ഇന്ത്യക്ക് മുന്നില്‍ കാലാവസ്ഥാ വെല്ലുവിളി; മൂന്നാം ടെസ്റ്റില്‍ മഴ കളിക്കുമോ?

ഇന്ത്യക്ക് മുന്നില്‍ കാലാവസ്ഥാ വെല്ലുവിളി; മൂന്നാം ടെസ്റ്റില്‍ മഴ കളിക്കുമോ?

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നാളെ ഗാബയില്‍ തുടങ്ങാനിരിക്കെ മത്സരത്തില്‍ മഴ ഭീഷണി. ആദ്യ ദിനമായ നാളെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം.

88 ശതമാനം ഇടി, മിന്നല്‍, മഴ സാധ്യതയാണ് പ്രവചിക്കുന്നത്. അന്തരീക്ഷം ഈര്‍പ്പം നിറഞ്ഞതും മൂടിക്കെട്ടിയതായിരിക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. രണ്ട്, മൂന്ന് ദിവസങ്ങളിലും നേരിയ മഴ സാധ്യതയുണ്ട്.

ടെസ്റ്റിന്റെ അഞ്ച് ദിനത്തില്‍ അവസാന ദിവസം മാത്രമാണ് മഴ പെയ്യാന്‍ ഒരു ശതമാനം മാത്രം സാധ്യത നിലനില്‍ക്കുന്നത്. ആദ്യ നാല് ദിവസവും മഴ വില്ലനായേക്കാമെന്നാണ് പ്രവചിക്കുന്നത്.

ഇരു ടീമുകളെ സംബന്ധിച്ചു ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലുറപ്പിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

45 പന്തില്‍ 84 റണ്‍സ്! കത്തിപ്പടര്‍ന്ന് അജിന്‍ക്യ രഹാനെ, 14 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് മുംബൈ

45 പന്തില്‍ 84 റണ്‍സ്! കത്തിപ്പടര്‍ന്ന് അജിന്‍ക്യ രഹാനെ, 14 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് മുംബൈ

മുംബൈ: വിദര്‍ഭയെ തകര്‍ത്തെറിഞ്ഞ് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറിയപ്പോള്‍ അതില്‍ റെക്കോര്‍ഡിന്റെ തിളക്കവും. വിദര്‍ഭ ഉയര്‍ത്തിയ 6 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുംബൈ 19.2 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 224 റണ്‍സ് അടിച്ച് മറികടന്നു.

ടി20 ക്രിക്കറ്റില്‍ 14 വര്‍ഷമായി തകരാതെ നിന്ന ഒരു റെക്കോര്‍ഡാണ് മുംബൈ തകര്‍ത്തത്. ടി20 പോരാട്ടത്തിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് മുംബൈ സ്വന്തമാക്കിയത്. 2010ല്‍ ഫയ്‌സാല്‍ ബാങ്ക് ടി20 പോരാട്ടത്തിന്റെ സെമിയില്‍ റാവല്‍പിണ്ടി റാംസിനെതിരെ കറാച്ചി ഡോള്‍ഫിന്‍സ് സ്ഥാപിച്ച 210 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 220നു മുകളില്‍ റണ്‍സ് ചെയ്‌സ് ചെയ്തു വിജയിക്കുന്ന ആദ്യ ടീമായും മുംബൈ മാറി.

മത്സരത്തില്‍ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയുടെ കിടിലന്‍ ബാറ്റിങാണ് മുംബൈ ജയം അനായാസമാക്കിയത്. 45 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം രഹാനെ 84 റണ്‍സ് അടിച്ചെടുത്തു. 36കാരനായ താരം മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. ഐപിഎല്‍ മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രഹാനെയെ വിളിച്ചെടുത്തതിന്റെ പൊരുളും ഇപ്പോള്‍ ആരാധകര്‍ക്ക് മനസിലായിട്ടുണ്ടാകും.

രഹാനെയ്ക്ക് പുറമെ പൃഥ്വി ഷാ 4 സിക്‌സും 5 ഫോറും സഹിതം 26 പന്തില്‍ 49 റണ്‍സെടുത്തു. ശിവം ദുബെ 22 പന്തില്‍ 2 സിക്‌സും 1 ഫോറുമടക്കം 37 റണ്‍സും സൂര്യാംശ് ഷെഡ്‌ജെ 12 പന്തില്‍ 4 സിക്‌സും 1 ഫോറും സഹിതം 36 റണ്‍സും വാരി പുറത്താകാതെ നിന്നു മുംബൈയെ റെക്കോര്‍ഡ് വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (5), ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് (9) എന്നിവര്‍ മാത്രമാണ് മുംബൈ ബാറ്റിങ് നിരയില്‍ പരാജയപ്പെട്ടത്.

നേരത്തെ അഥര്‍വ ടയ്‌ഡെ (66), അപൂര്‍വ് വാംഖഡെ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും 19 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും തൂക്കി 43 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ശുഭം ദുബെയുടെ മികവുമാണ് വിദര്‍ഭയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ആദ്യം യശസ്വി, പിന്നാലെ രാഹുലും കോഹ്‍ലിയും; ഇന്ത്യയെ വെട്ടിലാക്കി സ്റ്റാർക്ക്

ആദ്യം യശസ്വി, പിന്നാലെ രാഹുലും കോഹ്‍ലിയും; ഇന്ത്യയെ വെട്ടിലാക്കി സ്റ്റാർക്ക്

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി ഞെട്ടല്‍ തുടക്കമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു. യശസ്വി ജയ്സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കി.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍. നിലവില്‍ ഋഷഭ് പന്തും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. യശസ്വി പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തുന്നതിനിടെ സ്റ്റാര്‍ക്ക് വീണ്ടും ഇന്ത്യയെ പ്രഹരിക്കുകയായിരുന്നു. രാഹുലിനെ സ്റ്റാര്‍ക്ക് ലാബുഷെയ്‌നിന്റെ കൈയില്‍ എത്തിച്ചു. രാഹുല്‍ 37 റണ്‍സുമായി മടങ്ങി.

പിന്നാലെ വന്ന വിരാട് കോഹ്‌ലിയും തിളങ്ങിയില്ല. താരം 7 റണ്‍സുമായി കൂടാരം കയറി. സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്‌ലിയെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് മടക്കി. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം 31 റണ്‍സാണ് എടുത്തത്. ഗില്ലിനെ സ്‌കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

മസ്കറ്റ്: മലയാളി താരവും ഇന്ത്യൻ ഇതിഹാസവുമായ പിആർ ശ്രീജേഷിന് പരിശീലകനെന്ന നിലയിലും ​ഗംഭീര തുടക്കം. ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ടീം ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലിൽ ബദ്ധ വൈരികളായ പാകിസ്ഥാനെ 5-3നു തകർത്താണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്.

ആവേശപ്പോരിൽ പിന്നിൽ നിന്നു തരിച്ചടിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഹാട്രിക്കുൾപ്പെടെ നാല് ​ഗോളുകളുമായി അരയ്ജിത് സിങ് ​​ഹുൻഡൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. ഇന്ത്യയുടെ അഞ്ചാം ജൂനിയർ ഏഷ്യ കപ്പ് കിരീടമാണിത്.

കളിയുടെ 4, 18, 47, 54 മിനിറ്റുകളിലാണ് അരയ്ജിത് ​ഗോളുകൾ നേടിയത്. ശേഷിച്ച ഒരു ​ഗോൾ 19ാം മിനിറ്റിൽ ദിൽരാജ് സിങ് നേടി. പാകിസ്ഥാനായി സുഫിയാൻ ഖാൻ ഇരട്ട ​ഗോളുകൾ നേടി. ശേഷിച്ച ​ഗോൾ ഹനാൻ ഷാഹിദും നേടി. ഇന്ത്യയുടെ അഞ്ചിൽ നാല് ​​ഗോളുകളും വന്നത് പെനാൽറ്റി കോർണറുകളിൽ നിന്നാണ്.

നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിയിൽ മലേഷ്യയെ 3-1നു വീഴ്ത്തിയാണ് ഫൈനലിലേക്ക് കടന്നത്. ജപ്പാനെ 4-2നു വീഴ്ത്തിയാണ് പാകിസ്ഥാൻ കലാശപ്പോരിലേക്ക് കടന്നത്.

കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണയും. അന്നും പാകിസ്ഥാനെ 2-1നു വീഴ്ത്തി ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.

ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ട! വെറും 28 പന്തില്‍ സെഞ്ച്വറി നേടി ഉര്‍വില്‍ പട്ടേല്‍, റെക്കോര്‍ഡ്

ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ട! വെറും 28 പന്തില്‍ സെഞ്ച്വറി നേടി ഉര്‍വില്‍ പട്ടേല്‍, റെക്കോര്‍ഡ്

ഇന്‍ഡോര്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേലിന്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ ത്രിപുരയ്‌ക്കെതിരെ വെറും 28 പന്തിലാണ് താരം സെഞ്ച്വറി നേടിയത്.

മത്സരത്തില്‍ താരം 35 പന്തില്‍ 12 സിക്‌സും 7 ഫോറും സഹിതം താരം 113 റണ്‍സുമായി പുറത്താകാതെ നിന്നു. മത്സരത്തില്‍ 156 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം പിടിച്ചു. 10.2 ഓവറില്‍ അവര്‍ ലക്ഷ്യം കണ്ടു. ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഋഷഭ് പന്തിന്റെ പേരിലായിരുന്നു. ഈ റെക്കോര്‍ഡാണ് താരം തിരുത്തിയത്.

ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടവും താരത്തിനു സ്വന്തം. എസ്‌റ്റോണിയ താരം സഹില്‍ ചൗഹാന്‍ നേടിയ 27 പന്തിലെ ശതകമാണ് ഈ പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎല്‍ മെഗാ താര ലേലത്തില്‍ വാങ്ങാന്‍ ആളില്ലാത്ത താരമായിരുന്നു ഉര്‍വില്‍. പിന്നാലെയാണ് താരത്തിന്റെ തീപ്പൊരി ഇന്നിങ്‌സ്.

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം; ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം; ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന്‍ റണ്‍നിരക്കിലാണ് ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇത്. 1977-ല്‍ നേടിയ 222 റണ്‍സ് വിജയമാണ് ജസ്പ്രീത് ബുംറയും സംഘവും പഴങ്കഥയാക്കിയത്. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ചരിത്രവിജയം. ജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ 534 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 58.4 ഓവറില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി. അലക്‌സ്‌കാരിയെ ഹര്‍ഷിത് റാണ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യ വിജയത്തീരമണഞ്ഞത്.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ആയിരുന്നില്ല രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ ബുംറയും പിന്നീട് സിറാജും കരുത്തുകാട്ടിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഉറച്ചു നില്‍ക്കാന്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് ആയില്ല. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്. സ്‌കോര്‍:ഇന്ത്യ-150, 487-6, ഓസ്‌ട്രേലിയ-104, 238-10.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പന്ത്രണ്ട് റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ നാല് റണ്‍സിന് ഉസ്മാന്‍ ഖവാജയെ നഷ്ടമായി. പിന്നാലെ സ്റ്റീവന്‍ സ്മിത്തും ഹെഡും സ്‌കോര്‍ ഉയര്‍ത്തി. പതിനേഴ് റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ സിറാജ് പുറത്താക്കിയതോടെ ഓസീസ് 79-5 എന്ന നിലയിലേക്ക് വീണു. വിക്കറ്റുകള്‍ ഒരോന്നായി വീഴുമ്പോഴും ഒരു വശത്ത് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അര്‍ധസെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. എന്നാല്‍ നായകന്‍ ബുംറക്ക് മുമ്പില്‍ ട്രാവിസ് ഹെഡിന് അടിയറവ് പറയേണ്ടി വന്നു. മിച്ചല്‍ മാര്‍ഷുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ ഹെഡ് സ്‌കോര്‍ 150-കടത്തിയതിന് ശേഷം സ്‌കോര്‍ 161 ല്‍ നില്‍ക്കെയായിരുന്നു പുറത്തായത്. ഇതിനകം 89 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം.

ഹെഡിന് പിന്നാലെ മിച്ചല്‍ മാര്‍ഷും പുറത്തായതോടെ ഇന്ത്യക്ക് പ്രതീക്ഷയും ഓസ്‌ട്രേലിയക്ക് ആശങ്കയുമായി. 47 റണ്‍സെടുത്ത മാര്‍ഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. ഈ സമയം 182-7 എന്ന നിലയിലായിരുന്നു ഓസിസ് സ്‌കോര്‍. 12 റണ്‍സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കുകയും പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ വിജയഭേരി മുഴക്കി.

Advertisement