തൊണ്ടയിൽ ആരോ മുറുകെ പിടിക്കുന്ന പോലെ; താര കല്യാണിന്‍റെ ശബ്‌ദം നഷ്ടപ്പെടാന്‍ കാരണമായ രോഗം, എന്താണ്?

തൊണ്ടയിൽ ആരോ മുറുകെ പിടിക്കുന്ന പോലെ; താര കല്യാണിന്‍റെ ശബ്‌ദം നഷ്ടപ്പെടാന്‍ കാരണമായ രോഗം, എന്താണ്?

നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ ശബ്ദം നഷ്ടപ്പെടാൻ കാരണമായ രോഗാവസ്ഥയെ കുറിച്ച് പങ്കുവെച്ച് മകൾ സൗഭാ​ഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സ്പാസ്മോഡിക് ഡിസ്‌ഫോണിയ’ എന്ന രോഗാവസ്ഥയാണ് താരത്തെ ബാധിച്ചിരിക്കുന്നത്.

തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദേശം അബ്‌നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണ് സ്പാസ്മോഡിക് ഡിസ്‌ഫോണിയ. തൊണ്ടയില്‍ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെയാണ് ഈ അവസ്ഥയിൽ രോഗിക്ക് തോന്നുക. സ്‌ട്രെയ്ന്‍ ചെയ്ത് സംസാരിച്ചാല്‍ അസ്വസ്ഥത കൂടും. ശബ്ദം പൂര്‍ണമായും നഷ്ടപ്പെടും.

സ്പാസ്മോഡിക് ഡിസ്‌ഫോണിയ എന്ന അവസ്ഥയിൽ പുറത്തു കടക്കാൻ രോ​ഗികൾക്ക് രണ്ട് വഴികളാണ് ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്നത്. ബോട്ടോക്‌സ് ചികിത്സ മറ്റൊന്ന് ശസ്ക്രിയ. എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും സൗഭാ​ഗ്യ പറയുന്നു.

അമ്മയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും സൗഭാഗ്യ പറഞ്ഞു. മൂന്നാഴ്ച കൂടി സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇതിന് ശേഷം വരുന്ന ശബ്ദം പരുപരുത്തതായിരിക്കും. പാട്ട് പാടുകയോ ഹൈ പിച്ചില്‍ സംസാരിക്കുകയോ ചെയ്യരുതെന്ന് ഡോക്ടര്‍ പ്രത്യേകം നിർദേശിച്ചിട്ടുണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കുന്നു.

‘അമ്മയ്ക്ക് വര്‍ഷങ്ങളായി ശബ്ദത്തിന് പ്രശ്‌നമുണ്ടായിരുന്നു. തൈറോയ്ഡിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. ഇതിനായി ചികിത്സയും നടത്തിയിരുന്നു. ഡാന്‍സ് പഠിക്കുമ്പോള്‍ അതിന്റെ പാട്ട് പാടിയിട്ടായിരിക്കും ശബ്ദത്തിന് പ്രശ്‌നം വന്നതെന്നും കരുതി. എന്നാല്‍ ശരിക്കുമുള്ള രോഗം ഇപ്പോഴാണ് കണ്ടെത്തിയത്. ആദ്യം ബോട്ടോക്‌സ് ചികിത്സയാണ് അമ്മയ്ക്ക് ചെയ്തത്. അതിനുശേഷം മൂന്നാഴ്ച്ച ശബ്ദമുണ്ടായിരുന്നില്ല. പിന്നീട് ശബ്ദം തിരിച്ചുവന്നു. അപ്പോഴാണ് അമ്മൂമ്മ മരിക്കുന്നത്. ആ സമയത്തെ സമ്മര്‍ദ്ദം കാരണം ശബ്ദം വീണ്ടുംപോയി. അമ്മൂമ്മയുടെ മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു വീണ്ടും സ്‌ട്രെയ്ന്‍ ചെയ്ത് സംസാരിച്ചതോടെ അവസ്ഥ വഷളായി. അതോടെ ശസ്ത്രക്രിയ ചെയ്യുകയല്ലാതെ വേറെ വഴിയില്ലാതായി.’ -വിഡിയോയില്‍ സൗഭാഗ്യ പറയുന്നു.

അശ്ലീല ഉള്ളടക്കം: 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

അശ്ലീല ഉള്ളടക്കം: 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അശ്ലീല ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം. ഐടി നിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപടിയെടുത്തത്.

19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ തുടങ്ങിയവും നിരോധിച്ചിട്ടുണ്ട്. ‘ക്രിയേറ്റീവ് എക്‌സ്പ്രഷന്‍’ എന്നതിന്റെ മറവില്‍ അശ്ലീലം പ്രദര്‍ശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും, അതു പാലിക്കപ്പെട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരമാണ് നടപടി.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്‌ലിക്സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കോഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നിരോധിച്ച ഒടിടി പ്ലാറ്റ്ഫോമുകള്‍.

ആഗോളതലത്തിൽ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ; 2018നെ വെട്ടി മഞ്ഞുമ്മൽ ബോയ്സ്

ആഗോളതലത്തിൽ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ; 2018നെ വെട്ടി മഞ്ഞുമ്മൽ ബോയ്സ്

ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിലെ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന സിനിമയെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. 2018 നേടിയ 175 കോടി രൂപ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് കേവലം 21 ദിവസം കൊണ്ട് മറികടന്നു. നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

‘ഒരു സിനിമകണ്ട് അവസാനമായി ഇങ്ങനെ ചിരിച്ചത് എന്നാണെന്ന് ഓര്‍മയില്ല’; പ്രേമലുവിനെ പ്രശംസിച്ച് മഹേഷ് ബാബു

‘ഒരു സിനിമകണ്ട് അവസാനമായി ഇങ്ങനെ ചിരിച്ചത് എന്നാണെന്ന് ഓര്‍മയില്ല’; പ്രേമലുവിനെ പ്രശംസിച്ച് മഹേഷ് ബാബു

തെലുങ്കില്‍ തരംഗം തീര്‍ക്കുകയാണ് മലയാള ചിത്രം പ്രേമലു. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമ കണ്ട് ഇത്രയധികം ചിരിക്കുന്നത് എപ്പോഴാണെന്ന് ഓര്‍മയില്ല എന്നാണ് താരം എക്‌സില്‍ കുറിച്ചത്. സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറക്കിയ എസ്എസ് കാര്‍ത്തികേയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.

പ്രേമലുവിനെ തമിഴ് പ്രേക്ഷകരിലേക്ക് കൊണ്ടുവന്നതിന് നന്ദി എസ്എസ് കാര്‍ത്തികേയ. ശരിക്ക് ആസ്വദിച്ചു. ഒരു സിനിമകണ്ട് അവസാനമായി ഇത്ര അധികം ചിരിച്ചത് എപ്പോഴാണെന്ന് എനിക്ക് ഓര്‍മയില്ല. എന്റെ കുടുംബത്തിന് ഒന്നടങ്കം ഇഷ്ടപ്പെട്ടു. എല്ലാ യുവതാരങ്ങളുടേയും ഗംഭീര പ്രകടനം. ടീമിന് ഒന്നാകെ ആശംസകള്‍.- മഹേഷ് ബാബു കുറിച്ചു. നസ്ലിനേയും മമിത ബൈജുവിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഹൈദരാബാദ് പശ്ചാത്തലമാക്കിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നേരത്തെ രാജമൗലിയും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ഓസ്‌കറില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; കിലിയന്‍ മര്‍ഫി നടന്‍, എമ്മ സ്റ്റോണ്‍ നടി, ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകന്‍

ഓസ്‌കറില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; കിലിയന്‍ മര്‍ഫി നടന്‍, എമ്മ സ്റ്റോണ്‍ നടി, ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകന്‍

ലോസാഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം കിലിയന്‍ മര്‍ഫിയും മികച്ച സംവിധായകനുളള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളനും സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് എമ്മ സ്റ്റോണ്‍ അര്‍ഹയായി. പുവര്‍ തിങ്ങ്സിലെ മികവാണ് പുരസ്‌കാര നേട്ടത്തിലെത്തിച്ചത്.
റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സഹനടി ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ്, (ദ ഹോള്‍ഡോവര്‍സ്).

ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ‘വാര്‍ ഈസ് ഓവര്‍’, ആനിമേറ്റഡ് ഫിലിം- ‘ദ ബോയ് ആന്റ് ഹെറോണ്‍’

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- ‘അനാട്ടമി ഓഫ് എ ഫാള്‍,’ ജസ്റ്റിന്‍ ട്രയറ്റ് (ആര്‍തര്‍ ഹരാരി), അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- അമേരിക്കന്‍ ഫിക്ഷന്‍(കോര്‍ഡ് ജെഫേഴ്‌സണ്‍) എന്നിവയും പുരസ്‌കാരത്തിന് അര്‍ഹമായി.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച ഒറിജിനല്‍ സ്‌കോര്‍- ഓപ്പണ്‍ഹൈമര്‍

മികച്ച ഒറിജിനല്‍ സോങ്- ബാര്‍ബി

മികച്ച വിദേശ ഭാഷ ചിത്രം- ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്സ് ഇന്‍ മരിയോപോള്‍ (യുക്രൈയ്ന്‍)

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്

മികച്ച എഡിറ്റര്‍- ജെന്നിഫര്‍ ലേം (ഓപ്പണ്‍ഹൈമര്‍)

മികച്ച വിഷ്വല്‍ എഫക്ട്- ഗോഡ്സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍

മികച്ച കോസ്റ്റ്യൂം ഡിസൈന്‍ പുവര്‍ തിങ്‌സ് (ഹോളി വാഡിങ്ടണ്‍)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- പുവര്‍ തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)

മികച്ച ഹെയര്‍സ്റ്റെലിങ്- പുവര്‍ തിങ്ങ്സ് (നദിയ സ്റ്റേസി, മാര്‍ക് കോളിയര്‍)

‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥകൃത്ത് അന്തരിച്ചു

‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥകൃത്ത് അന്തരിച്ചു

കൊച്ചി: സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് ഭാരതം എന്ന പേര് ഉപേക്ഷിച്ച് ‘ഒരു സർക്കാർ ഉത്പന്നം’ എന്ന് പേര് മാറ്റിയ ചിത്രത്തിന്‍റെ തിരക്കഥകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് തിരക്കഥകൃത്തിന്‍റെ വിയോഗം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

പത്തനംതിട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അതേസമയം ‘ഒരു സർക്കാർ ഉത്പന്നം’ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്.

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ലാല്‍ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന നടന്‍. ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ്‌ വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ& മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.