ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഷിംജിതയെ കോടതിയില്‍ ഹാജരാക്കും. മഫ്തിയിലാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ഷിംജിതയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു. അതിനിടെ യുവതി മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചു.

സംഭവത്തില്‍ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കല്‍ കോളജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതിനിടെ യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. എന്നാല്‍ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. യുവതി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി നിവേദനം നൽകി

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി നിവേദനം നൽകി

ആറ്റിങ്ങൽ കൊല്ലമ്പുഴ ചിൽഡ്രൻസ് പാർക്കിലെ ഉപകരണങ്ങളുടെ ശോചനീയാവസ്‌ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും, കുട്ടികൾക്ക് വേണ്ടി പുതിയ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും, പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓപ്പൺ ജിം പാർക്കിൽ സ്ഥാപിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപിന് നിവേദനം നൽകി.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി സുഖിൽ, വെസ്റ്റ് മേഖല സെക്രട്ടറി വിനീഷ് രവീന്ദ്രൻ, മേഖല ട്രഷറർ വി.എസ്.നിതിൻ തുടങ്ങിയവർ പങ്കെടുത്തു.

അബുദാബിയിൽ ഉയരും ‘ഇന്ത്യയുടെ വീട് ’; തീരുമാനം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദർശനത്തിൽ

അബുദാബിയിൽ ഉയരും ‘ഇന്ത്യയുടെ വീട് ’; തീരുമാനം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദർശനത്തിൽ

അബുദാബി: ഇന്ത്യ– യുഎഇ തമ്മിലുള്ള സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താൻ അബുദാബിയിൽ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായി ഇത്. ഇന്ത്യൻ സംസ്കാരം, കല, സാഹിത്യം, പൈതൃകം എന്നിവ യുഎഇയിലെ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പരിചയപ്പെടുത്തുക എന്നതാണ് സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെ അടയാളമായിരിക്കും ഈ കേന്ദ്രം. ലൂവ്ര് അബുദാബി പോലുള്ള ലോകോത്തര മ്യൂസിയങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ തന്നെ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കാൻ അനുവദിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന ഗാലറികൾ, ക്ലാസിക്കൽ നൃത്തങ്ങൾ, സംഗീത പരിപാടികൾ, യോഗ സെഷനുകൾ തുടങ്ങി സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, ഇന്ത്യൻ സാഹിത്യത്തെയും ഭാഷകളെയും കുറിച്ചുള്ള പുസ്തകങ്ങൾ ലഭ്യമാകുന്ന ഗവേഷണ കേന്ദ്രം, ഇന്ത്യൻ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാവുന്ന കഫേകളും ഭക്ഷണശാലകളും തുടങ്ങി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാകും ഈ കേന്ദ്രം.

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

കൊച്ചി: നടൻ കമൽ റോയ് അന്തരിച്ചു. നടിമാരായ ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ്. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യുവജനോത്സവം എന്ന സിനിമയിൽ ഇന്നുമെന്റെ കണ്ണുനീരിൽ എന്ന് തുടങ്ങുന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നതും കമൽ ആണ്.

വിനയൻ സംവിധാനം ചെയ്ത കല്യാണസൗ​ഗന്ധികം എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നടി വിനയ പ്രസാദ് അഭിനയിച്ച ശാരദ എന്ന പരമ്പരയിൽ കമൽ റോയ് ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്.

ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. സംവിധായകൻ വിനയൻ കമലിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

വിനയന്റെ കുറിപ്പ്

നടൻ കമൽ റോയ് അന്തരിച്ചു..ആദരാഞ്ജലികൾ

“കല്യാണ സൗഗന്ധികം”എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു.. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ.. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു…

ആറ്റിങ്ങൽ കരിച്ചിൽ പാടിക്കവിളാകം ബാലഭദ്രാദേവി ക്ഷേത്രത്തിലെ സപ്തദിനം തിരുഃ ഉത്സവം ജനുവരി 22ന് ആരംഭിക്കും

ആറ്റിങ്ങൽ കരിച്ചിൽ പാടിക്കവിളാകം ബാലഭദ്രാദേവി ക്ഷേത്രത്തിലെ സപ്തദിനം തിരുഃ ഉത്സവം ജനുവരി 22ന് ആരംഭിക്കും

ആറ്റിങ്ങൽ കരിച്ചിൽ പാടിക്കവിളകം ബാലഭദ്രാദേവി ക്ഷേത്രത്തിലെ സപ്തദിനം തിരുഃ ഉത്സവം ജനുവരി 22ന് ആരംഭിച്ച് വിവിധ പൂജകളോടും കലാപരിപാടികളോടും കൂടി ജനുവരി 28ന് സമാപിക്കും.

ഒന്നാം ദിവസം ജനുവരി 22ന് രാത്രി 7. 30ന് ഫ്യൂഷൻ തിരുവാതിര, രണ്ടാം ദിവസം വൈകുന്നേരം 6. 45 മുതൽ ബാലഭദ്ര ഭജൻസ്, മൂന്നാം ദിവസം 6.45നു നടക്കുന്ന അവാർഡ് സന്ധ്യ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. 4ആം ദിവസം രാവിലെ 9 മണിക്ക് സമൂഹ പൊങ്കാല ഉണ്ടായിരിക്കും.

അഞ്ചാം ദിവസം ഉച്ചയ്ക്ക് 11 മണി മുതൽ അന്നദാന സദ്യയും ഉണ്ടായിരിക്കും.
ആറാം ദിവസം രാത്രി 9. 30ന് സൂപ്പർ ഹിറ്റ് ഡാൻസ് ശ്രീകൃഷ്ണ ഭാരതം, ഏഴാം ദിവസം വൈകുന്നേരം 6. 30 മുതൽ ക്ഷേത്രസന്നിധിയിൽ കരോക്കെ ഗാനമേള,
വൈകുന്നേരം അഞ്ചുമണി മുതൽ താലപ്പൊലി, കുത്തിയോട്ട ഘോഷയാത്രയും, രാത്രി 9. 30ന് നാടകം ‘താഴ്വാരം’ അരങ്ങേറും.

ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ

ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ടിക്കറ്റ് പ്രകാശനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുക്കും.

മത്സരത്തിന് ഇനി 10 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റ് വിൽപ്പന കേരളാ ക്രിക്കറ്റ് അസോസിയേഷൻ വൈകിപ്പിക്കുന്നു എന്ന വിമർശനം കായികപ്രേമികൾ നേരത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സി എ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടത്. നിലവിലെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചിട്ടുണ്ട്. കാര്യവട്ടത്ത് സഞ്ജു കളിക്കാനിറങ്ങുമോ എന്നാണ് കായികപ്രേമികളുടെ ആകാംക്ഷ.

മുൻപ് ഇതേ ഗ്രൗണ്ടിൽ നടന്ന ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിന് സമാനമായ തുക ആകും ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ. 2023-ലാണ് തിരുവനന്തപുരത്ത് അവസാനമായി പുരുഷ അന്താരാഷ്ട്ര മത്സരം നടന്നത്. ഇന്ത്യ – ഓസ്ട്രേലിയ ടി20 മത്സരമാണ് അന്ന് നടന്നത്. ഈ മത്സരത്തിന്‍റെ ടിക്കറ്റിനുള്ള വില 750 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു.