‘ഈ സെഞ്ച്വറി കരിയര്‍ മാറ്റിമറിക്കും’; സഞ്ജുവിന്റെ ഇന്നിങ്‌സിനെ കുറിച്ച് സുനില്‍ സുനില്‍ ഗാവസ്‌കര്‍

‘ഈ സെഞ്ച്വറി കരിയര്‍ മാറ്റിമറിക്കും’; സഞ്ജുവിന്റെ ഇന്നിങ്‌സിനെ കുറിച്ച് സുനില്‍ സുനില്‍ ഗാവസ്‌കര്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ജയത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി ഇതിഹാസ താരാവും കമന്റേറ്ററുവുമായ സുനില്‍ ഗാവസ്‌കര്‍. പ്രതികൂലമായ വിക്കറ്റില്‍ ക്ഷമയോടെ ബൗളര്‍മാരെ നേരിട്ട സഞ്ജു 110 പന്തില്‍ 108 റണ്‍സ് നേടി കളിയിലെ താരമായി. തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ കൈയ്യടി നേടിയ താരത്തെ പുകഴ്ത്താന്‍ സുനില്‍ ഗവാസ്‌കറും മറന്നില്ല. സഞ്ജുവിന്റെ സാംസണിന്റെ ഷോട്ട് സെലക്ഷനായിരുന്നു ഈ ഇന്നിങ്സിലെ പ്രത്യേകതയെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

”മികച്ച തുടക്കം ലഭിച്ചിട്ടും പുറത്താവുകയായിരുന്നു മുന്‍ മത്സരങ്ങളില്‍ സഞ്ജു. എന്നാല്‍ ഇത്തവണ സഞ്ജു അത്ര വീഴ്ച വരുത്തിയില്ല. അദ്ദേഹം തനിക്ക് കിട്ടിയ അവസരം മുതലെടുത്തു. മോശം പന്തുകള്‍ക്കായി കാത്തിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കി. ഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയര്‍ മാറ്റിമറിക്കും. ഈ സെഞ്ചുറി സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു എത്രത്തോളം പ്രതിഭാധനനാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചിലപ്പോഴൊക്കെ ആ മികവിനൊത്ത പ്രകടനമുണ്ടായില്ല. എന്നാല്‍ ഇന്നത്തെ പ്രകടനം സഞ്ജുവിന്റെ വ്യക്തിഗത നേട്ടം കൂടിയാകുന്നു” എന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

”ഇന്ന്, നിങ്ങള്‍ക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല, കിട്ടിയ അവസരം നന്നായി ഉപയോഗിച്ചും മോശം പന്തിനായി കാത്തിരിക്കുകയായിരുന്ന് സെഞ്ച്വറി തികച്ചു. ഈ സെഞ്ച്വറി അദ്ദേഹത്തിന്റെ കരിയറിനെ മാറ്റിമറിക്കുമെന്ന് ഞാന്‍ കരുതുന്നു. ഈ സെഞ്ച്വറിയിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും, ”സുനില്‍ ഗാവസ്‌കര്‍ കൂട്ടിച്ചേർത്തു.

ഐപിഎൽ താരലേലം; ആദ്യ ലോട്ടറി വിന്‍ഡീസ് നായകന്, 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ, ഹാരി ബ്രൂക്ക് ഡല്‍ഹിയിൽ

ഐപിഎൽ താരലേലം; ആദ്യ ലോട്ടറി വിന്‍ഡീസ് നായകന്, 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ, ഹാരി ബ്രൂക്ക് ഡല്‍ഹിയിൽ

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ശക്തമായി ലേലം വിളിച്ചത്.വിന്‍ഡീസ് ടി20 ടീമിന്‍റെ നായകനായ 30കാരനായ പവല്‍ 2022ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു.

മറ്റ് ടീമുകളൊന്നും പവലിനായി രംഗത്തുവന്നില്ല. അതേസമയം ലേലത്തില്‍ കോടികള്‍ മുടക്കി സ്വന്തമാക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോക്കായി ആദ്യ ലേലത്തില്‍ ആരും രംഗത്തുവരാതിരുന്നത് അത്ഭുതപ്പെടുത്തി. രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള റൂസോക്കായി ടീമുകള്‍ ശക്തമാി രംഗത്തുവരുമെന്നാണ് പ്രതീക്ഷിച്ചത്. തനിക്കു വേണ്ടി ടീമുകള്‍ കോടികള്‍ വാരിയെറിയുമെന്ന് റൂസോയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഒരു ടീമും റൂസോയില്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നത് താരത്തിന് തിരിച്ചടിയായി.ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ശക്തമായി രംഗത്തെത്തി. ഒടുവില്‍ 3.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ബ്രൂക്കിനെ സ്വന്തമാക്കി. ബ്രൂക്കിനായി കഴിഞ്ഞ സീസൻണില്‍ ടീമുകള്‍ ശക്തമായി രംഗത്തു വന്നെങ്കിലും സീസണില്‍ ഒരു സെഞ്ചുറി മാത്രം നേടിയ താരം നിരാശപ്പെടുത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനം ഇന്ന്; ശ്രേയസ് അയ്യരില്ല, സഞ്ജു എവിടെ ഇറങ്ങും?

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനം ഇന്ന്; ശ്രേയസ് അയ്യരില്ല, സഞ്ജു എവിടെ ഇറങ്ങും?

സെന്റ്‌ജോര്‍ജ്ജ് പാര്‍ക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ 1-0നു മുന്നിലുള്ള ഇന്ത്യക്കു അടുത്ത കളി ജയിക്കാനായാല്‍ 2-0 ന് മുന്നിലെത്താന്‍ കഴിയും.

രണ്ടാം ഏകദിനത്തില്‍ ഒരു മാറ്റത്തോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. അടുത്തയാഴ്ച (26ന്) ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുകയാണ്. ഈ പരമ്പരയില്‍ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് ശ്രേയസ്.

ശ്രേയസ് അയ്യര്‍ പോയതോടെ രജത് പാടിധാറിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. അതേസമയം ശ്രേയസിനു പകരം ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുവതാരം റിങ്കു സിങിനായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ തുടരും.

ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കെഎല്‍ രാഹുലും സംഘവും സ്വന്തമാക്കിയത്. ആതിഥേയരെ വെറും 116ന് എറിഞ്ഞിട്ട ഇന്ത്യ കുഞ്ഞന്‍ വിജയലക്ഷ്യം മറികടന്നത് 8 വിക്കറ്റും 200 പന്തും ശേഷിക്കേയായിരുന്നു.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, രജത് പാടിധാര്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് നായര്‍.

ഖത്തറിന്റെ മണ്ണിൽ മെസിയുടെ ഇതിഹാസ പൂർണതയ്ക്ക് ഒരാണ്ട്..

ഖത്തറിന്റെ മണ്ണിൽ മെസിയുടെ ഇതിഹാസ പൂർണതയ്ക്ക് ഒരാണ്ട്..

ഇതിഹാസപൂർണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി വേണമെന്ന് വാശി പിടിക്കുന്നവർക്ക് മറുപടിയായി ഖത്തറിൽ മെസിയുടെ കിരീടധാരണത്തിന് ഇന്ന് ഒരാണ്ട്. ലുസൈൽ സ്റ്റേഡിയത്തിലെ ആർത്തിരമ്പിയ നീലക്കടലാരവത്തിന് മുന്നിൽ കരുത്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലോക ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് അർജന്റീനയുടെ സ്ഥാനാരോഹണം. വിമർശകരുടെ വായടപ്പിച്ച് നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് ഖത്തറും ആഘോഷമാക്കുകയായിരുന്നു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ മത്സരത്തിനാണ് ആരാധകർ സാക്ഷിയായത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകമെങ്ങുമുള്ള അർജന്റൈൻ ആരാധകർ കാത്തുകാത്തിരുന്ന നിമിഷമായിരുന്നുവത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കലാശപ്പോരാട്ടം. ലയണൽ മെസിയുടെ ചിറകിലേറി കിരീടമുറപ്പിച്ച അർജന്റീനയ്ക്ക് മുന്നിൽ കൊള്ളിയാൻ കണക്കെ ഫ്രാൻസിന്റെ രക്ഷകനായി അവതരിച്ച എംബാപ്പെ..

ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ രണ്ട് കിക്കുകൾ ലക്ഷ്യം കാണാതെ പോകുന്നതോടെ മത്സരം മെസിക്കും സംഘത്തിനും സ്വന്തം.. കാൽപന്തിനെ നെഞ്ചോടുചേർക്കുന്ന ഒരോ ആരാധകനും മറക്കാത്ത ഓർമയായി മനസിൽ കൊണ്ടുനടക്കുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം.. ലോകഫുട്‌ബോളിന്റെ രാജാക്കൻമാരെ തങ്കക്കസവുള്ള മേലങ്കി ചാർത്തി ആദരിക്കുകയായിരുന്ന ഖത്തർ. ഏറെ വൈകി അറബിക്കുപ്പായമണിഞ്ഞ ഫുട്‌ബോളിന് അതൊരു പുതിയൊരു അനുഭവമായിരുന്നു.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന് തോൽവിയുമായി തുടങ്ങിയ അർജന്റീന.. നിരാശയിലേക്കുവീണ ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾ വഹിച്ചുകൊണ്ടുള്ള മെസിയുടെ പ്രയാണം കിരീടമുർത്തുന്നതിലാണ് ചെന്നുനിന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും നീലാകാശത്തോളം പരന്നുകിടക്കുന്ന അർജന്റൈൻ ആരാധകരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും വീണ്ടും പുതുജീവൻ നൽകിയ പ്രകടനമായരുന്നുവത്. ഈ പ്രയാണത്തിനിടയിൽ യൂറോപ്പിലെ പേരുകേട്ട വമ്പൻമാരെയെല്ലാം തകർത്തെറിഞ്ഞിരുന്നു.

അരങ്ങേറ്റം അവിസ്മരണീയമാക്കി സായ് സുദര്‍ശന്‍; 5 വർഷത്തെ ഇടവേള, ദക്ഷിണാഫ്രിക്കയിൽ ഏകദിനം ജയിച്ച് ഇന്ത്യ

അരങ്ങേറ്റം അവിസ്മരണീയമാക്കി സായ് സുദര്‍ശന്‍; 5 വർഷത്തെ ഇടവേള, ദക്ഷിണാഫ്രിക്കയിൽ ഏകദിനം ജയിച്ച് ഇന്ത്യ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ. എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും 27.3 ഓവറില്‍ 116 റണ്‍സിനു പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തു കാട്ടി. മറുപടി പറഞ്ഞ ഇന്ത്യ വെറും 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്താണ് വിജയിച്ചത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ഏകദിന പോരാട്ടം ജയിക്കുന്നത്.

അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കിയ സായ് സുദര്‍ശന്റെ മിന്നും ബാറ്റിങാണ് ജയത്തിന്റെ കാതല്‍. താരം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 43 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം സായ് 55 റണ്‍സെടുത്തു. 45 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു ശ്രേയസ് അയ്യര്‍ മികച്ച പിന്തുണ നല്‍കിയതോടെ പ്രോട്ടീസ് മുന്നില്‍ വച്ച ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ഋതുരാജ് ഗെയ്ക്‌വാദ് (5), തിലക് വര്‍മ (1) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. വിയാന്‍ മള്‍ഡര്‍, ആന്റില്‍ ഫെലുക്വാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി അര്‍ഷ്ദീപ് സിങും നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കി ആവേശ് ഖാനും തകര്‍ത്തെറിഞ്ഞു. പത്തോവറില്‍ 37 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷ്ദീപ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാണ് അര്‍ഷ്ദീപ് ആഘോഷിച്ചത്. നാല് വിക്കറ്റുകള്‍ ആവേശ് ഖാന്‍ സ്വന്തമാക്കി. താരം എട്ടോവറില്‍ 27 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ നേടിയത്. ആവേശ് ഖാന്റേയും ഏദിനത്തിലെ മികച്ച പ്രകടനമാണിത്. ശേഷിച്ച ഒരു വിക്കറ്റ് കുല്‍ദീപ് യാദവും പിഴുതു. താരം 2.3 ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

49 പന്തുകള്‍ നേരിട്ട് 34 റണ്‍സുമായി ഒരു ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ആന്റില്‍ ഫെലുക്വാവോയുടെ ചെറുത്തു നില്‍പ്പാണ് അവരുടെ സ്‌കോര്‍ 100 എങ്കിലും കടത്തിയത്. താരത്തെ കൂടാതെ അരങ്ങേറ്റക്കാരന്‍ നാന്ദ്രെ ബര്‍ഗറും പിടിച്ചു നിന്നു. ബര്‍ഗര്‍ 32 പന്തുകള്‍ ചെറുത്തു ഏഴ് റണ്‍സുമായി മടങ്ങി. താരത്തെ തന്റെ മൂന്നാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് മൂന്നാം പന്തില്‍ മടക്കി ഇന്നിങ്സിനു വിരാമമിട്ടു. അവസാന ഘട്ടത്തില്‍ ടബ്രൈസ് ഷംസി (11) റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ടാം ഓവറിന്റെ നാല്, അഞ്ച് പന്തുകളില്‍ വിക്കറ്റെടുത്തു തുടങ്ങിയ അര്‍ഷ്ദീപ് സിങ് അവരെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. അഞ്ച്, ആറ് വിക്കറ്റുകള്‍ ഒറ്റ ഓവറില്‍ വീഴ്ത്തി ആവേശ് ഖാനും ആവേശത്തിലായി. തൊട്ടടുത്ത തന്റെ ഓവറുകളിലും താരം വിക്കറ്റുകള്‍ പിഴുതു.

തുടക്കത്തില്‍ മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. പിന്നാലെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ടോണി ഡെ സോര്‍സി എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ അതും അര്‍ഷ്ദീപ് പൊളിച്ചു.

ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സ്, പിന്നാലെ എത്തിയ റസ്സി വാന്‍ഡര്‍ ഡുസ്സന്‍ എന്നിവരെ തുടരെ വീഴ്ത്തി അര്‍ഷ്ദീപ് സിങാണ് അവരെ ഞെട്ടിച്ചത്. പിന്നാലെ സോര്‍സിയേയും വീഴ്ത്തി താരം വിക്കറ്റ് നേട്ടം മൂന്നാക്കി. തുടക്കത്തിലെ വീഴ്ചയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സോര്‍സി (22 പന്തില്‍ 28) പുറത്തായത്. താരം രണ്ട് വീതം സിക്സും ഫോറും പറത്തി.

സ്‌കോര്‍ 52ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഹെയ്ന്റിച് ക്ലാസനെ അര്‍ഷ്ദീപ് പുറത്താക്കി നാലാം വിക്കറ്റ് സ്വന്തമാക്കി. താരം ആറ് റണ്‍സെടുത്തു മടങ്ങി.

തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ ആവേശ് ആദ്യ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ (12) മടക്കി. തൊട്ടു പിന്നാലെ എത്തിയ വിയാന്‍ മള്‍ഡറെ താരം ഗോള്‍ഡന്‍ ഡക്കാക്കി. അവസാന പ്രതീക്ഷയായിരുന്നു ഡേവിഡ് മില്ലര്‍ (2), കേശവ് മാഹാരാജ് (4) എന്നിവരെയും പിന്നാലെ ആവേശ് തന്നെ മടക്കി.

തന്റെ രണ്ടാം സ്പെല്‍ എറിയാനെത്തിയ അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ഫെലുക്വാവോയുടെ ചെറുത്തു നില്‍പ്പിനു തിരശ്ശീലയിട്ടു. അവേശ് ഖാന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്; സൗജന്യമായി കാണാനുള്ള വഴികള്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്; സൗജന്യമായി കാണാനുള്ള വഴികള്‍

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവും. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൊബൈല്‍ വരിക്കാര്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാവും.ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം ടീം ഇന്ത്യ ഇറങ്ങുന്ന ആദ്യ ഏകദിന മത്സരമാണിത്. ലോകകപ്പിലെ സെമി തോൽവിക്ക് ശേഷം ദക്ഷിണാഫ്രിക്കയും ആദ്യ ഏകദിനത്തിനാണ് ഇറങ്ങുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ,വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്കെല്ലാം വിശ്രമം നൽകിയാണ് ഇന്ത്യ കളിക്കുന്നത്. കെ എൽ രാഹുലിന്‍റെ നേതൃത്വത്തിൽ ഇറങ്ങുമ്പോൾ മികവ് തെളിയിക്കാൻ മത്സരിക്കുന്ന യുവതാരങ്ങളിലേക്കാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്.

ബി സായ് സുദർശനും റിങ്കു സിംഗിനും അരങ്ങേറ്റം നൽകിയേക്കും. രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഉറപ്പായതിനാൽ ടീമിലെത്താൻ മലയാളിതാരം സഞ്ജു സാംസണ് മത്സരിക്കേണ്ടത് റിങ്കു സിംഗിനോട്. ക്വിന്‍റൺ ഡി കോക്ക് പാഡഴിച്ച ദക്ഷിണാഫ്രിക്കൻ നിരയിലും മാറ്റമുണ്ട്. പരിക്കേറ്റ റബാഡയും നോർക്ക്യയയും ടീമിലില്ല.

എങ്കിലും റാസി വാന്‍ഡര്‍ ദസൻ, നായകൻ ഏയ്ഡന്‍ മാ‍ർക്രം, ഹെന്‍റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ എന്നിവരടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര ശക്തരാണ്. പൊതുവെ ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റാണ് വാണ്ടറേഴ്സിൽ. അവസാനം നടന്ന നാല് കളിയിൽ മൂന്നിലും ആദ്യം ബാറ്റ് ചെയ്തവർ 300 റൺസിലേറെ നേടി. ഇത്തവണയും ഇതിന് മാറ്റമുണ്ടാവാൻ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ രാഹുലിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 0-3ന് തോറ്റിരുന്നു.