by Midhun HP News | Jun 23, 2026 | Latest News, സിനിമ
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായി നടി തൃഷ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെയാണ് പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും വലിയതോതിൽ ചർച്ചയായി മാറി.
പിന്നീട് ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിലെത്തിയതും വാർത്തയായി. ഇന്നലെ വിജയ്‌യുടെ 52-ാം പിറന്നാൾ കൂടിയായിരുന്നു. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിയുമൊക്കെ വിജയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഇത്തവണത്തെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പല സർപ്രൈസുകളും ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.
അതിലൊന്ന് ‘ജന നായക’ന്റെ റിലീസ് പ്രഖ്യാപിക്കുമെന്നതായിരുന്നു. മറ്റൊന്ന് ഭാര്യ സംഗീതയുമായി വിജയ് വീണ്ടും ഒന്നിക്കുമെന്നതായിരുന്നു. എന്നാൽ ഇത് രണ്ടും വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ ഉണ്ടായില്ല. തൃഷയിലേക്ക് തന്നെയാണ് ആരാധകരിപ്പോൾ വീണ്ടും ഉറ്റുനോക്കുന്നത്. എല്ലാ വർഷവും മനോഹരമായൊരു ചിത്രവുമായി വിജയ്ക്ക് ആശംസകൾ നേരാറുണ്ട് തൃഷ.
കഴിഞ്ഞവർഷം തൃഷയുടെ വളർത്തു നായയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് തൃഷ, ദളപതിക്കുള്ള ആശംസകൾ അറിയിച്ചത്. എന്നാൽ ഇത്തവണ, തൃഷ വിജയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊന്നും പങ്കുവച്ചില്ല. എന്തുകൊണ്ടാണ് തൃഷ വിജയ്ക്ക് ആശംസകൾ അറിയിക്കാത്തത് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.
അതിനിടെ തൃഷ, വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതായും ആരാധകർ ചൂണ്ടിക്കാട്ടുന്നു. തൃഷയുടെ ഫോളോയിങ് ലിസ്റ്റിൽ ഇപ്പോൾ വിജയ് ഇല്ല. അടുത്തിടെയാണ് അവർ അൺഫോളോ ചെയ്തതെന്നാണ് ചില നെറ്റിസൺസിന്റെ വാദം.
വിജയ്‌യും തൃഷയും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലല്ലെന്നും അവർ പറയുന്നു. എന്നാൽ, നേരത്തെ തന്നെ തൃഷ മുഖ്യമന്ത്രിയെ അൺഫോളോ ചെയ്തിരുന്നുവെന്ന് ഒരു വിഭാഗം ആരാധകർ വാദിക്കുന്നു. സൂര്യയ്ക്കൊപ്പമെത്തിയ കറുപ്പ് ആണ് തൃഷയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

by Midhun HP News | Jun 23, 2026 | Latest News, സിനിമ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് സംയുക്ത അഭിനയത്തില്‍ നിന്നും പിന്മാറുന്നത്. വെറും മൂന്ന് വര്‍ഷം മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സംയുക്ത മലയാളിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ 18 സിനിമകളില്‍ അഭിനയിച്ച സംയുക്തയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് വട്ടം എത്തുകയും ചെയ്തു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് സംയുക്ത വര്‍മ. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കഥകള്‍ കേള്‍ക്കുന്നുണ്ടെന്ന് സംയുക്ത വര്‍മ അറിയിച്ചത്.
”കഥകള്‍ കേള്‍ക്കുന്നുണ്ട്. ബിജുവേട്ടനാണ് കഥകള്‍ കേള്‍ക്കാന്‍ പറഞ്ഞത്. അതിനാല്‍ കേള്‍ക്കുന്നു. കാരണം ദക്ഷ് പോയതിന് ശേഷം എനിക്ക് ഒന്നും ചെയ്യാനില്ല. ദക്ഷിനെ വല്ലാതെ ഫോക്കസ് ചെയ്ത് ജീവിച്ചതു കൊണ്ട് അവന്‍ ബെംഗളൂരുവിലേക്ക് പോയതിനാല്‍ എനിക്ക് കുക്കിങിലൊന്നും താല്‍പര്യമില്ലാതായി. ഇനി ആര്‍ക്ക് വേണ്ടി കുക്ക് ചെയ്യാനാണ് എന്നൊരു തോന്നലായി. അപ്പോഴാണ് ബിജുവേട്ടന്‍ കഥകള്‍ കേള്‍ക്കാന്‍ പറയുന്നത്.” സംയുക്ത വര്‍മ പറയുന്നു.
”കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ എനിക്കൊരു ആത്മവിശ്വാസം വന്നിട്ടില്ല. രണ്ടാമത് സിനിമയിലേക്ക് എന്ന് പറയുമ്പോള്‍, സിനിമയില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആളുകള്‍ക്ക് നമ്മളെ ഇഷ്ടമാകുമോ? നമ്മളെ സ്വീകരിക്കുമോ? എന്നൊക്കെയുള്ള ആശങ്കകളുണ്ട്. അഭിനയത്തിന്റെ രീതി തന്നെ മാറിയിട്ടുണ്ട്. എല്ലാം പുതുതാണ്. സമീപനം തന്നെ പുതുതാണ്. ആ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുക എങ്ങനെയാണെന്ന് എനിക്ക് അറിയില്ല” എന്നും സംയുക്ത വര്‍മ പറയുന്നു.

by Midhun HP News | Jun 23, 2026 | Latest News, കേരളം, സിനിമ
‘കിരീടം’ റീ റിലീസിനെ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി നടി പാർവതിയാണ് എത്തിയത്. കഴിഞ്ഞദിവസം കൊച്ചിയിൽ ചിത്രത്തിന്റെ റീ-റിലീസ് ട്രെയ്‌ലർ ലോഞ്ചും നടന്നിരുന്നു.
ട്രെയ്‌ലർ ലോഞ്ചിൽ പാർവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ഇതുപോലെയൊരു വേഷം തന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് പാർവതി പറഞ്ഞു. നല്ലൊരു സഹതാരമെന്ന നിലയിൽ നൽകിയ പിന്തുണയ്ക്ക് മോഹൻലാലിനോടും പാർവതി നന്ദി പറഞ്ഞു.
തനിക്കൊരു ‘കടം വീട്ടാനുണ്ട്’ എന്നാണ് പാർവതി ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞത്. സിനിമ റിലീസ് ചെയ്ത കാലം മുതൽ ഇന്നുവരെ ആ വലിയ അവസരം നൽകിയവരോട് ഔദ്യോഗികമായി നന്ദി പറയാൻ തനിക്ക് സാധിച്ചിരുന്നില്ല. തന്നെ വിശ്വസിച്ച് ഇത്രയും നല്ലൊരു അവസരം നൽകിയവരോടുള്ള ആ കടപ്പാട് തീർക്കാനാണ് താൻ ഈ ചടങ്ങിലേക്ക് എത്തിയതെന്ന് നടി വ്യക്തമാക്കി.
വർഷങ്ങൾക്ക് ശേഷം സിനിമയിലെ പഴയ സഹപ്രവർത്തകരെ വീണ്ടും കാണാൻ സാധിച്ചതിലും ആ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും തനിക്ക് വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് പാർവതി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. “കിരീടം’ എന്ന സിനിമ റിലീസായിട്ട് 37 വർഷമായി.
പക്ഷേ ഇന്നും ഞാൻ എവിടെ പോകുമ്പോഴും അതിലെ ദേവി എന്ന കഥാപാത്രത്തെക്കുറിച്ച് ആളുകൾ പറയും. ഇത്രയും കാലമായി എനിക്ക് അത്രയും അഭിനന്ദനം ലഭിച്ച മറ്റൊരു കഥാപാത്രമില്ല. രണ്ടുദിവസം മുൻപ് സിബി സാർ വിളിച്ച് ഇങ്ങനെയൊരു ചടങ്ങിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉറപ്പായും വരാമെന്ന് ഞാൻ പറഞ്ഞു.
കാരണം എനിക്കൊരു കടം വീട്ടാനുണ്ട്. ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല. എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു കഥാപാത്രം തന്നതിന്, അവസരം തന്നതിന് സിബി സാറിനോട്, ഉണ്ണിച്ചേട്ടനോട്, ദിനേശ് പണിക്കർ, വിജയകുമാർ സാർ, ഏറ്റവും കൂടുതൽ ലാലേട്ടനോട് നന്ദി പറയുന്നു.
ഏറ്റവും നല്ല സഹതാരമായി നിന്നതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. ഇതിൽക്കൂടുതൽ എന്താണ് പറയേണ്ടതെന്നറിയില്ല. എന്നെ വിളിച്ചതിനും എല്ലാവരേയും കാണാൻ സാധിച്ചതിലും വളരെയേറെ സന്തോഷമുണ്ട്”.- പാർവതി പറഞ്ഞു.

by Midhun HP News | Jun 16, 2026 | Latest News, സിനിമ
ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അനന്തന്‍ കാട്. ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം ആര്യ മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രത്തിന്റെ രചന മുരളി ഗോപിയാണ്. നിഖില വിമല്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.
ട്രെയ്‌ലര്‍ ലോഞ്ചില്‍ നടന്‍ ഇന്ദ്രന്‍സിനേയും ആര്യയേയും കുറിച്ച് മുരളി ഗോപി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്ദ്രന്‍സ് തന്റെ ചങ്കാണെന്നാണ് മുരളി ഗോപി പറഞ്ഞത്. സിനിമ എഴുതി തുടങ്ങിയപ്പോള്‍ തന്നെ നായകനായി മനസില്‍ കണ്ടത് ആര്യയെയായിരുന്നുവെന്നും മുരളി ഗോപി പറയുന്നു.
‘ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴൊരു എനര്‍ജിയുണ്ടാകാറുണ്ട്. ഞങ്ങള്‍ ഒരുമിച്ച് എട്ട് സിനിമകളായി എന്നാണ് എന്റെ കണക്ക് കൂട്ടല്‍. എട്ടാമത്തെ സിനിമയാണ് ഇത്. ഓരോ തവണയും ഇന്ദ്രന്‍സേട്ടനെ കാണുമ്പോള്‍ എനിക്ക് ഊര്‍ജ്ജം കിട്ടാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇന്ദ്രന്‍സേട്ടന്റൊപ്പം വര്‍ക്ക് ചെയ്യാന്‍’ മുരളി ഗോപി പറയുന്നു.
‘നാന്‍ കടവുള്‍ എന്ന ബാല സാറിന്റെ സിനിമ കണ്ട മൊമന്റ് മുതല്‍ ഈ കഥാപാത്രത്തിന്റെ ആദ്യത്തെ വാക്കുകള്‍ കടലാസില്‍ പതിഞ്ഞ നിമിഷം മുതല്‍ എന്റെ മനസില്‍ പതിഞ്ഞ മുഖമാണ്, എന്റെ ശാഠ്യമാണ് ഇത് ആര്യ തന്നെ ചെയ്യണമെന്നത്. കാരണം അദ്ദേഹത്തിന്റെ കണ്ണുകളിലൊരു ഇന്റന്‍സിറ്റിയുണ്ട്. അദ്ദേഹം കൊണ്ടു വരുന്ന ഗാംഭീര്യമുണ്ട്. അതൊക്കെ ആവശ്യമുള്ള കഥാപാത്രമാണ് വെട്രി’ എന്നും അദ്ദേഹം പറയുന്നു.
‘ടിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. ഡാമയും സെന്റിമെന്റ്സും കലര്‍ന്ന ഒരു പക്കാ പൊളിറ്റിക്കല്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ജൂണ്‍ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.

by Midhun HP News | Jun 15, 2026 | Latest News, സിനിമ
സലിം കുമാറിന്റെ ചിതയ്ക്ക് അരികില്‍ നിന്ന് പൊട്ടിക്കരയുന്ന ടിനി ടോമിന്റെ വിഡിയോ വൈറലായിരുന്നു. സലിം കുമാറും ടിനി ടോമും തമ്മിലുള്ള അടുപ്പം അറിയുന്നവര്‍ക്ക് ആ കണ്ണീര്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ടിനിയെ അതിന്റെ പേരില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തു.
തന്നെ ട്രോളിയവര്‍ക്ക് മറുപടി നല്‍കുകയാണ് ടിനി ടോം. തങ്ങള്‍ക്കിടയിലുള്ളത് 30 വര്‍ഷത്തെ ചരിത്രമാണെന്നാണ് ടിനി ടോം പറയുന്നത്. അമ്മയിലെ പ്രതിസന്ധികളില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമെന്നും ടിനി പറയുന്നു. പറവൂരില്‍ സംഘടിപ്പിച്ച സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടിനി. ആ വാക്കുകളിലേക്ക്:
അദ്ദേഹത്തെ ചിതയിലേക്ക് വെക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ, നാദിര്‍ഷിക്കയുടെ അടുത്ത് നിന്ന് ഞാന്‍ കരഞ്ഞപ്പോള്‍ പലരും ട്രോളി. എന്താണ് ഞാനും സലിയപ്പനും തമ്മിലുള്ള ബന്ധമെന്ന് വളരെ അടുത്തറിയുന്നവര്‍ വേദിയിലുണ്ട്. സലിയപ്പനോളം എനിക്ക് അടുപ്പമുള്ളവരാണ് കെഎസ് പ്രസാദും ഡയാന സില്‍വസ്റ്ററും പ്രിയങ്കയും നാദിര്‍ഷയും ഷാജോണുമൊക്കെ. ഈ പറഞ്ഞവരെയൊക്കെ പരിചയപ്പെടും മുമ്പേ ഞാന്‍ പരിചയപ്പെട്ടയാളാണ് സലിയപ്പന്‍.
ഒന്നാമത് ഞാന്‍ പുത്തന്‍വേലിക്കാരനാണ്. അദ്ദേഹം കോളേജില്‍ എന്നേക്കാള്‍ പ്രായമുണ്ടെങ്കിലും ജൂനിയര്‍ ആയിട്ടാണ് വന്നത്. ജോലി എടുത്ത ശേഷമാണ് പഠിക്കാന്‍ വന്നത്. വന്ന ഉടനെ തന്നെ ഞങ്ങള്‍ക്കിടയിലൊരു ആത്മബന്ധമുണ്ടായി. ഒന്ന് മിമിക്രിക്കാരന്‍ എന്ന നിലയില്‍, പിന്നെ ഞാന്‍ മഹാരാജാസിലെ ശക്തനായ, മുഴുവന്‍ സമയ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. വൈകുന്നേരങ്ങളില്‍ എന്റെ അടുത്ത് വന്നിരിക്കും. മഹാരാജാസിന്റെ മുമ്പിലെ ബെഞ്ചില്‍. മറ്റ് പരിപാടികള്‍ കഴിഞ്ഞേ അദ്ദേഹം കോളേജിലെത്താറുള്ളൂ. അവിടെ ഇരുന്ന്, ആ ബീഡിയുടെ മണത്തില്‍ ഒരുപാട് കാര്യങ്ങള്‍, രാഷ്ട്രീയത്തെക്കുറിച്ചും മിമിക്രിയെക്കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്നു.
പിന്നീട് യൂണിവേഴ്‌സിറ്റി മത്സരത്തില്‍ മിമിക്രിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് ഞാനും പക്രുവും സലിം കുമാറുമാണ്. അതിന് ശേഷം അദ്ദേഹം നാദിര്‍ഷിക്കയുടെ ട്രൂപ്പിലേക്ക് പോയി. പിന്നീട് എന്നെ നാദിര്‍ഷിക്ക മിനിസ്‌ക്രീനിന് പരിചയപ്പെടുത്തി. ശേഷം ഡയാന സില്‍വസ്റ്ററിന്റെ സിനിമാലയില്‍ ഞാന്‍ ഭാഗമായി. സലിം കുമാര്‍ അവതരിപ്പിച്ച സലാം സലിമില്‍ ഞാന്‍ ആയിരുന്നു ഫസ്റ്റ് അസിസ്റ്റന്റും കോര്‍ഡിനേറ്ററും. ചെയ്ത എല്ലാ പരിപാടികളും സൂപ്പര്‍ ഹിറ്റായിരുന്നു.
അതിന് ശേഷം സിനിമയിലെത്തി. സിനിമയില്‍ അധികം ഒരുമിച്ചില്ലെങ്കിലും എല്ലാ ആഴ്ചയും വിളിച്ച് ഒരുപാട് സംസാരിക്കുമായിരുന്നു. എന്റെ ജീവിതത്തിന്റെ ഒരു ഏടാണ്, എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. ഓരോ ആഴ്ചയും ഓരോ കാര്യങ്ങളും. അവസാനം എന്നോട് പറഞ്ഞ കോമഡി രേഖപ്പെടുത്താത്ത കോമഡിയാണ്.
ഞാന്‍ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് വീട്ടില്‍. എന്നെ വിളിച്ച് അതേക്കുറിച്ച് ചോദിച്ചു. എന്തിനാണ് എന്ന് ചോദിച്ചു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല. തലവേദനയും വയറുവേദനയുമൊക്കെ ഇത് കഴിച്ചാല്‍ മാറുമെന്ന് ഞാന്‍ പറഞ്ഞു. ഇത് എങ്ങനെയാണ് എന്ന് ചോദിച്ചു. ഒരു ഒന്നൊന്നര വര്‍ഷം വേണ്ടി വരും വളര്‍ത്തിയെടുക്കാന്‍ എന്ന് ഞാന്‍ പറഞ്ഞു. ഓ ഒന്നൊര വര്‍ഷം വേണ്ടി വരുമല്ലേ നിന്റെ വയറുവേദനയും തലവേദനയും മാറാന്‍? അതിലും ബേധം നിനക്കൊരു മെഡിക്കല്‍ ഷോപ്പ് തുടങ്ങുന്നതല്ലേ, ഇന്ന് തന്നെ കഴിക്കാമല്ലോ എന്നായിരുന്നു മറുപടി.
അതിനേക്കാളൊക്കെ എന്നെ ദുഖിപ്പിച്ച മറ്റൊരു സംഭവമുണ്ട്. അടുത്ത ആഴ്ചയാണ് അമ്മയുടെ ജനറല്‍ ബോഡി. എനിക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന കാര്യങ്ങള്‍ നോട്ട് ചെയ്ത് വച്ച് വരാനാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ചിറകാണ് ഒടിഞ്ഞു പോയത്. അമ്മയിലെ പല അംഗങ്ങളോടും വിളിച്ച് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കി എനിക്ക് സംസാരിക്കാന്‍ റെഡിയാവുകയായിരുന്നു. പ്രസിഡന്റിനോട് വരെ പറഞ്ഞിരുന്നു. അതല്ല എന്റെ നഷ്ടം. എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്നെ വിളിച്ച് അതിനൊരു കണ്‍ക്ലൂഷന്‍ പറഞ്ഞ് തരുന്ന രണ്ടു പേരുണ്ടായിരുന്നു. ഒന്ന് സംവിധായകന്‍ സിദ്ധീഖ് ഇക്കയായിരുന്നു. അദ്ദേഹം മരിച്ചുപോയി. പിന്നീട് സലിം കുമാറാണ്. ഇനി ഞാന്‍ ആരോട് ചോദിക്കും? ഒരാളില്ലാതായിപ്പോയി.
ആ സലിയപ്പനെ അറിയാവുന്ന ആള്‍ക്കാര്‍ ഉണ്ട്. ഡയാനയെ ആദ്യമായി കാണാന്‍ പോയത് ഞാനും സലിയപ്പനുമാണ്. പത്ത് മുപ്പത് വര്‍ഷത്തെ ചരിത്രമാണ്. അതാണ് ഞാന്‍ പൊട്ടിക്കരഞ്ഞത്. കാരണം എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. പലരും ട്രോളിയിട്ടുണ്ടാകും, പക്ഷെ ചിലര്‍ പിന്തുണച്ചു. കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? മാറി നിന്ന് കരയുന്നതാണ്. എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? ഒരു സുഹൃത്തിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് ബൈബിളില്‍ പറയുന്നു. ഞാന്‍ അത്രയും സ്‌നേഹിച്ചിട്ടുണ്ട്. എന്നേയും സ്‌നേഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖത്തിലും ഞാന്‍ പോയിരുന്നു. അദ്ദേഹമായിരുന്നില്ല, വേറൊരു ആളാണ് എന്നെ വിളിച്ചത്. അറിഞ്ഞെത്തുന്നവരാടാ സുഹൃത്തുക്കള്‍. പലരേയും വിളിച്ചു. പക്ഷെ നീ മാത്രമാണ് വന്നതെന്ന് പറഞ്ഞു. സലിയപ്പന്‍ ഞങ്ങളുടെ ഓര്‍മകളിലുണ്ടാകും.
by Midhun HP News | Jun 11, 2026 | Latest News, സിനിമ
പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ വിജയരാഘവന്റെ കാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ കെ കെ മേനോൻ എന്ന ശക്തമായ കഥാപാത്രമായാണ് താരം എത്തുന്നത്. വലിയ ജനകീയ പിന്തുണയുള്ള ശക്തനായ രാഷ്ട്രീയ നേതാവായാണ് താരത്തിൻ്റെ കഥാപാത്രം.
ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് അടുത്തിടെ സിനിമയുടെ ടീസർ എത്തിയിരുന്നത്. ജൂൺ 25 -നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.
വൻ വിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.

Recent Comments