by Midhun HP News | Dec 23, 2024 | Latest News, കായികം, ജില്ലാ വാർത്ത
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പാക് ബാറ്റര്‍ സയിം അയുബ് കോഹ്‌ലിയും ജോ റൂട്ടും ഉള്‍പ്പെടുന്ന പട്ടികയില്‍. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ പാകിസ്ഥാന്റെ ആധികാരിക വിജയത്തില്‍ സയിം അയുബിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ അയുബ്, ഇന്നലെ ജോഹന്നാസ്ബര്‍ഗില്‍ 94 പന്തില്‍ നിന്ന് 101 റണ്‍സ് നേടി രണ്ടാം സെഞ്ച്വറിയും കുറിച്ചു. 107.45 സ്‌ട്രൈക്ക് റേറ്റില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
പരമ്പരയില്‍ രണ്ടാമത്തെ സെഞ്ച്വറി നേടിയതോടെ അയുബ് കോഹ്‌ലി, ജോ റൂട്ട്, ഡേവിഡ് വാര്‍ണര്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ഫഖര്‍ സമാന്‍ എന്നിരുള്‍പ്പെടുന്ന പട്ടികയിലും അയുബ് ഇടം നേടി. ദക്ഷിണാഫ്രിക്കയില്‍ ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയില്‍ രണ്ടോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്ന സന്ദര്‍ശക ബാറ്റര്‍മാരുടെ പട്ടികയിലാണ് താരം ഇടം നേടിയത്.
കോഹ്‌ലി, ഡേവിഡ് വാര്‍ണര്‍, കെവി പീറ്റേഴ്‌സണ്‍ എന്നിവര്‍ മൂന്ന് സെഞ്ച്വറികള്‍ വീതം നേടിയപ്പോള്‍ ഫഖര്‍ സമാനും ജോ റൂട്ടും സയിബ് അയുബും രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കി.
by Midhun HP News | Dec 22, 2024 | Latest News, കായികം
ക്വാലാലംപുര്‍: പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ബംഗ്ലാദേശിനെ 41 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 76 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഗോംഗതി തൃഷ അര്‍ധ സെഞ്ച്വറി നേടി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാ ബാറ്റിങ്‌നിര തുടക്കം മുതലെ തകര്‍ച്ച നേരിട്ടു. രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 30 പന്തില്‍ 22 റണ്‍സ് നേടിയ ജുഐരിയ ഫിര്‍ദൗസാണ് ടോപ് സ്‌കോറര്‍. 18 റണ്‍സ് നേടിയ ഫഹോമിദ ചോയയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്ന് വിക്കറ്റ് പിഴുതു. 3.3 ഓവറില്‍ 17 റണ്‍സ് മാത്രമാണ് താരം വിട്ടുനല്‍കിയത്. പരുണിക സിസോദിയ, സോനം യാദവ് എന്നിവര്‍ രണ്ട് വീതവും മലയാളി താരം വിജെ ജോഷിത ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ 23ല്‍നില്‍ക്കേ ജി. കമാലിനിയുടെ (ഒമ്പത് പന്തില്‍ അഞ്ച്) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സനിക ചല്‍ക്കെ മടങ്ങി. ക്യപ്റ്റന്‍ നികി പ്രസാദ് (21 പന്തില്‍ 12), ഈശ്വരി അവ്‌സാരെ (12 പന്തില്‍ അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.
അര്‍ധ സെഞ്ച്വറി നേടിയ ഗോംഗതി തൃഷ 16-ാം ഓവറിലാണ് മടങ്ങിയത്. മിഥില വിനോദ് (17), ആയുഷി ശുക്ല (10), വി.ജെ. ജോഷിത (മൂന്ന് പന്തില്‍ രണ്ട്*) ഷബ്‌നം ഷാക്കില്‍ (ഒരു പന്തില്‍ നാല്*) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. നാല് വിക്കറ്റ് പിഴുത ഫര്‍ജാന എസ്മിന്‍ ബംഗ്ലാ ബോളിങ് നിരയില്‍ തിളങ്ങി. നിഷിത അക്തര്‍ രണ്ടും ഹബീബ ഇസ്ലാം ഒരു വിക്കറ്റും നേടി.
by Midhun HP News | Dec 22, 2024 | Latest News, കായികം
റാഞ്ചി :അണ്ടര്‍ 23 പുരുഷ സ്റ്റേറ്റ് ട്രോഫിയില്‍ കേരളത്തെ തോല്പിച്ച് ഹരിയാന. പത്ത് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഇരുപത്തി ഏഴാം ഓവറില്‍ വെറും 80 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 7.2 ഓവറില്‍ ലക്ഷ്യത്തിലെത്തി.
ബാറ്റിങ് നിര അമ്പെ പരായജപ്പെട്ടതാണ് മത്സരത്തില്‍ കേരളത്തിന് തിരിച്ചടിയായത്. സ്‌കോര്‍ ആറിലെത്തിയപ്പോള്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത അഭിഷേക് നായരാണ് ആദ്യം പുറത്തായത്, തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ രണ്ടാം പന്തില്‍ തന്നെ പുറത്തായപ്പോള്‍ കാമില്‍ അബൂബക്കര്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ഒമര്‍ അബൂബക്കറും ക്യാപ്റ്റന്‍ രോഹന്‍ നായരും ചേര്‍ന്നുള്ള 46 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാല്‍ ഇരുവരും പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.
വെറും മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്. മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കി ഭുവന്‍ റോഹില്ലയാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. 8.2 ഓവറില്‍ വെറും 22 റണ്‍സ് വഴങ്ങിയാണ് ഭുവന്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. അനൂജ് തക്രല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. 31 റണ്‍സെടുത്ത ഒമര്‍ അബൂബക്കറും 19 റണ്‍സെടുത്ത രോഹന്‍ നായരും 14 റണ്‍സെടുത്ത ജെറിന്‍ പി സും മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണര്‍ അര്‍ഷ് രംഗയുടെ പ്രകടനമാണ് അനായാസ വിജയം ഒരുക്കിയത്. 25 പന്തില്‍ 54 റണ്‍സ് നേടിയ അര്‍ഷും 22 റണ്‍സെടുത്ത യഷ് വര്‍ധന്‍ ദലാലും ചേര്‍ന്ന് എട്ടാം ഓവറില്‍ ഹരിയാനയെ ലക്ഷ്യത്തിലെത്തിച്ചു
by Midhun HP News | Dec 18, 2024 | Latest News, കായികം
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരമായ ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
106 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞ അശ്വിന്‍ 537 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും ഈ വെറ്ററന്‍ താരം നേടിയിട്ടുണ്ട്. ടി20ല്‍ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ താരം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം ഓള്‍റൗണ്ടര്‍ എന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ്. ടെസ്റ്റില്‍ 3503 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ 707 റണ്‍സ് ആണ് സമ്പാദ്യം. ഏകദിനത്തേക്കാള്‍ ടെസ്റ്റിലാണ് ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് തെളിയിച്ചത്.
by Midhun HP News | Dec 14, 2024 | Latest News, കായികം
ബ്രിസ്‌ബെയ്ന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കൊണ്ടു പോയി. 13.2 ഓവര്‍ മാത്രമാണ് ഇന്ന് കളി നടന്നത്. മഴ നില്‍ക്കാത്ത സാഹചര്യത്തില്‍ ആദ്യ ദിനത്തെ കളി ഉപേക്ഷിച്ചു.
ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 13.2 ഓവറില്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്. പിന്നീട് കളി തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
19 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 4 റണ്‍സുമായി നതാന്‍ മക്‌സ്വീനിയുമാണ് ക്രീസില്‍.
കഴിഞ്ഞ കളികളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപും ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി.
ഓസീസ് നിരയില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് തിരിച്ചെത്തി. ഹെയ്‌സല്‍വുഡിന്റെ പകരക്കാരനായി രണ്ടാം ടെസ്റ്റ് കളിച്ച സ്‌കോട്ട് ബോളണ്ടിനെ അന്തിമ ഇലവനില്‍ നിന്നു ഒഴിവാക്കി.
by Midhun HP News | Dec 14, 2024 | Latest News, കായികം
ചെന്നൈ: ചരിത്രമെഴുതി ലോക ചെസ് ചാംപ്യനായ ഡി ഗുകേഷിനു പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഗുകേഷിനു സർക്കാർ 5 കോടി രൂപ നൽകും. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഫൈനലിൽ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് ഗുകേഷിന്റെ നേട്ടം. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 18കാരൻ സ്വന്തമാക്കിയിരുന്നു. വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായും ഗുകേഷ് മാറി.
ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നൽകിയെന്നു സ്റ്റാലിൻ വ്യക്തമാക്കി. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെന്നും അദ്ദേഹം കുറിച്ചു.
14ാം ഗെയിമിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാൻ ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ടൈ ബ്രേക്കറിലേക്ക് നീട്ടി സമ്മർദ്ദം കൂട്ടാൻ നിൽക്കാതെ ഡി ഗുകേഷ് ചെക്ക് പറഞ്ഞതോടെ 7.5 എന്ന മാന്ത്രിക സംഖ്യ താരം തൊട്ടു. ഒപ്പം ലോക കിരീടവും.
Recent Comments