സൂര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ പ്രൊമോ ഗാനം

സൂര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ പ്രൊമോ ഗാനം

തിരുവനന്തപുരം: സൂര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ പ്രൊമോ ഗാനം പുറത്തുവിട്ടു. സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ രണ്ടാം ഗാനത്തിൻ്റെ പ്രമോ വീഡിയോ ആണ് പുറത്തുവിട്ടത്. സിനിമയുടെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന് ആണ്. സൂര്യയ്ക്ക് ജന്മദിന സമ്മാനമായാണ് പ്രൊമോ ഗാനം ഇന്ന് പുറത്ത് ഇറക്കിയത്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ് “വിശ്വനാഥ് ആൻഡ് സൺസ്”. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സൂര്യ തന്നെ ആലപിച്ചിരിക്കുന്ന പുതിയ ഗാനത്തിൻ്റെ പ്രമോ, സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്ത് വിട്ടത്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.

ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ,.

‘പ്രഭുദേവ കയർ കൊണ്ട് വലിച്ചപ്പോൾ എന്റെ പുറം പൊട്ടി ചോര വന്നു’; ആ സൂപ്പർ ഹിറ്റ് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് റോജ

‘പ്രഭുദേവ കയർ കൊണ്ട് വലിച്ചപ്പോൾ എന്റെ പുറം പൊട്ടി ചോര വന്നു’; ആ സൂപ്പർ ഹിറ്റ് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് റോജ

ഒരുകാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടിമാരിലൊരാളാണ് റോജ. നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ റോജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിത വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് റോജ. പ്രഭുദേവയ്ക്കൊപ്പം റോജ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കെ സുബാഷ് സംവിധാനം ചെയ്ത് 2000-ത്തിൽ പുറത്തിറങ്ങിയ ‘ഈഴൈയിൻ സിരിപ്പിൽ’.

ഈ ചിത്രത്തിലെ ‘കറു കറു കറുപ്പായി…’ എന്ന ​ഗാനം അന്ന് സൂപ്പർ ഹിറ്റായിരുന്നു. അടുത്തിടെ വിജയ് ചിത്രമായ ‘ലിയോ’യിലും ഈ പാട്ട് ഉപയോ​ഗിച്ചിരുന്നു. ‘ലിയോ’യിൽ വന്നതോടെ ഈ പാട്ട് വീണ്ടും ട്രെൻഡിങ്ങായി മാറി. ഇപ്പോഴിതാ ആ പാട്ടിന് പിന്നിലെ കഥ പറയുകയാണ് റോജ.

പാട്ട് ചിത്രീകരിക്കുമ്പോൾ തനിക്ക് പരിക്കേറ്റെന്നും വേദനയിലും സീൻ നന്നായി ഇരിക്കണമെന്നാണ് താൻ ചിന്തിച്ചതെന്നും പറയുകയാണ് റോജ. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോജ. “വിജയ് സാർ അത് ലിയോയിൽ വച്ചതു കൊണ്ട് ഇത്രയും വർഷങ്ങൾക്ക് ശേഷം എന്റെ പാട്ട് വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ആ സമയത്തും ആ പാട്ട് സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോൾ അത് വീണ്ടും ട്രെൻഡിങ്ങായി.

എനിക്ക് ആ പാട്ടിന്റെ മ്യൂസിക് ഒരുപാട് ഇഷ്ടമാണ്. പ്രഭുദേവ സാർ അതിൽ ഡാൻസ് ചെയ്യുമ്പോൾ ഭയങ്കര ക്യൂട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ നന്നായി ആസ്വദിച്ച് ചെയ്ത പാട്ടാണത്. ആ പാട്ടിന്റെ അർഥത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. പ്രഭുദേവയുടെ കൂടെ ഡാൻസ് ഉണ്ടെങ്കിൽ ഞാൻ ഭയങ്കര സന്തോഷത്തോടെ അത് ചെയ്യും.

എനിക്ക് എന്ത് സ്റ്റൈൽ ആണോ ഇഷ്ടം അത് അ​ദ്ദേഹം ചെയ്യും. എനിക്ക് ഡാൻസ് അറിയില്ല. പ്രഭുദേവയുടെ കൂടെ തുടരെ തുടരെ ചെയ്തപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ സ്റ്റൈൽ മനസിലായി. ആ പാട്ടിൽ എന്റെ തോളിൽ കയറിട്ട് വലിക്കുന്ന ഒരു രം​ഗമുണ്ട്. കയർ വലിച്ചു കൊണ്ടാണ് ഡാൻസ് കളിക്കുന്നത്. ബ്ലൗസിന്റെ സ്ട്രാപ് കഴുത്തിൽ ചുറ്റുന്ന തരത്തിലുള്ളതായിരുന്നു.

കയർ ബ്ലൗസ് സ്ട്രാപ്പിൽ കുടുങ്ങി എന്റെ പുറം പൊട്ടി ചോര വന്നു. അങ്ങനെയായിരുന്നെങ്കിലും എനിക്ക് ആ ഷോട്ട് നന്നാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. കാരണം, ഒരു രംഗം ചിത്രീകരിച്ചാൽ, 100 അല്ലെങ്കിൽ 200 വർഷങ്ങൾക്ക് ശേഷവും അത് സ്‌ക്രീനിൽ മായ്‌ക്കപ്പെടില്ല.

അതുകൊണ്ട് തന്നെ എനിക്ക് പരിക്കുണ്ടായാലും പനി വന്നാലും എന്ത് സംഭവിച്ചാലും ഷൂട്ടിന് വന്ന് കഴിഞ്ഞാൽ ഓൺ സ്ക്രീനിൽ ഏറ്റവും നന്നായി ഇരിക്കണമെന്ന് എനിക്കുണ്ട്. ഇന്ന് ഞാൻ ആ പാട്ട് കാണുമ്പോഴെല്ലാം, എന്റെ പുറത്തെ ആ മുറിവും ചോര വന്നതുമൊക്കെ ഞാൻ ഓർക്കും. ഓരോ സിനിമയിലും ഓരോ സീനിലും പിന്നിൽ നടന്ന കഥ ഞാനിങ്ങനെ ഇടയ്ക്ക് ഓർക്കാറുണ്ട്. ആ സമയത്ത് ഞാൻ എന്താണ് ചെയ്തത്. എന്തൊക്കെയാണ് സംഭവിച്ചത് എന്നൊക്കെ ഞാനോർക്കാറുണ്ട്”. – റോജ പറഞ്ഞു.

‘വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം! മന്നിച്ചിട് സാർ’; ധ്യാനിനേക്കുറിച്ച് അജു വർ​ഗീസ്

‘വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം! മന്നിച്ചിട് സാർ’; ധ്യാനിനേക്കുറിച്ച് അജു വർ​ഗീസ്

സിനിമയ്ക്കപ്പുറമുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ധ്യാൻ ശ്രീനിവാസനും അജു വർ​ഗീസും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെല്ലാം എല്ലാവരും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് ഒരു വേദിയിൽ അജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. “ശ്രീനിവാസൻ സാറിന്റെ ഏറ്റവും മികച്ച തിരക്കഥ അത് ധ്യാൻ ശ്രീനിവാസൻ മാത്രമാണ്. അതിലൊന്നും എനിക്കിപ്പോൾ പറയാനില്ല.

അദ്ദേഹത്തിന്റെ അതേ നർമങ്ങളും ആക്ഷേപ ഹാസ്യവും ഒക്കെയായി ധ്യാൻ ആ പാരമ്പര്യം തുടരുന്നത് കാണുമ്പോൾ ഒരു സുഹൃത്ത് എന്ന നിലയിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ധ്യാനിന്റെ എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കാര്യം, അദ്ദേഹമാണ് യഥാർഥ സോഷ്യലിസ്റ്റ്. സോഷ്യലിസ്റ്റ് മനോഭാവം ജീവിതത്തിൽ കൊണ്ടു നടക്കുന്ന ഞാൻ കണ്ടിട്ടുള്ള ഒരേ ഒരാൾ ധ്യാൻ ശ്രീനിവാസനാണ്.

അത് ഇനിയും തുടരാൻ അ​ദ്ദേഹത്തിന് സാധിക്കട്ടെ. അമ്മ എന്ന സംഘടനയിലെ വിശേഷങ്ങൾ പറഞ്ഞതു കൊണ്ട് പറയുകയാണ്. എന്റെ അഭിപ്രായത്തിൽ ധ്യാൻ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ് അദ്ദേഹം അമ്മയുടെ തലപ്പത്ത് വന്നാൽ നന്നാകുമെന്ന് ഞങ്ങൾക്കൊക്കെ തോന്നിയത്. വേറൊന്നും കൊണ്ടല്ല, അതിൽ നടക്കുന്നതൊക്കെ വിളിച്ചു പറയും.

അപ്പോൾ നിങ്ങൾക്ക് വേറെ സാധ്യതകളൊന്നും വേണ്ട കാര്യങ്ങളറിയാൻ. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. പിന്നെ അത് നോക്കാൻ പുള്ളിക്ക് വലിയ താല്പര്യമൊന്നുമുണ്ടാകില്ല. അപ്പോൾ കൃത്യമായിട്ട് ഇടവേള ചേട്ടനെയൊക്കെ ഏല്പിച്ച് നമ്മൾ കാര്യങ്ങൾ നടത്തും. വീട്ടിലിരുന്ന് സംസാരിക്കുമ്പോൾ നമ്മളാണല്ലോ എല്ലാം.

അങ്ങനെ പറയുന്ന തമാശകളൊക്കെയാണ്. പിന്നെ ഒരു കാര്യം എനിക്ക് മനസിലായി, ഇനി തമിഴ്നാട്ടിലോട്ട് കേറാൻ പറ്റൂല. അതുകൊണ്ട് എന്റെ പൊന്ന് സിഎം വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം. അതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ പറ്റില്ല. നിങ്ങളെന്നോട് ക്ഷമിക്കണം. നന്ദി”. – അജു വർ​ഗീസ് പറഞ്ഞു. അജുവിന്റെ വാക്കുകൾ വേദിയിൽ വലിയ പൊട്ടിച്ചിരിക്കാണ് വഴിയൊരുക്കിയത്.

പ്രണയകാലം കഴിഞ്ഞു, ഇനി ചോരക്കളി..! ആക്ഷന്‍ ചിത്രവുമായി മമിത ബൈജു; നിര്‍മാണം പ്രദീപ് രംഗനാഥന്‍

പ്രണയകാലം കഴിഞ്ഞു, ഇനി ചോരക്കളി..! ആക്ഷന്‍ ചിത്രവുമായി മമിത ബൈജു; നിര്‍മാണം പ്രദീപ് രംഗനാഥന്‍

സംവിധായകനായി കരിയര്‍ ആരംഭിച്ച്, പിന്നീട് നായകനായി മിന്നും വിജയം നേടിയ താരമാണ് പ്രദീപ് രംഗനാഥന്‍. നായകനായി അഭിനയിച്ച മൂന്ന് സിനിമകളും ഹിറ്റാക്കിയ താരം ഇപ്പോഴിതാ മറ്റൊരു മേഖലയിലേക്കും കടക്കുകയാണ്. പ്രദീപ് രംഗനാഥന്റെ പുതിയ വരവ് നിര്‍മാതാവിന്റെ കുപ്പായത്തിലാണ്.

പിആര്‍ ഷോ എന്ന പേരിലാണ് പ്രദീപ് നിര്‍മാണക്കമ്പനി ആരംഭിച്ചിരിക്കുന്നത്. പിആര്‍ ഷോ ആദ്യമായി നിര്‍മിക്കുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം മമിത ബൈജുവാണ്. പ്രദീപിന്റെ ഒടുവിലിറങ്ങിയ ചിത്രത്തിലെ നായികയായിരുന്നു മമിത ബൈജു. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും പിആര്‍എസ് 1 എന്നാണ് അനൗണ്‍സ്‌മെന്റ് വിഡിയോ നല്‍കുന്ന സൂചന.

സ്വാസിക, അശ്വന്ത് മാരിമുത്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ അനാമകി മഹി എന്ന പുതുമുഖവും അരങ്ങേറുന്നുണ്ട്. തെലുങ്ക് താരം ശിവാജി സൊന്‍ടിനേനിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ഒന്നല്ല, ആറ് പേര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നതെന്നതും കൗതുകമുണര്‍ത്തുന്നുണ്ട്. ആല്‍ഫ യൂണിറ്റ് എന്നാണ് സംവിധായകരുടെ ടീമിനെ വിശേഷിപ്പിക്കുന്നത്.

പ്രദീപ് തന്നെയാണ് സിനിമയുടെ രചനയും നിര്‍വ്വഹിക്കുന്നത്. ഡ്യൂഡിന് സംഗീതം ഒരുക്കിയ സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അൗണ്‍സ്‌മെന്റ് വിഡിയോയ്‌ക്കൊപ്പം ചിത്രത്തിലെ ആനെ വാലെ സ്റ്റാര്‍ എന്ന പാട്ടും സായ് അഭ്യങ്കര്‍ പുറത്തുവിട്ടിട്ടുണ്ട്. ദിനേഷ് പുരുഷോത്തമന്റേതാണ് ഛായാഗ്രഹണം.

സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ് തുടങ്ങിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

പേട്രിയറ്റിന് വെല്ലുവിളിയായത് ചിത്രത്തിലെ സ്റ്റാര്‍ഡം ആണെന്നാണ് നടന്‍ പൃഥ്വിരാജ് പറയുന്നത്. സ്റ്റാര്‍ഡമിന്റെ ബാധ്യതയില്ലായിരുന്നുവെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല ചിത്രമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

‘വ്യക്തിപരമായി എനിക്ക് വര്‍ക്ക് ആയ സിനിമയാണ് പേട്രിയറ്റ്. കാരണം, വളരെ പ്രധാനപ്പെട്ട വിഷമയാണ് ആ ചിത്രം പറഞ്ഞത്. ഞാന്‍ നേരത്തെ കഥകള്‍ കേള്‍ക്കുന്നുവെന്നത് ഇപ്പോഴൊരു മീം ആയിട്ടുണ്ട്. പക്ഷെ സത്യത്തില്‍ പേട്രിയേറ്റിന്റെ കഥ ഞാന്‍ നേരത്തെ തന്നെ വായിച്ചിരുന്നു. മഹേഷ് എനിക്ക് നരേറ്റ് ചെയ്ത് തന്നിരുന്നു. അപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഗംഭീര എഴുത്തായിട്ടാണ് തോന്നിയത്” പൃഥ്വിരാജ് പറയുന്നു.

”പെര്‍ഫെക്ട് ചിത്രമല്ല, ഒരു സിനിമയും പെര്‍ഫെക്ടല്ല. പേട്രിയറ്റ് ഞാന്‍ കണ്ടിരുന്നു. തിരക്കഥയില്‍ നിന്നും സിനിമയിലേക്ക് എത്തിയപ്പോള്‍ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്നും മറ്റൊരു തരത്തിലായിരുന്നുവെങ്കില്‍ എന്നൊക്കെ എനിക്ക് തോന്നിയ ഭാഗങ്ങളുണ്ട്. ഒരുപക്ഷെ ഇത്ര വലിയ സ്റ്റാര്‍ഡമിന്റെ ബാധ്യതയില്ലായിരുന്നുവെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ ചില സീനുകളില്‍ മഹേഷ് നാരായണന്‍ തകര്‍ത്തിട്ടുണ്ട്. വളരെ ക്ലാസ് ആയി മഹേഷ് ഒരുക്കിയ സീനുകളുണ്ട്”.

”പേട്രിയറ്റിലെ ചില നിമിഷങ്ങള്‍ ഇന്റര്‍നാഷണല്‍ സിനിമകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതേസമയം എനിക്ക് വര്‍ക്കാകാത്ത ചില ഭാഗങ്ങളുമുണ്ട് സിനിമയില്‍” എന്നും പൃഥ്വിരാജ് പറയുന്നു.

മദ്യപിക്കാറുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു; അന്‍സിബ വീണ്ടും കോടതിയില്‍; ലക്ഷ്മി പ്രിയയ്ക്കും ശ്വേത മേനോനും എതിരെ പരാതി

മദ്യപിക്കാറുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു; അന്‍സിബ വീണ്ടും കോടതിയില്‍; ലക്ഷ്മി പ്രിയയ്ക്കും ശ്വേത മേനോനും എതിരെ പരാതി

നടി അന്‍സിബ ഹസ്സന്‍ വീണ്ടും കോടതിയില്‍. ലക്ഷ്മി പ്രിയ്‌ക്കെതിരായ പരാതിയിലാണ് അന്‍സിബ കോടതിയെ സമീപിച്ചത്. ലക്ഷ്മി പ്രിയയ്ക്ക് എതിരായ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ അന്‍സിബ തീരുമാനിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്നാണ് പരാതി. താന്‍ മദ്യപിക്കാറുണ്ടെന്നും തനിക്ക് മദ്യം വാങ്ങിത്തന്നിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞത് വാസ്തവിരുദ്ധമാണെന്നാണ് അന്‍സിബ പരാതിയില്‍ പറയുന്നത്. വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമയ്ക്കും അവതാരകനുമെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ നടി ശ്വേത മേനോന്റെ പങ്കും അന്വേഷിക്കണമെന്ന് അന്‍സിബ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മ ഭരണസമിതി രാജിവെക്കാനുണ്ടായ സാഹചര്യത്തില്‍ തന്നോട് വക്തിവൈരാഗ്യം തീര്‍ക്കാനായി ശ്വേത മേനോനും ലക്ഷ്മി പ്രിയയും ശ്രമിക്കുകയാണെന്നാണ് അന്‍സിബയുടെ ആരോപണം.

ടിനി ടോമിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് അന്‍സിബ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഉത്തരവിലാണ് ടിനി ടോമിനെതിരെ പൊലീസ് കേസെടുക്കുന്നത്.