ലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം: കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും

ലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം: കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും

ലോര്‍ഡ്‌സ്: ലോകടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടത്തിനായുള്ള കലാശപ്പോരില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ന് നേക്ക് നേര്‍. ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ ഇന്ത്യന്‍ സമയം പകല്‍ മൂന്നിനാണ് കളി. ടെസ്റ്റിലെ നിലവിലെ ചാംപ്യന്‍മാരാണ്ഓസ്‌ട്രേലിയ. ബൗളിങ്നിരയുടെ കരുത്തിലാണ് ഇക്കുറി ഓസീസ് എത്തുന്നത്.

ഇന്ത്യയുമായുള്ള കഴിഞ്ഞ ടെസ്റ്റ് ഫൈനലില്‍ കളിച്ച പതിനൊന്നില്‍ പത്തുപേരും ടീമിലുണ്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് വിരമിച്ചത്. ബാറ്റര്‍മാരില്‍ സ്റ്റീവന്‍ സ്മിത്താണ് ശ്രദ്ധേയതാരം. സ്മിത്ത് അവസാന അഞ്ച് ടെസ്റ്റില്‍ നാലിലും സെഞ്ച്വറി നേടിയിരുന്നു. ബൗളര്‍മാരില്‍ ഹാസെല്‍വുഡിന്റെ തിരിച്ചുവരവ് ഓസീസിന്റെ കരുത്തുകൂട്ടും. ഉസ്മാന്‍ ഖവാജ, ലാംബുഷെയ്ന്‍, കാമറൂണ്‍ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ്ഹെഡ്, ബ്യൂവെബ്സറ്റര്‍, അലെക്സ്‌ കാരി, പാറ്റ്കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്, നതാന്‍ ല്യോണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ടീമിലുള്ളത്.

ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക പരിചയസമ്പത്തില്‍ ഏറെ പിന്നിലാണ്. ആദ്യ ഫൈനലിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച യുവനിരയുണ്ട്. പേസ് ബൗളിങ്ങാണ് ശക്തി. കഗീസോ റബാദ ബൗളിങ് നിരയെ നയിക്കുന്നു. ബാറ്റിലും മിന്നുന്ന മാര്‍കോ ജാന്‍സെനാണ് പേസ് നിരയില്‍ റബാദയ്-ക്ക് കൂട്ട്. ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റയാന്‍ റിക്കെല്‍ട്ടണാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഒന്നാം സ്ഥാനത്ത്. എയ്ഡന്‍ മാര്‍ക്രം അദ്ദേഹത്തിന് പിന്തുണ നല്‍കും. വിയാന്‍ മള്‍ഡര്‍ മൂന്നാമതായി ഇറങ്ങുമ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ടെംബ ബാവുമ എന്നിവര്‍ പിന്നാലെയെത്തും. ഡേവിഡ് ബെഡിങ്ഹാം ആറാം സ്ഥാനത്ത് ഇറങ്ങും.

ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം,റ്യാന്റിക്കില്‍ട്ടണ്‍, വിയാന്‍മുല്‍ദര്‍, ടെംബബവുമ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്ഹാം, കൈല്‍വെരിയെന്ന, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുന്‍ഗി എഗിഡി.

ഫ്രഞ്ച് ഓപ്പണ്‍: പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ്

ഫ്രഞ്ച് ഓപ്പണ്‍: പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്. രണ്ടാംസീഡായ അല്‍ക്കരാസ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നാംസീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെ കീഴടക്കി.

അഞ്ചുസെറ്റ് ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് അല്‍കാരസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍: 4-6, 6-7, 6-4, 7-6, 7-6.

അല്‍കാരസിന്റെ അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. 2022-ല്‍ യുഎസ് ഓപ്പണും 2023,24 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും കഴിഞ്ഞവര്‍ഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. തുടര്‍ച്ചയായ അഞ്ചാംമത്സരത്തിലാണ് അല്‍ക്കരാസ് സിന്നറിനെതിരേ വിജയം നേടുന്നത്. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ തുടരെ 20 വിജയങ്ങളുമായാണ് സിന്നര്‍ ഫൈനലില്‍ കടന്നത്. ഓപ്പണ്‍ കാലഘട്ടത്തില്‍ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ടു.

കോഹ്‌ലിക്ക് കിരീടം, അയ്യര്‍ക്ക് മുന്നില്‍ ചരിത്ര നേട്ടം! ഐപിഎല്‍ ‘ഫൈനല്‍ ഷോ’ ഇന്ന്

കോഹ്‌ലിക്ക് കിരീടം, അയ്യര്‍ക്ക് മുന്നില്‍ ചരിത്ര നേട്ടം! ഐപിഎല്‍ ‘ഫൈനല്‍ ഷോ’ ഇന്ന്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍- IPL 2025) പുതിയ ചാംപ്യന്‍ ആരാകുമെന്ന് ഇന്നറിയാം. ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമില്ലാതെ പോയ രണ്ട് ടീമുകളിൽ ഒരു സംഘത്തിന്റെ നിര്‍ഭാഗ്യത്തിനു ഇന്ന് രാത്രി അവസാനം കുറിക്കപ്പെടും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് ഗ്രാന്‍ഡ് ഫിനാലെ അതിനാല്‍ തന്നെ തീപാറുമെന്ന് രണ്ട് പക്ഷമുണ്ടാകില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി കരിയറിന്റെ സായാഹ്നത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകകപ്പടക്കമുള്ള നേട്ടങ്ങളമുണ്ട്. പക്ഷേ കരിയറില്‍ ഇന്നുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാനുള്ള യോഗം അദ്ദേഹത്തിനുണ്ടായിട്ടില്ല. ആ കുറവ് ഇന്ന് അഹമ്മദാബാദില്‍ പരിഹരിക്കപ്പെടുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.

മറുഭാഗത്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഒരു ചരിത്ര നേട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്നു. രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ആദ്യ നായകനെന്ന അനുപമ റെക്കോര്‍ഡാണ് അയ്യരെ കാത്തു നില്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അയ്യര്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ അനായാസം തകര്‍ത്ത് നേരെ ഫൈനലുറപ്പിച്ചവരാണ് ആര്‍സിബി സംഘം. പഞ്ചാബ് ആകട്ടെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റെക്കോര്‍ഡ് ജയവുമായാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. രണ്ട് സംഘവും കത്തുന്ന ആത്മവിശ്വാസത്തില്‍.

കോഹ്‌ലിയും റോയല്‍സും

പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായി എത്തിയ കോഹ്‌ലി മറ്റൊരു ഫ്രാഞ്ചൈസിയിലേക്കും പിന്നീട് പോയിട്ടില്ല. കഴിഞ്ഞ 18 സീസണുകളിലും ആര്‍സിബി മുഖം കോഹ്‌ലിയാണ്. ഒട്ടേറെ സീസണുകളില്‍ നായകനായിട്ടും പക്ഷേ കിരീടമില്ല. അകന്നു നില്‍ക്കുന്ന ആ കപ്പ് നെഞ്ചോട് ചേര്‍ക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്.

ഇത്തവണ ബാറ്റിങില്‍ കത്തും ഫോമിലുമാണ് കോഹ്‌ലി. ഇതുവരെയായി 614 റണ്‍സുകള്‍ താരം അടിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍ രജത് പടിദാര്‍, ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട് എന്നിവരെല്ലാം ബാറ്റിങില്‍ ഫോമായി നില്‍ക്കുന്നു.

ബൗളിങിലും ആര്‍സിബി വ്യത്യസ്തത പുലര്‍ത്തുന്നു. മികച്ച പേസും സ്പിന്നും ചേര്‍ന്നാണ് അവരുടെ ആക്രമണം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് പേസ് കുന്തമുന. ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍ എന്നിവരും മികവില്‍ നില്‍ക്കുന്നു. ക്രുണാല്‍ പാണ്ഡ്യ, സൂയഷ് ശര്‍മ എന്നിവരാണ് സ്പിന്നര്‍മാര്‍.

അയ്യരും പഞ്ചാബും

മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലായിരുന്നുവെങ്കില്‍ ഇത്തവണ പഞ്ചാബിലാണ്. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോടു തോറ്റ അവര്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ശ്രേയസ് ബാറ്റിങില്‍ തിളങ്ങി റെക്കോര്‍ഡ് ചെയ്‌സ് നടത്തിയാണ് അവര്‍ ആധികാരിക വിജയവുമായി വരുന്നത്. 41 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന് ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും വലിയ റണ്‍ ചെയ്‌സിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചാണ് പഞ്ചാബ് എത്തുന്നത്.

603 റണ്‍സുമായി അയ്യര്‍ തന്നെയാണ് പഞ്ചാബിന്റെ നെടുംതൂണായി നില്‍ക്കുന്നത്. കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യര്‍ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായും ഫൈനല്‍ കളിച്ചിട്ടുണ്ട്. അന്ന് കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടിയാല്‍ അയ്യര്‍ മറ്റാര്‍ക്കും ഇല്ലാത്ത റെക്കോര്‍ഡ് നേട്ടത്തില്‍ സ്വന്തം പേരെഴുതി ചേര്‍ക്കും.

ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാംശ് ആര്യ എന്നിവര്‍ ചേര്‍ന്നു നല്‍കുന്ന തുടക്കം ഇത്തവണ പഞ്ചാബിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. ജോഷ് ഇംഗ്ലിസ്, നേഹല്‍ വധേര എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്താണ്. ബൗളിങില്‍ അര്‍ഷ്ദീപ് സിങാണ് മുന്നില്‍ നില്‍ക്കുന്നത്. താരം 18 വിക്കറ്റുകള്‍ വീഴ്ത്തി. സീസണില്‍ ഹാട്രിക്ക് വിക്കറ്റുകളുമായി ഫോമിലേക്ക് മടങ്ങിയെത്തിയ യുസ്‌വേന്ദ്ര ചഹലും പ്രതീക്ഷയാണ്.

ഹർദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം! കളത്തിലെത്തിയ എല്ലാ താരങ്ങൾക്കും ശിക്ഷ; കൂട്ടപ്പിഴയിട്ട് ബിസിസിഐ

ഹർദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം! കളത്തിലെത്തിയ എല്ലാ താരങ്ങൾക്കും ശിക്ഷ; കൂട്ടപ്പിഴയിട്ട് ബിസിസിഐ

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ് നായകൻമാർക്കും ടീം അം​ഗങ്ങൾക്കും കനത്ത തുക പിഴയിട്ട് ബിസിസിഐ (BCCI). മഴയെ തുടർന്നു രണ്ടര മണിക്കൂറോളം വൈകിയാണ് പോരാട്ടം ആരംഭിച്ചത്. നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാത്തതിനെ തുടർന്നാണ് ഇരു ടീമുകൾക്കും വൻ തുക പിഴയിട്ടത്.

പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 24 ലക്ഷം രൂപയും ടീം അം​ഗങ്ങൾ ആറ് ലക്ഷം രൂപ വീതവും പിഴയൊടുക്കണം. മുംബൈ ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ 30 ലക്ഷമാണ് പിഴയടക്കേണ്ടത്. കളത്തിലെത്തിയ മുംബൈ ടീമിലെ മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം.

മഴയെ തുടർന്നു വല്ലാതെ വൈകി പോയ മത്സരം ഓവറുകൾ കൃത്യ സമയത്ത് എറിഞ്ഞു തീർക്കാതെ വീണ്ടും വൈകിച്ചതാണ് ഇരു ക്യാപ്റ്റൻമാർക്കും വിനയായത്. ശ്രേയസ് അയ്യർ രണ്ടാം തവണയാണ് ഇതേ കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നത്. ​ഹർദ്ദിക്കിനു വിനയായത് മൂന്നാം തവണയും സമാന കുറ്റം വന്നതാണ്. കഴിഞ്ഞ സീസണിലും 3 തവണ കുറഞ്ഞ ഓവർ നിരക്കിനു ഹർദ്ദിക് ശക്ഷിക്കപ്പെട്ടിരുന്നു. അതോടെ ഇത്തവണ ആദ്യ മത്സരത്തിൽ താരത്തിനു വിലക്കും കിട്ടിയിരുന്നു. ഇത്തവണയും സമാനമായി 3 തവണ ശിക്ഷിക്കപ്പെട്ടെങ്കിലും അടുത്ത തവണ താരത്തിനു വിലക്ക് കിട്ടില്ല. ബിസിസിഐ നിയമത്തിൽ ഇളവു വരുത്തിയതാണ് അനുകൂലമായത്.

ടീം അം​ഗങ്ങൾക്കു പിഴത്തുകയിൽ ഇളവുണ്ട്. 6 ലക്ഷം അടയ്ക്കേണ്ട പഞ്ചാബ് താരങ്ങൾക്ക് മാച്ച് ഫീയിൽ 25 ശതമാനം അതിൽ കുറവാണെങ്കിൽ ആ തുക അടച്ചാൽ മതി. സമാനമായി മുംബൈ താരങ്ങൾക്കും ഇളവുണ്ട്. മാച്ച് ഫീയിൽ 50 ശതമാനം കുറവാണെങ്കിൽ ആ തുകയാണ് അവർ അടയ്ക്കേണ്ടത്. നായകൻമാർക്ക് പക്ഷേ ഇളവില്ല.

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സിന്റെ ജയം ആവേശകരമായിരുന്നു. 11 വർഷങ്ങൾക്കു ശേഷമാണ് പഞ്ചാബ് ഫൈനലുറപ്പിച്ചത്. ത്രില്ലർ പോരിലൂടെയാണ് ആറാം കിരീടം ലക്ഷ്യമിട്ടുള്ള മുംബൈ ഇന്ത്യൻസിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീർത്തത്. ഒന്നാം ക്വാളിഫയറിൽ സംഭവിച്ച പിഴവുകൾ തിരുത്തിയാണ് പഞ്ചാബ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകൾ. മഴമൂലം രണ്ട് മണിക്കൂർ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനൽ സാധ്യതകൾ നഷ്ടമാകുമായിരുന്നു. പിന്നാലെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് ലക്ഷ്യത്തിലെത്തി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

താരതമ്യേന ഉയർന്ന വിജയലക്ഷ്യം ആയിരുന്നു പഞ്ചാബിന് മുന്നിൽ മുംബൈ ഉയർത്തിയത്. ശ്രദ്ധയോടെ കളി വരുതിയിലാക്കിയ പഞ്ചാബിന് ശ്രേയസ് അയ്യരുടെ അപരാജിത അർധസെഞ്ചറി ഉറച്ച ചുവടായി മാറി. അയ്യർ 41 പന്തിൽ അഞ്ച് ഫോറും എട്ടു പടുകൂറ്റൻ സിക്‌സറും സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് തുടർച്ചായായി വിക്കറ്റുകൾ വീണപ്പോഴും ശ്രേയസ് അയ്യർ പഞ്ചാബിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.

ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് (6) ശശാങ്ക് സിങ് (2) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ നിരാശപ്പെടുത്തിയത്. മുംബൈയ്ക്കായി അശ്വനികുമാർ നാല് ഓവറിൽ 55 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട്, ഹർദ്ദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.

‘ലൂക്ക ദി ഗ്രെയ്റ്റ്!’; ഒരു രാജവംശ ശില്പി കൂടി റയല്‍ മാഡ്രിഡിന്റെ പടികളിറങ്ങുന്നു…

‘ലൂക്ക ദി ഗ്രെയ്റ്റ്!’; ഒരു രാജവംശ ശില്പി കൂടി റയല്‍ മാഡ്രിഡിന്റെ പടികളിറങ്ങുന്നു…

മാഡ്രിഡ്: 2012ല്‍ റയല്‍ മാഡ്രിഡ് ഒരു താരത്തിനായി നടത്തിയ സൈനിങ് അന്ന് വലിയ വിമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. 26 വയസുള്ള മധ്യനിര താരത്തെ ടോട്ടനം ഹോട്‌സ്പറില്‍ നിന്നാണ് റയല്‍ അന്ന് എത്തിച്ചത്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം താര തിരഞ്ഞെടുപ്പ് എന്നാണ് അന്ന് ബഹു ഭൂരിപക്ഷം ഫുട്‌ബോള്‍ പണ്ഡിതരും വിധിയെഴുതിയത്.

പക്ഷേ കാലം എല്ലാത്തിനും സാക്ഷി പറഞ്ഞു. മോശം താരമെന്ന ലേബലില്‍ നിന്ന് ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം വരെ നീണ്ട ഒരു ഐതിഹാസിക ചരിത്രമാണ് പിന്നീട് സന്റിയാഗോ ബെര്‍ണാബുവില്‍ പിറന്നത്.

13 വര്‍ഷത്തിനൊടുവില്‍ ആ മനുഷ്യന്‍ ടീമിന്റെ പടിയിറങ്ങുന്നു. അതെ ലൂക്ക മോഡ്രിച് റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചു. ക്ലബ് ലോകകപ്പോടെ റയല്‍ ജേഴ്‌സി അഴിക്കാന്‍ ലോകം കണ്ട എക്കാലത്തേയും മികച്ച മധ്യനിര താരമായ ക്രൊയേഷ്യന്‍ ഇതിഹാസം തീരുമാനിച്ചിരിക്കുന്നു. സമീപ കാലത്ത് റയല്‍ നേടിയ എല്ലാ കിരീട വിജയങ്ങളുടേയും ആണിക്കല്ല് ആ മനുഷ്യന്‍ കൂടിയായിരുന്നു. ടോണി ക്രൂസെന്ന ജര്‍മന്‍ ഇതിഹാസത്തിനൊപ്പം ചേര്‍ന്ന് മോഡ്രിച് തീര്‍ത്ത മായാജാല കാഴ്ചകള്‍ ഫുട്‌ബോള്‍ ആരാധകരുടെ അവസാനിക്കാത്ത നിറമുള്ള ഓര്‍മകളാണ്.

13 വര്‍ഷം ഒറ്റ ടീമില്‍ കളിച്ച് മോഡ്രിച് സ്വന്തമാക്കിയത് 28 ട്രോഫികള്‍. കിരീട നേട്ടങ്ങള്‍ മാത്രമായിരുന്നില്ല മോഡ്രിചിന്റെ സവിശേഷതകള്‍. റയല്‍ മാഡ്രിഡിന്റെ ചില ചാംപ്യന്‍സ് ലീഗ് വിജയത്തിന്റെ പിന്നിലെ നിശബ്ദ പങ്കാളി മോഡ്രിചായിരുന്നു. 2104ലെ ഫൈനലില്‍ അദ്ദേഹം നല്‍കിയ കോര്‍ണര്‍ വഴിയാണ് റയല്‍ സമനില ഗോള്‍ നേടുന്നത്. 2017ല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അദ്ദേഹം കൈമാറിയ സമര്‍ഥമായ പാസില്‍ നിന്നു പിറന്ന ഗോളാണ് മറ്റൊരു യൂറോപ്യന്‍ ഗ്ലോറിയിലേക്ക് റയലിനെ നയിച്ചത്. റയലിന്റെ മധ്യനിര ഭരിച്ച ക്രൂസ് ആദ്യം ഇറങ്ങി, ഇപ്പോള്‍ മോഡ്രിചും റയല്‍ ജേഴ്‌സി അഴിക്കുന്നു.

റയലിനൊപ്പം മോഡ്രിച് നേടിയ കിരീടങ്ങള്‍

4 ലാ ലിഗ കിരീട നേട്ടങ്ങള്‍

2 സ്പാനിഷ് കപ്പ്

5 സ്പാനിഷ് സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍

6 ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍. ഹാട്രിക്ക് കിരീടമുള്‍പ്പെടെ നേട്ടം

5 യുവേഫ സൂപ്പര്‍ കപ്പ്

5 ഫിഫ ക്ലബ് ലോകകപ്പുകള്‍

2024ല്‍ ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്.

ലൂക മോഡ്രിച് ആരാധകര്‍ക്കായി പങ്കിട്ട കുറിപ്പ്

പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരെ,

‘ആ സമയം ഇതാ വന്നിരിക്കുന്നു. ഇങ്ങനെയൊരു നിമിഷം ഉണ്ടാവരുതേ എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതാണ് ഫുട്‌ബോള്‍. ജീവിതത്തിനു എല്ലാത്തിനു ഒരു തുടക്കവും അവസാനവും ഉണ്ട്. സാന്റിയാഗോ ബെര്‍ണബ്യുവില്‍ ഞാന്‍ ഒരിക്കല്‍ കൂടി ബൂട്ട് കെട്ടും. അത് റയലിനായുള്ള എന്റെ ബെര്‍ണബ്യുവിലെ അവസാന മത്സരമായിരിക്കും.

ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജേഴ്‌സി ധരിക്കാനുള്ള ആഗ്രഹത്തോടെയും വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള അഭിലാഷത്തോടെയുമാണ് ഞാന്‍ 2012ല്‍ ഇവിടെ എത്തിയത്. എന്റെ സങ്കല്‍പ്പത്തില്‍ പോലുമില്ലാത്ത കാര്യങ്ങളാണ് പിന്നീട് നടന്നത്.

റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ തുടങ്ങിയത് ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ ജീവിതത്തെ അപ്പാടെ മാറ്റി. ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബിന്റെ ഏറ്റവും വിജയകരമായ യുഗങ്ങളിലൊന്നിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു.

എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ലബിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ്, എന്റെ സഹതാരങ്ങള്‍, പരിശീലകര്‍, ഈ കാലയളവില്‍ എന്നെ സഹായിച്ച എല്ലാ ആളുകളുടോ ഞാന്‍ കടപ്പെട്ടവനാണ്.

ക്ലബിനൊപ്പം അവിശ്വസനീയമായ നിമിഷങ്ങള്‍, അസാധ്യമെന്ന് തോന്നുന്ന തിരിച്ചുവരവുകള്‍, ഫൈനലുകള്‍, ആഘോഷങ്ങള്‍, ബെര്‍ണബ്യുവിലെ മാന്ത്രിക രാത്രികള്‍ എല്ലാ അനുഭവിച്ചു… ഞങ്ങള്‍ എല്ലാം നേടി, ഞാന്‍ വളരെ സന്തോഷാനാണ്. വളരെ വളരെ സന്തോഷം.

കിരീടങ്ങള്‍ക്കും വിജയങ്ങള്‍ക്കും അപ്പുറം, എല്ലാ മാഡ്രിഡ് ആരാധകരുടെയും സ്‌നേഹം എന്റെ ഹൃദയത്തിലുണ്ട്. നിങ്ങളുമായുള്ള എന്റെ പ്രത്യേക ബന്ധവും എനിക്കു തന്ന പിന്തുണയും ബഹുമാനവും സ്‌നേഹവും എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. നിങ്ങള്‍ എന്നോട് കാണിച്ച ഓരോ കൈയടിയും ഇഷ്ടവും ഞാന്‍ ഒരിക്കലും മറക്കില്ല.

നിറഞ്ഞ ഹൃദയത്തോടെയാണ് പോകുന്നത്. അഭിമാനവും നന്ദിയും മറക്കാനാവാത്ത ഓര്‍മ്മകളും നിറഞ്ഞ മനസോടെയുള്ള മടക്കം. ക്ലബ് ലോകകപ്പിന് ശേഷം, ഞാന്‍ ഇനി ഈ ജേഴ്‌സി കളിക്കളത്തില്‍ ധരിക്കില്ല. എന്നാല്‍ ഞാന്‍ എപ്പോഴും ഒരു മാഡ്രിഡ് ആരാധകനായിരിക്കും.’

പോരാട്ടത്തിനൊടുവില്‍ കളി ലഖ്നൗ പിടിച്ചു, 33 റണ്‍സിന് ഗുജറാത്തിന് തോല്‍വി

പോരാട്ടത്തിനൊടുവില്‍ കളി ലഖ്നൗ പിടിച്ചു, 33 റണ്‍സിന് ഗുജറാത്തിന് തോല്‍വി

അഹമ്മദാബാദ്: ഐപിഎല്ലിൽ ​ഗുജറാത്തിന് 33 റൺസിന് തോൽപ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു മടങ്ങി. മികച്ച തുടക്കമായിരുന്നുവെങ്കിൽ പതിയെ പതിയെ കളി ലഖ്നൗ പിടിച്ചെടുത്തു. സായ് സുദര്‍ശനും(21) ശുഭ്മാന്‍ ഗില്ലും (35) പതിവുപോലെ അടിച്ചുകളിച്ചു. ടീം എട്ടോവറില്‍ 85-ലെത്തി. പിന്നാലെ ബട്‌ലറും (33) റൂഥര്‍ഫോര്‍ഡും സ്കോർ ഉയർത്തി. ബട്ലറിന് പിന്നാലെയെത്തിയ ഷാരൂഖ് ഖാനെയും (57) കൂട്ടുപിടിച്ച് റൂഥര്‍ഫോര്‍ഡ് (38) ടീമിന് ജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇരുവരും പുറത്തായതോടെ കളിയുടെ ​ഗതി മാറി.

പിന്നീടിറങ്ങിയ രാഹുല്‍ തെവാട്ടിയ(2), അര്‍ഷാദ് ഖാന്‍(1), കാഗിസോ റബാദ(2), സായ് കിഷോര്‍(1) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 202 റണ്‍സെടുത്തു. ലഖ്‌നൗവിനായി വില്ല്യം ഒറൗര്‍ക്ക് മൂന്നുവിക്കറ്റെടുത്തു.

നേരത്തേ ലഖ്നൗ നിശ്ചിത 20-ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണെടുത്തത്. അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന്റേത് ഉജ്ജ്വല തുടക്കമായിരുന്നു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രമും പവര്‍ പ്ലേയില്‍ അടിച്ചുതകര്‍ത്തു. മിച്ചല്‍ മാര്‍ഷ് 64 പന്തില്‍ 8 സിക്‌സും 10 ഫോറും സഹിതം 117 റണ്‍സ് അടിച്ചെടുത്തു. നിക്കോളാസ് പൂരാനാണ് വെടിക്കെട്ട് തുടര്‍ന്ന മറ്റൊരു താരം. പൂരാന്‍ 5 സിക്‌സും 4 ഫോറും സഹിതം 27 പന്തില്‍ 56 റണ്‍സ് വാരി. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 24 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 36 റണ്‍സെടുത്തു മടങ്ങി.

ക്യാപ്റ്റന്‍ ഋഷഭ് പന്ത് 6 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 16 റണ്‍സെടുത്ത് സ്‌കോര്‍ 235 റണ്‍സിലെത്തി. പൂരാനും പന്തും പുറത്താകാതെ നിന്നു. ലഖ്‌നൗവിന് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ അര്‍ഷാദ് ഖാന്‍, സായ് കിഷോര്‍ എന്നിവര്‍ പങ്കിട്ടു. ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചാണ് കളിക്കുന്നത്. പുറത്തായ ഖ്‌നൗവിന് ഫലം പ്രസക്തമല്ല.