശേഷം യുവതിയെ ഒളിച്ചുപിന്തുടർന്ന ജിബിൻ മുറ്റത്ത് കയറി ഒളിച്ചിരിക്കുകയായിരുന്നു.സ്ത്രീ കുളിക്കാനായി ശുചിമുറിയിൽ കയറുന്നതിനിടെ ജിബിൻ ബാത്ത്‌റൂമിന്റെ വെൻറിലേഷനിലൂടെ മൊബൈൽ ഉപയോഗിച്ച് ദൃശ്യം പകർത്തി. തല തോർത്തുന്നതിനിടെ വെൻറിലേഷനിലൂടെ മൊബൈൽ ഫോണിനെയാണ് യുവതി ശ്രദ്ധിച്ചത്. അവർ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ജിബിനെ അറസ്റ്റ് ചെയ്തു.