ഏഷ്യൻ പോരിന് പടയ്ക്കിറങ്ങാൻ ഇന്ന് ഇന്ത്യ: യുഎഇയെ നേരിടും

ഏഷ്യൻ പോരിന് പടയ്ക്കിറങ്ങാൻ ഇന്ന് ഇന്ത്യ: യുഎഇയെ നേരിടും

എഷ്യാ കപ്പിനായുള്ള പോരാട്ടത്തിന്റെ വേദിയില്‍ ഇന്ത്യ ഇന്ന് പടയ്ക്കിറങ്ങും. ആതിഥേയരായ യുഎഇയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ടി20 മത്സരത്തില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും കളത്തിലേക്കിറങ്ങുന്നത്. ലോകകപ്പിന് മുമ്പുള്ള തയ്യാറെടുപ്പ് കൂടുയാണ് ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍.

സൂര്യകുമാർ യാദവ്‌‍ നയിക്കുന്ന ടീമിലേക്ക് വൈസ് ക്യാപ്റ്റനായി ശുഭ്മാൻഗില്ലും തിരിച്ചെത്തിയിട്ടുണ്ട്. അഭിഷേക്‌ ശർമയ്‌ക്കാെപ്പം ഗില്ലായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാൻ എത്തുക. തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ്മ, ഹാർദിക്‌ പാണ്ഡ്യ എന്നിവരായിരിക്കും മധ്യനിരയില്‍ എത്തുക.ടീമിലിടം പിടിച്ച സഞ്ജു സാംസണ്‍ അവസാന പതിനൊന്നില്‍ ഇടം പിടിയ്ക്കാൻ സാധ്യത കുറവാണ്. ഇംഗ്ലണ്ടിനെതിരായ അവസാന ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മൂന്ന് സ്പിന്നര്‍മാരുമായിട്ടായിരിക്കും ഇന്ത്യ കളിക്കാൻ ഇറങ്ങുക. അങ്ങനെയാണെങ്കില്‍ അക്‌സർ പട്ടേല്‍ കുൽദീപ്‌ യാദവ് വരുൺ ചക്രവർത്തി എന്നിവര്‍ ടീമിലിടം പിടിയ്ക്കും.ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനെ ഒരു പരമ്പരയില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് യുഎഇ ഇന്ത്യയ്ക്കെതിരെ കളത്തേലേക്കിറങ്ങുന്നത്.

സാധ്യതാ ടീം ഇന്ത്യ: അഭിഷേക്‌ ശർമ, ശുഭ്‌മാൻ ഗിൽ, തിലക്‌ വർമ, സൂര്യകുമാർ യാദവ്‌, ജിതേഷ്‌ ശർമ, ഹാർദിക്‌ പാണ്ഡ്യ, അക്‌സർ പട്ടേൽ, ഹർഷിത്‌ റാണ, കുൽദീപ്‌ യാദവ്‌, ജസ്‌പ്രീത്‌ ബുമ്ര, വരുൺ ചക്രവർത്തി.

യുഎഇ: മുഹമ്മദ്‌ വസീം (ക്യാപ്‌റ്റൻ), അലിഷാൻ ഷറഫു, രാഹുൽ ചോപ്ര, ആസിഫ്‌ ഖാൻ, മുഹമ്മദ്‌ ഫാറൂഖ്‌, ഹർഷിത്‌ ക‍ൗശിക്‌‍, മുഹമ്മദ്‌ സൊഹൈബ്‌, മുഹമ്മദ്‌ ജവാദുള്ള, ഹയ്‌ദെർ അലി, ജുനൈദ്‌ സിദ്ധിഖ്‌, മുഹമ്മദ്‌ റോഹിദ്‌.

കേരള ക്രിക്കറ്റ്‌ ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ

കേരള ക്രിക്കറ്റ്‌ ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ

കേരള ക്രിക്കറ്റ്‌ ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊല്ലം സെയിലേ‍ഴ്സിനെ ഏ‍ഴുപത്തിയാറ് റണ്‍സിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയര്‍ത്തിയ 186 എന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ കൊല്ലം 106 റൺസിന് പോരാട്ടം ആവസാനിപ്പിച്ചു.

30 പന്തിൽ 70 റൺസ് നേടിയ വിനൂപ് മനോഹരന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 20 ഓവറിൽ 8 വിക്കറ്റിന് 181 റണ്‍സ് കൊച്ചി നേടിയത്. 9 ഫോറുകളും 4 സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു വിനൂപ് മനോഹരന്റെ ഇന്നിങ്സ്.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന്റെ ബാറ്റ്സ്മാന്മാര്‍ക്ക് താളം കണ്ടെത്താൻ സാധിച്ചില്ല. പവര്‍പ്ലേയില്‍ തന്നെ കൊച്ചി കളിയില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. പവര്‍പ്ലേയില്‍ 48 റണ്‍സ് നേടാനെ കൊല്ലത്തിന് സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നഷ്ടമാകുകയും ചെയ്ത. ക്യാപ്റ്റൻ സച്ചിൻ ബേബി 17 റണ്‍സ്. വിഷ്ണു വിനോദ് 10 റണ്‍സ് എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ കൊല്ലം ഒൻപത് ഓവറിൽ 75ന് 7 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നു.

വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

ചെന്നൈ ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള സാധ്യത അന്വേഷിക്കുമെന്ന് അശ്വിന്‍ പോസ്റ്റില്‍ സൂചിപ്പിച്ചു. ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞാണ് അശ്വിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയാണ് അശ്വിന്‍ അരങ്ങേറിയത്. ചെന്നൈ കുപ്പായത്തില്‍ അവസാന മത്സരവും കളിച്ചാണ് വിരമിക്കുന്നത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 187 വിക്കറ്റുകളും 833 റണ്‍സും നേടിയെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിംഗ്‌സ് നായകനായി പോയ അശ്വിന്‍ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും കളിച്ചു.

121 റണ്‍സുമായി സഞ്ജുവിന്റെ ആറാട്ട്; അവസാന പന്തില്‍ സിക്‌സര്‍ പറത്തി കൊച്ചിയുടെ വിജയഗാഥ

121 റണ്‍സുമായി സഞ്ജുവിന്റെ ആറാട്ട്; അവസാന പന്തില്‍ സിക്‌സര്‍ പറത്തി കൊച്ചിയുടെ വിജയഗാഥ

തിരുവനന്തപുരം: സ്വന്തം മണ്ണില്‍ ഉറച്ചുനിന്ന് സഞ്ജു സാംസണ്‍ തകര്‍ത്തടിച്ച മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് നാലു വിക്കറ്റ് വിജയം. കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 20ാം ഓവറിലെ അവസാന പന്തില്‍ കൊച്ചിയെത്തി. 51 പന്തുകള്‍ നേരിട്ട സഞ്ജു 121 റണ്‍സെടു. 18 പന്തില്‍ 45 റണ്‍സടിച്ച മധ്യനിര താരം മുഹമ്മദ് ആഷിഖാണ് 20ാം ഓവറിലെ അവസാന പന്ത് സിക്‌സര്‍ തൂക്കി കൊച്ചിയെ വിജയത്തിലെത്തിച്ചത്. 28 പന്തുകള്‍ നേരിട്ട മുഹമ്മദ് ഷാനു 39 റണ്‍സെടുത്തു. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ കെഎസിഎല്ലില്‍ കന്നി സെഞ്ച്വറിയും സ്വന്തമാക്കി. കേരള ക്രിക്കറ്റ് ലീഗില്‍ വെറും 16 പന്തില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയ സഞ്ജു 42 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 13 ഫോറും 5 സിക്സും സഹിതമാണ് താരത്തിന്റെ കന്നി കെസിഎല്‍ സെഞ്ച്വറി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊച്ചിക്ക് കരുത്തായത്. വിനൂപ് മനോഹരനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ സഞ്ജു ആദ്യ പന്തു തന്നെ ഫോറടിച്ചാണു തുടങ്ങിയത്. വിനൂപ് (11), ക്യാപ്റ്റന്‍ സലി സാംസണ്‍ (അഞ്ച്), നിഖില്‍ തോട്ടത്ത് (ഒന്ന്) എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്തായപ്പോഴും സഞ്ജുവിന്റെ വെടിക്കെട്ടാണ് കൊച്ചിയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ത്തിയത്.

അവസാന 12 പന്തില്‍ 32 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സഞ്ജുവിന് കൊച്ചിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കില്ല. 19ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെ ബോള്‍ഡാക്കി. ഇതേ ഓവറില്‍ മുഹമ്മദ് ആഷിഖും ആല്‍ഫി ഫ്രാന്‍സിസും അജയഘോഷിനെ ഓരോ സിക്‌സ് വീതം തൂക്കിയത് കൊച്ചിക്കു പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഫ്രാന്‍സിസ് റണ്ണൗട്ടായെങ്കിലും ഷറഫുദ്ദീന്റെ അവസാന പന്ത് ലോങ് ഓണിലേക്ക് സിക്‌സര്‍ പറത്തി മുഹമ്മദ് ആഷിഖ് കൊച്ചിക്ക് വിജയം സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്.

കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ ഇന്നിറങ്ങും; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഇന്ന് ആലപ്പി റിപ്പിള്‍സിനെതിരെ

കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ ഇന്നിറങ്ങും; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഇന്ന് ആലപ്പി റിപ്പിള്‍സിനെതിരെ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ ഇന്നിറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിള്‍സിനെ നേരിടും. ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏറ്റുമുട്ടും. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇറങ്ങുമ്പോള്‍ തോല്‍വിയില്‍ നിന്നുള്ള തിരിച്ചുവരവാണ് ആലപ്പി റിപ്പിള്‍സിന്റെ ലക്ഷ്യം. കെസിഎല്ലില്‍ ഇതുവരെ റിപ്പിള്‍സിന്, ബ്ലൂ ടൈഗേഴ്സിനെ തോല്‍പിക്കാനായിട്ടില്ല.

കഴിഞ്ഞ സീസണില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ബ്ലൂ ടൈഗേഴ്‌സിനായിരുന്നു വിജയം. ഇത്തവണയും മികച്ച ഫോമിലുള്ള ബ്ലൂ ടൈഗേഴ്സിനെ കീഴടക്കുക റിപ്പിള്‍സിന് എളുപ്പമാവില്ല. ട്രിവാണ്‍ഡ്രം റോയല്‍സിന് എതിരെയുള്ള മത്സരത്തില്‍ കളിയുടെ സമസ്ത മേഖലകളിലും തിളങ്ങിയ ബ്ലൂ ടൈഗേഴ്‌സിനെയാണ് കണ്ടത്. മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ അനായാസ വിജയമായിരുന്നു ബ്ലൂ ടൈഗേഴ്‌സിന്റേത്. മറുവശത്ത് ബാറ്റിങ് – ബൌളിങ് നിരകള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ പോയതാണ് ടൈറ്റന്‍സിനെതിരെ, ആലപ്പി റിപ്പിള്‍സിന് തിരിച്ചടിയായത്.

മുഹമ്മദ് അസറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന എന്നിവര്‍ അടങ്ങുന്ന ബാറ്റിങ് നിരയും ബേസില്‍ എന്‍ പി, ആദിത്യ ബൈജുവും അടങ്ങുന്ന ബൌളിങ് നിരയും ഫോമിലേക്കുയര്‍ന്നാല്‍ റിപ്പിള്‍സിനെ പിടിച്ചുകെട്ടുക ബ്ലൂ ടൈഗേഴ്‌സിന് വെല്ലുവിളിയാകും.

ഗ്ലോബ്‌സ്റ്റാര്‍സ് ടൈറ്റന്‍സിനെതിരെ

രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ എതിരാളി ടൈറ്റന്‍സാണ്. ആദ്യ മത്സരത്തില്‍ വിജയത്തിന് തൊട്ടരികെ വച്ചാണ് ഗ്ലോബ്‌സ്റ്റാര്‍സ് മത്സരം കൈവിട്ടത്. ബൗളിങ് നിര മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് ആദ്യ മത്സരത്തില്‍ ടീമിന് തിരിച്ചടിയായത്. മുന്‍നിര ബാറ്റര്‍മാരില്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് മാത്രമാണ് മികച്ച സ്‌കോര്‍ കണ്ടെത്താനായത്. എന്നാല്‍ സല്‍മാന്‍ നിസാറും സച്ചിന്‍ സുരേഷും അജിനാസും അന്‍ഫലുമടങ്ങുന്ന ബാറ്റിങ് നിര ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.

മറുവശത്ത് ഉജ്ജ്വല വിജയവുമായാണ് ടൈറ്റന്‍സ് രണ്ടാം സീസണ് തുടക്കമിട്ടിരിക്കുന്നത്. ബാറ്റര്‍മാരുടെ കരുത്തില്‍ അനായാസമായിരുന്നു ആലപ്പി റിപ്പിള്‍സിനെതിരെ ടൈറ്റന്‍സിന്റെ വിജയം. ബാറ്റര്‍മാര്‍ക്ക് ഫോം നിലനിര്‍ത്താനായാല്‍ കെസിഎല്ലില്‍ ആദ്യമായി ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ വിജയം നേടാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളിലും ഗ്ലോബ്‌സ്റ്റാര്‍സിനായിരുന്നു വിജയം.

മിന്നും ഫോം, കെസിഎല്ലിൽ കിടിലൻ ബാറ്റിങ്! ഇത് ചാലക്കുടിയുടെ സ്വന്തം വത്സൽ ഗോവിന്ദ്

മിന്നും ഫോം, കെസിഎല്ലിൽ കിടിലൻ ബാറ്റിങ്! ഇത് ചാലക്കുടിയുടെ സ്വന്തം വത്സൽ ഗോവിന്ദ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) മികച്ച ബാറ്റിങുമായി നിലവിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ യുവ താരം വത്സൽ ​ഗോവിന്ദ്. ട്രിവാൻഡ്രം റോയൽസിനെതിരെ അർധ സെഞ്ച്വറി നേടി താരം ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു. മത്സരത്തിൽ കൊല്ലം തോറ്റെങ്കിലും വത്സലിന്റെ ബാറ്റിങ് ശ്രദ്ധേയമായി. ചാലക്കുടി സ്വദേശികളായ ഗോവിന്ദ് കനകന്റെയും റുമ ഗോവിന്ദിന്റെയും മകനാണ് വത്സൽ. ഒരു മത്സരത്തിന്റെ ​ഗതി ഒറ്റയ്ക്കു തന്നെ മാറ്റി മറിക്കാൻ പോന്നതാണ് താരത്തിന്റെ ബാറ്റിങ്.

ലീഗിലെ ആദ്യ മത്സരത്തിൽ 31 പന്തിൽ 41 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായ വത്സൽ, രണ്ടാം മത്സരത്തിലും തന്റെ ഫോം തുടർന്നു. 47 പന്തിൽ 63 റൺസ് നേടി ടീമിന് നിർണായകമായ സംഭാവന നൽകാൻ താരത്തിനായി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും നിലയുറപ്പിച്ച് സ്ഥിരത കണ്ടെത്താൻ വത്സൽ ഗോവിന്ദിനു കഴിയുന്നു. താരത്തിന്റെ കത്തും ഫോമിൽ ടീമും ഹാപ്പി.

അണ്ടർ-16 തലത്തിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുള്ള വത്സൽ ഗോവിന്ദ്, 2018-19 സീസണിലെ കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ആ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വത്സൽ ഗോവിന്ദ്, 1235 റൺസാണ് അടിച്ചുകൂട്ടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ഇന്ത്യ അണ്ടർ-19 ടീമിലേക്കുള്ള വഴിയും തുറന്നു.

കേരള ക്രിക്കറ്റിലെ വളർന്നുവരുന്ന യുവപ്രതിഭകളിൽ ഒരാളാണ് വത്സൽ. താരത്തിന്റെ പ്രകടനം ടീമിന്റെ കൂടി ആവേശമായി മാറുകയാണ്.