by Midhun HP News | Nov 21, 2025 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ എ പത്മകുമാറിന് ഭരണപരമായ വീഴ്ച പറ്റിയെന്ന് സിപിഎം നേതാവ് പി ജയരാജന്. സ്വര്‍ണത്തെ ചെമ്പാക്കിയപ്പോള്‍ തിരുത്താന്‍ പത്മകുമാറിന് കഴിഞ്ഞില്ലെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ‘അവധാനത ഇല്ലായ്മ’ നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന് പറഞ്ഞു.
‘അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന് ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഒരാളെയും സംരക്ഷിക്കില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു , ആ നയം തുടരും’ – പി ജയരാജന് ഫെയസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ജയരാജന്റെ കുറിപ്പ്
പത്മകുമാറിന്റെ അറസ്റ്റും വസ്തുതയും
ശബരിമല സ്വര്‍ണ്ണക്കേസിനും രണ്ട് ഭാഗങ്ങള്‍ ഉണ്ട്. സ്വര്‍ണ്ണം പൂശി നല്‍കാമെന്ന് ഏറ്റ് സ്പോണ്‍സറെ പോലെ വന്ന് സ്വര്‍ണ്ണം മോഷ്ടിച്ച ഉണ്ണികൃഷ്ണന് പോറ്റിയും സംഘവും. സ്വര്‍ണ്ണം പൂശാന്‍ വിട്ടു നല്കുമ്പോള് ചട്ട പ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥ / ഭരണവിഭാഗം.
സ്വര്‍ണ്ണം വിട്ടുനല്‍കുമ്പോഴും, ഫയലുകളില്‍ രേഖപ്പെടുത്തലുകളിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘം.
ഇവരെ നയിക്കുന്നതില്‍ ഭരണപരമായ വീഴ്ച്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് നടന്നിരിക്കുന്നത്. ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് ‘കറക്റ്റ്’ ചെയ്യുന്ന തില്‍ പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും, പഴയ ദേവസ്വം കമ്മീഷണര്‍ക്കും വീഴ്ച്ച പറ്റി. ഇത് മോഷണത്തിലേക്ക് നയിച്ചു.


by Midhun HP News | Nov 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്വിഎന് ഭട്ടി, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേരളത്തില്‍ അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് ആണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ കുറച്ചുകൂടി കാത്തിരിക്കൂ എന്നായിരുന്നു കോടതി മറുപടി നല്‍കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ( എസ്ഐആര്‍ ) മാറ്റിവയ്ക്കണമെന്നാണ് കേരള സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഹാജരായി. കേരള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ എസ്ഐആര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്ഐആര്‍ പ്രക്രിയ മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് ഭരണപ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിനു പുറമെ, സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിപിഎമ്മിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാറും മുസ്ലിം ലീഗിനു വേണ്ടി ഹാരിസ് ബീരാനും സുപ്രീംകോടതിയില്‍ ഹാജരായി.


by Midhun HP News | Nov 21, 2025 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. നാളെയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ തിങ്കളാഴ്ചയോ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.
തല്‍ഫലമായി നവംബര്‍ 21,22,23 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നവംബര്‍ 21 മുതല്‍ 24 വരെ ഇടി മിന്നലിനും സാധ്യതയുണ്ട്.
22 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.


by Midhun HP News | Nov 21, 2025 | Latest News, കേരളം
ആലപ്പുഴ: ആശുപത്രി കിടക്കയില്‍ വച്ച് ആവണിയുടെ കഴുത്തില്‍ മിന്നുകെട്ടി ഷാരോണ്‍. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ തുമ്പോളിയിലെ വീട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. രാവിലെ മേക്ക് അപ്പ് ചെയ്യാനായി കുമരകത്തുപോകുന്നതിനിടെ ആവണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ യുവതിയെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിവാഹം നിശ്ചയിച്ച മൂഹൂര്‍ത്തത്തില്‍ തന്നെ നടക്കണമെന്നതിനാല്‍ വരന് ആശുപത്രിയിലെത്തി വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു ‘അപൂര്‍വ’ വിവാഹം നടന്നത്. താലി കെട്ടുന്നതിന് യുവതിയെ പരിചരിച്ച ഡോക്ടര്‍മാരും സാക്ഷികളായി. വരന് താലി കെട്ടിയ സമയത്ത് വിവാഹത്തിന് ക്ഷണിച്ചവര്‍ക്ക് തുമ്പോളിയിലെ വീട്ടില്‍ സദ്യയും നടന്നു.
ആവണിക്കു നട്ടെല്ലിനു പരിക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.


by Midhun HP News | Nov 21, 2025 | Latest News, കേരളം
തൃശൂര്‍: വാടകയ്ക്കു നല്കിയ കാര്‍ തിരികെ ചോദിച്ചതിന് ഉടമയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. രക്ഷപ്പെടാന്‍ കാറിന്റെ ബോണറ്റില്‍ പിടിച്ചുതുങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍ സോളമനുമായി കാര്‍ സഞ്ചരിച്ചത് അഞ്ച് കിലോമീറ്റര്‍ ദൂരം. വളരെ വേഗത്തില്‍ പാഞ്ഞ കാറില്‍നിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.
നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് കാര്‍ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തൃശൂര്‍ തിരൂര്‍ സ്വദേശി ബക്കറിനാണ് കാര്‍ വാടകയ്ക്കു നല്‍കിയത്. വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് ബക്കര്‍ സോളമനില്‍ നിന്ന കാര്‍ വാടകയ്ക്ക് എടുത്തത്. ഏറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ തിരികെ നല്കാന് തയ്യാറായില്ല. തുടര്‍ന്ന് സോളമന് ബിനാനിപുരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
കാറിന്റെ ജിപിഎസ് ലൊക്കേഷന്‍ നോക്കി അന്വേഷണം നടത്തുന്നതിനിടയില്‍ കാര്‍ എരുമപ്പെട്ടി വെള്ളറക്കാട് പ്രദേശത്ത് വെച്ച് കണ്ടെത്തി. സോളമന് വാഹനം തടഞ്ഞതിന് പിന്നാലെ ബക്കര്‍ ഉടനെ കാര്‍ മുന്നോട്ടെടുത്തു. ബോണറ്റിലേക്കു സോളമന് വീണിട്ടും ബക്കര്‍ കാര്‍ നിര്‍ത്തിയില്ല. സോളമനുമായി കാര്‍ അഞ്ച് കിലോമീറ്ററോളം ദൂരം സഞ്ചരിക്കുകയും ചെയ്തു സംഭവം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ബക്കറിനെ കസ്റ്റഡിയിലെടുത്തു.


by Midhun HP News | Nov 21, 2025 | Latest News, ദേശീയ വാർത്ത
സൂറത്ത്: ഗുജറാത്തില്‍ ബിഎല്‍ഒ ആയി ജോലി ചെയ്തിരുന്ന സ്കൂള്‍ അധ്യാപകന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്‍പതുകാരനായ രമേശ്ഭായ് പര്‍വാര്‍ ആണ് മരിച്ചത്. എസ്ഐആര്‍ നടപടിക്രമങ്ങളുമായുള്ള കടുത്ത ജോലി സമ്മര്‍ദമാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് സംഭവം.
ബുധനാഴ്ച രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പര്‍വാറിന് ഹൃദയാഘാതം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എസ്ഐആര്‍ ജോലിയുമായി ബന്ധപ്പെട്ടുണ്ടായ ജോലിസമ്മര്‍ദവും മാനസിക സമ്മര്‍ദവുമാണ് മരണത്തിന് ഇടയാക്കിയതെന്ന് പര്‍വാറിന്റെ സഹോദരന് പറഞ്ഞു. ‘ബിഎല്‍ഒയുടെ ജോലി പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി ഏഴരയോടെ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. കുളികഴിഞ്ഞ ശേഷം അതുസംബന്ധിച്ച മറ്റ് ജോലികള്‍ ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ മൊബൈല്‍ നെറ്റ്വര്ക്കിന് പ്രശ്നമുള്ളതിനാല്‍, ജോലി പൂര്‍ത്തിയാക്കാന്‍ രാത്രി വീട്ടിലേക്ക് വന്നു. രാത്രി 11.30 വരെ ജോലി ചെയ്ത ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന അദ്ദേഹം രാവിലെ എഴുന്നേല്ക്കാതിരുന്നപ്പോള് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു, അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. അമിതമായ തൊഴില്‍ സമ്മര്‍ദ്ദമാണ് ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമായത്,’ സഹോദരന് പറഞ്ഞു.
ബിഎല്‍ഒയുമായി ബന്ധപ്പെട്ട ജോലികള്‍ കാരണം തന്റെ പിതാവ് കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് മകള്‍ ശില്പയും ആരോപിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി ഭാരം താങ്ങാവുന്നതിലപ്പുറമാണെന്നാണ് ബിഎല്‍ഒമാര്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ബിഎല്‍ഒമാര്‍ ജീവനൊടുക്കി.


Recent Comments