by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ അധ്യാപകന്‍ 25 വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. കരമനയില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ നിറമണ്‍കര സ്വദേശി മുത്തു കുമാര്‍ ആണ് പിടിയിലായത്. 2000-ല്‍ നടന്ന കേസില്‍ പ്രതിയായ മുത്തു കുമാര്‍, ചെന്നൈയില്‍ ‘സാം’ എന്ന പേരില്‍ പാസ്റ്ററായി ജീവിച്ചു വരികയായിരുന്നു.
ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന മുത്തുകുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുത്തുകുമാറിന്റെ വീട്ടില്‍ കണ്ടെത്തുന്നത്. വീട്ടുകാര്‍ എത്തുമ്പോള്‍ ഭക്ഷണം വാങ്ങിക്കാന്‍ പുറത്തുപോയ മുത്തുകുമാറിനെ, നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നത്.
പിന്നീട് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയി. വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന പ്രതി ഒടുവില്‍ ചെന്നൈ അയണവാരം എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. ചെന്നൈയില്‍ വെച്ച് മതം മാറിയ പ്രതി സാം എന്ന പേരില്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു. രണ്ടു വിവാഹവും കഴിച്ചിരുന്നു. പിടിയിലാകാതിരിക്കാനായി മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഫോണ്‍ കോള്‍ ആണ് കേസില്‍ നിര്‍ണായകമായി മാറിയത്.
പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍ നിന്നാണ് മുത്തുകുമാര്‍ ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള 150ല്‍പരം മൊബൈല്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ഡല്‍ഹി: ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ദേശം ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിഎംഎല്‍എ , യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങള്‍ പ്രകാരം ഉണ്ടാകുന്ന കേസുകള്‍ക്ക് മാത്രമല്ല, ഐപിസി/ബിഎന്‍എസ് പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അറസ്റ്റിന്റെ കാരണം രേഖാമൂലം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
എന്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു എന്നത് തിരിച്ചറിയേണ്ടത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം പൗരാവകാശമാണ്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. രേഖാമൂലമുള്ള കാരണങ്ങള്‍ ഉടനടി നല്‍കാന്‍ കഴിയാത്ത ചില അസാധാരണ സാഹചര്യങ്ങളില്‍, എന്തിനാണ് നടപടിയെന്ന് കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞ് മനസിലാക്കണം. അത്തരം കേസുകളില്‍ പോലും രേഖാമൂലമുള്ള വിശദീകരണം വൈകരുത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും കാരണം പ്രതിക്ക് രേഖാമൂലം വിശദീകരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഒരാളെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിച്ചില്ലെങ്കില്‍, അത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും, അതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലായി മാറും. ഇത്തരം സാഹചര്യങ്ങളില്‍ അറസ്റ്റ് നിയമവിരുദ്ധമാക്കപ്പെടും. ഒരു വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിക്കേണ്ടത് ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം സംസ്ഥാനത്തിന്റെ നിര്‍ബന്ധിതമായ കടമയാണെന്നും ബെഞ്ച് വിലയിരുത്തി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി.
2024ല്‍ മുംബൈയില്‍ നടന്ന വോര്‍ളി ബിഎംഡബ്ല്യു അപകടവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. അറസ്റ്റിന് രേഖാമൂലമുള്ള കാരണങ്ങള്‍ നല്‍കാത്തത് ആര്‍ട്ടിക്കിള്‍ 22(1)ന്റെ ലംഘനമാണെന്നും, ഇത്തരത്തിലുള്ള നടപടി അറസ്റ്റിനെ നിയമ വിരുദ്ധമാക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിക്ക് മുന്നില്‍ അപ്പീലുകള്‍ എത്തിയത്.


by Midhun HP News | Nov 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയുടെ ദേശീയ ഗീതം ‘വന്ദേമാതര’ത്തിന് 150 വയസ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തുടക്കമിടുന്നത്. രാജ്യത്തെ 150 കേന്ദ്രങ്ങളില്‍ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമിടുന്നത്. കാര്‍ഗില്‍ യുദ്ധ സ്മാരകം മുതല്‍ ആന്‍ഡമാന്‍-നിക്കോബാര്‍ സെല്ലുലാര്‍ ജയില്‍ ഉള്‍പ്പെടെ ഇന്ന് വന്ദേ മാതര ആലാപന വേദിയായി മാറും. പ്രധാമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ ഔദ്യോഗകമായി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ ദേശീയ ഗീതത്തെ കുറിച്ചുള്ള 10 പ്രധാന വിവരങ്ങള്‍
ബംഗാളി കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം എഴുതിയത്. 1875 നവംബര്‍ 7 ന് ബംഗദര്‍ശന്‍ എന്ന സാഹിത്യ ജേണലിലാണ് ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്.
1905 ഒക്ടോബറില്‍ ആണ് വന്ദേമാതരം എന്ന ഗീതത്തിന് രാഷ്ട്രീയ മാനം കൈവരുന്നത്. മാതൃരാജ്യത്തോടുള്ള സ്‌നേഹം അഭിനിവേശമായും പ്രോത്സാഹിപ്പിക്കുന്നതിനായി വടക്കന്‍ കല്‍ക്കട്ടയില്‍ ആണ് ഗാനം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.
സ്വാതന്ത്ര്യ സമര കാലത്ത് വന്ദേമാതരം എന്ന ഗീതം വലിയ പ്രചാരം നേടുകയും, ഗാനം എന്നതിന് അപ്പുറത്തേക്ക് മുദ്രാവാക്യമായി വളരുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണകൂടം ഗാനത്തിന്റെ വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തുടങ്ങി.
1905 നവംബറില്‍, വന്ദേമാതരം ചൊല്ലിയതിന് ബംഗാളിലെ രംഗ്പൂരിലുള്ള ഒരു സ്‌കൂളിലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് 5 രൂപ പിഴ ചുമത്തുന്ന സംഭവവും ഉണ്ടായി. വന്ദേമാതരം ചൊല്ലുന്നത് തടയാന്‍ പ്രത്യേക സംഘങ്ങളെയും ബ്രിട്ടീഷ് ഭരണകൂടം നിയോഗിച്ചു.
സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലിയയില്‍ 1906 നവംബറില്‍ നടന്ന വന്‍ പൊതുയോഗത്തില്‍ വന്ദേ മാതരം ആലപിക്കപ്പെട്ടു.
1907-ല്‍, ബെര്‍ലിനിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ഭികാജി കാമ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ പതാകയില്‍ വന്ദേമാതരം എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ സംഭവമായിരുന്നു ഇത്.
1908-ല്‍, കര്‍ണാടകയിലെ ബെല്‍ഗാമില്‍ വന്ദേമാതരം ചൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള വാക്കാലുള്ള ഉത്തരവ് ലംഘിച്ചതിന് പൊലീസ് നിരവധി പേരെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ലോകമാന്യ തിലകനെ ബര്‍മ്മയിലെ മണ്ഡലയിലേക്ക് നാടുകടത്തിയ ദിവസമായിരുന്നു ഇത്.
സ്വതന്ത്ര ഇന്ത്യയിലും വന്ദേ ഭാരതം ഗാനം ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ദേശീയ ചിഹ്നമായി ഉയര്‍ത്തേണ്ടത് ജനഗണ മന, വന്ദേ മാതരം എന്നിവയിലേത് എന്നതിനെ കുറിച്ച് ഭരണ ഘടന നിര്‍മാണ സഭയിലും ഭിന്നതയുണ്ടായിരുന്നു.
1950 ജനുവരി 24 ന് ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്ത ഡോ. രാജേന്ദ്ര പ്രസാദ് ജനഗണ മനയുടെ അതേ പദവി വന്ദേമാതരത്തിനും നല്‍കണം എന്ന് വാദിച്ചു.
ഡോ. രാജേന്ദ്ര പ്രസാദിന്റെ നിര്‍ദേശം അംഗീകരിച്ചാണ് രബീന്ദ്രനാഥ ടാഗോറിന്റെ ജന-ഗണ-മന സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായും തുല്യമായ പദവിയോടെ ദേശീയ ഗീതമായി വന്ദേമാതരവും തെരഞ്ഞെടുക്കപ്പെട്ടത്.


by Midhun HP News | Nov 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പൊതുവിടങ്ങളില്‍ നിന്നും തെരുവു നായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി. സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെ തെരുവുനായ ശല്യം ഒഴിവാക്കണം. ഇതിനുള്ള നടപടി എല്ലാ സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കണമെന്ന് സുപ്രീംകോടതി സുപ്രധാന ഉത്തരവില്‍ വ്യക്തമാക്കി. തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് വിക്രം നാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. കൃത്യമായ പരിശോധനകള്‍ ദിനം പ്രതി ഉദ്യോഗസ്ഥര്‍ നടത്തണം. പിടികൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ഇതിനായി ദേശീയപാതകളിലും റോഡുകളിലും പട്രോളിങ് നടത്തണം. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ തെരുവുനായകള്‍ കയറുന്നില്ലെന്ന് ഉറപ്പാക്കണം. എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് ചീഫ് സെക്രട്ടറിമാര്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ തെരുവുനായകളില്‍ നിന്ന് സുരക്ഷിതമായിരിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്ന് കോടതി വ്യക്തമാക്കി. തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടി സംരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി 8 ആഴ്ചയ്ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്തിൽ ആർ.വി ഭവനത്തിൽ പരേതനായ എൻ രാജപ്പൻ പിള്ളയുടെ സഹധർമ്മിണി പി വലാസിനി അമ്മ (വസന്ത) (74) അന്തരിച്ചു.
മക്കൾ: ആർ സജികുമാർ (ബിസിനസ്), ആർ അജികുമാർ (ബിസിനസ്).
മരുമക്കൾ: മിഥില ശശി, രമ്യാ രാജ്.
സഞ്ചയനം: ബുധനാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിഎസ്സിയുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡൈ്വസ് മെമ്മോ ഉള്‍പ്പെടെ തയ്യാറാക്കി വമ്പന്‍ നിയമന തട്ടിപ്പെന്ന് പരാതി. ഡോക്ടര്‍മാരും നഴ്സുമാരുംമുതല്‍ അധ്യാപകരും വരെ തട്ടിപ്പിനിരായായിട്ടുണ്ട്. തട്ടിപ്പുകാര്‍ തിരുവനന്തപുരം പിഎസ്സി ഓഫീസ് പരിസരത്തുനിന്ന് വരെ പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പില്‍പ്പെട്ട് വ്യാജ നിയമന ഉത്തരവുമായി ഇവരില്‍ ചിലര്‍ ശ്രീചിത്രയില്‍ സെപ്റ്റംബര്‍ 12-ന് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാകുന്നത്.ശ്രീചിത്രയില്‍ ‘പിഎസ്സി’യുടെ നിയമന ഉത്തരവുമായി അതേദിവസം അന്‍പതോളം പേരെത്തിയിരുന്നു. പരീക്ഷയുണ്ടാകുമെന്നും എന്നാല്‍, നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചിരുന്നത്. ഓഗസ്റ്റില്‍ വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് അയച്ചുകൊടുത്തു. പിന്നാലെ പിഎസ്സിയുടെ വ്യാജ നിയമനശുപാര്‍ശയും എത്തി.
തിരുവനന്തപുരം: പിഎസ്സിയുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡൈ്വസ് മെമ്മോ ഉള്‍പ്പെടെ തയ്യാറാക്കി വമ്പന്‍ നിയമന തട്ടിപ്പെന്ന് പരാതി. ഡോക്ടര്‍മാരും നഴ്സുമാരുംമുതല്‍ അധ്യാപകരും വരെ തട്ടിപ്പിനിരായായിട്ടുണ്ട്. തട്ടിപ്പുകാര്‍ തിരുവനന്തപുരം പിഎസ്സി ഓഫീസ് പരിസരത്തുനിന്ന് വരെ പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പില്‍പ്പെട്ട് വ്യാജ നിയമന ഉത്തരവുമായി ഇവരില്‍ ചിലര്‍ ശ്രീചിത്രയില്‍ സെപ്റ്റംബര്‍ 12-ന് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാകുന്നത്.ശ്രീചിത്രയില്‍ ‘പിഎസ്സി’യുടെ നിയമന ഉത്തരവുമായി അതേദിവസം അന്‍പതോളം പേരെത്തിയിരുന്നു. പരീക്ഷയുണ്ടാകുമെന്നും എന്നാല്‍, നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചിരുന്നത്. ഓഗസ്റ്റില്‍ വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് അയച്ചുകൊടുത്തു. പിന്നാലെ പിഎസ്സിയുടെ വ്യാജ നിയമനശുപാര്‍ശയും എത്തി. പിഎസ്സി വഴി ജോലിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ ബോണാമി സ്വദേശികളായ കുടുംബം വാഗമണ്‍ പൊലീസില്‍ ഒക്ടോബര്‍ 24-ന് പരാതി നല്‍കിയിരുന്നു.


Recent Comments