എസ്‌ഐആറിനെച്ചൊല്ലി ഉത്കണ്ഠ: വയോധിക തീ കൊളുത്തി ജീവനൊടുക്കി

എസ്‌ഐആറിനെച്ചൊല്ലി ഉത്കണ്ഠ: വയോധിക തീ കൊളുത്തി ജീവനൊടുക്കി

കൊല്‍ക്കത്ത: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തെച്ചൊല്ലിയുള്ള ( എസ്‌ഐആര്‍ ) ഉത്കണ്ഠയെത്തുടര്‍ന്ന് വൃദ്ധ തീകൊളുത്തി മരിച്ചു. കൊല്‍ക്കത്തയിലെ കുഡ്ഘട്ട് നിവാസിയായ ജമുന മൊണ്ഡല്‍ എന്ന 67 കാരിയാണ് മരിച്ചത്. എസ്‌ഐആര്‍ പ്രക്രിയ ആരംഭിച്ചതോടെ, വയോധിക കടുത്ത ആശങ്കാകുലയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

മരിച്ച വൃദ്ധയ്ക്ക് എന്യൂമറേഷന്‍ ഫോം ലഭിച്ചിരുന്നില്ല. ഇതും ഉത്കണ്ഠയ്ക്ക് കാരണമായി. ദക്ഷിണ കൊല്‍ക്കത്തയിലെ 114-ാം വാര്‍ഡില്‍ ദീര്‍ഘകാലമായി താമസിച്ചു വന്നിരുന്ന ആളാണ് ജമുന മൊണ്ഡല്‍. ആശങ്കയ്‌ക്കൊടുവില്‍ സ്വന്തം വീട്ടില്‍ വെച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട ആശങ്കയെത്തുടര്‍ന്ന് ബംഗാളില്‍ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബംഗാളിലെ സൗത്ത് ഡംഡം മുനിസിപ്പാലിറ്റിയിലെ ആര്‍ എന്‍ ഗുഹ റോഡ് നിവാസിയായ ബൈദ്യനാഥ് ഹസ്ര എന്ന 47 കാരന്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട ആശങ്ക മൂലം തൂങ്ങിമരിച്ചിരുന്നു. ഡ്രൈവറായിരുന്നു. 2002 ലെ വോട്ടര്‍ പട്ടികയില്‍ ഇയാളുടെ പേര് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാളുടെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കള്‍ മരിച്ചിരുന്നു. പഴയ രേഖകളും കൈവശമുണ്ടായിരുന്നില്ല. അതുമൂലം എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു ബൈദ്യനാഥെന്ന് ബരാക്പൂര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നെടുമങ്ങാട് വിവാഹമോചന ഒത്തുതീർപ്പിനായി നല്‍കിയ പണം തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍

നെടുമങ്ങാട് വിവാഹമോചന ഒത്തുതീർപ്പിനായി നല്‍കിയ പണം തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍

നെടുമങ്ങാട് വിവാഹമോചന ഒത്തുതീർപ്പിനായി നല്‍കിയ പണം തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍.

അഭിഭാഷക സുലൈഖ, സുഹൃത്ത് അരുണ്‍ ദേവ് എന്നിവരെയാണ് 40 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ് ചെയ്തത്. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. അഭിഭാഷകയ്‌ക്കെതിരെ നിരവധി സാമ്ബത്തിക തട്ടിപ്പ് കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് രഹിത ഭാരതം ക്യാമ്പയിനിൽ പങ്കെടുത്ത് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം

മയക്കുമരുന്ന് രഹിത ഭാരതം ക്യാമ്പയിനിൽ പങ്കെടുത്ത് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം

ആറ്റിങ്ങൽ: നഷാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിൻ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. രാജ്യത്തെ യുവാക്കളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരിയുടെ ഉപയോഗത്തിന് തടയിടുന്നതിൻ്റെ ഭാഗമായാണ് പ്രാദേശിക തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.

ഏതൊരു രാജ്യത്തിൻ്റെയും ഊർജ്ജവും, ശക്തിയും യുവത്വമാണെന്ന തിരിച്ചറിവ് പുതിയ തലമുറയ്ക്ക് അന്യമാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. നഗരസഭാങ്കണത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിഭാഗം ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ അധ്യക്ഷനായി.

ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ. ആരീഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ക്യാമ്പയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ നഗരത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ ക്യാമ്പയിനുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ആറ്റിങ്ങൽ നഗരസഭ.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ ഡ്രൈവർ

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ ഡ്രൈവർ

തിരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ ഡ്രൈവർ. കഴിഞ്ഞ ശനിയാഴ്ച പേരൂർകടയ്ക്കും വഴയിലയ്ക്കും ഇടയിലാണ് സംഭവം നടന്നത്. അബോധാവസ്ഥയിലായ കൃഷ്ണകുമാർ എന്ന രോഗിയുമായി വട്ടപ്പാറ എസ്‍യുടി ആശുപത്രിയിൽ നിന്ന് പോയ ആംബുലൻസിന് മുന്നിലാണ് തടസ്സമുണ്ടാക്കിയത്.

ശനിയാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. തിരുവനന്തപുരം എസ്കെ ആശുപത്രിയിലേക്ക് ഡയാലിസിസിനായാണ് രോഗിയുമായി ആംബുലൻസ് പുറപ്പെട്ടത്. ഏറെ നേരം മാർഗ തടസ്സമുണ്ടാക്കിയാണ് കാർ ആംബുലൻസിനെ പോകാൻ അനുവദിച്ചത്. ഹോണ്‍ പലതവണ അടിച്ചിട്ടും കാർ വഴിമാറി കൊടുത്തില്ല. ആംബുലൻസ് അധികൃതർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തൽ നാട്ടൽ കർമ്മം നടന്നു

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തൽ നാട്ടൽ കർമ്മം നടന്നു

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവം: 25, 26, 27, 28, 29 തീയതികളിലായി ആറ്റിങ്ങൽ ഗവ: ബോയ്സ്, ഗവ: ഗേൾസ്, ഡയറ്റ്, ഠൗൺ യു.പി.എസ്, സ്കൗട്ട് ഹാൾ എന്നിവിടങ്ങളിലായി നടക്കും.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പതിനായിരക്കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന ഈ മേളയുടെ പന്തൽ നാട്ടൽ കർമ്മം ഇന്ന് ആറ്റിങ്ങൾ ബോയ്സ് സ്കൂളിൽ വച്ച് ആറ്റിങ്ങൽ ഡി.ഇ.ഒ. ബിജു നിർവ്വഹിച്ചു. ഈ ചടങ്ങിൽ വിവിധ സബ് കമ്മറ്റി കൺവീനർമാരായ എൻ. സാബു, വി സി അഖിലേഷ്, ദിനേഷ് കുമാർ .കെ, സുഖീന്ദ്രൻ, റഫീക്ക്, ബിജു, നജീബ്, സജ്ഞീവ്, എന്നിവരും ആറ്റിങ്ങൽ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ജവാദ്, വൊക്കേഷണൽ ഹയർ സെക്കൻററി പ്രിൻസിപ്പൽ ഹസീന, ഹെഡ്മാസ്റ്റർ അനിൽ കുമാർ, ബി.പി.സി. വിനു എന്നിവർ പങ്കെടുത്തു.

ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഡല്‍ഹി ഭീകരന്റെ വീഡിയോ

ഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്. ചാവേര്‍ ആക്രമണത്തെ ഉമര്‍ നബി വീഡിയോയില്‍ ന്യായീകരിക്കുന്നുണ്ട്. ടെലിഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറായ ഉമർ ഉൻ നബിയാണ് ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായതെന്ന് സ്ഥിരീകരിച്ചിരുന്നു.

ചാവേര്‍ ബോംബാക്രമണം വളരെ തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. എന്നാല്‍ ചാവേര്‍ ബോംബിങ്ങ് എന്നത് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിലെ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ നബി വീഡിയോയില്‍ പറയുന്നു. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്തും സമയത്തും മരിക്കുമെന്ന് നിശ്ചയിക്കുന്ന ഒന്നാണ് ‘രക്തസാക്ഷിത്വ’ ഓപ്പറേഷന്‍ എന്നും ഉമര്‍ നബി വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഇസ്ലാമില്‍ ആത്മഹത്യ നിഷിദ്ധമാണ്. എന്നാല്‍ ചാവേര്‍ ബോംബാക്രമണം ‘രക്തസാക്ഷിത്വം’ വരിക്കലാണ്. മരണത്തെ ഭയപ്പെടരുത് എന്നും ഉമര്‍ നബി പറയുന്നു. ആര്‍ക്കും എപ്പോള്‍ അല്ലെങ്കില്‍ എവിടെ മരിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. അത് വിധി അനുസരിച്ച് സംഭവിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ രക്തസാക്ഷിത്വം വരിക്കല്‍ സാധാരണ മരണത്തില്‍ നിന്നും വേറിട്ടുള്ള പ്രവൃത്തിയാണെന്നും ഉമര്‍ നബി കൂട്ടിച്ചേര്‍ക്കുന്നു.

നല്ല ഇംഗ്ലീഷ് ഉച്ചാരണത്തില്‍ സംസാരിക്കുന്ന വീഡിയോയില്‍ നിന്നും, ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി ചാവേര്‍ ബോംബാക്രമണം, ‘രക്തസാക്ഷിത്വം’ തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഡല്‍ഹി കാര്‍ സ്‌ഫോടനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതാണെന്നും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന നിഗമനങ്ങളെ നിരാകരിക്കുന്നുവെന്നും വീഡിയോ സന്ദേശം വ്യക്തമാക്കുന്നു. വീഡിയോ ആര്‍ക്കൊക്കെ അയച്ചു, അതിന്റെ കാലപ്പഴക്കം തുടങ്ങിയവയെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഫരീദാബാദിലെ വൈറ്റ് കോളര്‍ മൊഡ്യൂളിലെ പ്രധാനിയാണ് ഡോക്ടര്‍ ഉമര്‍ നബിയെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഭീകരസംഘടനയിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബ്രെയിന്‍വാഷ് ചെയ്യാനും എടുത്ത വീഡിയോ ആണിതെന്നാണ് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഡല്‍ഹി സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.