മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമിലാത്ത ചരിത്രനേട്ടം സ്വന്തമാക്കി ബുമ്ര, ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്

മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമിലാത്ത ചരിത്രനേട്ടം സ്വന്തമാക്കി ബുമ്ര, ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ പേസറും സ്വന്തമാക്കാത്ത ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ബുമ്ര ഇന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തി നടത്തിയ മിന്നുന്ന പ്രകടനമാണ് ബുമ്രയെ കരിയറില്‍ ആദ്യമായി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ആര്‍ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബുമ്ര ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാമ് റാങ്കിംഗില്‍ രണ്ടാമത്. കരിയറില്‍ മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു ഇതിന് മുമ്പത്തെ ബുമ്രയുടെ ഏറ്റവും മികച്ച റാങ്കിംഗ്. ഒന്നാം സ്ഥാനത്ത് ബുമ്രക്ക് 881 റേറ്റിംഗ് പോയന്‍റുള്ളപ്പോള്‍ റബാഡക്ക് 851ഉം രണ്ട് സ്ഥാനം താഴേക്കിറങ്ങിയ അശ്വിന് 841 ഉം റേറ്റിംഗ് പോയന്‍റാണുള്ളത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ അശ്വിന് വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല. ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് ഒരു സ്ഥാനം ഇറങ്ങി നാലാമതാണ്.ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിച്ചില്ലങ്കിലും ബാറ്റിംഗ് റാങ്കിംഗില്‍ ഒരു സ്ഥാനം ഇറങ്ങിയ ഇന്ത്യയുടെ വിരാട് കോലി ഏഴാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുള്ള ഏക ബാറ്ററും കോലിയാണ്. ഒന്നര വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത റിഷഭ് പന്താണ് രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റര്‍. പന്ത്രണ്ടാമതാണ് റിഷഭ് പന്ത്. ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പതിമൂന്നാം സ്ഥാനത്താണ്.

എറിഞ്ഞു പിടിച്ച് ബുമ്രയും അശ്വിനും, രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 106 റണ്‍സ് ജയം

എറിഞ്ഞു പിടിച്ച് ബുമ്രയും അശ്വിനും, രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 106 റണ്‍സ് ജയം

വിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിന് തോല്‍പ്പിച്ച് അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി(1-1). 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിനം 292 റണ്‍സിന് ഓള്‍ ഔട്ടായി. 78 റണ്‍സെടുത്ത സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

സ്കോര്‍:

ഇന്ത്യ 396, 255
ഇംഗ്ലണ്ട് 255, 292

പരമ്പരയിലെ മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടില്‍ നടക്കും.
ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ദക്ഷിണാഫ്രിക്ക മൂന്നാമതും ന്യൂസിലന്‍ഡ് നാലാമതും ബംഗ്ലാദേശ് അഞ്ചാമതുമാണ് പോയന്‍റ് ടേബിളിൽ.

96 വിക്കറ്റുകള്‍; ചന്ദ്രശേഖറിനെ പിന്തള്ളി ആര്‍ അശ്വിന്‍; അപൂര്‍വ നേട്ടം

96 വിക്കറ്റുകള്‍; ചന്ദ്രശേഖറിനെ പിന്തള്ളി ആര്‍ അശ്വിന്‍; അപൂര്‍വ നേട്ടം

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരെ ഏറ്റവും വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ അശ്വിന്‍ ഒന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിനെതിരെ അശ്വിന്റെ വിക്കറ്റ് നേട്ടം 96ല്‍ എത്തി. ഇതിഹാസ ലെഗ് സ്പിന്നര്‍ ബി ചന്ദ്രശേഖറിന്റെ പേരില്‍ ഏറെ നാളായി നിലനിന്ന റെക്കോര്‍ഡാണ് അശ്വിന്‍ പഴങ്കഥയാക്കിയത്. ചന്ദ്രശേഖര്‍ 95 വിക്കറ്റുകളാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്.
ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കാര്യമായ നേട്ടം അശ്വിനില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു നഷ്ടമായ ആറില്‍ മൂന്ന് വിക്കറ്റുകളും പോക്കറ്റിലാക്കിയത് അശ്വിന്‍. ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട് എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്.

ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരങ്ങളില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തെത്തി. ജെയിംസ് ആന്‍ഡേഴ്‌സനാണ് പട്ടികയിലെ ഒന്നാമന്‍. 36 ടെസ്റ്റുകളില്‍ നിന്നു 144 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്റെ പേരിലുള്ളത്. അഞ്ച് വിക്കറ്റ് നേട്ടം ആറ് തവണ.

അണ്ടര്‍ 19 ലോകകപ്പ്, നേപ്പാളും കടന്ന് ഇന്ത്യ സെമിയില്‍; ജയം 132 റണ്‍സിന്

അണ്ടര്‍ 19 ലോകകപ്പ്, നേപ്പാളും കടന്ന് ഇന്ത്യ സെമിയില്‍; ജയം 132 റണ്‍സിന്

ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. സൂപ്പര്‍ സിക്‌സ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ ജയം. ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും സച്ചിന്‍ ദാസും നേടിയ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം നേപ്പാള്‍ മറികടന്നില്ല. 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേപ്പാള്‍ നേടിയത്. 50 ഓവറില്‍ 297 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം.

ക്യാപ്റ്റന്‍ ദേവ് ഖനാല്‍ ആണ് നേപ്പാള്‍ നിരയിലെ ടോപ് സ്‌കോറര്‍. 33 റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാന്‍ കഴിഞ്ഞത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റെ് പട്ടികയില്‍ പിന്നിലേക്ക് വീണു. 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. പിന്നാലെയാണ് നഷ്ടം.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ എത്തിച്ചു ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു. എന്നാല്‍ പിന്നാലെ ഇംഗ്ലണ്ടിനോടു തോറ്റതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. 54.16 ല്‍ നിന്നു നിലവില്‍ ഇന്ത്യയുടെ പോയിന്റ് 43.33ലേക്ക് കുറഞ്ഞു.

സച്ചിനെ മറികടന്ന് ജോ റൂട്ട്; റെക്കോര്‍ഡ് നേട്ടം

സച്ചിനെ മറികടന്ന് ജോ റൂട്ട്; റെക്കോര്‍ഡ് നേട്ടം

ഹൈദരാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ട്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്ത് റണ്‍സെടുത്തതോടെയാണ് റൂട്ട് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

റൂട്ടിന്റെ റണ്‍ സമ്പാദ്യം 2554 ആയി. സച്ചിന്‍ 2535 റണ്‍സാണ് എടുത്തത്. മൂന്നാം സ്ഥാനത്ത് സുനില്‍ ഗാവസ്‌കറാണ്. 2348 റണ്‍സ്. നാലാം സ്ഥാനത്ത് അലിസ്റ്റര്‍ കുക്ക്. 2431 റണ്‍സ്. വിരാട് കോഹ്‌ലിയാണ് അഞ്ചാമത്. 1991 റണ്‍സ്.