by Midhun HP News | Oct 2, 2025 | Latest News, കായികം, ജില്ലാ വാർത്ത
ബ്യൂണസ് അയേഴ്സ്: ഏറെ പ്രതീക്ഷയോടെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ല്‍ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി പങ്കെടുക്കും. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്നതിനെ മെസ്സി വലിയൊരു ബഹുമതിയായാണ് വിശേഷിപ്പിച്ചത്.
‘ഇങ്ങനെയൊരു യാത്ര എനിക്ക് ലഭിക്കുന്നത് ബഹുമതിയാണ്. ഇന്ത്യ ഫുട്‌ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്‍മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു. 14 വര്‍ഷം മുമ്പുള്ള അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ തഴുകിക്കിടക്കുന്നു,’ മെസ്സി പറഞ്ഞു.
ഡിസംബര്‍ 13ന് കൊല്‍ക്കത്തയില്‍ നിന്നാരംഭിച്ച് മെസ്സി അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളിലേക്ക് പര്യടനം തുടരും. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയോടെ യാത്ര അവസാനിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ഗോട്ട് കോണ്‍സേര്‍ട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവയില്‍ മെസ്സി പങ്കെടുക്കും. സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാന്‍ഡര്‍ പേസ് തുടങ്ങിയ ഇന്ത്യന്‍ ഇതിഹാസങ്ങളോടൊപ്പം കളിക്കളത്തിലിറങ്ങുമെന്നാണ് സൂചന.
പര്യടനത്തില്‍ സംഗീത പരിപാടികള്‍, മീറ്റ് ആന്‍ഡ് ഗ്രീറ്റ്, ഭക്ഷ്യമേളകള്‍, ഫുട്‌ബോള്‍ മാസ്റ്റര്‍ക്ലാസുകള്‍, മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘പാഡല്‍ എക്സിബിഷന്‍’ തുടങ്ങിയവ ഉള്‍പ്പെടും. ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വന്‍ സെലിബ്രിറ്റി ഷോയും നടക്കും.


കൊല്‍ക്കത്തയില്‍ 25 അടി ഉയരമുള്ള മെസ്സിയുടെ ചുവര്ചിത്രവും ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമയും അനാച്ഛാദനം ചെയ്യാന്‍ സംഘാടകര്‍ ഒരുങ്ങുന്നു. ടിക്കറ്റുകള്‍ 3,500 രൂപ മുതല്‍ ലഭ്യമാകും.
2011ല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനിസ്വേലയെതിരെ ‘ഫിഫ’ സൗഹൃദ മത്സരം കളിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സുരക്ഷാ ക്രമീകരണങ്ങള്‍ അതുല്യമായിരിക്കും.
അതേസമയം, നവംബര്‍ 10 മുതല്‍ 18 വരെ കേരളത്തില്‍ അര്‍ജന്റീന സൗഹൃദ മത്സരത്തിന് ഒരുങ്ങുകയാണ്. എതിരാളികളെ സംബന്ധിച്ച തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഈ സന്ദര്‍ശനം നടക്കുകയാണെങ്കില്‍ മെസ്സി രണ്ട് മാസത്തിനുള്ളില്‍ രണ്ടുതവണ ഇന്ത്യയിലെത്തും.

by Midhun HP News | Oct 2, 2025 | Latest News, കായികം, ജില്ലാ വാർത്ത
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് ടെസ്റ്റിന് തുടക്കമാകുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ക്യാപ്റ്റൻ ഗിൽ, യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ എന്നിവർ മികച്ച ഫോമിലാണ്. പരിക്കേറ്റ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ നയിക്കുന്ന സ്പിൻ വിഭാഗത്തിൽ അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ കരുത്തേകും. ബുംറ നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ പ്രധാനികളാണ്.

വിൻഡീസ് നിരയെ റോസ്റ്റൺ ചേസാണ് നയിക്കുന്നത്. ബ്രണ്ടൻ കിങ്, അലിക് അതാൻസി, ഷായ് ഹോപ് എന്നി ബാറ്റർമാരിലാണ് വിൻഡീസ് പ്രതീക്ഷ. ഇടംകൈ സ്പിന്നർ ജോമൽ വാരികാന്റെ പ്രകടനവും നിർണായകമാണ്. പേസർ ഷമാർ ജോസഫ് പരിക്കേറ്റ് പുറത്തായത് വിൻഡീസിന് വലിയ തിരിച്ചടിയാണ്. 2018 ലാണ് വിൻഡീസ് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പര്യടനം നടത്തിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ പരമ്പര എന്ന നിലയിൽ ഇന്ത്യൻ നായകൻ ഗില്ലിനും ഈ പരമ്പര നിർണായകമാണ്.

by Midhun HP News | Sep 30, 2025 | Latest News, കായികം, ജില്ലാ വാർത്ത
ദുബൈ: ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യ, പാകിസ്ഥാന്‍ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നു ട്രോഫി വാങ്ങില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ചാംപ്യന്‍മാരാകുകയും ചെയ്തു. പിന്നാലെ ഇന്ത്യന്‍ ടീം ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതോടെ നഖ്‌വി ട്രോഫി തിരികെ കൊണ്ടു പോയത് വിവാദവുമായി. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സംഭവങ്ങളാണ് ഫൈനലിനു ശേഷം മൈതാനത്ത് അരങ്ങേറിയത്.
ട്രോഫി തിരികെ നല്‍കണമെന്നു ബിസിസിഐ ഏഷ്യ ക്രിക്കറ്റ് കൗണ്‍സിലിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഖ്‌വി അതിനു ഒരുക്കമായിരുന്നില്ല. ഇപ്പോള്‍ ട്രോഫി തിരികെ വേണമെങ്കില്‍ ചില നടപടികളുണ്ടെന്നും അതു പാലിയ്ക്കാന്‍ തയ്യാറായാല്‍ ട്രോഫി നല്‍കാമെന്ന നിലപാടാണ് നഖ്‌വിയ്ക്കുള്ളത്.

ഒരു ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ എങ്ങനെയാണോ ട്രോഫികളും മറ്റ് സമ്മാനങ്ങളും നല്‍കുന്നത് സമാന രീതിയില്‍ തന്നെ ട്രോഫി ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീം തയ്യാറാകണമെന്ന ആവശ്യമാണ് നഖ്‌വി സ്വീകരിച്ചത്. അല്ലാതെ ട്രോഫി നല്‍കില്ലെന്നാണ് നഖ്‌വി പറയുന്നത്.
എന്നാല്‍ നഖ്‌വിയുടെ നിര്‍ദ്ദേശം നടപ്പാകില്ലെന്ന് ഉറപ്പാണ്. നഖ്‌വിയില്‍ നിന്നു ട്രോഫി സ്വീകരിക്കില്ല എന്നത് ടീമിന്റെ ഒറ്റക്കെട്ടായ തീരുമാനമാണ്. അതിനര്‍ഥം ട്രോഫി ഇന്ത്യയ്ക്കു വേണ്ട എന്നല്ല. ട്രോഫി നല്‍കാന്‍ തയ്യാറാകാത്ത നഖ്‌വിയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.


by Midhun HP News | Sep 29, 2025 | Latest News, കായികം
ന്യൂഡല്‍ഹി: എഷ്യാകപ്പ് ട്രോഫി കൈമാറ്റ വിവാദത്തില്‍ ബിസിസിഐ നിലപാട് കടുപ്പിക്കുന്നു. ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്ക് നല്‍കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനും പിസിബി ചെയര്‍മാനുമായ മുഹസിന്‍ നഖ്വിയെ ലക്ഷ്യമിട്ടാണ് ബിസിസിഐയുടെ നീക്കം.
ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം കിരീടം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി വേദിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങിയ നടപടി അപലപനീമാണെന്നാണ് ബിസിസിഐ നിലപാട്. നടപടിയെ വിമര്‍ഷിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ രംഗത്തെത്തി. നവംബറില്‍ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ ബോര്‍ഡ് യോഗത്തില്‍ ബിസിസിഐ ഈ വിഷയം ഉന്നയിക്കുമെന്നും സൈകിയ വ്യക്തമാക്കി. പാകിസ്ഥാനിലെ പ്രമുഖ നേതാവില്‍ നിന്നും ഏറ്റുവാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ടീം ഇന്ത്യ ട്രോഫി സ്വീകരിക്കാതിരുന്നത്. എന്നാല്‍ പിസിപി ചെയര്‍മാന് ട്രോഫി കൈപ്പറ്റാം എന്ന് അതിന് അര്‍ഥമില്ല. ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സൈകിയ വ്യക്തമാക്കി.
എസിസി ചെയര്‍മാനില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്ന് സമ്മാനദാന ചടങ്ങ് ഏകദേശം 90 മിനിറ്റ് വൈകിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന് പകരം എസിസി ചെയര്‍മാന്‍ ട്രോഫി കൈവശം വയ്ക്കുകയായിരുന്നു. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു, എന്നായിരുന്നു ചടങ്ങില്‍ നിന്നും വിട്ടുനിന്ന നടപടി വിശദീകരിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം. യഥാര്‍ത്ഥ ട്രോഫി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്നമായിരുന്നു പ്രതികരിച്ചത്. മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ദബൈയില്‍ സംഭവിച്ചത്. അത് കഠിനാധ്വാനം ചെയ്താണ് തങ്ങള്‍ കിരീടം നേടിയത്. അത് എളുപ്പമായിരുന്നില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ പോലും കളിക്കേണ്ടിവന്നു. കിരീടം ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണത്. കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുമാണ് യഥാര്‍ത്ഥ ട്രോഫികള്‍. ടൂര്‍ണമെന്റില്‍ ഞാന്‍ അവരുടെ ആരാധകനാണ്.’- എന്നും സൂര്യകുമാര്‍ യാദവ് ചൂണ്ടിക്കാട്ടി.


by Midhun HP News | Sep 29, 2025 | Latest News, കായികം
അത്യന്തം ആവേശം നിറച്ച ഏഷ്യാ കപ്പ് ഫൈനലില്‍ നാടകാന്തം ഇന്ത്യയ്ക്ക് ജയം. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഒരുവേള ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയുടെ കരുത്തുറ്റ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് രക്ഷയായത്. സഞ്ജു സാംസന്റെ ബാറ്റിങ്ങും ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. 147 റണ്‍സിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.
തിലക് വര്‍മ 53 ബോളില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നാല് ഓവറിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ തുറിച്ചുനോക്കിയ ഇന്ത്യയെ തിലക്- സഞ്ജു കൂട്ടുകെട്ടാണ് രക്ഷിച്ചത്. 24 റണ്‍സെടുത്ത് സഞ്ജു പുറത്തായതിനെ തുടര്‍ന്ന് ഇറങ്ങിയ ശിവം ദുബെയും തിലകിന് കരുത്ത് പകര്‍ന്നു. ശിവം ദുബെ 22 ബോളിൽ 33 റൺസെടുത്തു. സ്പിന്‍ മാന്ത്രികതയില്‍ പാക് ബാറ്റിങ് നിരയെ അസ്തപ്രജ്ഞരാക്കി അനായാസ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരുന്നത്.
ഫഹീം അഷ്‌റഫാണ് ഇന്ത്യയുടെ ആ മോഹത്തിന് തുടക്കത്തിൽ തടയിട്ടത്. അദ്ദേഹം രണ്ട് വിക്കറ്റ് നേടി. കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടത്തിലാണ് ഇന്ത്യ ബോളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ജസ്പ്രീത് ബുമ്ര, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റും കൊയ്തു. പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറി പാഴായി. 41 വർഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ- പാക് ഫൈനലുണ്ടായത്. ഈ ടൂർണമെൻ്റിൽ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയിരുന്നത്.



by Midhun HP News | Sep 28, 2025 | Latest News, കായികം, ജില്ലാ വാർത്ത
ദുബൈ: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. ടൂര്‍ണമെന്റില്‍ മൂന്നാം തവണയും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഫൈനലിലെ ഹൈലൈറ്റ്. ഇന്ത്യ അപരാജിതരായാണ് കലാശപ്പോരിനെത്തുന്നതെങ്കില്‍ പാകിസ്ഥാന് ടൂര്‍ണമെന്റില്‍ രണ്ട് തോല്‍വികളാണുള്ളത്. രണ്ടും തോറ്റത് ഇന്ത്യയോട്. അതിനാല്‍ പാകിസ്ഥാന്‍ കണക്കു തീര്‍ക്കാനും ഇന്ത്യ കിരീടം നിലനിര്‍ത്താനുമാണ് ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ പോരിനെത്തുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കയോട് സൂപ്പര്‍ ഓവര്‍ വരെ നീണ്ട പോരിലാണ് ഇന്ത്യ വിജയം പിടിച്ചത്. 202 റണ്‍സടിച്ചിട്ടും ലങ്കന്‍ ബാറ്റര്‍മാര്‍ പൊരുതിക്കയറിയതോടെ ഇന്ത്യ വിയര്‍ത്തിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരികെ പിടിക്കുകയായിരുന്നു. ലങ്ക നല്‍കിയ ഷോക്ക് ഇന്ത്യയ്ക്കിന്നു പാഠമാകുമെന്നു പ്രതീക്ഷിക്കാം.

അഭിഷേകിന്റെ കത്തും ഫോം
ആഴവും പരപ്പുമുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. കളി ഒറ്റയ്ക്ക് നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള 8 ബാറ്റര്‍മാരാണ് പ്ലെയിങ് ഇലവനില്‍ ഇന്ത്യക്കുള്ളത്. ഓപ്പണര്‍ അഭിഷേക് ശര്‍മ കത്തും ഫോമിലാണ്. പവര്‍പ്ലേ ഇത്ര കൃത്യമായി ഉപയോഗിച്ച ഒരു ഓപ്പണര്‍ ഏഷ്യാ കപ്പില്‍ വേറെയില്ല. തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികളുമായി ടൂര്‍ണമെന്റിലെ തന്നെ ടോപ് സ്‌കോററും അഭിഷേകാണ്. ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ബാറ്റിങിലെ മറ്റ് കരുത്തര്‍. ഓപ്പണര്‍മാര്‍ നല്‍കുന്ന അതിവേഗ തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്കും സാധിച്ചാല്‍ ഇന്ത്യയുടെ നില ഭദ്രമാകും.
കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി- അക്ഷര്‍ പട്ടേല്‍
ബൗളിങില്‍ സ്പിന്‍ കരുത്താണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി- അക്ഷര്‍ പട്ടേല്‍ ത്രയം പാകിസ്ഥാനെതിരായ ആദ്യ രണ്ട് കളികളിലും ജയത്തില്‍ നിര്‍ണായകമായിരുന്നു. ഈ ബൗളര്‍മാരെ പാക് ബാറ്റര്‍മാര്‍ നേരിടുന്നതിനനുസരിച്ചായിരിക്കും അവരുടെ വിധി. പേസര്‍ ജസ്പ്രിത് ബുംറ ഫോമില്‍ എത്തിയിട്ടില്ല എന്നതാണ് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന ഏക പോരായ്മ. എന്നാല്‍ ചരിത്രം നോക്കിയാല്‍ നിര്‍ണായക പോരാട്ടത്തിലെല്ലാം ബുംറ മികവോടെ പന്തെറിഞ്ഞിട്ടുണ്ട്.
ചോരുന്ന കൈകൾ
ഫീല്‍ഡിങിലെ അസ്ഥിരതയാണ് ഇന്ത്യ കാര്യമായി പരിഗണിക്കേണ്ട മേഖല. പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോറില്‍ എളുപ്പത്തില്‍ എടുക്കാവുന്ന ക്യാച്ചുകള്‍ വരെ വിട്ടത് ഉദാഹരണം. ശ്രീലങ്കക്കെതിരായ അവസാന പോരിലും ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളാണ് മത്സരം ഒരര്‍ഥത്തില്‍ സൂപ്പര്‍ ഓവറിലേക്ക് നീട്ടിയത് എന്നതും പരിശോധിച്ചാല്‍ മനസിലാകും.
ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിനിടെ ഹർദിക് പാണ്ഡ്യ, അഭിഷേക് ശർമ എന്നിവർക്ക് പരിക്കേറ്റിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇരുവരും ഇന്ന് കളിക്കാനിറങ്ങും എന്നു തന്നെയാണ് ബൗളിങ് പരിശീലകൻ മോണി മോർക്കൽ വ്യക്തമാക്കിയിട്ടുള്ളത്.
പാകിസ്ഥാനെ കരുതിയിരിക്കണം
മറുഭാഗത്ത് ഇന്ത്യയോടു മാത്രം തോറ്റാണ് പാകിസ്ഥാന്‍ വരുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ അവര്‍ കളിച്ചത് കണ്ടാല്‍ ഇന്ത്യയ്ക്ക് ഇന്ന് അത്രയെളുപ്പമാകില്ല കാര്യങ്ങള്‍ എന്നു മനസിലാകും. ബംഗ്ലാദേശിനോടു കുറഞ്ഞ സ്‌കോറില്‍ പുറത്തായിട്ടും ബൗളിങ് മികവില്‍ അവര്‍ കളി ജയിച്ചു കയറി. ബാറ്റിങിലെ അസ്ഥിരതയാണ് അവര്‍ നേരിടുന്ന പ്രധാന പോരായ്മ.
ബാറ്റിങില്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ ഫോമിലാണ്. സയം ആയൂബും മികവിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ടി20 സ്‌പെഷലിസ്റ്റായ ഫഖര്‍ സമാന്റെ ഫോമില്ലായ്മയാണ് അവരെ കുഴക്കുന്നത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും മികവിലേക്കെത്തിയിട്ടില്ല. ഹസന്‍ തലത്, മുഹമ്മദ് ഹാരിസ് എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍. ഇവരെല്ലാം ഒറ്റപ്പെട്ട നിലയില്‍ മികവു പുലര്‍ത്തിയിട്ടുണ്ടെങ്കിലും അസ്ഥിരതയാണ് മൊത്തത്തില്‍ ബാറ്റിങ് നിരയില്‍ മുഴച്ചു നില്‍ക്കുന്നത്.
മൂന്ന് പേസര്‍മാരെയാണ് പാകിസ്ഥാന്‍ ബൗളിങില്‍ മുഖ്യമായി അണിനിരത്തിയിട്ടുള്ളത്. ആദ്യ കളികളില്‍ മങ്ങിപ്പോയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ഫോമിലേക്കെത്തിയത് അവര്‍ക്ക് കരുത്താണ്. ഫഹീം അഷ്‌റഫും മികവിലെത്തിയിട്ടുണ്ട്. ഹാരിസ് റൗഫ്, സ്പിന്നര്‍ അബ്രാര്‍ അഹമദ് എന്നിവരും ടീമിന്റെ കരുത്താണ്.


Recent Comments