by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ ‘സെറ്റ് ജനുവരി 2026’ന് ഇപ്പോള്‍ അപേക്ഷിക്കാം. എല്‍.ബി.എസ്. സെന്ററിനാണ് പരീക്ഷാ ചുമതല. പരീക്ഷാതീയതി പിന്നീട് അറിയിക്കും. വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്‌പെക്ടസ് https://www.lbscentre.kerala.gov.in ല്‍ ലഭിക്കും. ഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ മതി. ഓണ്‍ലൈനില്‍ നവംബര്‍ 28 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം.
വിഷയങ്ങള്‍: സെറ്റ് പേപ്പര്‍ രണ്ടില്‍ 31 വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജര്‍മന്‍, ഹിന്ദി, ഹിസ്റ്ററി, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മലയാളം, മാത്തമാറ്റിക്‌സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, റഷ്യന്‍, സംസ്‌കൃതം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക്, ഉര്‍ദു, സുവോളജി, ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
പരീക്ഷ: സെറ്റില്‍ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പര്‍ ഒന്ന് എല്ലാവര്‍ക്കും പൊതുവാണ്. പൊതുവിജ്ഞാനം, അധ്യാപന അഭിരുചി അളക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പര്‍ രണ്ടില്‍ പരീക്ഷാര്‍ഥി തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ട് മണിക്കൂര്‍ വീതം ലഭിക്കും. പേപ്പര്‍ ഒന്നില്‍ 120 ചോദ്യങ്ങള്‍. ഓരോ മാര്‍ക്കുവീതം. പേപ്പര്‍ രണ്ടിലും 120 ചോദ്യങ്ങള്‍. ഇതില്‍ 80 ചോദ്യങ്ങള്‍ മാത്തമാറ്റിക്‌സിലും സ്റ്റാറ്റിസ്റ്റിക്‌സിലും. ഒന്നര മാര്‍ക്ക് വീതം. മറ്റ് വിഷയങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് ഓരോ മാര്‍ക്ക് വീതം. പരീക്ഷാഘടനയും സിലബസും മൂല്യനിര്‍ണയ തീയതിയും പ്രോസ്‌പെക്ടസിലുണ്ട്.
സെറ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ പേപ്പര്‍ ഒന്നിലും രണ്ടിലും 40 മാര്‍ക്ക് വീതവും മൊത്തത്തില്‍ 48 മാര്‍ക്കും നേടണം. ഒ.ബി.സി, നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് യഥാക്രമം 35, 45 മാര്‍ക്ക് വീതവും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 35, 40 മാര്‍ക്ക് വീതവും നേടേണ്ടതുണ്ട്. ഇങ്ങനെ യോഗ്യത നേടുന്നവര്‍ക്ക് ‘സെറ്റ് പാസ് സര്‍ട്ടിഫിക്കറ്റ്’ ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ മാസ്റ്റേഴ്‌സ് ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബി.എഡും ഉള്ളവര്‍ക്ക് സെറ്റിന് അപേക്ഷിക്കാം.
മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയത്തില്‍ എം.എസ്.സി.എഡ് (50 ശതമാനം മാര്‍ക്കില്‍ / തത്തുല്യ ഗ്രേഡില്‍ കുറയരുത്) ഉള്ളവര്‍ക്കും അപേക്ഷിക്കാം.
കോമേഴ്‌സ്, ഫ്രഞ്ച്, ജര്‍മന്‍, ജിയോളജി, ഹോംസയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക് പി.ജികള്‍ക്ക് ബി.എഡ് വേണമെന്നില്ല.
അറബിക്, ഉര്‍ദു, ഹിന്ദി വിഷയങ്ങളില്‍ ഡി.എല്‍.എഡ്/ എല്‍.ടി.ടി.സി ഉള്ളവര്‍ക്ക് ബി.എഡ് ഇല്ലെങ്കിലും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ബയോളജി പി.ജിക്കാര്‍ക്ക് നാച്വറല്‍ സയന്‍സില്‍ ബി.എഡ് മതിയാകും. പി.ജി നേടി അവസാനവര്‍ഷം ബി.എഡ് പഠിക്കുന്നവര്‍ക്കും ബി.എഡ് നേടി അവസാനവര്‍ഷം പി.ജിക്ക് പഠിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. സെറ്റ് എഴുതുന്നതിന് പ്രായപരിധിയില്ല. രണ്ടാം വര്‍ഷ പി.ജി/ബി.എഡ് വിദ്യാര്‍ഥികള്‍ സെറ്റിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല.


by Midhun HP News | Nov 5, 2025 | Latest News, ദേശീയ വാർത്ത
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്) നിയമന പരീക്ഷയുടെ പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 20, 21, 27 തീയതികളിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രിലിംസ് പരീക്ഷയുടെ ഫലമാണ് ഇത്. എട്ട് ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ആണ് പരീക്ഷ എഴുതിയത്.
ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.sbi.co.in വഴി ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം. പ്രിലിംസ് ഫലത്തിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടമായ മെയിൻസ് പരീക്ഷ എഴുതാൻ അവസരം ലഭിക്കും.
ഈ വർഷം SBI ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്) തസ്‌തികയിൽ 6589 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രിലിംസ് പരീക്ഷ പാസായവരിൽ നിന്ന് ഒഴിവുകളുടെ പത്ത് മടങ്ങ് ഉദ്യോഗാർത്ഥികളെ മെയിൻസ് പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ റജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. SBI Clerk Prelims Cut-Off 2025 ലിസ്റ്റും ഫലത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മെയിൻസ് പരീക്ഷ ഈ വർഷം നവംബർ 17ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. SBI ക്ലർക്ക് നിയമനത്തിൽ ഇന്റർവ്യൂ ഉണ്ടായിരിക്കയില്ല. മെയിൻസ് പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനമാക്കി അന്തിമ ലിസ്റ്റ് പുറത്തിറക്കും.


by Midhun HP News | Nov 5, 2025 | Latest News, കേരളം
ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍ ലൈഫിലും വരുമാനം നിലനിര്‍ത്താന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്‌നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം.
സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.
ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്‌സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ്് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും. കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കില്‍ ആ നീട്ടിയ കാലാവധിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു കുറയ്ക്കും.
5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും.


by Midhun HP News | Nov 5, 2025 | Latest News
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശിയതിനെപ്പറ്റിയും അന്വേഷിക്കണം. വിജയ് മല്യ വാതിലില്‍ പൊതിഞ്ഞ 24 കാരറ്റ് തനി തങ്കം ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്തോയെന്ന് അന്വേഷിക്കണം. അവിടെയും പോറ്റിയെ മുന്‍നിര്‍ത്തി വന്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. ആ വാതിലിന് എന്തു പറ്റിയെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിലപിടിപ്പുള്ള എല്ലാത്തിന്റേയും വ്യാജ മാതൃകയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സംശയമുണ്ട്. ശബരിമലയിലെ അമൂല്യവസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. സ്വര്‍ണത്തട്ടിപ്പിന് അപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം എത്രയാണെന്ന് കണ്ടെത്തണം. ചെന്നൈയില്‍ എന്താണ് നടന്നതെന്ന് കൃത്യമായി അറിയണം. വാതില്‍പ്പാളി കൊണ്ടുപോയതിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പങ്കുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിനെതിരെയും ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മിനിറ്റ്‌സ് ബുക്കില്‍ അടിമുടി ക്രമക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. മിനിറ്റ്‌സ് രേഖപ്പെടുത്തിയിട്ടുള്ളത് ക്രമരഹിതമായാണ്. ഗുരുതരമായ ക്രമക്കേടുകളാണ് ഉള്ളതെന്നും കോടതി വിലയിരുത്തി. സന്നിധാനത്ത് യഥേഷ്ടം വിഹരിക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുമതി നല്‍കി. പോറ്റിക്ക് ഉദ്യോഗസ്ഥര്‍ അമിത സ്വാതന്ത്ര്യം നല്‍കി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.
സ്വര്‍ണം പൂശിയ വാതില്‍ കോട്ടയത്ത് ഒരു ക്ഷേത്രത്തില്‍ വെച്ച് പൂജിച്ചു. ആ ചടങ്ങില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഒരു സിനിമാ താരവും പങ്കെടുത്തു. അറ്റകുറ്റപ്പണി നടത്തിയ ശേഷം നേരിട്ട് ക്ഷേത്രത്തിലെത്തിക്കേണ്ടതിനു പകരം നാടുനീളെ വാതില്‍പ്പാളിയുമായി പൂജ നടത്തുകയാണോ ചെയ്തത്. ഇതെന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. സ്വര്‍ണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി കോടതി നല്‍കി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാം. എന്തുമാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എസ്ഐടി പിടിച്ചെടുത്ത ദേവസ്വം മിനിറ്റ്സും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് സൂക്ഷിക്കാറുള്ളത്.
ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാര്‍ക്കിങ് സ്ഥലത്തായിരിക്കും ഇടുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പിഴയടയ്ക്കുന്നതിനൊപ്പം അതുവരെയുള്ള പാര്‍ക്കിങ് ഫീസും വാഹന ഉടമ നല്‍കണം. എങ്കില്‍ മാത്രമേ വാഹനം വിട്ടു നല്‍കുകയുള്ളൂ.ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. പോളിടെക്നിക്ക് കോളേജിൽ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച താഴെപ്പറയുന്ന ഹ്രസ്വകാല കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി.
1. ഓട്ടോമോട്ടീവ് ഇലക്ട്രിഷ്യൻ
2. അഡ്വാൻസ്‌ഡ് വെൽഡിങ് കോഴ്സ്
3. അലൂമിനിയം ഫാബ്രിക്കേഷൻസ്
4. ആട്ടോകാഡ്
5. മൊബൈൽ ഫോൺ ടെക്നോളജി
6. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA)
അപേക്ഷാഫോറവും വിശദവിവരങ്ങളും പോളിടെക്നിക്കിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 11.11.2025.
ഫോൺ: 6235557495, 9447322865.


Recent Comments