‘പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു’; വീണ്ടും വിമര്‍ശനവുമായി ഓര്‍ഗനൈസര്‍

‘പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു’; വീണ്ടും വിമര്‍ശനവുമായി ഓര്‍ഗനൈസര്‍

ഡല്‍ഹി: എംപുരാന്‍ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. വിവാദങ്ങളില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. സനാതന ധര്‍മ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജ്. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും അദ്ദേഹം മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ആരോപിക്കുന്നു.

കേന്ദ്രസര്‍ക്കാരിനെതിരെ പൃഥ്വിരാജ് എതിര്‍പ്പുമായി രംഗത്തു വരുന്നു. സേവ് ലക്ഷദ്വീപ് ക്യാംപെയ്‌നിന് പിന്നിലെ പ്രമുഖരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. സിഎഎ പ്രക്ഷോഭത്തില്‍ ഡല്‍ഹി പൊലീസിനെ നേരിട്ട അയേഷ റെന്നയെ പിന്തുണച്ച് പൃഥ്വിരാജിന്റെയും സഹോദരന്‍ ഇന്ദ്രജിത്തും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് സിഎഎ പ്രതിഷേധങ്ങള്‍ നടത്തിയത് എന്നും ലേഖനത്തില്‍ പറയുന്നു.

ഹിന്ദുക്കളുടെ കാര്യത്തില്‍ പൃഥ്വിരാജിന് ഇരട്ടത്താപ്പാണ്. മുനമ്പം വിഷയത്തിലും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിലും പ്രതികരിക്കാന്‍ പൃഥ്വിരാജ് തയ്യാറായില്ലെന്നും ലേഖനം പറയുന്നു. പൃഥ്വിരാജിന്റെ ദുഷ്ട പദ്ധതിയും ദുരുദ്ദേശ്യവും എംപുരാന്‍ സിനിമയില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലന്, ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരായ ബജരംഗ്ബലി എന്നാണ് നല്‍കിയിരിക്കുന്നത്. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ചിരിക്കുന്നു വെന്നും ലേഖനത്തില്‍ പറയുന്നു.

പൃഥ്വിരാജിന്റെ സിനിമകള്‍ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്നും സിനിമയുടെ പിന്നില്‍ അദൃശ്യമായ പിന്തുണകളുണ്ടെന്നും സംഘപരിവാര്‍ ആരോപണം ഉന്നയിച്ചിരുന്നു. പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസര്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിച്ചിരുന്നു. വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ അടക്കം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് പുതിയ ലേഖനം.

സെന്‍സര്‍ ബോര്‍ഡ് പാനലില്‍ നാലു പേര്‍ സംഘ നോമിനികള്‍; സിനിമ വെട്ടാതിരുന്നതില്‍ രൂക്ഷ വിമര്‍ശനം, അതൃപ്തി

സെന്‍സര്‍ ബോര്‍ഡ് പാനലില്‍ നാലു പേര്‍ സംഘ നോമിനികള്‍; സിനിമ വെട്ടാതിരുന്നതില്‍ രൂക്ഷ വിമര്‍ശനം, അതൃപ്തി

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാനെതിരായ സംഘപരിവാര്‍ വിമര്‍ശനം നീളുന്നത് ഫിലിം സെന്‍സര്‍ ബോര്‍ഡിലെ സംഘ നോമിനികള്‍ക്കെതിരെ. പ്രത്യക്ഷത്തില്‍ തന്നെ സംഘബന്ധമുള്ള നാലു പേരാണ് എംപുരാന്‍ സര്‍ട്ടിഫൈ ചെയ്ത സെന്‍സര്‍ ബോര്‍ഡ് മേഖലാ പാനലില്‍ ഉണ്ടായിരുന്നത്.

ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ്, ഗവര്‍ണറുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ഹരി എസ് കര്‍ത്തയുടെ ഭാര്യ സ്വരൂപാ കര്‍ത്ത, ബിജെപിയുടെ നെടുമങ്ങാട് കൗണ്‍സിലര്‍ മഞ്ജു ഹസന്‍, പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി സുനീഷിന്റെ ഭാര്യ റോഷ്‌നി ദാസ് എന്നിവരാണ് എംപുരാന്‍ സെന്‍സര്‍ ചെയ്ത പാനലില്‍ അംഗമായിരുന്നവര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഇവര്‍ക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്.

സംഘപരിവാര്‍ ബന്ധമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാമായിരുന്നു എന്നാണ് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സംഘത്തെ പ്രതിരോധിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പാടേ പരാജയപ്പെട്ടതായും നേതാക്കള്‍ കുറ്റപ്പെടുത്തി.

അതേസമയം വിവാദമുണ്ടാക്കുന്നവര്‍ സിനിമ കാണാത്തവരാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ് പ്രതികരിച്ചു. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കാണുന്നവരുടെ വിവേചനാധികാരമാണെന്ന് മഹേഷ് പറഞ്ഞു. എംപുരാനെതിരെ ബിജെപി കേന്ദ്രങ്ങളില്‍നിന്നു തന്നെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം.

സെന്‍സര്‍ ബോര്‍ഡിന് നിയമത്തിനു കീഴില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാനാവൂവെന്ന് മഹേഷ് പറഞ്ഞു. സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പതിനാറു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 16+), പതിമൂന്നു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 13+), ഏഴു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന ചിത്രങ്ങള്‍ (യുഎ 7+) എന്നിങ്ങനെയാണ് മാനദണ്ഡം.

എംപുരാന് യുഎ 16+ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. ചിത്രത്തില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന, 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമുണ്ടായിരുന്നു. അതു കട്ട് ചെയ്തു. അതു നാലു സെക്കന്‍ഡ് ആക്കി ചുരുക്കി. ദേശീയപതാകയിലെ പച്ച ചൂണ്ടി ഒരു കഥാപാത്രം വര്‍ഗീയത പറയുന്ന രംഗമുണ്ടായിരുന്നു. അതും ഒഴിവാക്കിയെന്ന് മഹേഷ് പറഞ്ഞു.

‘ആരെയും വേദനിപ്പിക്കാനില്ല, എമ്പുരാൻ മാറ്റം വരുത്താൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്’: ​ഗോകുലം ​ഗോപാലൻ

‘ആരെയും വേദനിപ്പിക്കാനില്ല, എമ്പുരാൻ മാറ്റം വരുത്താൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്’: ​ഗോകുലം ​ഗോപാലൻ

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എമ്പുരാന്, റിലീസിന് പിന്നാലെ വൻതോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബിജെപിക്കെതിരെ ചിത്രം ശക്തമായി കടന്നാക്രമിച്ചു എന്നായിരുന്നു സോഷ്യൽ മീ‍ഡിയയിൽ ഉയർന്നുവന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. ഇപ്പോഴിതാ എമ്പുരാൻ സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ​ഗോകുലം ​ഗോപാലൻ പ്രതികരിച്ചിരിക്കുകയാണ്.

പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ​ഗോകുലം ​ഗോപാലൻ പറഞ്ഞു. എമ്പുരാനിൽ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോ​ഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിൽ മാറ്റം വരുത്താൻ സംവിധായകനായ പൃഥ്വിരാജിനോട് താൻ പറഞ്ഞിട്ടുണ്ട്.

തല്ക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തനിക്കറിയില്ലെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു. ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ടെന്നും അതുകൊണ്ട് ഒരു തിയറ്ററിൽ തന്നെ മാറ്റണമെങ്കിൽ നല്ല ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെൻസർ ചെയ്തപ്പോൾ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും, സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണെന്നും ​ഗോപാലൻ കൂട്ടിച്ചേർത്തു. സാങ്കേതികമായുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സംവിധായകന് അറിയാൻ കഴിയുമെന്നും അദ്ദേഹം ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും ​ഗോകുലം ​ഗോപാലൻ വ്യക്തമാക്കി.

മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണം, കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്

മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണം, കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്

കൊച്ചി: മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്. മോഹന്‍ലാല്‍ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ വരില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്ന ആളാണ് മോഹന്‍ലാല്‍. ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിനെ അവമതിക്കുന്ന രീതിയിലുള്ള സിനിമയെടുത്തപ്പോള്‍ അതൊന്നും മോഹന്‍ലാല്‍ അറിയാതെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല. തിരക്കഥ വായിക്കാതെ സിനിമയില്‍ അഭിനയിക്കില്ലല്ലോ. മോഹല്‍ലാലിനെതിരെ കേസിന് പോകുമെന്നും സി രഘുനാഥ് പറഞ്ഞു

സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന സീനുകളാണ് വിവാദമായിരിക്കുന്നത്. നായകന്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. എംപുരാന്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെതിരെ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കല്‍ തുടങ്ങിയവര്‍ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.

റിലീസായി 48 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്‌സോഫീസില്‍നിന്ന് 100 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും തകര്‍ത്തഭിനയിച്ച ചിത്രം, ആഗോള ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ ആദ്യദിന കലക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി. 65 കോടി രൂപയിലേറെയാണ് ആദ്യദിന കളക്ഷന്‍. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷന്‍ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പര്‍ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കളക്ഷനെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച് ഡി; ചോര്‍ന്നത് എവിടെ നിന്ന്? പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച് ഡി; ചോര്‍ന്നത് എവിടെ നിന്ന്? പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

കൊച്ചി: മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമായ എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച്ഡി നിലവാരത്തിലുള്ളതെന്ന് കണ്ടെത്തല്‍. ചിത്രം തിയറ്ററുകളില്‍ നിന്നു പകര്‍ത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോര്‍ന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്ലോഡ് ചെയ്തിട്ടുള്ളത്.

തിയറ്ററുകളില്‍ നിന്നു പകര്‍ത്തുന്ന പതിപ്പുകള്‍ക്കു സാധാരണഗതിയില്‍ ദൃശ്യശബ്ദ നിലവാരം കുറവായിരിക്കും. ചിത്രം ചോര്‍ന്നതു തിയറ്ററുകളില്‍ നിന്നല്ലെങ്കില്‍ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ റിലീസ് ചെയ്തു 10 മണിക്കൂറിനുള്ളിലാണു ടെലഗ്രാമിലും വെബ്‌സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.

എന്നാല്‍ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നാണ് കൊച്ചി സൈബര്‍ പൊലീസ് പറയുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം ആരംഭിക്കുമെന്നും വെബ്‌സൈറ്റുകളില്‍ നിന്നു ചിത്രം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ചിത്രങ്ങളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രഫഷനല്‍ എത്തിക്കല്‍ ഹാക്കര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു കര്‍ശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

എംപുരാന്‍ കൊടിയേറ്റം; ആഘോഷമാക്കി ആരാധകര്‍, കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകള്‍

എംപുരാന്‍ കൊടിയേറ്റം; ആഘോഷമാക്കി ആരാധകര്‍, കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകള്‍

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ റിലീസ് ആഘോഷമാക്കി മലയാളികള്‍. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എംപുരാന്റെ ആദ്യ ഷോ ഇന്ന് രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ടായിരുന്നു. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ് ഉള്‍പ്പെടെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കനത്ത സുരക്ഷ.

റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച എംപുരാന്‍ മലയാളത്തിലെ ആദ്യ ദിന കളക്ഷനിൽ ആദ്യ 50 കോടി നേടുന്ന ചിത്രമായി മാറി. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം.

ഖുറേഷി അബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേന്ദ്ര കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ.
മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യമാണ് ഇതില്‍ പ്രധാനം. ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ആറ്റിങ്ങലിലെ വിവിധ തീയേറ്ററുകളിലും ഫാൻസ്‌ ഷോ ഉണ്ടായിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടിയാണ് ഷോ ആരംഭിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും വരുന്നത്