by Midhun HP News | Oct 5, 2026 | Latest News, കേരളം
കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്. ഇവിടെ ഇനി പുകയില ഉല്പന്നങ്ങള് വില്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. പരസ്യങ്ങളും വെക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് 150ല്‍ 144 മാര്‍ക്ക് നേടിയാണ് കീഴ്മാട് ഈ നേട്ടം കൈവരിച്ചത്.
സ്കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുക, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, പൊതുസ്ഥലങ്ങളിലെ പുകവലി തടയുക, പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍.
എക്സൈസ് വകുപ്പുമായി ചേര്‍ന്ന് നടത്തിയ പരിശോധനയും പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ ആദ്യം പറഞ്ഞു വിലക്കിയും ലംഘിച്ചവര്‍ക്ക് പിഴയിട്ടും ബോധവത്കരണം ശക്തമാക്കി. 14,800 രൂപയാണ് ഇത്തരത്തില്‍ പിഴയിനത്തില്‍ ലഭിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ‘പുകയില രഹിത സ്ഥലം’, ‘ഇവിടെ പുകവലി പാടില്ല’ എന്നീ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പദ്ധതിക്ക് പിന്നിലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നടനും ഹാസ്യകലാകാരനുമായ സജു കൊടിയനെ പഞ്ചായത്ത്തല അംബാസഡറായി തെരഞ്ഞെടുത്തതായും സര്‍ക്കാര്‍ അറിയിച്ചു.
by Midhun HP News | Oct 5, 2026 | Latest News, കേരളം
തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീര്‍ (26) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. മേയ് മാസത്തിലായിരുന്നു യുവതിയും മുഹമ്മദ് സഹീറും തമ്മിലുള്ള വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടായിരുന്നു വിവാഹം.
പണത്തിനു വേണ്ടി ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും, പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നും യുവതി പൊലീസിന് മൊഴി നല്കി. പീഡനം തുടര്‍ന്നതോടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട യുവതി കോളജ് ഹോസ്റ്റലില്‍ അഭയം തേടി.
ഇതിനു പിന്നാലെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി വാട്സാപ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്. കോളജ് അധ്യാപകരാണ് പൊലീസില്‍ പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് യുവതിക്ക് പിന്തുണ നല്‍കിയത്. തുടര്‍ന്നാണു പരാതി നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇന്നലെ പ്രതിയെ പിടികൂടി.
by Midhun HP News | Oct 5, 2026 | Latest News, കേരളം
കോഴിക്കോട്: ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍. രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ ക്യാംപെയ്ന് വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ആരെങ്കിലുമൊരാള്‍ ഇത് തുറന്നുപറയാന്‍ ധൈര്യംകാണിച്ചല്ലോയെന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ജി.രാജേഷ് ഫെയ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിനെ പിന്തുണച്ച് പ്രമുഖ ഡോക്ടര്‍മാരടക്കം രംഗത്തുവന്നു. കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന കേരള ഹാര്‍ട്ട് കെയര്‍ സൊൈസറ്റിയുടെ സില്‍വര്‍ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ ക്യാംപെയ്ന് നടത്തണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് അഭിപ്രായപ്പെട്ടത്.
‘ഒരുനാള്‍ ആരെങ്കിലുമൊരാള്‍ സത്യം വിളിച്ചുകൂവും. അതിന് ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്നു മാത്രം. ഇത് രണ്ടുമുള്ള ഒരാള്‍ ഇതു തുറന്നുപറഞ്ഞത് നന്നായി. വളരെ നന്ദി. ഇത് 100 ശതമാനം സത്യം…” ഡോ. രാജേഷ് ജി. നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡോ. രാജേഷിന്റെ കുറിപ്പിനെ അനുകൂലിച്ച് മറ്റ് ഡോക്ടര്‍മാരും രംഗത്തെത്തി.
‘എങ്കിലും എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ കാണുന്നത് ജീവന് നഷ്ടമാവുന്നതിന് കാരണമാവും. ചെയ്യേണ്ടതു ചെയ്യണം. കാര്യമായ രോഗലക്ഷണം ഒന്നും ഇല്ലാതെ ഇ.സി.ജിയില്‍ വ്യതിയാനം കണ്ടതിന്റെപേരില്‍ ആന്‍ജിയോഗ്രാം ചെയ്യുന്നുണ്ടെങ്കില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരെ കൂടെ കണ്ട് അഭിപ്രായം തേടണം. റിസ്കാണെങ്കില്‍ കാത്തിരിക്കരുത്. ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ 90 മിനിറ്റിനുള്ളില്‍ ആന്‍ജിയോപ്ളാസ്റ്റി ചെയ്യണം. അത്തരം അവസരങ്ങളില്‍ ഡോക്ടറെ അവിശ്വസിക്കരുത്. ഓരോ മിനിറ്റും നിര്‍ണായകമാണ്. ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ആദ്യത്തെ മൂന്നോ നാലോ ഇ.സി.ജി.കള്‍ വരെ നോര്‍മല്‍ ആയേക്കാം. നിങ്ങള്‍ പറയുന്ന വേദനയുടെ സ്വഭാവം വെച്ചു മാത്രമാണ് രോഗനിര്‍ണയം നടക്കുന്നത്. മിനിമം ഒബ്സര്‍വേഷനു മുന്‍പ് നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നത് അത്യന്തം അപകടകരമാണെന്ന കാര്യം മറക്കരുത് …”- ഡോക്ടര്‍ ഡോ. രാജേഷിന്റെ കുറിപ്പില്‍ പറയുന്നു.
by Midhun HP News | Oct 5, 2026 | Latest News, കേരളം
തിരുവനന്തപുരം: കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി. ഈ മാസം ഒന്നിനാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. നിലവില്‍ ചുരുക്കം ചില ജീവനക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്.

അഞ്ച് ദിവസമായി മീറ്റര്‍ റീഡിങ് എടുക്കുന്നത് നിലച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ശമ്പള വര്‍ധനവ് കിട്ടിയിട്ട് നാല് വര്‍ഷമായെന്നും വേണ്ടത്ര പ്രതിഫലം നിശ്ചയിക്കാതെ തന്നെ പുതിയ ജോലികള്‍ തങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കൃത്യസമയത്ത് ബില്‍ നോക്കി നല്‍കിയില്ലെങ്കില്‍ കെഎസ്ഇബിക്കും ഉപയോക്താക്കള്‍ക്കും ഒരു പോലെ നഷ്ടമുണ്ടാകും.



by Midhun HP News | Oct 5, 2026 | Latest News, കായികം
ചണ്ഡീഗഢ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 92 റണ്‍സ് നേടി ഇന്ത്യന്‍ വെറ്ററന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഏകദിനത്തില്‍ 12,000 റണ്‍സുകള്‍ താണ്ടിയ രോഹിത് ഓപ്പണറെന്ന നിലയില്‍ 10,000 റണ്‍സും പിന്നിട്ടു.

ഓപ്പണറെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 10,000 റണ്‍സ് നേടുന്ന താരമായി രോഹിത് മാറി. 202 ഇന്നിങ്സുകള്‍ കളിച്ചാണ് രോഹിത് 10,000 താണ്ടിയത്.

ഓപ്പണിങ് ഇറങ്ങി 10,000 റണ്‍സ് നേടുന്ന നാലാമത്തെ താരമായും രോഹിത് തന്റെ പേര് എഴുതി വച്ചു. സച്ചിന് ടെണ്ടുല്‍ക്കര്‍ (15,310 റണ്‍സ്), സനത് ജയസൂര്യ (12,740 റണ്‍സ്), ക്രിസ് ഗെയ്ല് (10,179 റണ്‍സ്) എന്നിവരാണ് എലീറ്റ് പട്ടികയിലെ മറ്റ് മൂന്ന് പേര്.
വിന്‍ഡീസിനെതിരായ പരമ്പരയില്‍ മിന്നും ഫോമിലാണ് രോഹിത് ബാറ്റ് വീശിയത്. രണ്ടാം ഏകദിനത്തില്‍ ഹിറ്റ്മാന് സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് മൂന്നാം പോരിലെ സെഞ്ച്വറി വക്കിലെത്തിയ പ്രകടനം.


by Midhun HP News | Oct 5, 2026 | Latest News, ദേശീയ വാർത്ത
ബ്യൂണസ് അയേഴ്സ്: രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ ദേശീയ ജഴ്സിയില അവസാന മത്സരം ഏഴിന്. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ബ്യൂണസ് അയേഴ്സിലെ മോര്ണിമെന്റല് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മത്സരം.
39കാരനായ താരം പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗത്തിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നായി 125 ഗോളുകള്‍ നേടിയിട്ടുണ്ട്.
അതേസമയം ഇന്നലെ നടന്ന സൗഹൃദ ഫുട്ബോളില്‍ ആഫ്രിക്കന്‍ ടീമായ ബുര്‍ക്കിനഫാസോയെ എതിരില്ലാത്ത ഏഴ് ഗോളിന് അര്‍ജന്റീന പരാജയപ്പെടുത്തി. ഫിഫ ലോക റാങ്കിങില്‍ 62ാം സ്ഥാനത്തുള്ള ബുര്ക്കിനഫാസോയ്ക്കെതിരെ ശക്തമായ ടീമിനെയാണ് അര്‍ജന്റീന ഇറക്കിയത്. ലൗറ്റാരോ മാര്‍ട്ടിനെസ്, ജാന്‍ലൂക്ക പ്രസ്റ്റിയാനി, നിക്കോ പാസ്, അല്‍വാരസ്, മസ്റ്റാന്റുവാനോ, സിമയോണി, എന്നിവരാണ് ഗോള്‍ നേടിയത്. മൂമോനി ഡിയാലോ സെല്‍ഫ് ഗോള്‍ വഴങ്ങി.
ബ്യൂണസ് അയേഴ്സിലെ റിവർപ്ലേറ്റിന്റെ തട്ടകവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയവുമായി എൽ മോനുമെന്റലിലാണ് മെസിയുടെ അവസാന പോരാട്ടം. 84,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിശാലമായ മൈതാനത്താണ് പോരാട്ടം.
ഫിഫ വിൻഡോയിൽ അർജന്റീന കളിക്കുന്ന മൂന്നാമത്തെ സൗഹൃദ പോരാട്ടമാണിത്. അന്താരാഷ്ട്ര കരിയർ നാട്ടുകാർക്ക് മുന്നിൽ തന്നെ കളിച്ച് അവസാനിപ്പിക്കാനുള്ള അവസരവും ഇതിലൂടെ മെസിക്ക് ലഭിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് മെസി അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മെസിക്കുള്ള ആദരമെന്ന നിലയിലാണ് ലയണൽ സ്കലോനി ബെനിനെതിരായ പോരാട്ടത്തിനുള്ള സ്ക്വാഡിലേക്ക് മെസിയേയും ഉൾപ്പെടുത്തിയത്.അർജന്റീനയ്ക്കായി 208ാം അന്താരാഷ്ട്ര മത്സരം കളിച്ചാണ് അദ്ദേഹം വിരമിക്കുക. നിലവിൽ 207 കളികളിൽ അർജന്റീനയ്ക്കായി മെസി കളത്തിലെത്തി. രാജ്യത്തിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച താരമെന്ന നേട്ടവും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും മെസിക്ക് സ്വന്തമാണ്.
മെസിയുടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഒക്ടോബർ ആറിന് വിരാമമാകുന്നത്. ദേശീയ ടീമിനായി 125 ഗോളുകളും 68 അസിസ്റ്റുകളുമുണ്ട്. 2022ലെ ഖത്തർ ലോകകപ്പ് കിരീട നേട്ടമാണ് ഏറ്റവും സമ്മോഹന ഓർമ. 2 കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫൈനലിസിമ ട്രോഫിയും മെസി അർജന്റീനയ്ക്കായി നേടിയിട്ടുണ്ട്. 2008ൽ ഒളിംപിക് സ്വർണം, 2021ലും 2024ലും തുടരെ കോപ്പ കിരീടങ്ങൾ. 2022ൽ ലോകകപ്പ്, 2022ൽ തന്നെ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ കിരീടവും.

നൈജീരിയ, ടോഗോ, ബുർക്കിന ഫാസോ, നൈജർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ചെറിയ ആഫ്രിക്കൻ രാജ്യമാണ് മെസിയുടെ അവസാന എതിരാളികളായ ബെനിൻ. ദി സ്ക്വിറൽസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന അവർ പിന്നീട് ഔദ്യോഗികമായ ദി ചീറ്റാസ് എന്നു മാറ്റി. മഞ്ഞയും പച്ചയും കലർന്ന ജേഴ്സിയാണ് ബെനിൻ താരങ്ങൾ പരമ്പരാഗതമായി ധരിക്കുന്നത്.



Recent Comments