നായ് വയ്പ്പ് മഹോത്സവത്തോടനുബന്ധിച്ച് കാളിമുക്ക് സമീക്ഷ കലാകായിക സമിതി സ്നേഹാദരവ് സംഘടിപ്പിക്കുന്നു

നായ് വയ്പ്പ് മഹോത്സവത്തോടനുബന്ധിച്ച് കാളിമുക്ക് സമീക്ഷ കലാകായിക സമിതി സ്നേഹാദരവ് സംഘടിപ്പിക്കുന്നു

ആവണിഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ നായ് വയ്പ്പ് മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 2 വൈകുന്നേരം 6 മണി മുതൽ കാളിമുക്ക് ജംഗ്ഷനിൽ സമീക്ഷ കലാകായിക സമിതി സ്നേഹാദരവ് 2026 സംഘടിപ്പിക്കുന്നു.

വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പതിനേഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി ടെക്കി യുവതി, അന്വേഷണം

വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പതിനേഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി ടെക്കി യുവതി, അന്വേഷണം

ബംഗളൂരു: ബംഗളൂരുവില്‍ ടെക്കി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ടെക് പ്രൊഫഷണലുകളായ തെലങ്കാന സിദ്ദിപേട്ട് സ്വദേശികളാണ് മരിച്ചത്. കുടുംബ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി 9.45 ഓടെ യുവതി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ പല തവണ മുട്ടിയിട്ടും ഭര്‍ത്താവ് പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് യുവതി അയല്‍ക്കാരുടെയും അപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ ജീവനക്കാരുടെയും സഹായം തേടി. പൂട്ടുതുറന്ന് അകത്ത് കയറിയപ്പോള്‍ ഭര്‍ത്താവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം കണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ത്രീ പുറത്തേക്ക് ഓടി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും തമ്മിഇല്‍ ദാമ്പത്യപ്രശന്ങ്ങളുണ്ടായിരുന്നുവെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ,’ പൊലീസ് പറഞ്ഞു. ദമ്പതികള്‍ ബാല്യകാല സുഹൃത്തുക്കളായിരുന്നു, 2024 ല്‍ കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇവര്‍ വിവാഹിതരായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

‘സിനിമയിലെ സംഭാവന മുന്‍നിര്‍ത്തി ഉയര്‍ന്ന പദവികള്‍ നല്‍കി; സര്‍ക്കാര്‍ ഇരയോടൊപ്പം’

‘സിനിമയിലെ സംഭാവന മുന്‍നിര്‍ത്തി ഉയര്‍ന്ന പദവികള്‍ നല്‍കി; സര്‍ക്കാര്‍ ഇരയോടൊപ്പം’

ആലപ്പുഴ: സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമയിലെ സംഭാവന മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഉള്‍പ്പടെ ഉയര്‍ന്ന പദവികള്‍ നല്‍കിയത്‌. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതതരമാണെന്നും ദുരനുഭവം ഉണ്ടായവര്‍ മുന്നോട്ടുവരണമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സജി ചെറിയാന്‍.

ഏത് ഉന്നതനായാലും കുറ്റക്കാരനെതിരെ സര്‍ക്കാര്‍ അതിശക്തമായ നിയമനടപടി സ്വീകരിക്കും. അത് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. എന്തെങ്കിലും വസ്തുതയുള്ളതുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം നടക്കട്ടെ. ആരെയും സംരക്ഷിക്കില്ല. സിനിമ കോണ്‍ക്ലേവിന് ശേഷം സെറ്റുകളില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരു നടി പരാതി നല്‍കിയപ്പോള്‍ തന്നെ നിയമനടപടിയായല്ലോ. സിനിമാ മേഖലയില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യപരിഗണനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം, ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പാര്‍പ്പിക്കുക. പീഡനക്കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ കൊച്ചിയില്‍ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് പൊലീസ് റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

തുടര്‍ന്ന് ഉടന്‍ തന്നെ കൊച്ചിയിലെ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കാരവാനില്‍ വെച്ച് കയറിപ്പിടിച്ചു, നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി; നടിയുടെ പരാതി

കാരവാനില്‍ വെച്ച് കയറിപ്പിടിച്ചു, നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി; നടിയുടെ പരാതി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ സിനിമയിലെ യുവനടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ വെച്ച് ജനുവരി 9 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാരവാനില്‍ വെച്ച് സംവിധായകന്‍ കയറിപ്പിടിച്ചെന്നും, മോശമായി പെരുമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിയോടിയെന്നും നടി പറയുന്നു.

സംഭവം നടന്ന ദിവസം ഷൂട്ടിങ് സെറ്റിലുള്ളവര്‍ വിവരം അറിഞ്ഞിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സിനിമയില്‍ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു പരാതിക്കാരിയായ നടി ചെയ്തിരുന്നത്. സിനിമയില്‍ നടിയുടെ റോളിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായിരുന്നു. യുവനടി ആയതിനാല്‍ പരാതിയുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു രഞ്ജിത്തിന്റെ കണക്കുകൂട്ടല്‍. പരാതി ലഭിച്ചപ്പോള്‍ പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയിലേക്ക് കടന്നത്.

സിനിമയുടെ സെറ്റില്‍ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെയാണ് യുവനടി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ അവിടെ തീരുമാനമാകാതെ വന്നതോടെ യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്‌ഐടിക്കും പരാതി നല്‍കിയത്. സംഭവത്തിന്റെ ട്രോമയില്‍ ആയിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് നടി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. സിനിമാസെറ്റില്‍ വെച്ച് തന്നെ പരാതി ഒതുക്കാന്‍ ശ്രമം നടന്നതായും പരാതിയില്‍ പറയുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ നേരിട്ടായിരുന്നു അന്വേഷണം നടത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതോടെ, വിവരം ചോരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. എന്നാല്‍ പീഡന പരാതിയില്‍ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിന്റെ നടപടി വേഗത്തില്‍ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകര്‍ ഒളിവില്‍ പോകാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവര്‍ത്തകനൊപ്പം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്.

രഞ്ജിത്ത് സംസ്ഥാനം വിടാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ, ഇടുക്കി എസ്പിയുടെ നിര്‍ദേശ പ്രകാരം തൊടുപുഴയ്ക്ക് സമീപം വെച്ച് കാര്‍ തടഞ്ഞ് മിന്നല്‍ നീക്കത്തിലൂടെ രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച രഞ്ജിത്തിനെ രാത്രി തന്നെ കൊച്ചിയിലെത്തിച്ചു. നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കല്‍, അശ്ലീല ആംഗ്യം കാണിക്കല്‍ എന്നീ നാലു വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഗുരുവായൂരില്‍ ശുദ്ധികലശ ചടങ്ങുകള്‍ക്ക് നാളെ തുടക്കം; ഭക്തര്‍ക്ക് നിയന്ത്രണം

ഗുരുവായൂരില്‍ ശുദ്ധികലശ ചടങ്ങുകള്‍ക്ക് നാളെ തുടക്കം; ഭക്തര്‍ക്ക് നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പനും ഉപദേവന്മാര്‍ക്കുമുള്ള ശുദ്ധികലശ ചടങ്ങുകള്‍ നാളെ ആരംഭിക്കും. ഏപ്രില്‍ രണ്ടിനും മൂന്നിനും ഗുരുവായൂരപ്പനുള്ള ശുദ്ധികലശങ്ങളാണ്. വൈകീട്ട് ദീപാരാധന കഴിഞ്ഞാല്‍ ഗണപതി പൂജയോടെ തുടങ്ങും.

വാസ്തുഹോമം, വാസ്തുബലി, വാസ്തു ശുദ്ധി, അസ്ത്ര കലശം, തുടങ്ങിയവ ഉണ്ടാകും. ഏപ്രില്‍ മൂന്നിന് രാവിലെ പഞ്ചഗവ്യം, ധാര, അഭിഷേകങ്ങള്‍ എന്നിവ നടക്കും. ഉച്ചയ്ക്ക് 25 കലശം. ഉച്ച തിരിഞ്ഞ് പതിവുള്ള ശീവേലി ഉണ്ടായിരിക്കുന്നതല്ല.

അതിനു പകരം വൈകീട്ട് ശ്രീഭൂതബലി എഴുന്നള്ളിപ്പായിരിക്കും. ഈ രണ്ടു ദിവസങ്ങളിലും വൈകീട്ട് ദിപാരാധനയ്ക്ക് ശേഷം രാത്രി അത്താഴ പൂജ വരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല.

ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ

ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ

ദില്ലി: ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്. വില വർധന പ്രാബല്യത്തിൽ വന്നു. കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണിത്. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർധിപ്പിച്ചിട്ടുണ്ട്.
ദില്ലിയിലെ പുതുക്കിയ വില 2,078.50 രൂപയായും മുംബൈയിലേത് 2,031 രൂപയായും ഉയർന്നു. മാർച്ചിലുണ്ടായ 114.5 രൂപയുടെ വർധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വർദ്ധന. പശ്ചിമേഷ്യൻ യുദ്ധം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്നതിനിടെയാണ് ഈ വർദ്ധന. പശ്ചിമേഷ്യയിലെ യുദ്ധം ഊർജ്ജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വില ഏകദേശം 50 ശതമാനം ഉയർന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്നാണിത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ വില പുനർനിർണ്ണയിക്കുന്നത്. ഹോട്ടലുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ എൽപിജി ക്ഷാമത്തിനൊപ്പം വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ്. അതേസമയം ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിൽ വില വർദ്ധനയില്ല. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. മാർച്ചിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. അതേസമയം എൽപിജി വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.