by Midhun HP News | Jan 31, 2025 | Latest News, കായികം
പുനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ പരമ്പര ഉറപ്പിക്കാനും ഇംഗ്ലണ്ട് ഒപ്പമെത്താനുമായാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. മുഹമ്മദ് ഷമിയ്ക്ക് പകരം അര്‍ഷ്ദീപ് സിങ് തിരിച്ചെത്തി. ധ്രുവ് ജുറേലിനു പകരം റിങ്കു സിങും വാഷിങ്ടന്‍ സുന്ദറിനു പകരം ശിവം ദുബെയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലണ്ട് രണ്ട് മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. മാര്‍ക് വുഡിനു പകരം സാഖിബ് മഹ്മൂദും ജാമി സ്മിത്തിനു പകരം ജേക്കബ് ബേതേലും ടീമിലിടം കണ്ടു.
ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
by Midhun HP News | Jan 30, 2025 | Latest News, കായികം
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം സമ്മാനിച്ചത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു.
നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വർണം നേടിയത്. സുഫ്‌ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.
തൃശൂർ വേലുപാടം സ്വദേശിയാണ് സുഫ്‌ന ജാസ്മിൻ. നേരത്തെ സർവകലാശാല വിഭാഗത്തിൽ ദേശീയ റെക്കോർഡിന് ഉടമ കൂടിയാണ് സുഫ്‌ന. മത്സരത്തിന്റെ തൊട്ടുമുൻപ് ഭാര പരിശോധനയിൽ 150 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുടി മുറിച്ചാണ് ഇവർ മത്സരത്തിനെത്തിയത്.
തുടരെ രണ്ട് ജയങ്ങളുമായി കേരളത്തിന്‍റെ വനിതാ ബാസ്കറ്റ്ബോൾ ടീം സെമിയിലേക്ക് മുന്നേറി. ഫുട്ബോളിൽ കേരളം വിജയ തുടക്കമിട്ടു. മണിപ്പൂരിനെ 1-0ത്തിനു വീഴ്ത്തി. ബീച്ച് ഹാൻഡ് ബോളിൽ കേരളം മെഡൽ ഉറപ്പിച്ചിട്ടുണ്ട്. അസമിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്.
by Midhun HP News | Jan 28, 2025 | Latest News, കായികം
രാജ്‌കോട്ട്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. വൈകീട്ട് 7 മുതലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടവും ജയിച്ച് പരമ്പര ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിനു ജീവന്‍മരണ പോരാട്ടമാണ്. ഇന്നും തോറ്റാല്‍ അവരുടെ പരമ്പര സ്വപ്‌നങ്ങള്‍ അവസാനിക്കും.
മലയാളി താരം സഞ്ജു സാംസണ്‍ ഫോമിലെത്താനുള്ള ശ്രമത്തിലാണ്. ആദ്യ മത്സരത്തില്‍ മികവോടെ തുടങ്ങിയ മലയാളി താരത്തിനു 20 പന്തില്‍ 26 റണ്‍സുമായി പുറത്താകേണ്ടി വന്നു. രണ്ടാം മത്സരത്തില്‍ 5 റണ്‍സിലും സഞ്ജു മടങ്ങി. രണ്ട് കളിയിലും ജോഫ്ര ആര്‍ച്ചറുടെ പന്തിലാണ് സഞ്ജു പുറത്തായത്. താരം നെറ്റ്‌സില്‍ പേസര്‍മാരെ നേരിടാന്‍ പ്രത്യേക പരിശീലനം നടത്തി.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സമാന മാനസിക അവസ്ഥയില്‍ തന്നെ. ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ക്യാപ്റ്റന്‍. രണ്ടാം പോരാട്ടത്തില്‍ തിലക് വര്‍മയുടെ മികവാണ് ഇന്ത്യക്ക് നാടകീയ ജയം സമ്മാനിച്ചത്. താരത്തിന്റെ ഫോം ഇന്ത്യക്ക് പ്രതീക്ഷയാണ്. മറുഭാഗത്ത് ഇംഗ്ലണ്ട് ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തും. മുന്‍നിര ബാറ്റര്‍മാര്‍ ഫോമിലെത്താത്തത് അവരെ കുഴക്കുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ മാത്രമാണ് സ്ഥിരത പുലര്‍ത്തുന്നത്.
ഇന്ത്യ ഇന്നും ഷമിയെ പുറത്തിരുത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ അവസരം നൽകിയ ധ്രുവ് ജുറേലിനു തിളങ്ങാനായില്ല. താരത്തിനു പകരം റിങ്കു സിങ് പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
ഇന്ത്യ സാധ്യതാ ഇലവന്‍:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, റിങ്കു സിങ്, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
by Midhun HP News | Jan 28, 2025 | Latest News, കായികം
ഡെറാഡൂൺ: 38ാമത് ദേശീയ ഗെയിംസിനു ഇന്ന് ഉത്താരഖണ്ഡിലെ ഡെറാഡൂണിൽ തുടക്കമാകും. 28 സംസ്ഥാനങ്ങൾ, 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ, സർവീസസ് ബോർഡുകളിൽ നിന്നുമായി 10000ത്തിനു മുകളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കും. 11 വേദികളിലായി 43 മത്സര ഇനങ്ങൾ അരങ്ങേറും.
ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 മണി മുതലാണ് ഉദ്ഘാടന ചടങ്ങുകൾ.
കേരളം
കേരളത്തിൽ നിന്നു 29 ഇനങ്ങളിൽ മത്സരിക്കാനായി 437 താരങ്ങളാണ് എത്തിയത്. ഉദ്ഘാടന ചടങ്ങിൽ ബാസ്ക്കറ്റ് ബോൾ താരം പിഎസ് ജീനയും വുഷു താരം മുഹമ്മദ് ജാസിലും കേരളത്തിന്റെ പതാകയേന്തും.
മൗലി
ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന ഹിമലായൻ മൊണാലാണ് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷി കൂടിയാണിത്. ഈ പക്ഷിയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഭാഗ്യ ചിഹ്നത്തിന്റെ പേര് മൗലി എന്നാണ്. ഉന്നതങ്ങളിലേക്ക് എന്നാണ് ഗെയിംസിന്റെ ആപ്തവാക്യം.
ഹരിതമയം
ഇലക്ട്രോണിക് മാലിന്യം ഉപയോഗിച്ചു നിർമിച്ച മെഡലുകളാണ് ഇത്തവണ കായിക താരങ്ങൾക്ക് സമ്മാനിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പഴയ ലോഹങ്ങൾ എന്നിവ ഉപയോഗിച്ചു നിർമിച്ച നിശ്ചല മാതൃകകൾ മത്സര വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൗരോർജ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. മത്സരാർഥികളുടേയും, ഓഫീഷ്യൽസിന്റേയും യാത്രയ്ക്ക് ഇലക്ട്രിക്ക് ബസുകളായിരിക്കും. ഇത്തരത്തിൽ അടിമുടി ഹരിത മയമാണ് ഗെയിംസ്.
by Midhun HP News | Jan 26, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്ത് നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ആദിത്യ സര്‍വാട്ടെയുടെയും മുഹമ്മദ് അസറുദ്ദീന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളം മത്സരത്തില്‍ നിന്ന് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ കരസ്ഥമാക്കി.
ഒരു വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 47 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്നാണ് കേരളത്തെ കരകയറ്റിയത്.
സ്‌കോര്‍ 121ല്‍ നില്‍ക്കെ 32 റണ്‍സെടുത്ത ജലജ് സക്‌സേന പുറത്തായി. തുടര്‍ന്നെത്തിയ ആദിത്യ സര്‍വാടെയും അസറുദ്ദീനും ചേര്‍ന്നുള്ള 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരള ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. മുഹമ്മദ് അസറുദ്ദീന്‍ 68 റണ്‍സെടുത്ത് പുറത്തായി. മത്സരം അവസാന ഘട്ടത്തോട് അടുക്കെ 80 റണ്‍സെടുത്ത ആദിത്യ സര്‍വാട്ടെയും പുറത്തായത് കേരള ക്യാമ്പില്‍ ആശങ്ക പടര്‍ത്തി.
എന്നാല്‍ ബാബ അപരാജിത്തും നിധീഷ് എംഡിയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് കേരളത്തിന് സമനില സമ്മാനിക്കുകയായിരുന്നു. ബാബ അപരാജിത് എഴുപത് പന്തുകളില്‍ നിന്ന് 26 റണ്‍സും നിധീഷ് 35 പന്തുകള്‍ നേരിട്ട് നാല് റണ്‍സുമായും പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി കുമാര്‍ കാര്‍ത്തികേയ സിങ്ങും കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ആദിത്യ സര്‍വാട്ടെയാണ് മാന്‍ ഓഫ് ദി മാച്ച്. സമനില നേടാനായതോടെ സി ഗ്രൂപ്പില്‍ കര്‍ണ്ണാടകയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ മാസം 30ന് ബിഹാറുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
by Midhun HP News | Jan 23, 2025 | Latest News, കായികം
മുംബൈ: ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ പാകിസ്ഥാന്റെ പേരില്ലെന്ന വിവാദത്തിൽ വ്യക്തത വരുത്തി ബിസിസിഐ. ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പേര് ജേഴ്സിയിൽ നിന്നു നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ തള്ളി.
ടൂർണമെന്റ് ജേഴ്സി സംബന്ധിച്ചു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു ഡ്രസ് കോഡ് മാനദണ്ഡമുണ്ട്. ഈ നിയമം ഇന്ത്യൻ ടീം പാലിക്കുമെന്നു ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ടീം ജേഴ്സിയിൽ ഉപയോഗിക്കേണ്ട ചാംപ്യൻസ് ട്രോഫി ലോഗോയിൽ പാകിസ്ഥാന്റെ പേരുണ്ട്. ഇതാണ് ഇന്ത്യ നീക്കം ചെയ്യുമെന്ന തരത്തിൽ പ്രചരിച്ചത്. ടൂർണമെന്റിനു മുന്നോടിയായുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പോകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ബിസിസിഐ.
ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി പോരാട്ടങ്ങൾ. ഫെബ്രുവരി 16, 17 തീയതികളിലായി ഫോട്ടോ ഷൂട്ട്, പത്രസമ്മേളനം എന്നിവ നടക്കും. ഇതിൽ രോഹിത് പങ്കെടുക്കുന്ന കാര്യത്തിൽ ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്നു ബിസിസിഐ കൂട്ടിച്ചേർത്തു.
Recent Comments