അഞ്ചാം ദിനം ഇന്ത്യകൂട്ടത്തോടെ കൂടാരം കയറി; നാലാം ടെസ്റ്റില്‍ ഓസീസിന് ജയം

അഞ്ചാം ദിനം ഇന്ത്യകൂട്ടത്തോടെ കൂടാരം കയറി; നാലാം ടെസ്റ്റില്‍ ഓസീസിന് ജയം

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് ജയം. 184 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തത്. 340 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 155ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ യശ്വസിയാണ് ടോപ് സ്‌കോറര്‍. ഇതോടെ ഓസിസ് പരമ്പയില്‍ 2-1ന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെഅവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയില്‍ നടക്കും.

ഓസീസ് മുന്നോട്ടുവച്ച 340 റണ്‍സ് വിജയലക്ഷ്യം ലാക്കാക്കിയിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി (5) എന്നിവരെ 33 റണ്‍സിനിടെ നഷ്ടമായി. നാലാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ – ഋഷഭ് പന്ത് സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും അതും നീണ്ടില്ല. പന്ത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അതിവേഗം മടങ്ങി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ അഭിമാനം കാത്ത നീതിഷ് റെഡ്ഡി പിടിച്ചുനില്‍ക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഒരു റണ്‍സ് എടുത്ത റെഡ്ഡിയെ ലിയാണ്‍ മടക്കി. വാഷിങ് ടണ്‍ സുന്ദറുമായി ചേര്‍ന്ന് കരുതലോടെ ബാറ്റ് വീശിയ യശ്വസിയെ പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. ആകാശ് ദീപ്, ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 234-ല്‍ നില്‍ക്കേ നതാന്‍ ലിയോണിന്റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ബുംറ അഞ്ചു വിക്കറ്റെടുത്തു. 55 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സെടുത്താണ് ലിയോണ്‍ പുറത്തായത്. സ്‌കോട്ട് ബോളണ്ട് 15 റണ്‍സോടെ പുറത്താകാതെ നിന്നു.

അവസാന വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ലിയോണ്‍ – ബോളണ്ട് സഖ്യമാണ് നാലാം ദിനം ഇന്ത്യയെ വെള്ളംകുടിപ്പിച്ചത്. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് ലിയോണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ അഞ്ചാം ദിനം വരെ കാത്തിരിക്കേണ്ടിവന്നു. നാലാം ദിനം അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി.139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മികച്ച പ്രടനം നടത്തി. വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന ബഹുമതിയും ബുംറ കരസ്ഥമാക്കി. മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുണ്ട്.

ട്രാവിസ് ഹെഡിനെ പൂജ്യത്തില്‍ പുറത്താക്കി ബുംറ; ഇന്ത്യ തിരിച്ചടിക്കുന്നു

ട്രാവിസ് ഹെഡിനെ പൂജ്യത്തില്‍ പുറത്താക്കി ബുംറ; ഇന്ത്യ തിരിച്ചടിക്കുന്നു

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 6 വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ക്കു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറി നേടി.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ സ്മിത്ത് 68 റണ്‍സുമായി ക്രീസില്‍ തുടരുന്നു. സ്മിത്തിനൊപ്പം 8 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (57), മര്‍നസ് ലാബുഷെയ്ന്‍ (72) എന്നിവര്‍ നേരത്തെ അര്‍ധ സെഞ്ച്വറി നേടി. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെ കന്നി അര്‍ധ സെഞ്ച്വറിയാണ് മെല്‍ബണില്‍ പിറന്നത്. പിന്നാലെ ഈ പരമ്പരയില്‍ ആദ്യമായി ഖവാജ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയും നല്‍കി.

അര്‍ധ സെഞ്ച്വറിയുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് കോണ്‍സ്റ്റാസ് വരവറിയിച്ചത്. 65 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം കോണ്‍സ്റ്റാസ് 60 റണ്‍സെടുത്തു. ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതെ പോയ ഓപ്പണര്‍ മാക്‌സ്വീനിയെ ഒഴിവാക്കിയാണ് കൗമാരക്കാരനായ കോണ്‍സ്റ്റാസിനെ പ്ലെയിങ് ഇലവനിലേക്ക് വിളിച്ചത്. ആ വിളിയെ പ്രകടന മികവിലൂടെ താരം ന്യായീകരിച്ചു.

മുതിര്‍ന്ന താരം ഉസ്മാന്‍ ഖവാജയുമായി ചേര്‍ന്നു ഓപ്പണിങില്‍ 89 റണ്‍സ് ചേര്‍ത്താണ് കോണ്‍സ്റ്റാസ് മടങ്ങിയത്. രവീന്ദ്ര ജഡേജ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് മടക്കിയത്. പിന്നാലെയാണ് ഖവാജയുടെ അര്‍ധ സെഞ്ച്വറി. താരം 57 റണ്‍സില്‍ നില്‍ക്കെ ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.

പിന്നാലെ ലാബുഷെയ്‌നിനെ വാഷിങ്ടന്‍ സുന്ദര്‍ മടക്കി. ഇന്ത്യക്ക് തലേദനയാകാറുള്ള ട്രാവിസ് ഹെഡ്ഡിനു ഇത്തവണ അക്കൗണ്ട് തുറക്കാനായില്ല. താരത്തെ ബുംറ മടക്കി. മിച്ചല്‍ മാര്‍ഷും തിളങ്ങിയില്ല. താരം 4 റണ്‍സില്‍ പുറത്ത്. വിക്കറ്റ് ബുംറയ്ക്ക് തന്നെ. അലക്‌സ് കാരി പിടിച്ചു നിന്നെങ്കിലും വലിയ സ്‌കോറിലെത്തിയത്. 31ല്‍ നില്‍ക്കെ കാരിയെ ആകാശ് ദീപ് പുറത്താക്കി.

ഇന്ത്യക്കായി ബുംറ വീണ്ടും തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപ്, ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

കോഹ്‌ലിയും റൂട്ടും അടങ്ങുന്ന നിരയിലേക്ക്; വരവറിയിച്ച് പാക് യുവതാരം

കോഹ്‌ലിയും റൂട്ടും അടങ്ങുന്ന നിരയിലേക്ക്; വരവറിയിച്ച് പാക് യുവതാരം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പാക് ബാറ്റര്‍ സയിം അയുബ് കോഹ്‌ലിയും ജോ റൂട്ടും ഉള്‍പ്പെടുന്ന പട്ടികയില്‍. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ പാകിസ്ഥാന്റെ ആധികാരിക വിജയത്തില്‍ സയിം അയുബിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ അയുബ്, ഇന്നലെ ജോഹന്നാസ്ബര്‍ഗില്‍ 94 പന്തില്‍ നിന്ന് 101 റണ്‍സ് നേടി രണ്ടാം സെഞ്ച്വറിയും കുറിച്ചു. 107.45 സ്‌ട്രൈക്ക് റേറ്റില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പരമ്പരയില്‍ രണ്ടാമത്തെ സെഞ്ച്വറി നേടിയതോടെ അയുബ് കോഹ്‌ലി, ജോ റൂട്ട്, ഡേവിഡ് വാര്‍ണര്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ഫഖര്‍ സമാന്‍ എന്നിരുള്‍പ്പെടുന്ന പട്ടികയിലും അയുബ് ഇടം നേടി. ദക്ഷിണാഫ്രിക്കയില്‍ ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയില്‍ രണ്ടോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്ന സന്ദര്‍ശക ബാറ്റര്‍മാരുടെ പട്ടികയിലാണ് താരം ഇടം നേടിയത്.

കോഹ്‌ലി, ഡേവിഡ് വാര്‍ണര്‍, കെവി പീറ്റേഴ്‌സണ്‍ എന്നിവര്‍ മൂന്ന് സെഞ്ച്വറികള്‍ വീതം നേടിയപ്പോള്‍ ഫഖര്‍ സമാനും ജോ റൂട്ടും സയിബ് അയുബും രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കി.

അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്

അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്

ക്വാലാലംപുര്‍: പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ബംഗ്ലാദേശിനെ 41 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 76 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഗോംഗതി തൃഷ അര്‍ധ സെഞ്ച്വറി നേടി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാ ബാറ്റിങ്‌നിര തുടക്കം മുതലെ തകര്‍ച്ച നേരിട്ടു. രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 30 പന്തില്‍ 22 റണ്‍സ് നേടിയ ജുഐരിയ ഫിര്‍ദൗസാണ് ടോപ് സ്‌കോറര്‍. 18 റണ്‍സ് നേടിയ ഫഹോമിദ ചോയയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്ന് വിക്കറ്റ് പിഴുതു. 3.3 ഓവറില്‍ 17 റണ്‍സ് മാത്രമാണ് താരം വിട്ടുനല്‍കിയത്. പരുണിക സിസോദിയ, സോനം യാദവ് എന്നിവര്‍ രണ്ട് വീതവും മലയാളി താരം വിജെ ജോഷിത ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ 23ല്‍നില്‍ക്കേ ജി. കമാലിനിയുടെ (ഒമ്പത് പന്തില്‍ അഞ്ച്) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സനിക ചല്‍ക്കെ മടങ്ങി. ക്യപ്റ്റന്‍ നികി പ്രസാദ് (21 പന്തില്‍ 12), ഈശ്വരി അവ്‌സാരെ (12 പന്തില്‍ അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.

അര്‍ധ സെഞ്ച്വറി നേടിയ ഗോംഗതി തൃഷ 16-ാം ഓവറിലാണ് മടങ്ങിയത്. മിഥില വിനോദ് (17), ആയുഷി ശുക്ല (10), വി.ജെ. ജോഷിത (മൂന്ന് പന്തില്‍ രണ്ട്*) ഷബ്‌നം ഷാക്കില്‍ (ഒരു പന്തില്‍ നാല്*) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. നാല് വിക്കറ്റ് പിഴുത ഫര്‍ജാന എസ്മിന്‍ ബംഗ്ലാ ബോളിങ് നിരയില്‍ തിളങ്ങി. നിഷിത അക്തര്‍ രണ്ടും ഹബീബ ഇസ്ലാം ഒരു വിക്കറ്റും നേടി.

അണ്ടര്‍ 23ല്‍ കേരളത്തെ തോല്‍പ്പിച്ച് ഹരിയാന

അണ്ടര്‍ 23ല്‍ കേരളത്തെ തോല്‍പ്പിച്ച് ഹരിയാന

റാഞ്ചി :അണ്ടര്‍ 23 പുരുഷ സ്റ്റേറ്റ് ട്രോഫിയില്‍ കേരളത്തെ തോല്പിച്ച് ഹരിയാന. പത്ത് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഇരുപത്തി ഏഴാം ഓവറില്‍ വെറും 80 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 7.2 ഓവറില്‍ ലക്ഷ്യത്തിലെത്തി.

ബാറ്റിങ് നിര അമ്പെ പരായജപ്പെട്ടതാണ് മത്സരത്തില്‍ കേരളത്തിന് തിരിച്ചടിയായത്. സ്‌കോര്‍ ആറിലെത്തിയപ്പോള്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത അഭിഷേക് നായരാണ് ആദ്യം പുറത്തായത്, തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ രണ്ടാം പന്തില്‍ തന്നെ പുറത്തായപ്പോള്‍ കാമില്‍ അബൂബക്കര്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ഒമര്‍ അബൂബക്കറും ക്യാപ്റ്റന്‍ രോഹന്‍ നായരും ചേര്‍ന്നുള്ള 46 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാല്‍ ഇരുവരും പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

വെറും മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്. മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കി ഭുവന്‍ റോഹില്ലയാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. 8.2 ഓവറില്‍ വെറും 22 റണ്‍സ് വഴങ്ങിയാണ് ഭുവന്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. അനൂജ് തക്രല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. 31 റണ്‍സെടുത്ത ഒമര്‍ അബൂബക്കറും 19 റണ്‍സെടുത്ത രോഹന്‍ നായരും 14 റണ്‍സെടുത്ത ജെറിന്‍ പി സും മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണര്‍ അര്‍ഷ് രംഗയുടെ പ്രകടനമാണ് അനായാസ വിജയം ഒരുക്കിയത്. 25 പന്തില്‍ 54 റണ്‍സ് നേടിയ അര്‍ഷും 22 റണ്‍സെടുത്ത യഷ് വര്‍ധന്‍ ദലാലും ചേര്‍ന്ന് എട്ടാം ഓവറില്‍ ഹരിയാനയെ ലക്ഷ്യത്തിലെത്തിച്ചു

ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; അപ്രതീക്ഷിത പ്രഖ്യാപനം

ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; അപ്രതീക്ഷിത പ്രഖ്യാപനം

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരമായ ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

106 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞ അശ്വിന്‍ 537 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും ഈ വെറ്ററന്‍ താരം നേടിയിട്ടുണ്ട്. ടി20ല്‍ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ താരം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം ഓള്‍റൗണ്ടര്‍ എന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ്. ടെസ്റ്റില്‍ 3503 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ 707 റണ്‍സ് ആണ് സമ്പാദ്യം. ഏകദിനത്തേക്കാള്‍ ടെസ്റ്റിലാണ് ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് തെളിയിച്ചത്.