by Midhun HP News | Nov 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ പുനഃസ്ഥാപിച്ചു. സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി ഈ സേവനം ലഭിച്ചിരുന്നില്ല. വെബ്‌സൈറ്റിലെ വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍ (voters services) എന്ന ഭാഗത്ത് search voter ഭാഗത്ത് തിരഞ്ഞാല്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാം.
ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും വോട്ടര്‍ പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/list, https://www.sec.kerala.gov.in/voter/search/choose എന്നീ വെബ്‌സൈറ്റുകളില്‍ കയറി വോട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്.
അതേസമയം, പല തദ്ദേശസ്ഥാപനങ്ങളിലും സപ്ലിമെന്ററി വോട്ടര്‍പട്ടിക പൂര്‍ണതോതില്‍ പ്രസിദ്ധീകരിക്കാന്‍ വൈകിയതോടെ സ്ഥാനാര്‍ഥികളാകാനുള്ളവരുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് നീളുകയാണ്.
രണ്ട് ഘട്ടമായാണ് ഇത്തവണ വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9നും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11നുമാണ് വോട്ടെടുപ്പ്. 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 13ന്.


by Midhun HP News | Nov 19, 2025 | Latest News, കേരളം
കൊച്ചി: ശബരിമലയില്‍ ഇന്നലെയുണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പറഞ്ഞതൊന്നും നടന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്തരം വീഴ്ചകളുണ്ടാകുന്നതെന്നും കോടതി ആരാഞ്ഞു.
ഓരോ പ്രദേശങ്ങളെയും സെക്ടറുകളായി തിരിച്ച് പരമാവധി എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് കണക്കാക്കി ശാസ്ത്രീയ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകേണ്ടത്. എന്തുകൊണ്ടാണ് നാലായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്ത് 20,000 പേരെ തിരികി കയറ്റാന്‍ ശ്രമിക്കുന്നത്?. സന്നിധാനത്ത് എത്രപേരെ ഉള്‍ക്കൊള്ളാനാകുമെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ വ്യക്തത വരുത്തണം. അതിന്റെ അടിസ്ഥാനത്തിലാകണം ആളുകളെ കയറ്റി വിടേണ്ടത്.
ആളുകളെ തിക്കിത്തിരക്കി എന്തിനാണ് ഭക്തരെ ഇങ്ങനെ കയറ്റി വിടുന്നതെന്ന് കോടതി ചോദിച്ചു. പരമാവധി ആളുകളെ കയറ്റി വിട്ടിട്ട് എന്താണ് കാര്യം. കുട്ടികളും പ്രായമായവരും വരെ ഇതുമൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. സ്ഥലപരിമിതി ഒരു യാഥാര്‍ത്ഥ്യമാണ്. അതുള്‍ക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പൊലീസിനെക്കൊണ്ടു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശബരിമല മുന്നൊരുക്കളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസമായി കൂടിയാലോചനകള്‍ നടക്കുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഏകോപനം ഇല്ലാതെ പോയി എന്നതിന് തെളിവാണ് ഇന്നലെയുണ്ടായ വന്‍ തിരക്ക്. മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങേണ്ട ഏകോപനം അവസാന നാളുകളില്‍ തുടങ്ങിയതാണ് ഈ വീഴ്ചയ്ക്ക് കാരണം. തോന്നിയപോലെ ആളുകളെ കയറ്റുന്നത് തെറ്റായ സമീപനമാണെന്നും കോടതി വിമര്‍ശിച്ചു.


by Midhun HP News | Nov 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയിലെ ആദ്യബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയില്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടക്കത്തില്‍ നൂറ് കിലോമീറ്റര്‍ ദുരം മാത്രമാണ് സര്‍വീസ് നടത്തുക. അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ അഹമ്മദാബാദ് മുതല്‍ മുംബൈ വരെ ബുള്ളറ്റ് ട്രെയിന്റെ ദൂരം 508 കിലോമീറ്റര്‍ ആകുമെന്ന് മന്ത്രി പറഞ്ഞു.
‘ഹൈ-സ്പീഡ് റെയില്‍ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള ദൂരം വെറും 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ പിന്നിടും. 2027 ഓഗസ്റ്റില്‍ നടക്കുന്ന ഉദ്ഘാടന ഓട്ടം സൂറത്തിനും വാപിക്കും ഇടയില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കും.’ അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിനുകള്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ഓടും, നാല് സ്റ്റോപ്പുകളുള്ള റൂട്ട് 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പന്ത്രണ്ട് സ്റ്റേഷനുകളില്‍ നിര്‍ത്തിയാണ് സഞ്ചാരമെങ്കില്‍ യാത്രാസമയം രണ്ട് മണിക്കൂര്‍ പതിനേഴ് മിനിറ്റ് വേണ്ടിവരും. 2029 ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്നും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ട്രെയിനാണോ ജപ്പാന്‍ നിര്‍മിത ട്രെയിന്‍ ആണോ ഉദ്ഘാടന സര്‍വീസ് നടത്തുകയെന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.


by Midhun HP News | Nov 19, 2025 | Latest News, ദേശീയ വാർത്ത
വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ കൈമാറാനാകില്ലെന്ന് ഇന്ത്യ. ഇക്കാര്യം ബംഗ്ലാദേശിനെ നയതന്ത്ര ചാനൽ വഴി അറിയിക്കും. ബംഗ്ലാദേശ് സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഷെയ്ക്ക് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
ബംഗ്ലാദേശിൽ മൂഹമ്മദ് യൂനൂസ് ഉറപ്പുനൽകിയ തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്ത്യ നിരീക്ഷിക്കും. ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂവെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്. ഷെയ്ക്ക് ഹസീനക്ക് വധശിക്ഷ വിധിച്ചതിന് ശേഷമുള്ള നീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഷെയ്ക്ക് ഹസീനയുടെ അനുയായികൾ പലയിടങ്ങളിലും പ്രതിഷേധിക്കുന്നുണ്ട്. ഇത് വീണ്ടും കലാപത്തിലേക്ക് നീങ്ങുമോയെന്നാണ് ആശങ്ക.


by Midhun HP News | Nov 19, 2025 | Latest News, ജില്ലാ വാർത്ത
കേന്ദ്ര സർക്കാരിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) എംടിഎസ് റിക്രൂട്ട്മെന്റ് 2025 (IB MTS Recruitment 2025) വിജ്ഞാപനം പുറത്തിറക്കി. മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്തികയിൽ 362 ഒഴിവുകൾ ആണ് ഉള്ളത്. തിരുവനന്തപുരത്തും ഒഴിവുകൾ ഉണ്ട്. അപേക്ഷകൾ നവംബർ 22 മുതൽ 14 ഡിസംബർ വരെ നൽകാം.
വിദ്യാഭ്യാസ യോഗ്യത & പ്രായം
മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികയിലേക്ക് അപേക്ഷിക്കാൻ അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസായതോ) തത്തുല്യമായ യോഗ്യത.
അപേക്ഷകന്റെ പ്രായം 18 നും 25 നും ഇടയിൽ ആയിരിക്കണം. വിവിധ സംവരണ വിഭാഗങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റ് നിയമങ്ങൾ അനുസരിച്ച് വയസ്സിളവ് ലഭിക്കും.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (CPC) പേ മാട്രിക്സിന്റെ ലെവൽ-1 ന് കീഴിലുള്ള ഈ തസ്തിക വരുന്നത് 18,000–₹56,900 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.
ടയർ 1: കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT)
മോഡ്: ഓൺലൈൻ (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്)
ആകെ മാർക്ക്: 100
ആകെ ചോദ്യങ്ങൾ: 100 (ഓരോന്നിനും 1 മാർക്ക്)
ദൈർഘ്യം: 1 മണിക്കൂർ
നെഗറ്റീവ് മാർക്ക്: ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാർക്ക് (0.25) നെഗറ്റീവ് മാർക്ക്.
വിഷയങ്ങൾ: പൊതു അവബോധം (40 ചോദ്യങ്ങൾ),ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (20 ചോദ്യങ്ങൾ),സംഖ്യാ/വിശകലന/ലോജിക്കൽ എബിലിറ്റി & റീസണിംഗ് (20 ചോദ്യങ്ങൾ),ഇംഗ്ലീഷ് ഭാഷ (20 ചോദ്യങ്ങൾ).
ടയർ 2: വിവരണാത്മക പരീക്ഷ
ഇംഗ്ലീഷ് ഭാഷയിലുള്ള നിങ്ങളുടെ അടിസ്ഥാന പ്രാവീണ്യം പരിശോധിക്കുക എന്നതാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം, കൂടാതെ യോഗ്യത നേടുന്നതിനുള്ള സ്വഭാവം മാത്രമേയുള്ളൂ.
മോഡ്: വിവരണാത്മക, ഓഫ്‌ലൈൻ പരീക്ഷ
ആകെ മാർക്ക്: 50
ദൈർഘ്യം: 1 മണിക്കൂർ
ഉള്ളടക്കം: ഇംഗ്ലീഷ് ഭാഷയും ഗ്രാഹ്യവും ഈ പരീക്ഷയിൽ ഉൾപ്പെടും. ഇംഗ്ലീഷിന്റെ അടിസ്ഥാനകാര്യങ്ങൾ, പദാവലി, ശരിയായ വ്യാകരണം, വാക്യഘടന, പര്യായപദങ്ങൾ, വിപരീതപദങ്ങൾ, ഒരു ഖണ്ഡിക എഴുതാനുള്ള നിങ്ങളുടെ കഴിവ് (ഏകദേശം 150 വാക്കുകൾ) എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ കഴിവ് ഈ ടെസ്റ്റിലൂടെ വിലയിരുത്തും.
യോഗ്യതാ മാർക്കുകൾ: യോഗ്യത നേടുന്നതിന് നിങ്ങൾ 50 ൽ 20 മാർക്കെങ്കിലും നേടണം.
ടയർ-II വിവരണാത്മക പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ടയർ-I പരീക്ഷയിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനമാക്കി അന്തിമ ലിസ്റ്റ് തയ്യാറാക്കും. അപേക്ഷ ഫീസ്,മറ്റു വിവരങ്ങൾ എന്നിവയ്ക്കായി https://www.mha.gov.in/en സന്ദർശിക്കുക
by Midhun HP News | Nov 19, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തു വെച്ചാണ് അപകടമുണ്ടായത്.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തടിയമ്പാട് സ്വദേശിയായ ഹെയ്‌സല്‍ ബെന്‍ ബസില്‍ സ്‌കൂളിലെത്തി. ബസില്‍ നിന്നും ഇറങ്ങി ക്ലാസിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. തൊട്ടു പിന്നിലുണ്ടായിരുന്ന ബസ് കുട്ടിയെ കാണാതെ മുന്നിലേക്ക് എടുത്തു. ഇടിയേറ്റു താഴെ വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്‌സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.


Recent Comments