by Midhun HP News | Jan 3, 2024 | Latest News, കായികം
കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് കളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 55ല്‍ ഒതുങ്ങി. 6 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് കൂടുതല്‍ അപകടകാരിയായത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊയ്ത് കൊണ്ടാണ് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഡീന്‍ എല്‍ഗര്‍ (4), മാര്‍ക്രം (2), ടോണി ടി സോര്‍സി (2) എന്നി മുന്‍നിര ബാറ്റര്‍മാരാണ് കളി തുടങ്ങി മിനിറ്റുകള്‍ക്കകം കൂടാരം കയറിയത്. മറ്റു പേസര്‍മാരായ മുകേഷ് കുമാറും ബുമ്രയും സിറാജിന് മികച്ച പിന്തുണ നല്‍കി.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ അടക്കമുള്ള കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച എല്‍ഗറിന്റെ അവസാന ടെസ്റ്റാണ് ഇത്. പരിക്കേറ്റ ടെംബ ബാബുമയ്ക്ക് പകരം ടീമില്‍ ഇടംനേടിയ ട്രിസ്റ്റന്‍ സ്റ്റംബസിനും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ബുമ്രയ്ക്കാണ് വിക്കറ്റ്. ഡേവിങ് ബെഡിങ്ഹാം അടക്കം രണ്ടുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഡേവിഡ് ബെഡിങ്ഹാം 12 റണ്‍സാണ് നേടിയത്.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയത്. അശ്വിനെയും ശാര്‍ദുല്‍ ഠാക്കൂറിനെയും ഒഴിവാക്കി പകരം രവീന്ദ്ര ജഡേജയെയും മുകേഷ് കുമാറിനെയും ഉള്‍പ്പെടുത്തി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിന് പരാജയം വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹമാണ് സെഞ്ചൂറിയനിലെ തോല്‍വിയോടെ വീണുടഞ്ഞത്. അതിനാല്‍ വിജയത്തോടെ സമനില പിടിച്ച് പരമ്പര നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രോഹിത് ശര്‍മ്മയുടേയും സംഘത്തിന്റെയും ശ്രമം.
by Midhun HP News | Dec 27, 2023 | Latest News, കായികം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ സെഞ്ച്വറി ഇന്നിങ്‌സുമായി കെ എല്‍ രാഹുല്‍. കെ എല്‍ രാഹുലിന്റെ (137 പന്തില്‍ 101 റണ്‍സ്) ഇന്നിങ്‌സിന്റെ ബലത്തിലാണ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തിയ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 245 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായി.
ഇന്നലെ മഴ കാരണം മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ടിന് 208 എന്ന നിലയിലായിരുന്നു. രണ്ടാം ദിനമായ ഇന്ന് മത്സരം ആരംഭിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ( 22 പന്തില്‍ നിന്ന് 5) കൂട്ടുപിടിച്ചാണ് രാഹുല്‍ സ്‌കോറിങ് വേഗം കൂട്ടിയത്. എന്നാല്‍ സിറാജിനെ ജെറാള്‍ഡ് പുറത്താക്കിയയോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി.
ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് കൃഷ്ണ എട്ട് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാനായില്ല. സെഞ്ച്വറി ഇന്നിങ്‌സിന് ശേഷം നാന്ദ്ര ബര്‍ഗര്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സും അവസാനിച്ചു.
ഇന്നലെ റബാദയുടെ ബൗളിങ് മികവിനു മുന്‍പില്‍ ഇന്ത്യക്ക് അടിപതറുകയായിരുന്നു. അഞ്ച് വിക്കറ്റാണ് റബാദ നേടിയത്. പുറത്താകാതെ 70 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ ചെറുത്തുനില്‍പ്പാണ് വന്‍തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്.
ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. രോഹിത് ശര്‍മയാണ്(14 പന്തില്‍ അഞ്ച് റണ്‍സ്) ആദ്യം പുറത്തായത്. പിന്നാലെ യശസ്വി ജയ്ശ്വാളും(37 പന്തില്‍ 17 റണ്‍സ്) ഗില്ലും (12 പന്തില്‍ രണ്ട് റണ്‍സ്) മടങ്ങി. 50 പന്തില്‍ 31 റണ്‍സെടുത്ത ശ്രേയസ് അയ്യരെ റബാദ തന്നെ പുറത്താക്കി.
11 പന്തില്‍ എട്ടുറണ്‍സെടുത്തുനില്‍ക്കേ രവിചന്ദ്ര അശ്വിനെയും റബാദ മടക്കി. 33 പന്തില്‍നിന്ന് 24 റണ്‍സെടുത്ത ശര്‍ദുല്‍ താക്കൂറും റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗറിന് ക്യാച്ച് നല്‍കി മടങ്ങി. 19 പന്തില്‍നിന്ന് ഒരു റണ്ണെടുത്ത് ജസ്പ്രീത് ബുമ്രയും മടങ്ങി. നാന്ദ്രേ ബര്‍ഗറിനാണ് രണ്ട് വിക്കറ്റ്. മാര്‍ക്കോ ജാന്‍സന് ഒരു വിക്കറ്റുമുണ്ട്.
ഏഴാം വിക്കറ്റില്‍ ശര്‍ദുല്‍ താക്കൂറിനെ കൂട്ടിപിടിച്ച് രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നാന്ദ്ര ബര്‍ഗര്‍ രണ്ടു വിക്കറ്റും മാര്‍ക്കോ യാന്‍സെന്‍ ഒരു വിക്കറ്റും നേടി. മഴ തടസപ്പെടുത്തിയ ഒന്നാം ദിനത്തില്‍ 54.3 ഓവര്‍ മാത്രമാണ് എറിയാനായത്.
by Midhun HP News | Dec 26, 2023 | Latest News, കായികം
സെഞ്ചൂറിയന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് അല്‍പ്പ സമയത്തിനുള്ളില്‍. പിച്ചിലെ ഈര്‍പ്പം കാരണം വൈകിയാണ് കളി തുടങ്ങുന്നത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. പരിക്കേറ്റതിനാല്‍ രവീന്ദ്ര ജഡേജ ഇല്ല. ആര്‍ അശ്വിനാണ് ടീമിലെ സ്പിന്നര്‍. ഇന്ത്യക്കായി പേസര്‍ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റില്‍ അരങ്ങേറും. താരത്തിനു ടെസ്റ്റ് ക്യാപ് പേസര്‍ ജസ്പ്രിത് ബുമ്ര കൈമാറി.
ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍, ഡേവിഡ് ബെഡിങ്ഹാം എന്നിവര്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
by Midhun HP News | Dec 26, 2023 | Latest News, കായികം
ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന് സെഞ്ചൂറിയനില്‍ ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുക.
രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നായകന്‍. ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലി, ജസ്പ്രീത് ബുമ്ര തുടങ്ങിയവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ടി20 പരമ്പര സമനിലയില്‍ പിടിച്ചതും ഏകദിനം 2-1 ന് നേടിയതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദ് നാട്ടിലേക്ക് മടങ്ങി. പകരം ഓപ്പണര്‍ അഭിമന്യു ഈശ്വരനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും മടങ്ങി. പകരം കെ എസ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനത്തു നിന്നും ഒഴിവാക്കിയ തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ബാവുമയെ ടെസ്റ്റ് ടീം നായകസ്ഥാനത്തു മാത്രം നിലനിര്‍ത്തുകയും, ടി 20 ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു.
പേസ് ബോളർമാർക്ക് ആധിപത്യം ലഭിക്കുന്ന പിച്ചായിരിക്കും സെഞ്ചൂറിയനിലേതെന്ന് കഴിഞ്ഞ ദിവസം പിച്ച് ക്യുറേറ്റർ പറഞ്ഞിരുന്നു. കഗീസോ റബാദ– ലുംഗി എൻഗിഡി– ജെറാൾഡ് കോട്സെ പേസ് ത്രയത്തിന്റെ ഫോമിലാണ് ആതിഥേയരുടെ പ്രതീക്ഷ. ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമിയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം പ്രസിദ്ധ് കൃഷ്ണയോ മുകേഷ് കുമാറോ ആദ്യ ഇലവനിൽ എത്തിയേക്കും.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര ജയം എന്ന ഇന്ത്യയുടെ മോഹത്തിന് 30 വർഷത്തെ പഴക്കമുണ്ട്. 1992 മുതൽ 8 തവണ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിച്ചിട്ടുണ്ട്. ഇതിൽ ഏഴു തവണയും തോറ്റപ്പോൾ 2010–2011ൽ നടന്ന പരമ്പര സമനിലയിൽ പിരിഞ്ഞു. ഈ ചരിത്രം തിരുത്തിയെഴുതുക എന്ന ലക്ഷ്യമിട്ടാണ് രോഹിത് ശർമ്മയും സംഘവും സെഞ്ചൂറിയനിൽ കളിക്കാനിറങ്ങുന്നത്.
by Midhun HP News | Dec 25, 2023 | Latest News, കായികം
ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ(79) അന്തരിച്ചു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992-ലും 1993-ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫർ. സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്. അവിടെനിന്ന് അന്നത്തെ കേരളത്തിലെ പ്രമുഖ ടീമുകളായിരുന്ന എഫ്.എ.സി.ടിക്കും പ്രീമിയർ ടയേഴ്സിനും വേണ്ടി ബൂട്ടണിഞ്ഞു. 1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്. 1975 വരെ കേരളത്തിനായി കളിച്ചു. 1974ൽ കേരള ടീം ക്യാപ്റ്റനായി.1973ലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടുന്നത്. 1984 വരെ പ്രീമിയറിന് വേണ്ടി കളിച്ചു.
44-ാം വയസ്സിൽ സ്‌പോർട്‌സ് കൗൺസിലിൽ ചേർന്നതോടെ പൂർണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു. 1988ൽ കേരള സ്പോർട്സ് കൗൺസിൽ പരിശീലകനായി. ഭാര്യ: സഫിയ. മക്കൾ: ബൈജു (അബൂദബി), സൻജു (അജ്മാൻ), റൻജു (അബൂദബി). മരുമക്കൾ: നിതാസ്, രഹന, സുൽഫീന.
by Midhun HP News | Dec 25, 2023 | Latest News, കായികം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴേ്‌സിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബൈ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകളും നേടിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11-ാം മിനിറ്റില്‍ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസും ഇന്‍ജുറി ടൈമില്‍ (45+5) ക്വാമ പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്.
ഇടതു പാര്‍ശ്വത്തില്‍നിന്ന് എതിര്‍താരത്തെ മറികടന്ന് ബോക്‌സിനുള്ളിലേക്ക് കടന്ന പെപ്ര നല്‍കിയ പന്ത് ബാക്ക് ഹീലിലൂടെ ഗോള്‍ മുഖത്തേക്ക് മാറ്റി പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുംബൈ ഗോളിയുടെ കാലിനിടയിലൂടെ ഡയമന്റകോസ് വലയിലാക്കുകയായിരുന്നു. ദ്രിമിത്രിയോസിന്റെ അസിസ്റ്റില്‍നിന്നാണ് പെപ്രയുടെ ഗോള്‍.
Recent Comments