by Midhun HP News | Mar 3, 2025 | Latest News, സിനിമ
ലോസാഞ്ചലസ്: 97ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.
by Midhun HP News | Feb 20, 2025 | Latest News, സിനിമ
ദൃശ്യം 2 പുറത്തുവന്നതിന് പിന്നാലെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫിനോടും നടൻ മോഹൻലാലിനോടും പലപ്പോഴായി ഈ ചോദ്യം ആരാധകർ ചോദിച്ചിരുന്നു. ജീത്തു ജോസഫ് ദൃശ്യം 3 ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടികൾ നൽകിയിരുന്നില്ല.
ഇപ്പോഴിതാ ദൃശ്യം 3 വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ‘‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’’ എന്ന വാക്കുകളോടെയാണ് സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനുമൊപ്പമുള്ള ഒരു ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ദൃശ്യം 3 യുടെ പ്രഖ്യാപനം തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.
‘ലാലേട്ടാ താടിയിൽ തന്നെ ദൃശ്യം 3 ചെയ്യണം’, ‘ദാ…. ഇതാണ് അനൗൺസ്മെൻ്റ്’, ‘നാലാം ക്ലാസുകാരന്റെ മൂന്നാം വരവ്’, ‘ഈ പ്രാവശ്യം ജോർജുകുട്ടി ഉറപ്പായും ജയിലില്‍ പോകും’, ‘മോളിവുഡിലെ ക്ലാസിക് ക്രിമിനൽ തിരിച്ചുവരുന്നു’- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. 2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്.
ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ൽ സിനിമയുടെ രണ്ടാം ഭാഗമെത്തി. ആമസോൺ പ്രൈം വിഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. ചൈനീസ് ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം.
തമിഴില്‍ കമല്‍ ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. ദൃശ്യം അതേ പേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ്ഗണായിരുന്നു നായകനായെത്തിയത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരും ദൃശ്യത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
by Midhun HP News | Feb 8, 2025 | Latest News, സിനിമ
മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ആവേശമായി മാറിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗം എംപുരാൻ പ്രഖ്യാപിച്ചതു മുതൽ ഇരട്ടി ആവേശത്തിൽ ചിത്രത്തിനായുള്ള കാത്തിരിപ്പും പ്രേക്ഷകർ തുടങ്ങിയിരുന്നു. ചിത്രത്തിന്റേതായി ലഭിക്കുന്ന ഓരോ അപ്ഡേറ്റും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.
വരും ദിവസങ്ങളിൽ ചിത്രത്തിലെ 36 കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. “എംപുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടൂ. അത് അവതരിപ്പിച്ച അഭിനേതാക്കൾ അനുഭവം നിങ്ങളോട് പങ്കുവയ്ക്കും. 36 കഥാപാത്രങ്ങൾ, 18 ദിവസം! നാളെ മുതൽ രാവിലെ 10നും വൈകിട്ട് 6 മണിക്കും ആകും അപ്ഡേറ്റ് റിലീസ് ചെയ്യുക”.- എന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് എംപുരാൻ റിലീസ് ചെയ്യുക. മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ടീസറും തരംഗമായി മാറിയിരുന്നു. മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറും എംപുരാൻ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ‘500 കോടിയിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല’- എന്നാണ് എംപുരാന്റെ ഓരോ അപ്ഡേറ്റിനും താഴെ നിറയുന്ന കമന്റുകൾ. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
by Midhun HP News | Feb 7, 2025 | Latest News, സിനിമ
മമ്മൂട്ടി ആരാധകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റി വച്ചിരുന്നു. ഒടുവിൽ ഫെബ്രുവരി 14 ന് ചിത്രം എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബസൂക്കയുടെ റിലീസ് വീണ്ടും മാറ്റി വച്ചതായാണ് റിപ്പോർട്ട്. ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. വിഷു റിലീസായി ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് സിനിമ പ്രേക്ഷകരുടെ പ്രതീക്ഷ. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും യൂഡ്‌ലി ഫിലിമും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ്.
by Midhun HP News | Feb 6, 2025 | Latest News, സിനിമ
തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് കുമാർ നായകനായെത്തിയ വിടാമുയർച്ചി. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ‘അജിത്തിന്റെ ബോക്സോഫീസ് തിരിച്ചു വരവ് ആണ്’ ചിത്രമെന്നാണ് എക്സിൽ നിറയുന്ന പ്രതികരണങ്ങൾ.
ഇപ്പോഴിതാ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിൽ ചോർന്നതായാണ് റിപ്പോർട്ടുകൾ. 1080p, 720p, 480p എന്നീ HD റെസല്യൂഷനുകളിലാണ് ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നത്. ആദ്യ ദിനം തന്നെ ഓൺലൈനിൽ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ തന്നെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിന് മുൻപ് ഗെയിം ചെയ്ഞ്ചർ, പുഷ്പ 2, മാർക്കോ, ബറോസ്, കങ്കുവ തുടങ്ങി നിരവധി സിനിമകളുടെ വ്യാജ പതിപ്പ് റിലീസ് ചെയ്ത ഉടനെ തന്നെ വിവിധ ഓൺലൈൻ സൈറ്റുകളിലെത്തിയിരുന്നു. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അജിത് – അർജുൻ – തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
മഗിഴ് തിരുമേനി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജിത്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കും ചിത്രമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.
by Midhun HP News | Feb 4, 2025 | Latest News, സിനിമ
മോഹൻലാൽ നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 ൽ പുറത്തിറങ്ങിയ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി ആക്ഷനായാണ് പ്രേക്ഷകരിലേക്കെത്തിയത്. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് റീ റിലീസ് വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വസ്കോഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
നിരഞ്ജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ’ 4 കെ യിൽ റീ റിലീസ് ചെയ്യുമോ എന്ന ആരാധകന്റെ കമ്മന്റിനാണ് നടൻ മറുപടി നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ. ചിത്രത്തിന്റെ റീ റിലീസിങ് വാർത്തയും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
‘റീ റിലീസിങ് കിങ് ലാലേട്ടൻ തന്നെ’യെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മണിയൻ പിള്ള രാജു ആണ് ഛോട്ടാ മുംബൈ നിർമിച്ചത്. മോഹൻലാലിന് പുറമേ ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ട്രെൻഡിങ് ആണ്. രാഹുൽ രാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Recent Comments