by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് സൂക്ഷിക്കാറുള്ളത്.
ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാര്‍ക്കിങ് സ്ഥലത്തായിരിക്കും ഇടുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പിഴയടയ്ക്കുന്നതിനൊപ്പം അതുവരെയുള്ള പാര്‍ക്കിങ് ഫീസും വാഹന ഉടമ നല്‍കണം. എങ്കില്‍ മാത്രമേ വാഹനം വിട്ടു നല്‍കുകയുള്ളൂ.ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. പോളിടെക്നിക്ക് കോളേജിൽ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച താഴെപ്പറയുന്ന ഹ്രസ്വകാല കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി.
1. ഓട്ടോമോട്ടീവ് ഇലക്ട്രിഷ്യൻ
2. അഡ്വാൻസ്‌ഡ് വെൽഡിങ് കോഴ്സ്
3. അലൂമിനിയം ഫാബ്രിക്കേഷൻസ്
4. ആട്ടോകാഡ്
5. മൊബൈൽ ഫോൺ ടെക്നോളജി
6. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA)
അപേക്ഷാഫോറവും വിശദവിവരങ്ങളും പോളിടെക്നിക്കിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 11.11.2025.
ഫോൺ: 6235557495, 9447322865.


by Midhun HP News | Nov 5, 2025 | Latest News, കേരളം
തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ ചുമത്തിയത്.
ട്രെയിനില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പതിവുള്ള മെമ്മോ നല്‍കിയിട്ടില്ലെന്നും അതിനാലാണ് പെറ്റിക്കേസില്‍ ഒതുങ്ങാന്‍ കാരണമെന്നുമാണ് റെയില്‍വേ പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ മൊഴിയെടുപ്പ് ബുധനാഴ്ച നടന്നേക്കും. എന്നാല്‍ ഓടുന്ന ട്രെയിനില്‍നിന്നു തള്ളിയിടാനുള്ള ശ്രമത്തെത്തുടര്‍ന്ന് കടുത്ത മാനസികാഘാതത്തിലായിരുന്നെന്നും ഇതുമൂലമാണ് രേഖാമൂലം പരാതി നല്‍കാതെ വീട്ടിലേക്ക് മടങ്ങിയതെന്നുമാണ് എറണാകുളത്തെ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറായ എ സനൂപ് പറയുന്നത്. കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ അടുത്തദിവസം തന്നെ നേരിട്ടെത്തി മൊഴി നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സനൂപ് വ്യക്തമാക്കി.
വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ എ സനൂപിന് കൈയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പുറപ്പെട്ട ഗുരുദേവ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ മദ്യപിച്ച് ബഹളം വയ്ക്കുന്നതുകണ്ട് പിടികൂടിയപ്പോള്‍ അക്രമി ജനറല്‍ ടിക്കറ്റിലാണ് യാത്രയെന്ന് മനസ്സിലായി. തുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറണമെന്നാവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ കൈയില്‍ പിടിച്ചുവലിച്ച് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചത്. തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സനൂപ് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ച് സ്വയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക ചികിത്സ നേടിയശേഷം എറണാകുളത്തേക്ക് പോയി.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത് ഈയാഴ്ച ലഭിച്ചേക്കും. പത്താം തീയതി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആകെ കുടിശ്ശിക 1158 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കുടിശ്ശികയും നിലവിലെ സാമ്പത്തിക വർഷത്തെ വിഹിതവും ചേർത്താണ് ഈ തുക. 22023 – 24 ൽ 188.58 കോടി, 2024-25 ൽ 513.14 കോടി, 2025-26 ൽ 456.1 കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശിക. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ, കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് കേന്ദ്രം ഉടൻ പാലിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.
റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ പ്രകാരം, 1 മുതൽ 5 വരെ ക്ലാസുകളിൽ 10 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും, 5-ാം ക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ 15 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും ആവശ്യമാണ്. കേരളത്തിലെ സാഹചര്യത്തിൽ, ഒരു കൂട്ടം സ്കൂളുകളെ ഒരു യൂണിറ്റായി പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ ശുപാർശ പ്രാവർത്തികമായാൽ 4000-ത്തിലധികം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം വേണ്ടിവരും. സംസ്ഥാനത്തെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ, കേന്ദ്രവിഹിതത്തിന്റെ ഭാരം പോലും സംസ്ഥാനം സ്വന്തം നിലയിൽ വഹിക്കുന്നത് കൊണ്ടാണ് കാര്യങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പിഎം ശ്രീവിവാദത്തില്‍ നേട്ടവും കോട്ടവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതിനെ കുറിച്ച് പറയുന്നില്ല. കേന്ദ്രത്തിന് നല്‍കാനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല. സ്വാഭാവിക താമസം മാത്രമാണ് ഉണ്ടായത്. കത്തയക്കുന്നതില്‍ നിയമോപദേശം ഉടന്‍ ലഭിക്കും അതിനുശേഷം കത്തയക്കും. കത്ത് വൈകുന്നതില്‍ സിപിഐക്ക് വിഷമം ഉണ്ടെന്ന് കരുതുന്നില്ലെന്നും സബ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയെന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ നൂറ്റാണ്ടിൽ തുടങ്ങിവെച്ച ഭാഗവത സപ്താഹങ്ങളുടെ രജത ജൂബിലി വാർഷികത്തോടാനുബന്ധിച്ച് വാസുദേവ യജ്ഞo നവംബർ 5ന് ആരംഭിച്ച് 17 ന് സമാപിക്കും. യജ്ഞത്തിന്റെ ഭാഗമായി വിഷ്ണു സഹസ്രനാമകോടി അർച്ചന,ശ്രീമദ്ഭാഗവത ദ്വാ ദശാഹയജ്ഞo, ദ്വാദശനാമപൂജ, പന്ത്രണ്ട് കളഭം, ദശാവതാരച്ചാർത്ത്, വൈകുണ്ഠഹോമം എന്നിങ്ങനെ വിവിധ വിശേഷാൽ പൂജകളും യജ്ഞങ്ങളുമാണ് നടക്കുന്നതെന്ന് യജ്ഞാ ചാര്യൻ ആലപ്പുറം സുരേഷ് രാമചന്ദ്രൻ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചെറുവയ്ക്കൽ ജയൻ,ചെയർമാൻ വിളയിൽ മോഹനൻ, ഭാരവാഹികളായ മധു സൂദനൻ നായർ, പ്രദീപ് പടിഞ്ഞാറ്റിൽ എന്നിവർ പറഞ്ഞു.
നവംബർ 5ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഭദ്ര ദീപം കൊളുത്തും. തീർത്ഥപാദ മഠാധിപതി സ്വാമി പ്രജ്ഞാനന്ദ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചടങ്ങിൽ ഐ എസ് ആർ ഒ മുൻ ചെയർമാൻ മാധവൻ നായർ മുഖ്യാതിഥി ആയിരിക്കും. വിവിധ ശ്രേഷ്ഠ മത പണ്ഡിതൻമാരും ആചാര്യന്മാരും സന്യാസിവര്യന്മാരും ചടങ്ങിൽ പങ്കെടുക്കും. അലക്സാണ്ടർ ജേക്കബ് ഐ പി എസ്, രാജു നാരായണ സ്വാമി ഐ എ എ സ്, ചേങ്കോട്ടുകൊണം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷി, മുല്ലക്കര രത്നാകരൻ, ജി. എം. മഹേഷ് എന്നിവർ അദ്ധ്യാത്മിക പ്രഭാഷണങ്ങൾ നടത്തും.
ഒന്നാം ദിവസം ഭൂമി പൂജയും, രണ്ടാം ദിവസം വൃക്ഷ പൂജയും, മൂന്നാം ദിവസം തുളസീ പൂജയും നാലാം ദിവസം പക്ഷി മൃഗാദി പൂജയും അഞ്ചാം ദിവസം ഗോ പൂജയും ആറാം ദിവസം പർവത പൂജയും ഏഴാം ദിവസം നദീ പൂജയും എട്ടാം ദിവസം സന്യാസി ശ്രേഷ്ഠന്മാരെ പൂജിക്കലും ഒൻപതാം ദിവസം പ്രകൃതി പൂജയും പത്താം ദിവസം 12 വസുദേവ കുടുംബങ്ങളെ പൂജിക്കലും, പതിനൊന്നാം ദിവസം കൃഷ്ണ വേഷം കെട്ടിയ നൂറ്റിയെട്ടു ബാലികാ ബാലന്മാരെ പൂജിക്കലും പന്ത്രണ്ടാം ദിവസം വൈകുണ്ഠപൂജയും നടക്കും.
യജ്ഞത്തിന്റെ അവസാന ദിവസം യജ്ഞശാലയിൽ വാസുദേവ യജ്ഞ സമർപ്പണ പൂജയും കോടി അർച്ചന സമർപ്പണവും ഭാഗവത ദ്വാദശാഹ പാരായണ സമർപ്പണവും വാസുദേവ യജ്ഞ സമർപ്പണവും,മഹാദീപാരാധനയും നടക്കും.വാസുദേവ യജ്ഞ ദീപവും യജ്ഞ വിഗ്രഹവും വാദ്യ മേ ളങ്ങളുടെയും താലപ്പൊലി നാമജപഘോഷങ്ങളുടെയും അകമ്പടിയോടു കൂടി ഗ്രാമം പ്രദക്ഷിണം ചെയ്യും.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ മൂന്നാം വാർഡിൽ ആലംകോട് ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂളിന് പുറകുവശത്തായുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പന്നിശല്യമെന്ന് നാട്ടുകാർ. അധികൃതർക്ക് പലപ്രാവശ്യം പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ആരോപിക്കുന്നു.
Recent Comments