by Midhun HP News | Oct 18, 2023 | Latest News, സിനിമ
ചെന്നൈ: സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക പ്രദർശനം അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സർക്കാർ തള്ളി. പുലർച്ചെ നാലുമണിക്ക് പ്രത്യേക ഷോ നടത്താൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യമാണ് സർക്കാർ തള്ളിയത്. ആദ്യത്തെ ആറു ദിവസത്തേക്കാണ് നിർമ്മാതാക്കൾ ഇളവ് തേടിയത്.
ഡിജിപിയുടെ കൂടി അഭിപ്രായം കൂടി തേടിയശേഷമാണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. രാവിലെ ഏഴുമണിക്ക് ഷോ നടത്താൻ അനുവാദം നൽകിക്കൂടേ എന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശവും അംഗീകരിച്ചില്ല. രാവിലെ ഒമ്പതു മണി മുതൽ പുലർച്ചെ ഒരു മണി വരെ അഞ്ചു ഷോ നടത്താനാണ് സർക്കാർ അനുവാദം നൽകിയിട്ടുള്ളത്. പുലർച്ചെ നാലുമണിക്ക് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ തമിഴ്നാട് സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കട്ടെ എന്ന് അഭിപ്രായപ്പെട്ട കോടതി, പ്രത്യേക ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. പകരം സിനിമാ നിർമ്മാതാക്കളുമായി ഈ വിഷയത്തിൽ വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുയും ചെയ്തു.
by Midhun HP News | Oct 8, 2023 | Latest News, സിനിമ
ഉർവശിക്കും കുടുംബത്തിനൊപ്പമുള്ള കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉർവശിയുടെ ഭർത്താവ് ശിവൻ, മകൻ ഇഷാൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഉര്‍വശി തന്നെയാണ് ഈ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂെട പങ്കുവച്ചത്. കുഞ്ഞാറ്റയെയും ഉർവശിയെയും ഒരുമിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകരും. വീണ നായർ, ബീന ആന്റണി, ആർജെ മിഥുൻ തുടങ്ങി സിനിമാ രംഗത്തുള്ളവരും ചിത്രങ്ങൾക്കു കമന്റുമായി എത്തി.

വിദേശത്താണ് കുഞ്ഞാറ്റയെന്ന തേജ ലക്ഷ്മി പഠിക്കുന്നത്. അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉർവശിയുടെ ചെന്നൈയിലെ വീട്ടിലാണിപ്പോൾ കുഞ്ഞാറ്റ. മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.
by Midhun HP News | Oct 3, 2023 | Latest News, സിനിമ
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാഗമാകുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. മഞ്ജുവിനെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു.
ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി എന്നിവരും അഭിനയിക്കുന്നതായി റിപ്പോർട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബർ മൂന്നിന് തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. പത്തുദിവസം തിരുവനന്തപുരത്ത് ഉണ്ടാകും. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബച്ചൻ ഒഴികെയുള്ള താരങ്ങൾ തിരുവനന്തപുരത്തെത്തും. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇന്ത്യൻ സിനിമയുടെ സൂപ്പർ താരം രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംഗുണ്ടാകും. രജനി അഭിനയിച്ച രാജാധിരാജ, മുത്തു എന്നീ ചിത്രങ്ങളുടെ ഗാനരംഗം മുമ്പ് അതിരപ്പിള്ളിയിൽ ചിത്രീകരിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോർക്കുന്നു. തലൈവർ 170 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.
ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അൻപറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു. ‘വിക്രം’, ‘ലിയോ’ എന്നീ സിനിമകളുടെ പ്രമേയം പോലെ ഈ സിനിമയും ത്രില്ലടിപ്പിക്കുന്നതാകുമെന്ന സൂചന അനൗൺസ്‌മെന്റ് പോസ്റ്ററിൽ നൽകിയിട്ടുണ്ട്. രജനികാന്തിന്റെ സിനിമാ കരിയറിലെ അവസാന ചിത്രമാകും ഇതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
by Midhun HP News | Sep 24, 2023 | Latest News, സിനിമ
കൊച്ചി: ഇതിഹാസ ചലച്ചിത്രകാരൻ കെ.ജി ജോര്‍ജ് (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം. കുറച്ച് കാലമായി ഇവിടെയാണ് താമസിച്ചിരുന്നത്. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. സ്വപ്‍നാടനത്തിലൂടെ സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയ്‍ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. 19 സിനിമകള്‍ സംവിധാനം ചെയ്തു.
by Midhun HP News | Sep 16, 2023 | Latest News, സിനിമ
ഓണക്കാലം മലയാളികൾ ആഘോഷമാക്കിയത് ആർഡിഎക്സിനൊപ്പമായിരുന്നു. വമ്പൻമാർക്കൊപ്പം തിയറ്ററിൽ എത്തിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആഗോളതലത്തിൽ ചിത്രം 80 കോടി ക്ലബ്ബിൾ കയറിയിരിക്കുകയാണ്. കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് ചിത്രം നേടിയത്.
ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുക്കിയ ചിത്രം ആക്ഷൻ ത്രില്ലറായിരുന്നു. റിലീസിന് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവന്നത്. ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് കരസ്ഥമാക്കിയിരിക്കുന്നത്.
by Midhun HP News | Sep 12, 2023 | Latest News, സിനിമ
ചെന്നൈ: സിനിമാ- നാടക നടന്‍ വി പരമേശ്വരന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗണ്. അഞ്ചുപതിറ്റാണ്ടിലധികമായി പരമേശ്വരൻ നായർ ചെന്നൈയിൽ സ്ഥിരതാമസമാണ്. ഏതാനും വർഷം പട്ടാളത്തിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം 1968 മുതൽ 1991 വരെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐഡിപിഎലിലും ജോലി ചെയ്തു.
വിരമിച്ചശേഷം നാടകപ്രവർത്തനം, മലയാളിസംഘടനാ പ്രവർത്തനം, രാഷ്ട്രീയപ്രവർത്തനം തുടങ്ങി പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. മദിരാശി കേരളസമാജം ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമ, സീരിയൽ, നാടകം, പരസ്യചിത്രം തുടങ്ങിയവയിൽ അഭിനയിച്ചിട്ടുണ്ട്.
സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അനന്തഭദ്രം’ എന്ന സിനിമയിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തു. ദൂരദർശനിലും സ്വകാര്യ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്‌കാരം പരമേശ്വരൻ നായർക്കാണ് ലഭിച്ചത്.
Recent Comments