മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’; റിലീസ് തടയണമെന്ന ​ഹർജി തള്ളി

മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’; റിലീസ് തടയണമെന്ന ​ഹർജി തള്ളി

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. 2008ല്‍ പുറത്തിറങ്ങിയ മായ എന്ന നോവലില്‍ നിന്നും കോപ്പിയടിച്ചാണ് ബറോസിന്റെ കഥയെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഹർജി തള്ളിയത്. 2018ല്‍ പുറത്തിറങ്ങിയ ജിജോ പുന്നൂസിന്റെ ‘ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്.

ജോര്‍ജ് തുണ്ടിപറമ്പില്‍ രചിച്ച മായ എന്ന നോവലില്‍ കാപ്പിരി മുത്തപ്പനും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ശാരീരികബന്ധങ്ങളടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും ഇത്തരത്തിലൊരു ഇറോട്ടിക് നോവലിനെ കുട്ടികളുടെ നോവലായ ബറോസുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നും ബറോസ് ടീം കോടതിയില്‍ വാദിച്ചു.

പെണ്‍കുട്ടിയുടെ കഥാപാത്രത്തിന് മാത്രമേ ഭൂതത്തെ കാണാന്‍ കഴിയുള്ളു, ഭൂതത്തിന്റെ പ്രതിബിംബം കണ്ണാടിയില്‍ കാണാന്‍ കഴിയില്ല എന്നിവ തന്റെ നോവലില്‍ നിന്നും കോപ്പിയടിച്ചതാണെന്നും മായയുടെ കഥാകൃത്ത് വാദിച്ചിരുന്നു. എന്നാല്‍ 1984ല്‍ ഇറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ പോലും ഇക്കാര്യങ്ങളുണ്ടെന്നായിരുന്നു ജിജോ പുന്നൂസിന്‍റെ മറുപടി. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായിട്ടാണ് ബറോസ് തിയറ്ററിലെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

നടനും സ്റ്റണ്ട് മാസ്റ്ററുമായ കോതണ്ഡരാമൻ അന്തരിച്ചു

നടനും സ്റ്റണ്ട് മാസ്റ്ററുമായ കോതണ്ഡരാമൻ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.

25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു. ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തു. സുന്ദര്‍ സി. സംവിധാനം ചെയ്ത ‘കലകലപ്പു’ സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടി.

നടി മീന ഗണേഷ് അന്തരിച്ചു

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട്: സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നാടക രംഗത്ത് സജീവമായിരുന്ന മീന ഗണേഷ് 1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളിലെ മീനയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷാണ് ഭര്‍ത്താവ്. സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.

‘പുറന്തനാൾ വാഴ്ത്തുക്കൾ തലൈവരെ’; രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകവും ആരാധകരും

‘പുറന്തനാൾ വാഴ്ത്തുക്കൾ തലൈവരെ’; രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകവും ആരാധകരും

ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്ത് ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവർത്തകരുമെല്ലാം പിറന്നാൾ ആശംസകൾ നേരുകയാണ്. 1975ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ കമൽ ഹാസനൊപ്പം തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ യാത്ര ഇന്നിപ്പോൾ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ മികച്ച നടൻമാരിലൊരാളാക്കി മാറ്റി.

അദ്ദേഹത്തിന്റെ സ്റ്റൈലിനും ഡാൻസിനും ആക്ഷനും വരെ പ്രത്യേകം ആരാധകരുണ്ട്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന്റെ വസിതിക്ക് മുന്നിൽ കേക്കുമായി ആരാധകർ ഒത്തുകൂടിയിരുന്നു. എൻ്റെ പ്രിയ സുഹൃത്ത്, സൂപ്പർ സ്റ്റാർ രജനികാന്തിന് ജന്മദിനാശംസകൾ. ഇനിയും കൂടുതൽ കൂടുതൽ വിജയങ്ങൾ നേടട്ടെ. നല്ല ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ദീർഘകാലം ഇരിക്കട്ടെ എന്നാണ് കമൽ ഹാസൻ പിറന്നാൾ ആശംസകൾ നേർന്ന് എക്സിൽ കുറിച്ചത്.

ഞങ്ങളുടെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ എന്ന എസ്ജെ സൂര്യയും കുറിച്ചു. രജനികാന്തിന്റെ ഐക്കണിക് ഡയലോ​ഗുകളിലൂടെയാണ് ആരാധകർ അദ്ദേഹത്തിന് ആശംസകൾ നേരുന്നത്. വേട്ടയ്യൻ ആണ് രജനികാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയറ്ററുകളിൽ ചിത്രം വിജയിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

പുഷ്പ 2 റിലീസ് തിരക്കിലെ മരണം, നിയമോപദേശം തേടി അല്ലു അർജുൻ

പുഷ്പ 2 റിലീസ് തിരക്കിലെ മരണം, നിയമോപദേശം തേടി അല്ലു അർജുൻ

പുഷ്പ 2 റിലീസ് തിരക്കിലെ മരണത്തില്‍ കേസെടുത്തതില്‍ നിയമോപദേശം തേടി അല്ലു അർജുൻ. സംഭവത്തില്‍ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നിർഭാഗ്യകരമെന്ന് സിനിമയുടെ നിർമാതാക്കള്‍ അറിയിച്ചു.

മരിച്ച രേവതിയുടെ കുടുംബത്തിന് സാധ്യമായ എന്ത് പിന്തുണയും നൽകുമെന്നും അവര്‍ വ്യക്തമാക്കി.മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

പുഷ്പ ദ റൈസ് എന്ന ചിത്രം കണ്ടത് മുതല്‍ അഞ്ച് വയസുകാരനായിരുന്ന ശ്രീ തേജും അമ്മ രേവതിയും അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ കടുത്ത ആരാധകരായി. പക്ഷെ പ്രിയ താരത്തിന്‍റെ ഇഷ്ടചിത്രം കാണാനുള്ള തീരുമാനം തന്‍റെ ജീവനാണ് കവരാന്‍ പോകുന്നത് എന്ന് രേവതിക്ക് അറിയില്ലായിരുന്നു.

പുഷ്പ എന്ന ചിത്രത്തിനോടുള്ള ഇഷ്ടം കൊണ്ട് ഒന്‍പത് വയസുള്ള മകന്‍ ശ്രീ തേജിനെ രേവതി 32 കാരിയായ രേവതി വിളിക്കുന്നത് പുഷ്പ എന്നാണ്. ഭര്‍ത്താവ് മൊഗഡാന്‍പ്പള്ളി ഭാസ്കറിനും ശ്രീതേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനിയായ രേവതി തീയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞ‌തിനാല്‍ കുട്ടിയെ തീയറ്ററിന് അടുത്തുള്ള ബന്ധുക്കളുടെ വീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി.

ആ സമയത്താണ് പ്രീമിയര്‍ കാണുവാന്‍ അല്ലു അര്‍ജുന്‍ തീയറ്ററിലേക്ക് എത്തിയത് 9.30-യ്ക്ക് ആർടിസി ക്രോസ് റോഡിലേക്ക് അല്ലു അർജുന്റെ വാഹനം എത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ തടിച്ചു കൂടിയത്. അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇത് സാഹചര്യം വഷളാക്കി തിക്കും തിരക്കും ഉണ്ടാക്കി.

ഇതോടെയാണ് അതിനിടയില്‍ ശ്രീ തേജും രേവതിയും പെട്ടത്. ശ്രീതേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത് പിന്നാലെ ഇവരെ ചതച്ചരയ്ക്കുന്ന നിലയില്‍ ജനക്കൂട്ടം അവര്‍ക്ക മുകളിലൂടെ കടന്നുപോയി.

പറവ ഫിലിംസിലെ റെയ്ഡ്; 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, പരിശോധന അവസാനിച്ചില്ലെന്ന് ആദായനികുതി വകുപ്പ്

പറവ ഫിലിംസിലെ റെയ്ഡ്; 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, പരിശോധന അവസാനിച്ചില്ലെന്ന് ആദായനികുതി വകുപ്പ്

കൊച്ചി: പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻ്റെ വിശദീകരണം.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയിൽ പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്ന് ഐടി വൃത്തങ്ങൾ പറയുന്നു. പണം വന്ന സോഴ്സ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.