by Midhun HP News | Jan 7, 2024 | Latest News, കായികം
പട്‌ന: രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു പുതിയ ചരിത്രം എഴുതി ബിഹാര്‍ താരം വൈഭവ് സൂര്യവംശി. 12 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 12 വയസും 284 ദിവസവും പിന്നിടുമ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം. 1986നു ശേഷം ആദ്യമായാണ് ഇത്ര ചെറു പ്രായത്തില്‍ ഒരു ഇന്ത്യന്‍ താരം ഫസ്റ്റ് ക്ലാസില്‍ അരങ്ങേറുന്നത്.
ഈ നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് എന്നിവരെയൊക്കെ വൈഭവ് പിന്തള്ളി. അരങ്ങേറ്റത്തില്‍ താരം ഓപ്പണിങ് ഇറങ്ങി. 28 പന്തുകള്‍ പ്രതിരോധിച്ച് 19 റണ്‍സുമായി വൈഭവ് മടങ്ങി. യുവരാജ് സിങ് 15 വയസും 57 ദിവസവും പ്രായമുള്ളപ്പോഴാണ് അരങ്ങേറിയത്. സച്ചിന്‍ 15 വയസും 230 ദിവസവും പിന്നിട്ടപ്പോള്‍. രണ്ട് പേരുടേയും നേട്ടം വൈഭവ് പിന്തള്ളി.
നേരത്തേ ഇന്ത്യ ബി അണ്ടര്‍ 19 ടീമില്‍ താരം കഴിഞ്ഞ വര്‍ഷം കളിച്ചിരുന്നു. പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികളടക്കം ആറ് ഇന്നിങ്‌സുകളില്‍ നിന്നു 177 റണ്‍സാണ് നേടിയത്.
വിനു മങ്കാദ് ട്രോഫിയിലും താരം നേരത്തെ കളിച്ചിട്ടുണ്ട്. 393 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടി.
by Midhun HP News | Jan 6, 2024 | Latest News, കായികം
ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യതാരമായിരുന്നു സാഗല്ലോ.
ബ്രസീലിയന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് ആണ് സാഗല്ലോയുടെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കായികരംഗത്തെ വലിയ ഇതിഹാസങ്ങളിലൊന്നാണ് സാഗല്ലോ. ബ്രസില്‍ ഫുട്‌ബോളിലെ മഹാനായ നായകന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1958ലും 62ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ അംഗമായിരുന്നു സാഗല്ലോ. 1970ല്‍ ബ്രസീല്‍ വീണ്ടും ലോക കിരീടം ചൂടുമ്പോള്‍ പരിശീലകന്റെ കുപ്പായമണിഞ്ഞതും സാഗല്ലോയായിരുന്നു. 94ല്‍ ബ്രസില്‍ കിരീടം നേടുമ്പോഴും ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം. പിന്നീട് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിവര്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവറും ഫ്രാന്‍സിന്റെ ദഷംപ്‌സുമാണ്. ബെക്കന്‍ ബോവര്‍ 1974ലാണ് കളിക്കാരനായി ലോകകപ്പ് നേടിയത്. പിന്നീട് അദ്ദേഹം 1990ല്‍ പരിശീലകനായിരിക്കുമ്പോഴും ജര്‍മന്‍ ടീം ലോകകപ്പ് സ്വന്തമാക്കി.1998ല്‍ ഫ്രാന്‍സിന് കന്നികിരീടം നേടിക്കൊടുത്ത നായകനാണ് ദഷംപ്സ്. 2018 ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫ്രാന്‍സ് രണ്ടാം കിരീടം ചൂടിയത് ദഷംപ്സിന്റെ പരിശീലന മികവിലാണ്.
സാഗല്ലോയ്ക്ക് ഒപ്പം കളിക്കുകയും അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്ത നിരവധി താരങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ബ്രസീല്‍ ഫുട്‌ബോള്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു സാഗല്ല. 13 ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടനമ്പര്‍. അത് തന്റെ ഭാഗ്യനമ്പറാണെന്നും അദ്ദേഹം വിശ്വസിച്ചു. 13 എന്ന നമ്പറില്‍ താന്‍ ജനിച്ച വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍ അടങ്ങിയിരുന്നതും അങ്ങനെ വിശ്വസിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ബ്രസീല്‍ 1958ല്‍ ആദ്യ കിരീടം നേടിയതുമുതല്‍ 2014ല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് വരെ രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ സാഗല്ലോ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2018, 2022 ലോകകപ്പ് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ബ്രസീല്‍ ടീം അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു.
by Midhun HP News | Jan 4, 2024 | Latest News, കായികം
കേപ്ടൗണ്‍: ആദ്യ ടെസ്റ്റിലെ തോല്‍വി രണ്ടാമത്തെ ടെസ്റ്റിലൂടെ മറികടന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സമനില പിടിച്ച് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ 79 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം സ്കോർ മറികടക്കുകയായിരുന്നു.
രോഹിത് ശര്‍മ്മയും യശ്വസി ജയ്‌സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. ജയ്‌സ്വാള്‍ ആക്രമിച്ചാണ് കളിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ജയ്‌സ്വാളിന് പിന്തുണ നല്‍കുന്ന റോളാണ് രോഹിത് കൈകാര്യം ചെയ്തത്. 23 പന്തില്‍ 28 റൺസ് നേടിയ ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ പത്തുറൺസുമായി ഗില്ലും 12 റൺസുമായി കോഹ് ലിയും കൂടാരം കയറി. എന്നാൽ രോഹിത് ഒരു വശത്ത് വിക്കറ്റ് കാത്ത് ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ബുമ്രയുടെ തീപ്പൊരി ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ ഓരോന്നായി കൊഴിഞ്ഞുവീഴുന്നതാണ് കണ്ടത്. ആറു വിക്കറ്റ് നേട്ടവുമായി ബുമ്ര കൊടുങ്കാറ്റ് ഉയര്‍ത്തിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ 98 റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ 79 റണ്‍സ് എന്ന കുറഞ്ഞ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്.
രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ മാര്‍ക്രം മാത്രമാണ് ഒരു വശത്ത് പൊരുതിയത്. മറുവശത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതാണ് കണ്ടത്.103 പന്തില്‍ 106 റണ്‍സ് നേടിയ മാര്‍ക്രം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ ഇന്നിംഗ്സില്‍ സിറാജ് ആണ് കൊടുങ്കാറ്റ് ആയതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ ബുമ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര താരങ്ങള്‍ കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്.
വിരമിക്കല്‍ പ്രഖ്യാപിച്ച ഡീന്‍ എല്‍ഗറിന്റെ അവസാന ഇന്നിംഗ്സില്‍ സ്വന്തം പേരിലേക്ക് 12 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് ചേര്‍ക്കാന്‍ കഴിഞ്ഞത്. തുടക്കത്തില്‍ മുകേഷ് കുമാറാണ് വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ബുമ്ര ഇത് ഏറ്റെടുക്കുകയായിരുന്നു. ആറുവിക്കറ്റ് നേട്ടമാണ് ബുമ്ര സ്വന്തം പേരിലേക്ക് ചേര്‍ത്തത്. ബുമ്രയുടെ ബൗളിങ്ങിന് മുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 55 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. 153 റണ്‍സിന് പുറത്തായി. വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് മാത്രമാണ് ഇരട്ടയക്കത്തില്‍ എത്താന്‍ സാധിച്ചത്. ആദ്യ ദിനത്തില്‍ 23 വിക്കറ്റുകള്‍ വീണ് ബൗളര്‍മാരുടെ പറുദീസയായാണ് കേപ്ടൗണ്‍ പിച്ച് മാറിയത്.
by Midhun HP News | Jan 4, 2024 | Latest News, കായികം
കേപ്ടൗണ്‍: പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൈതാനത്തില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് 79 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി. ഇതോടെ 78 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാന്‍ കഴിഞ്ഞത്.
ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 98 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്രം സെഞ്ച്വറി അടിച്ചു. എന്നാല്‍ മറ്റു താരങ്ങള്‍ക്കൊന്നും മാര്‍ക്രത്തിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 103 പന്തില്‍ 106 റണ്‍സ് നേടിയ മാര്‍ക്രം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ ഇന്നിംഗ്സില്‍ സിറാജ് ആണ് കൊടുങ്കാറ്റ് ആയതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ ബുമ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര താരങ്ങള്‍ കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്.
വിരമിക്കല്‍ പ്രഖ്യാപിച്ച ഡീന്‍ എല്‍ഗറിന്റെ അവസാന ഇന്നിംഗ്സില്‍ സ്വന്തം പേരിലേക്ക് 12 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് കുറിക്കാന്‍ കഴിഞ്ഞത്. തുടക്കത്തില്‍ മുകേഷ് കുമാറാണ് വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ബുമ്ര ഇത് ഏറ്റെടുക്കുകയായിരുന്നു. അഞ്ചുവിക്കറ്റ് നേട്ടമാണ് ബുമ്ര സ്വന്തം പേരിലേക്ക് ചേര്‍ത്തത്. ബുമ്രയുടെ ബൗളിങ്ങിന് മുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 55 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. 153 റണ്‍സിന് പുറത്തായി. വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് മാത്രമാണ് ഇരട്ടയക്കത്തില്‍ എത്താന്‍ സാധിച്ചത്. ആദ്യ ദിനത്തില്‍ 23 വിക്കറ്റുകള്‍ വീണ് ബൗളര്‍മാരുടെ പറുദീസയായാണ് കേപ്ടൗണ്‍ പിച്ച് മാറിയത്.
by Midhun HP News | Jan 3, 2024 | Latest News, കായികം
കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് കളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 55ല്‍ ഒതുങ്ങി. 6 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് കൂടുതല്‍ അപകടകാരിയായത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊയ്ത് കൊണ്ടാണ് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഡീന്‍ എല്‍ഗര്‍ (4), മാര്‍ക്രം (2), ടോണി ടി സോര്‍സി (2) എന്നി മുന്‍നിര ബാറ്റര്‍മാരാണ് കളി തുടങ്ങി മിനിറ്റുകള്‍ക്കകം കൂടാരം കയറിയത്. മറ്റു പേസര്‍മാരായ മുകേഷ് കുമാറും ബുമ്രയും സിറാജിന് മികച്ച പിന്തുണ നല്‍കി.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ അടക്കമുള്ള കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച എല്‍ഗറിന്റെ അവസാന ടെസ്റ്റാണ് ഇത്. പരിക്കേറ്റ ടെംബ ബാബുമയ്ക്ക് പകരം ടീമില്‍ ഇടംനേടിയ ട്രിസ്റ്റന്‍ സ്റ്റംബസിനും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ബുമ്രയ്ക്കാണ് വിക്കറ്റ്. ഡേവിങ് ബെഡിങ്ഹാം അടക്കം രണ്ടുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഡേവിഡ് ബെഡിങ്ഹാം 12 റണ്‍സാണ് നേടിയത്.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയത്. അശ്വിനെയും ശാര്‍ദുല്‍ ഠാക്കൂറിനെയും ഒഴിവാക്കി പകരം രവീന്ദ്ര ജഡേജയെയും മുകേഷ് കുമാറിനെയും ഉള്‍പ്പെടുത്തി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിന് പരാജയം വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹമാണ് സെഞ്ചൂറിയനിലെ തോല്‍വിയോടെ വീണുടഞ്ഞത്. അതിനാല്‍ വിജയത്തോടെ സമനില പിടിച്ച് പരമ്പര നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രോഹിത് ശര്‍മ്മയുടേയും സംഘത്തിന്റെയും ശ്രമം.
by Midhun HP News | Dec 27, 2023 | Latest News, കായികം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ സെഞ്ച്വറി ഇന്നിങ്‌സുമായി കെ എല്‍ രാഹുല്‍. കെ എല്‍ രാഹുലിന്റെ (137 പന്തില്‍ 101 റണ്‍സ്) ഇന്നിങ്‌സിന്റെ ബലത്തിലാണ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തിയ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 245 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായി.
ഇന്നലെ മഴ കാരണം മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ടിന് 208 എന്ന നിലയിലായിരുന്നു. രണ്ടാം ദിനമായ ഇന്ന് മത്സരം ആരംഭിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ( 22 പന്തില്‍ നിന്ന് 5) കൂട്ടുപിടിച്ചാണ് രാഹുല്‍ സ്‌കോറിങ് വേഗം കൂട്ടിയത്. എന്നാല്‍ സിറാജിനെ ജെറാള്‍ഡ് പുറത്താക്കിയയോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി.
ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് കൃഷ്ണ എട്ട് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാനായില്ല. സെഞ്ച്വറി ഇന്നിങ്‌സിന് ശേഷം നാന്ദ്ര ബര്‍ഗര്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സും അവസാനിച്ചു.
ഇന്നലെ റബാദയുടെ ബൗളിങ് മികവിനു മുന്‍പില്‍ ഇന്ത്യക്ക് അടിപതറുകയായിരുന്നു. അഞ്ച് വിക്കറ്റാണ് റബാദ നേടിയത്. പുറത്താകാതെ 70 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ ചെറുത്തുനില്‍പ്പാണ് വന്‍തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്.
ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. രോഹിത് ശര്‍മയാണ്(14 പന്തില്‍ അഞ്ച് റണ്‍സ്) ആദ്യം പുറത്തായത്. പിന്നാലെ യശസ്വി ജയ്ശ്വാളും(37 പന്തില്‍ 17 റണ്‍സ്) ഗില്ലും (12 പന്തില്‍ രണ്ട് റണ്‍സ്) മടങ്ങി. 50 പന്തില്‍ 31 റണ്‍സെടുത്ത ശ്രേയസ് അയ്യരെ റബാദ തന്നെ പുറത്താക്കി.
11 പന്തില്‍ എട്ടുറണ്‍സെടുത്തുനില്‍ക്കേ രവിചന്ദ്ര അശ്വിനെയും റബാദ മടക്കി. 33 പന്തില്‍നിന്ന് 24 റണ്‍സെടുത്ത ശര്‍ദുല്‍ താക്കൂറും റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗറിന് ക്യാച്ച് നല്‍കി മടങ്ങി. 19 പന്തില്‍നിന്ന് ഒരു റണ്ണെടുത്ത് ജസ്പ്രീത് ബുമ്രയും മടങ്ങി. നാന്ദ്രേ ബര്‍ഗറിനാണ് രണ്ട് വിക്കറ്റ്. മാര്‍ക്കോ ജാന്‍സന് ഒരു വിക്കറ്റുമുണ്ട്.
ഏഴാം വിക്കറ്റില്‍ ശര്‍ദുല്‍ താക്കൂറിനെ കൂട്ടിപിടിച്ച് രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നാന്ദ്ര ബര്‍ഗര്‍ രണ്ടു വിക്കറ്റും മാര്‍ക്കോ യാന്‍സെന്‍ ഒരു വിക്കറ്റും നേടി. മഴ തടസപ്പെടുത്തിയ ഒന്നാം ദിനത്തില്‍ 54.3 ഓവര്‍ മാത്രമാണ് എറിയാനായത്.
Recent Comments